കൂത്തുപറമ്പ് വെടിവെപ്പ്

രാഷ്ട്രീയ അക്രമം

1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു[1] . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. [1]

സമര കാരണം

തിരുത്തുക

പരിയാരത്ത് തുടങ്ങുന്ന മെഡിക്കൽ കോളേജിന്റെ സ്ഥലവും, കെട്ടിടവും സർക്കാരിന്റേതായിരുന്നു, വായ്പക്ക് ജാമ്യവും സർക്കാരാണ്. ഇങ്ങനെ മുഴുവൻ പൊതു ഉടമസ്ഥതയിലായിരിക്കെ ഒരു ട്രസ്റ്റ് കെ.കരുണാകരൻ, എം.വി രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കുകയും മെഡിക്കൽ കോളേജ് ട്രസ്റ്റിന് കീഴിലേക്ക് കൊണ്ട് വരാനും നീക്കങ്ങളുണ്ടായി. എന്നാൽ ഇത് സ്വകാര്യമായി മെഡിക്കൽ കോളേജിനെ മാറ്റി അഴിമതിക്കുള്ള വേദി ഒരുക്കളാണെന്നും മെഡിക്കൽ കോളേജ് തീർത്തും സഹകരണ മേഖലയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂത്തുപറമ്പിൽ യുവജന സമരം നടന്നത്. ആഗോളവൽക്കരണത്തിന്റെ ചുവടു പിടിച്ചു കൊണ്ട് എല്ലാതര൦ സേവന മേഖലകളിൽ നിന്നും സർക്കാർ പിൻവാങ്ങി ഉന്നത വിദ്യാഭ്യാസം കച്ചവടവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർത്ഥി - യുവജന പ്രക്ഷോഭം ശക്തിപ്പെട്ടു വന്ന കാലം കൂടിയാണത്.

കൊല്ലപ്പെട്ടവർ

തിരുത്തുക

അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.[1]. കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർ. പുഷ്പൻ എന്നയാൾക്ക് പരിക്കേൽക്കുകയുണ്ടായി. ഈ പുഷ്പൻ എന്നയാൾ ചലനശേഷി നഷ്ടപെപ്പെട്ട് കിടപ്പിലാവുകയും 2024 സെപ്തംബർ 28 ന് അന്തരിക്കുകയും ചെയ്തു. [2][3]

കെ.വി. റോഷൻ

തിരുത്തുക

കെ.വി. വാസു, നാരായണി എന്നിവരുടെ മകനാണ് റോഷൻ.[4]

പോലീസുദ്യോഗസ്ഥർക്കെതിരേയും സമരം നടത്തിയവർക്കെതിരേയും കേസുകളുണ്ടായി.

പോലീസുദ്യോഗസ്ഥർക്കെതിരേയുള്ള കേസ്

തിരുത്തുക

ഈ സംഭവത്തെത്തുടർന്ന് പോലീസുദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ കീഴ്ക്കോടതി നടപടിയെടുത്തിരുന്നുവെങ്കിലും പ്രോസിക്യൂഷന് മുൻകൂർ അനുമതി വാങ്ങാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് നടപടികൾ റദ്ദാക്കുകയുണ്ടായി. 1995-ൽ പോലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്നാണ് കേസെടുക്കാനുള്ള നടപടിയുണ്ടായത്. എസ്.പി. രവത ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുകയുണ്ടായി. [1].

ഇതെപ്പറ്റി അന്വേഷിക്കാൻ ഇടതുമുന്നണി സർക്കാർ നിയമിച്ച പത്മനാഭൻ കമ്മീഷൻ 1997-ൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡി.വൈ.എസ്.പി. അബ്ദുൾ ഹക്കീം ബത്തേരി, എസ്.പി. രവത ചന്ദ്രശേഖർ എന്നിവരും കുറ്റക്കാരായിരുന്നു. ഇവരെ പ്രതി ചേർത്ത് പുതിയൊരു എഫ്.ഐ.ആർ. ഫയൽ ചെയ്യപ്പെടുകയുണ്ടായി. ഈ കേസിലെ നടപടികൾ നിർത്തിവയ്ക്കാൻ പ്രതികളുടെ ഹർജിയെത്തുടർന്ന് സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി[5] . ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും 2006-ൽ കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളാക്കിയിരുന്നു[3]

ഹക്കീം ബത്തേരി

തിരുത്തുക

ഈ കേസിൽ പ്രതിയാക്കപ്പെട്ട ഹക്കിം ബത്തേരിയെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കുകയുണ്ടായി. ഇദ്ദേഹം ഡിവൈ.എസ്.പിയായി റിട്ടയർ ചെയ്തയാളാണ് (ജനനം: മരണം:2013 ഏപ്രിൽ 13).

കാസർകോട് കുമ്പള സ്വദേശിയായ ഇദ്ദേഹം ഹസൻകുഞ്ഞി, ബീഫാത്തിമ എന്നിവരുടെ മകനായിരുന്നു. പരേതയായ നഫീസയാണ് ഭാര്യ. ഡോ. സാജിദ മകളൂം ഡോ. സാഹിദ് (കൂത്തുപറമ്പ്) മരുമകനുമാണ്. കണ്ണൂർ താവക്കരയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. 1974ൽ എസ്.ഐ ആയാണ് ഇദ്ദേഹം പൊലീസ് സേനയിൽ പ്രവേശിച്ചത്. പുളിങ്ങോം എസ്.ഐ ആയായിരുന്നു ആദ്യനിയമനം. മലബാറിലെ വിവിധ സ്റ്റേഷനുകളിൽ സി.ഐ ആയും ഡിവൈ.എസ്.പിയായും സേവനമനുഷ്ഠിച്ചു. 1994-95 കാലയളവിൽ കണ്ണൂർ ഡിവൈ.എസ്.പിയായിരുന്നു. റിപ്പർ ചന്ദ്രന്റേത് ഉൾപ്പെടെ നിരവധി കൊലപാതക, കവർച്ച കേസുകൾ തെളിയിച്ചതിന് മികച്ച സേവനത്തിനുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] പത്മനാഭൻ നായർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹക്കിം ബത്തേരിയെ മൂന്നാം പ്രതിയാക്കി. വകുപ്പുതല അന്വേഷണത്തത്തെുടർന്ന് ഇദ്ദേഹത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. 2012 ജൂൺ 25ന് ഹൈക്കോടതി ഹക്കിം ബത്തേരിയെ കുറ്റവിമുക്തനാക്കി. 1998 സെപ്റ്റംബറിലാണ് ഇദ്ദേഹം വിരമിച്ചത്.

സമരം നടത്തിയവർക്കെതിരേയുള്ള കേസ്

തിരുത്തുക

കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 353 പ്രകാരമുള്ള കേസ് എം.വി. രാഘവനെ കൊല്ലാൻ ശ്രമിച്ചു എന്നതാണ്. ഈ കേസിൽ മൂവായിരത്തോളം പേർ പ്രതികളായിരുന്നു. ക്രൈം നമ്പർ 354 പ്രകാരമുള്ള കേസിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചു എന്ന കേസിൽ ആയിരത്തോളം ആൾക്കാർ പ്രതികളായിരുന്നു. ഈ രണ്ട് എഫ്.ഐ.ആറിലും നായനാർ മന്ത്രിസഭ നടപടികൾ നിർത്തിവച്ചിരുന്നു[5].

ഈ കേസിൽ കണ്ണൂർ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. സക്കറിയയുടെ നേതൃത്വത്തിൽ പുനരന്വേഷണം നടക്കുകയും 88 പേരെ പ്രതി ചേർത്ത കുറ്റപത്രം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെടുകയുമുണ്ടായി. ഡി.വൈ.എഫ്.ഐ. നേതാക്കളായ എം.സുരേന്ദ്രൻ, എം. വി. ജയരാജൻ, കെ. ധനഞ്ജയൻ, എം. സുകുമാരൻ, പനോളി വത്സൻ, എൻ. ഉത്തമൻ, ടി. ലതേഷ്, പി. പി. മധു എന്നിവരും വെടിവെപ്പിൽ മരിച്ച കെ. കെ. രാജീവൻ, കെ. വി. റോഷൻ, കെ. ബാബു, ഷിബുലാൽ, മധു എന്നിവരും കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ടിരുന്നു[5].

തുടർന്ന് കേസ് അന്വേഷിച്ച പത്മനാഭൻ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം പുതിയൊരു കേസ് ഫയൽ ചെയ്തു. ഈ കേസിൽ എം. വി. രാഘവൻ, ഡപ്യൂട്ടി കളക്ടർ ടി. ടി. ആന്റണി, ഡി വൈ എസ് പി അബ്ദുൾ ഹക്കിം ബത്തേരി, എസ് പി രവതാ ചന്ദ്രശേഖർ എന്നിവർ പ്രതികളായിരുന്നു. ആദ്യം രജിസ്റർ ചെയ്ത എഫ് ഐ ആറുകളിലെ നടപടി നിർത്തലാക്കി പുതിയ കേസെടുത്തതിനെതിരെ എം. വി. രാഘവനും മറ്റ് പ്രതികളും സുപ്രിം കോടതിയെ സമീപിച്ചു. തുടർന്ന് രാഘവനും മറ്റും പ്രതികളായ എഫ് ഐ ആറിൽ നടപടികൾ നിർത്തിവെക്കാൻ സുപ്രിം കോടതി ഉത്തരവായി[5].

  1. 1.0 1.1 1.2 1.3 "കൂത്തുപറമ്പ് വെടിവെപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി". വൺ ഇൻഡ്യ മലയാളം. Retrieved 13 മാർച്ച് 2013.
  2. "എം.ബി.രാജേഷിന് സ്വീകരണം നല്കി". മാതൃഭൂമി. 26 സെപ്റ്റംബർ 2012. Archived from the original on 2012-10-05. Retrieved 13 മാർച്ച് 2013.
  3. 3.0 3.1 "കൂത്തുപറമ്പ് വെടിവെപ്പ്: പോലീസുദ്യോഗസ്ഥർക്ക് എതിരായ കേസ് റദ്ദാക്കി". മാതൃഭൂമി. 26 ജൂൺ 2012. Archived from the original on 2012-06-27. Retrieved 13 മാർച്ച് 2013.
  4. "ജനവഞ്ചനയിൽ കേന്ദ്ര-കേരള സർക്കാറുകൾ ഒരേ പാതയിൽ-വൃന്ദാ കാരാട്ട്". മാതൃഭൂമി. 26 നവംബർ 2012. Archived from the original on 2012-11-26. Retrieved 13 മാർച്ച് 2013.
  5. 5.0 5.1 5.2 5.3 "കൂത്തുപറമ്പ് കേസ്: പുതിയ കുറ്റപത്രം സമർപ്പിച്ചു". വൺ ഇൻഡ്യ മലയാളം. 31 ഡിസംബർ 2002. Retrieved 13 മാർച്ച് 2013.