കുറത്തിത്തെയ്യം
തുളുനാട്ടിലും മലനാട്ടിലും കെട്ടിയാടുന്ന ഒരു തെയ്യക്കോലമാണ് കുറത്തി. പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. പാർവതി ദേവിയുടെ അവതാരമാണ് കുറത്തി. വേലൻ, മലയൻ, മാവിലൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായക്കാരാണ് കുറത്തിത്തെയ്യം കെട്ടുന്നത്.
പുള്ളിക്കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, മാരണക്കുറത്തി, കുഞ്ഞാർ കുറത്തി എന്നിങ്ങനെ കുറത്തികൾ പതിനെട്ടുതരം ആണുള്ളത്. ഒരു ഉർവര ദേവതയാണ് കുറത്തി. മുറവും ചൂലും കത്തിയും കൈകളിലേന്തി നർത്തനം ചെയ്യുന്ന കുറത്തിത്തെയ്യം, ചില സ്ഥലങ്ങളിൽ വീടുതോറും ചക്കരച്ചോറ് ഉണ്ണാനെത്തുന്നു.
പുലയർ കെട്ടിയാടുന്ന കുറത്തി ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ചവളാണ്. "നിഴൽക്കുത്ത്' പാട്ടിനോടു സദൃശമായ ഇതിവൃത്തമാണ് ഈ കുറത്തിയുടെ തോറ്റംപാട്ടിൽ ഉള്ളത്. മരണമടഞ്ഞ മനുഷ്യരുടെ സങ്കല്‌പത്തിലുള്ള കുറത്തിയെയും കുറവനെയും തെയ്യാട്ടത്തിന്റെ രംഗത്തു കാണാം.