കൂടത്തായി കൂട്ടക്കൊലക്കേസ്

സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല എന്നറിയപ്പെടുന്നത്. [1]

Koodathayi Cyanide Murders
Duration14 years of span
സ്ഥലംKoodathayi, Kozhikode, Kerala, India
തരംCyanide poisoning
Casualties
Annamma Thomas, Tom Thomas, Roy Thomas
Mathew Manjayadil, Alphine Shaju, Sily Shaju
മരണങ്ങൾ6
അന്വേഷണങ്ങൾK.G. Simon, Rural SP, Kerala Police
അറസ്റ്റുകൾ3 (Till 15 October 2019)
Suspect(s)Jolly Joseph, M. S. Mathew, Praji Kumar
ChargesMurder

14 വർഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടന്നു. പ്രതി കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണെന്ന് ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻ.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2019 ഒക്ടോബർ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.

ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് 2019  ജൂലൈയിലാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുന്നത്.  എന്നാൽ സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമൺ റൂറൽ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോർജിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാൻ തീരുമാനിച്ചത്.

ഒക്ടോബർ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകൾ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോളിക്ക് പിന്നാലെ  ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയ ബന്ധു മഞ്ചാടിയിൽ എം.എസ്. മാത്യു, സ്വർണപ്പണിക്കാരനായ പ്രജികുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച സി.പി.എം. കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി ഇ. മനോജ്കുമാർ, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി. വിജയകുമാർ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസിൽ പ്രതി ചേർത്തു.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

  1. "കുരുക്ക് വീണത് ആ ഒറ്റ പോസ്റ്റ്മോർട്ടത്തിൽ; ജ്വല്ലറി ജീവനക്കാരനും പിടിയിൽ..." മനോരമ ന്യൂസ്. മനോരമ ന്യൂസ്. Archived from the original on 2019-10-08.