1946 ൽ തരിശുഭൂമി കൃഷിക്ക് കൊടുക്കുക എന്ന മുദ്രാവാക്യമുയർത്തി കുറുമ്പ്രനാട് താലൂക്കിലെ പേരാമ്പ്ര ബാലുശ്ശേരി കൃഷിക്കാർ നടത്തിയ സമരം. പേരാംബ്രയിലെ കൂത്താളി എസ്റ്റേറ്റ് സർക്കാറ് ഉടമസ്ഥതയിൽ ആയിരുന്നു. 30,000 ഏക്കർ ആയിരുന്നു എസ്റ്റേറ്റിന്റെ വിസ്തീർണ്ണം. ഇതിൽ 20,000 ഏക്കർ പുനം കൃഷിക്കു അനുയോജ്യമായിരുന്നു. 1946-ൽ കർഷകർ സബ് കളക്ടർ ഓഫീസിലെക്ക് ജാഥ നടത്തി നിവേദനം സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്നു 40 കർഷകർ സർക്കാർ വക ഭൂമി കയ്യേറി, കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. എന്നാൽ 1947-ൽ 1500 ഏക്കർ പുനം കൃഷിക്കായി വിട്ടു കൊടുക്കാൻ സർക്കാർ തയ്യാറായി[1].

പക്ഷേ സമരം വീണ്ടും തുടർന്നു. സമര നേതാവായിരുന്ന കെ. ചോയി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രശ്നം രൂക്ഷമായി. 100-ഓളം കർഷകർ അറസ്റ്റിലായി. 79 പേർ പല കാരണങ്ങൾക്ക് ഷിക്ഷികപ്പെട്ടു. 1955-ൽ 66 ദിവസം നീണ്ടു നിന്ന ഒരു സമരം ഉണ്ടായി. ഒടുവിൽ കർഷകരുടെ പ്രധാന ആവശ്യങ്ങൾ സർക്കാറ് അംഗീകരിച്ചു[1][പ്രവർത്തിക്കാത്ത കണ്ണി].

വിശദവിവരങ്ങൾ

തിരുത്തുക

1943ലാണ് കൂത്താളി മലവാരത്തെ തരിശുഭൂമിയിൽ കൃഷി ചെയ്യാനുള്ള അവകാശത്തിന് സമരം തുടങ്ങുന്നത്. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടന്ന 30,000 ഏക്കർ കുന്നുംപ്രദേശമാണ് കൂത്താളി മലവാരമായി അറിയപ്പെട്ടത്. ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു. കൂത്താളി വല്ലഭൻ ചാത്തൻ അച്ഛൻ മഠത്തിൽ മൂപ്പിൽ നായരുടെ അധീനതയിലായിരുന്നു മലവാരം. അവസാന സ്ഥാനിയുടെ കാലംവരെ മലവാരം പേരാമ്പ്ര-ബാലുശേരി ഫർക്കകളുടെ പല ഭാഗങ്ങളിലുള്ളവർക്ക് വാരം നിശ്ചയിച്ച് പുനം കൃഷിക്ക് നൽകിയിരുന്നു. പിന്തുടർച്ചാവകാശിയില്ലെന്ന പേരിൽ അറ്റാലടക്ക നിയമപ്രകാരം മദിരാശി സർക്കാർ ഏറ്റെടുത്തു. കൂത്താളി എസ്റ്റേറ്റ് എന്ന പേരിൽ ഏറ്റെടുത്ത ഭൂമിയുടെ അധികാരം മലബാർ കലക്ടർക്ക്. മേൽനോട്ടത്തിന് സ്പെഷൽ തഹസിൽദാരെ നിയമിച്ച് പേരാമ്പ്രയിൽ ആസ്ഥാനം തുറന്നു.

മലവാരം ഏറ്റെടുക്കാനുള്ള തീരുമാനം പുനം കൃഷി മുഖ്യ ഉപജീവന മാർഗ്ഗമായ കർഷകകുടംബങ്ങളെ ദുരിതക്കയത്തിലാഴ്ത്തി. വരുമാനവും ഭക്ഷണവും നിലച്ച് എന്തു ചെയ്യണമെന്നറിയാതെ പകച്ച അവർക്ക് കർഷകസംഘം തുണയായി. കർഷകരെ പട്ടിണിക്കിടുന്ന സർക്കാരിനെതിരെ സമരമാർഗങ്ങൾ ആലോചിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ യോഗം വിളിച്ചു. അതിനിടയിലാണ് 1943 സെപ്തംബറിൽ കേരള കർഷകസംഘം ഭക്ഷ്യോൽപ്പാദന വർധന പ്രക്ഷോഭത്തിന് തീരുമാനിച്ചത്. ബാലുശേരി-പേരാമ്പ്ര ഫർക്കകളിലും പ്രക്ഷോഭം. കൂത്താളി മലവാരം ചെത്തി കൃഷിയിറക്കാൻ ഒരുക്കമായി. സർക്കാർ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. മർദനം ചെറുക്കാനുള്ള ശേഷിയില്ലായ്മമൂലം സമരക്കാർ തൽക്കാലം പിൻവാങ്ങി. 1946ൽ വീണ്ടും സമരം ആസൂത്രണം ചെയ്തു. എ കെ ജി, സി.എച്ച്. കണാരൻ , കേരളീയൻ , എ.വി. കുഞ്ഞമ്പു, കേളുഏട്ടൻ തുടങ്ങിയവർ മുൻനിരയിൽ . പേരാമ്പ്രയിൽ സമരപ്രഖ്യാപനം നടത്താൻ തീരുമാനമായി. 1947 ഫെബ്രുവരി 22ന് കർഷകർ ജാഥയായി മലവാരം ചെത്തുമെന്നായിരുന്നു പ്രഖ്യാപനം. പൊലീസ് നിരോധനാജ്ഞയും പയ്യോളിയിലും പേരാമ്പ്രയിലും മേപ്പയൂരിലും മലവാരത്തും എംഎസ്പി ക്യാമ്പുകളും. ഇതൊന്നും കൂസാതെ വളണ്ടിയർമാർ ജാഥയായി പേരാമ്പ്രയിൽ ക്യാമ്പ് ചെയ്ത സബ്കലക്ടർക്ക് നിവേദനം നൽകി.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സമരം തൽക്കാലം നിർത്തി. ശിക്ഷിക്കപ്പെട്ട നേതാക്കൾ അപ്പോഴും ജയിലിൽ . മദിരാശി എംഎൽസിമാർ പ്രശ്നം സഭയിൽ ഉന്നയിച്ചു. 1550 ഏക്കർ പുനംകൃഷിക്ക് നൽകാൻ ഉത്തരവായി. സർക്കാർ അതിന് തയ്യാറായില്ല. കുറച്ചുകാലത്തേക്ക് കെട്ടടങ്ങിയ സമരം 1954ൽ വീണ്ടും. മുതുകാട്ടിൽ ഞെരങ്ങംപാറ വേലായുധന്റെ സ്ഥലത്തായിരുന്നു ക്യാമ്പ്. പേരാമ്പ്ര സ്പെഷൽ തഹസിൽദാർ ഓഫീസിനും കോഴിക്കോട് കലക്ടറേറ്റിനും മുന്നിൽ ഒരേസമയം സമരം. 66 ദിവസത്തിനുശേഷം മദിരാശി സർക്കാർ ചില ഒത്തുതീർപ്പു വ്യവസ്ഥകളുണ്ടാക്കി. 1957ൽ അധികാരമേറ്റ ഇ എം എസ് സർക്കാരാണ് കൂത്താളി മലവാരം പതിച്ചു നൽകാൻ നടപടിയെടുത്തത്.

1962ൽ കേളുഏട്ടന്റെ നേതൃത്വത്തിലായിരുന്നു അവസാനഘട്ടം. "67ൽ വീണ്ടും ഇ എം എസ് സർക്കാരിന്റെ സമയത്ത് റവന്യൂമന്ത്രി കെ ആർ ഗൗരിയമ്മയാണ് പട്ടയം കൊടുത്തത്. 1980ൽ നായനാർ സർക്കാർ ഇരുന്നൂറോളം ഭൂരഹിതർക്ക് മുതുകാട്ടിൽ 2.5 ഏക്കർ ഭൂമി നൽകി. 1987ലെ നായനാർ സർക്കാർ മുതുകാട്ടിൽ മുന്നൂറ്റമ്പതോളം ഭൂരഹിതർക്ക് 50 സെന്റ് വീതം അനുവദിച്ചു. കൂത്താളി സമരത്തിന്റെ സദ്ഫലങ്ങൾ ആയിരങ്ങളാണ് ഇന്നനുഭവിക്കുന്നത്. മിനി മലമ്പുഴ എന്നറിയപ്പെടുന്ന പെരുവണ്ണാമൂഴി ഡാമും കൂത്താളി കൃഷിഫാമും പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷനും തുടങ്ങി വലിയൊരു പ്രദേശത്തിന്റെ വികസന ചിത്രത്തിന്റെയും തുടക്കം ഈ സമരമാണ്.[2]

സമരനായകർ

തിരുത്തുക
  1. Om Prakash Ralhan (Editor in Chief) (1999). Encyclopedia of Political Parties, New Delhi: Anmol Publications, pp: 58-59
  2. ദേശാഭിമാനി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കൂത്താളി_സമരം&oldid=3841609" എന്ന താളിൽനിന്ന് ശേഖരിച്ചത്