കെ.കെ. ഗോപാലകൃഷ്ണൻ (ഫുട്ബോൾ താരം)
ഒരു ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനും റഫറിയുമായിരുന്നു കെ.കെ. ഗോപാലകൃഷ്ണൻ 1973ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ അത് മുന്നിൽ നിന്ന് നയിച്ച ഫുട്ബോൾ താരമായിരുന്നു. സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിന്റെ കോച്ചായി പ്രവർത്തിച്ചു. [1]
ജീവിതരേഖ
തിരുത്തുകകൊല്ലം ആശ്രാമത്തു ജനിച്ചു. സ്കൂൾ കാലഘട്ടം മുതൽ ഫുട്ബോൾ താരമായി തിളങ്ങി. പ്രാദേശിക ടീമുകളിലൂടെയാണ് കളിച്ചു വളർന്നത്. കുണ്ടറ അലിൻഡ് ടീമിലെത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് നഗരത്തിൽ ഓരോ വർഷവും സംഘടിപ്പിച്ചിരുന്ന അന്താരാഷ്ട്ര പ്രശസ്തിയുള്ള സേട്ട് നാഗ് ജി ഫുട്‌ബോൾ ടൂർണമെന്റിന്റെ ചരിത്രത്തിൽ കേരളത്തിൽനിന്നുള്ള കുണ്ടറ അലിൻഡ് മാത്രമേ ട്രോഫി നേടിയിട്ടുള്ളൂ. 1962 മുതൽ 68 വരെ കേരള ടീമിനു വേണ്ടി കളിച്ചു. 1965ൽ കേരള ടീം നായകനായി. [2]പിന്നീട് ഇന്ത്യൻ ടീമിലേക്കും എത്തി. ശ്രീലങ്കയിൽ 1963ലും 1965ലും നടന്ന പെന്റാഗുലർ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ചു. 1968ൽ ഏഷ്യൻ കപ്പിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. അതേ വർഷം കോഴിക്കോട് നടന്ന ഇന്ത്യ – ബർമ മത്സരത്തിലും കളിച്ചു. 1968 ൽ ഫുട്ബോൾ പരിശീലകന്റെ റോളിലേക്ക് മാറി. കേരളം ഒഡിഷയ്‌ക്കൊപ്പം ദേശീയ ജൂനിയർ ഫുട്‌ബോൾ ടൂർണമെന്റിൽ ആദ്യമായി കിരീടം നേടുമ്പോൾ ഗോപാലകൃഷ്ണനായിരുന്നു കേരളത്തിന്റെ പരിശീലകൻ. പിന്നീടദ്ദേഹം സീനിയർ ടീമിന്റെ പരിശീലകനായി. 1970ൽ ജലന്തറിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിലും കേരളത്തിന്റെ കോച്ചായിരുന്നു. ഏറെക്കാലം വിവിധ ടീമുകളുടെ കോച്ചായും സേവനം ചെയ്തിരുന്നു.[3]
ഭാര്യ: എൻ. രാജേശ്വരി. മക്കൾ: രാജേഷ്, ധന്യ