കാവേരിക്കുളം

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ്‌ കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത[1] ഒരു ചെറിയ കുളം ഉള്ളതിനാലാണ്‌ സ്ഥലത്തിന്‌ ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സം‌രക്ഷിതവനപ്രദേശമാണ്‌. സ്വദേശികളായ ധാരാളം സഞ്ചാരികൾ വന്നുപോകുന്ന ഒരു പ്രദേശമാണിത്.

സ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യം

തിരുത്തുക

പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന്‌ കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ്‌ ഐതിഹ്യം. സ്ഥലനാമങ്ങൾ തമ്മിലുള്ള സാമ്യത്തെ മുൻ‌നിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു.

ഭൂപ്രകൃതി

തിരുത്തുക

മലയിടുക്കിലെ ഈ പ്രദേശം നല്ലൊരു ആവാസവ്യവസ്ഥയാണ്‌. ധാരാളം പക്ഷിമൃഗാദികൾ ഉള്ളതും മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ വളരെ കുറവുള്ളതുമായ ഒരു പ്രദേശമായിരുന്നു കാവേരിക്കുളം. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയർ‌ന്ന പ്രദേശമായിട്ടുകൂടി നല്ല നീരുറവയുള്ള ഈ പ്രദേശം സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയതാണ്‌. സമീപകാലത്തായി സ്വകാര്യമേഖലയിൽ ഉള്ളവർ കാവേരിക്കുളത്തിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ വൻതോതിൽ കരസ്ഥമാക്കി വമ്പിച്ച രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുവരുന്നുണ്ട്. ഇതോടൊപ്പം കരിങ്കൽ ഖനനം നല്ലരീതിയിൽ നടക്കുന്നതിനാൽ, പ്രകൃതിജന്യമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തങ്ങളെ പ്രദേശവാസികൾ കൂട്ടുചേർന്ന് എതിരിക്കുന്നുണ്ട്.[2]

എത്തിച്ചേരാൻ

തിരുത്തുക

കാഞ്ഞങ്ങാട് നിന്നും 20 കിലോമീറ്റർ അകലെയാണ് ഒടയഞ്ചാൽ. ഒടയഞ്ചാലിൽ നിന്നും ഓട്ടോറിക്ഷയിലോ ജീപ്പിലോ ആയി നരയർ എന്ന സ്ഥലത്ത് എത്തിച്ചേരുക. നരയറിൽ നിന്നും ഒരു പഞ്ചായത്ത് റോഡ് കാവേരിക്കുളത്തിലേക്ക് ഉണ്ട്. മുക്കാൽ മണിക്കൂറോളം യാത്ര ചെയ്താൽ കാവേരിക്കുളത്ത് എത്തിച്ചേരാവുന്നതാണ്.

ചിത്രങ്ങൾ

തിരുത്തുക
  1. "സമഗ്രവികസന രേഖ- കോടോം ബേളൂർ പഞ്ചായത്ത്" (PDF). Archived from the original (PDF) on 2019-07-24. Retrieved 2019-07-24.
  2. "കരിങ്കൽ ഖനനത്തിനെതിരെ പ്രതിഷേധം - മാതൃഭൂമി പത്രം". Archived from the original on 2019-07-26. Retrieved 2019-07-26.


"https://ml.wikipedia.org/w/index.php?title=കാവേരിക്കുളം&oldid=3802971" എന്ന താളിൽനിന്ന് ശേഖരിച്ചത്