ശ്രദ്ധേയനായ പ്രവാസി മലയാളിയും കേരളം, മലേഷ്യ എന്നിവിടങ്ങളിൽ അദ്ധ്യാപകനും പൊതുപ്രവർത്തകനും സംരംഭകനും ഇന്റർനെറ്റിൽ ആദ്യ മലയാളം ഓൺലൈൻ നിഘണ്ടു സജ്ജമാക്കിയ വ്യക്തിയുമായിരുന്നു ദത്തൂക്ക് കെ.ജെ. ജേസഫ് (ജ. 13 മെയ് 1930 - മ. 27 ജനുവരി 2019). ഇന്ത്യയിലെ പത്മഭൂഷൺ പുരസ്കാരത്തിന് സമാനമായ മലേഷ്യൻ സർക്കാർ പദവിയായ   "ദത്തുക്ക്"പദവി നൽകി ആ രാജ്യം അദ്ദേഹത്തെ ആദരിച്ചു. "ദ ദത്തുക്ക് കോർപ്പസ്" (ദത്തുക്ക് പദപ്പെട്ടി) എന്ന പേരിൽ ഇന്റർനെറ്റിൽ എത്തിയ മലയാളം-മലയാളം നിഘണ്ടു പൂർണ്ണമായും ജോസഫ് തനിയെ ടൈപ്പ് ചെയ്ത് കയറ്റിയ വാക്കുകളായിരുന്നു. എൺപത്തിമൂവായിരത്തിലധികം വാക്കുകളും അവയുടെ ഒരു ലക്ഷത്തിലേറെ വിശദീകരണങ്ങളുമായാണ്  ഈ അമൂല്യ പദശേഖരം അദ്ദേഹം നെറ്റിലെത്തിച്ചത്. ഇന്റർനെറ്റിലെ ഇംഗ്ലീഷ്- മലയാളം നിഘണ്ടുവായ "ഓളം ഡോട്ട് ഇൻ" എന്ന വെബ്സൈറ്റിന്റെ അടിസ്ഥാനം ഈ നിഘണ്ടു ആണ്. [1] [2][3]

ജീവിതരേഖ

തിരുത്തുക

കുമ്പളങ്ങി സ്വദേശിനി ത്രേസ്യാജോസഫിന്റെയും ആലപ്പുഴ പൂങ്കാവ് സ്വദേശി സി ജെ ജോസഫിന്റെയും മകനായി എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ 1930 മെയ് 13നാണ് കെ ജെ ജോസഫ് ജനിച്ചത്. അച്ഛൻ അന്ന് അവിടെ അധ്യാപകനായിരുന്നു. കുമ്പളങ്ങി സെന്റ് ജോർജ് സെക്കന്ററി സ്കൂൾ‍, ആലപ്പുഴ തുമ്പോളി സെന്റ് തോമസ് സ്കൂൾ, എസ്.ഡി.വി സ്കൂൾ, ലിയോ XIIIth സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഊട്ടി സെന്റ് ആന്റണീസിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കിയ ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് നിന്നും ഫിസിക്സിലാണ് ബിരുദമെടുത്തത്. സ്കൂൾ വിദ്യാർഥിയായിരിക്കെ 12-ാം വയസിൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. മക്കൾ മക്കൾ പ്രേം എഡ്വിൻ ജോസഫും പ്രീതി ട്രീസാ ജോസഫും സാലി മേരി ജോസഫ്. മലേഷ്യയിലെ സാബായിലെ കോട്ടാ കിനാബലുവിൽ ഭാര്യക്കൊപ്പമാണ് താമസിച്ചിരുന്നത് .

സാമൂഹ്യസേവനം

തിരുത്തുക

ബിരുദമെടുത്തശേഷം 1953ൽ എടവനക്കാട് സ്കൂളിൽ അധ്യാപകനായി. അമേച്വർ റേഡിയോ പ്രസ്ഥാനമായ ഹാമിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാളുമായിരുന്നു അദ്ദേഹം. മഹാരാജാസിൽ ഫിസിക്സ് അസോസിയേഷൻ, ഫോട്ടോഗ്രാഫി ക്ലബ്ബ്, സോഷ്യൽ സർവീസ് ക്ലബ്ബ് തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി.തിരുവനന്തപുരം ടീച്ചേർസ് ട്രെയിനിങ്ങ് കോളേജിൽ ബി.എഡിനു പഠിക്കുന്ന സമയത്ത് അദ്ദേഹം കേരളത്തിലെ എല്ലാ ബി.എഡ് വിദ്യാർഥികൾക്കും നേതൃത്വം കൊടുത്തുകൊണ്ട് പ്രസിദ്ധമായ വിമോചനസമരത്തിൽ പങ്കെടുക്കുകയുണ്ടായി. 1959 ജൂണിൽ അധ്യാപകനായി മലേഷ്യയിലേക്ക് പോയി. മലേഷ്യയിലെ സാബായിലെ ലാ സാലേ സ്കൂളിലായിരുന്നു തുടക്കം. സബാ ടീച്ചേർസ് യൂണിയൻ, സബാ ഇന്ത്യൻ കോൺഗ്രസ്സ് തുടങ്ങിയ സംഘടനകൾ സ്ഥാപിച്ചു. സാബാ ടീച്ചേഴ്സ് യൂണിയന്റെ ആദ്യ സെക്രട്ടറിയായി. പിന്നീട് സർക്കാർ സർവീസിലായി. എഡ്യൂക്കേഷൻ ഓഫീസറായും പ്രവർത്തിച്ചു. ക്യാൻസർ സൊസൈറ്റി, മെന്റൽ ഹെൽത്ത് അസോസിയേഷൻ, ടിബി അസോസിയേഷൻ തുടങ്ങിവയിലൊക്കെ ഭാരവാഹിത്വം വഹിച്ചു. സാബാ കപ്പൽശാലയുടെ ഡയറക്ടറായി 1985ൽ നിയമിതനായി. 1986ൽ കപ്പൽശാലാ ചെയർമാനായി. മലേഷ്യ സ്റ്റേറ്റ് ഇൻ‌ക്വയറി കമ്മീഷൻ മെമ്പർ, സബാ അലയൻസ് പാർട്ടി സെക്രട്ടറി ജനറൽ തുടങ്ങിയ ഉന്നതപദവികളും വഹിച്ചിട്ടുണ്ട്. മലയാളം നിഘണ്ടു കൂടാതെ, മലയാളം വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു തുടങ്ങിയവയിലും അദ്ദേഹത്തിന്റെ പരിശ്രമഫലങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്. ചങ്ങമ്പുഴയുടെ സമ്പൂർണ്ണ കൃതികൾ ഇന്റർനെറ്റിൽ എത്തിക്കുന്നതിലും പങ്കുവഹിച്ചു.

  1. "ആദ്യ മലയാളം-മലയാളം ഓൺലൈൻ നിഘണ്ടു ഇന്റർനെറ്റിലെത്തിച്ച ദത്തുക്ക് കെ ജെ ജോസഫ് അന്തരിച്ചു". Retrieved 28 ജനുവരി 2019.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഇന്റർനെറ്റിലെ മലയാളം നിഘണ്ടുവിന് തുടക്കം കുറിച്ച ദത്തുക് കെ.ജെ ജോസഫ് അന്തരിച്ചു". Retrieved 28 ജനുവരി 2019.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഓളം ഡോട്ട് ഇൻ".
"https://ml.wikipedia.org/w/index.php?title=കെ.ജെ._ജോസഫ്&oldid=4079958" എന്ന താളിൽനിന്ന് ശേഖരിച്ചത്