കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിൽ വേലയോടും പൂരത്തോടുമനുബന്ധിച്ച് നടത്തി വരുന്ന ഒരു അനുഷ്ഠാന നാടകമാണ് കാളിദാരികൻ.

പശ്ചാത്തലം തിരുത്തുക

ഭദ്രകാളി പ്രീതിക്കായി ഹൈന്ദവ ഗ്രന്ഥമായ ലിംഗപുരാണത്തിലെ ദാരികാസുരനിഗ്രഹകഥ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന അനുഷ്ഠാന നാടകമാണ് കാളിദാരികൻ. കാളിയും ദാരികാസുരനുമായുള്ള പോർവിളിയും ഒടുവിൽ കാളി ദാരികനെ കൊല്ലുന്നതുമാണ് അരങ്ങിൽ അവതരിപ്പിക്കുന്നത്.

അനുഷ്ഠാനം തിരുത്തുക

മദ്ധ്യകേരളത്തിൽ, തൃശൂർ, പാലക്കാട് ജില്ലകളിൽ വേലയോടും പൂരത്തോടുമനുബന്ധിച്ച് നടത്തി വരുന്ന ഒരു അനുഷ്ഠാന നാടകമാണ് കാളിദാരികൻ.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത‌് കാട്ടകാമ്പാൽ ക്ഷേത്രത്തിലെ പൂരം തൃശ്ശൂർ ചേലക്കര അന്തിമഹാകാളൻ കാവിലെ വേല എന്നിവ കാളിദാരികന് പ്രസിദ്ധമാണ്.[1]

കാളിദാരികൻ നാടകത്തിലെ പ്രധാന ഭാഗമായ കാളിയും ദാരികനും ആയുള്ള സംവാദം കാട്ടകാമ്പാലിൽ വായ്പ്പോര് എന്നും അന്തിമഹാകാളൻ കാവിൽ പെശക്കം എന്നുമാണ് അറിയപ്പെടുന്നത്.[1]

അന്തിമഹാകാളൻ കാവിൽ തിരുത്തുക

മലയാള മാസം കുംഭം ഒന്നിന് വെടിപൊട്ട് എന്ന ചടങ്ങ് ആരംഭിച്ച്, ശേഷം തൊട്ടടുത്ത ബുധനാഴ്ചയോ ശനിയാഴ്ചയോ ക്ഷേത്ര മുറ്റത്ത് 64 കോൽ പന്തലിടുന്നു. ആശാരി മുറിച്ച് വെളുത്തേടൻ ചുമന്ന് ഇളയത് പൂജിച്ച പാലക്കമ്പ് ആണ് പന്തലിന് ഉപയോഗിക്കുന്നത്.[1] ഈ പാലക്കമ്പ് ചുമന്നുകൊണ്ടുള്ള ഘോഷയാത്ര നടതല്ലിവരവ് എന്നാണ് അറിയപ്പെടുന്നത്. പാറച്ചാട്ടൻമലയിൽ അരിയും ശർക്കരയും നിവേദിച്ചതിനു ശേഷമാണ് പന്തലിടാനുള്ള മുളയും പുല്ലും ശേഖരിക്കുന്നത്. പുല്ല് ആഘോഷമായി കൊണ്ടുവരുന്ന ചടങ്ങ് പുല്ലുവേല എന്നും ശേഖരിക്കാനായി പോകുന്നത് പാറിനുപോക്ക് എന്നും മുളകൾ ശേഖരിച്ച് ആഘോഷമായി കൊണ്ടുവരുന്ന ചടങ്ങ് പാറുവേല എന്നും അറിയപ്പെടുന്നു.[2] ഈ ചടങ്ങുകൾ നടത്താനുള്ള അവകാശം വെള്ളോൻ, കണക്കന്മാർ, കൂടാന്മാർ തുടങ്ങിയ വിഭാഗങ്ങൾക്കാണ്.[1] ഇവർ മുളയും പുല്ലും ശേഖരിച്ച് ഊരുചുറ്റി കാവിലെത്തി നെല്ലുഭോഗം സ്വീകരിച്ച് മടങ്ങുന്നു.

മീന മാസത്തിലെ ആദ്യശനിയാഴ്ച കൊടിയേറ്റി, തുടർന്ന് ഏഴുദിവസം ഭഗവതിക്കളം വരച്ച് ദാരികവധംപാട്ട് നടത്തുന്നു. ഇതിന്റെ തുടർച്ചയായാണ് പെശക്കവും ദാരികവധവും നടത്തുന്നത്. ആറാം കളംപാട്ടുദിവസം പാറോല നായന്മാരോ തേവത്തു നായന്മാരോ വെറ്റിലയും അടയ്ക്കയും ഇളനീരുംകൂട്ടി ഉരലിൽ ഇടിക്കുന്നു (കൊങ്ങിലിടി/പൊങ്ങിലിടി). കൊങ്ങിലിടിക്കിടെ ഉരലിൽനിന്ന് രക്തവർണമുള്ള നീര് ദേഹത്തേക്ക് തെറിച്ചുവീഴുന്നത് ആളുകൾ ഭാഗ്യമായി കരുതുന്നു.[1]

ഏഴാം കളംപാട്ടുദിവസം കുറുപ്പന്മാർ കാളിയുടെ മുടി സൂക്ഷിച്ചിരിക്കുന്ന പെട്ടിയുമായി കാവിലെത്തി, രാത്രി പന്ത്രണ്ടിനുശേഷം നാല്പത്തൊന്നു തവണ ദാരികന്റെ കിരീടം ദാരികവേഷം കെട്ടുന്ന വ്യക്തിയുടെ തലയിൽ വെച്ച് എടുക്കുന്നു. കെട്ടിയഴിക്കുക എന്ന ഈ ചടങ്ങോടെ ദാരികൻ്റെ വീര്യം കൂടുമെന്നാണ് വിശ്വാസം.[1]

എട്ടാംദിവസം രാവിലെ കാളിക്കണ്ടത്തിൽ ദാരികന്റെ പോർവിളി. എട്ടാം ദിവസത്തെ വേല ഒന്നിടവിട്ടുള്ള വർഷങ്ങളിൽ മല്ലിശ്ശേരി വനദുർഗാക്ഷേത്രത്തിൽനിന്നും കടുകശ്ശേരി വിഷ്ണുക്ഷേത്രത്തിൽനിന്നും ആണ് പുറപ്പെടുന്നത്.[1] മല്ലിശ്ശേരിയിൽ നിന്നുള്ളത് തെക്കുംകൂർ വേലയെന്നും കടുകശ്ശേരിയിൽ നിന്നുള്ളത് വടക്കുംകൂർ വേലയെന്നും അറിയപ്പെടുന്നു.[3]

ഒമ്പതാംദിവസമാണ് ദാരികവധം അരങ്ങേറുന്നത്. കാളിദാരികൻ നാടകം അരങ്ങേറുന്നത് ക്ഷേത്രത്തിൽ നിന്നും കുറച്ചു മാറിയുള്ള വയലിലാണ്. പോർവിളിക്കുശേഷം വയലിലിറങ്ങിയാണ് യുദ്ധം. കാളി, യുദ്ധത്തിൽ ഭയന്നോടുന്ന ദാരികനെ പിന്തുടർന്ന് ശിരസ്സറുത്തു വധിക്കുന്നു.[1]

കാട്ടകാമ്പാൽ ക്ഷേത്രത്തിൽ തിരുത്തുക

കാട്ടകാമ്പാൽ ക്ഷേത്രത്തിൽ മേട മാസത്തിലെ പൂരത്തോടനുബന്ധിച്ചാണ് കാളിദാരികൻ കളി അവതരിപ്പിക്കുന്നത്. തുടർന്ന് യുദ്ധത്തിനൊരുങ്ങുന്ന ഭഗവതിയുടെ പ്രതീകമായി ആദ്യം കുതിരവേല, തുടർന്ന് യുദ്ധത്തിന് വിഘ്‌നം വരാതിരിക്കാൻ ഗണപതിക്കിടൽ, ബ്രാഹ്മണിയമ്മ പാട്ട് എന്നീ ചടങ്ങുകൾ നടത്തുന്നു.[4][5]

പൂരം നാൾ വരുന്ന ദിവസം പുലർച്ചെ, പൂരം എഴുന്നെള്ളിപ്പ് അവസാനിക്കും മുമ്പ് ആദ്യം കാളിയും പിന്നീട് ദാരികനും പാലക്കൽ കാവിലെത്തി ആ വർഷത്തെ അവസാന പറവയ്പ്പ് ചടങ്ങ് നടത്തും.[6]

അവിടെനിന്ന് ആദ്യം കാളിയും കാളിക്ക് അകമ്പടിയായി തിടമ്പേറ്റിയ ആനയും പുറകിലായി ദാരികനും യുദ്ധത്തിന് യാത്രയാകും. ചതുരംഗത്തിലെയെന്ന പോലെ കാലാൾ, കുതിരകൾ, തേര്, ആനകൾ എന്നിങ്ങനെ ചതുരംഗ പടയുമായാണ് കാളി ദാരികന്മാർ യുദ്ധത്തിനായി എത്തുന്നത്.[7] രഥത്തിലേറി ആൽമരം ചുറ്റി മതിലകത്തേക്ക് പട നയിച്ചെത്തുന്ന കാളി-ദാരികമാർ പരസ്പരം വാക്പോര് നടത്തുന്നു.[5] വാക്പോരിന് ഒടുക്കം പരാജിതനായ ദാരികൻ ഭദ്രകാളിയെ പേടിച്ച് മായയിൽ മറയുന്നതോടെ ഒന്നാംഘട്ടമായ പകൽ പൂരം അവസാനിക്കും.[8]

രണ്ടാംഘട്ടത്തിൽ ക്ഷേത്രത്തിലെത്തുന്ന കാളി തേരിൽ യുദ്ധഭൂമിയിലെത്തി അണിനിരന്ന ആനകളുടെ അകമ്പടിയിൽ യുദ്ധം ആരംഭിക്കും. യുദ്ധത്തിൽ പേടിച്ചോടുന്ന ദാരികാസുരൻ ബലിക്കൽപ്പുരയുടെ തെക്കുഭാഗത്ത് വലിയമ്പലത്തിന്റെ പിന്നിൽ ഒളിച്ചിരിക്കും.[1]

പിറ്റേദിവസം പുലർച്ചയ്ക്ക് പൂരം എഴുന്നള്ളിച്ച് പാമ്പിൻകാവിലെത്തുമ്പോൾ കാളിയും ദാരികനും അവിടെയെത്തി യുദ്ധം ചെയ്യുകയും, പേടിച്ചോടിയ ദാരികനെ പിന്തുടർന്ന് കാളി വധിക്കുകയും ചെയ്യുന്നു. തുടർന്ന് ആനയുടെ തുമ്പിക്കൈയിലൂടെ ഊഴ്ന്നിറക്കൽ എന്ന ചടങ്ങു നടത്തി പൂരം അവസാനിപ്പിക്കുന്നു.[1]

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 "കാളിദാരിക വധം". Retrieved 2023-04-14.
  2. "അന്തിമഹാകാളൻ കാവ് വേല; ചടങ്ങുകൾക്ക് തുടക്കം". Retrieved 2023-04-14.
  3. Daily, Keralakaumudi. "അന്തിമഹാകാളൻ കാവ് വേല കൂറയിട്ടു: വേല 25 ന്". Retrieved 2023-04-14.
  4. ONLINE, CCTV (2022-05-11). "കാളി-ദാരിക സംവാദവും പ്രതീകാത്മക ദാരിക വധവും അരങ്ങേറുന്ന ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കമായി". Retrieved 2023-04-14.
  5. 5.0 5.1 ഡെസ്ക്, വെബ് (2018-04-27). "വർണാഭം കാട്ടകാമ്പാൽ ഉത്സവം | Madhyamam". Retrieved 2023-04-16.
  6. "കാളിദാരിക വധം". Retrieved 2023-04-14.
  7. "കാളി–ദാരിക യുദ്ധപ്രതീതിയില്ലാതെ ഇന്നു കാട്ടകാമ്പാൽ പൂരം". Retrieved 2023-04-16.
  8. "കനത്ത മഴയിലും ആവേശം ചോരാതെ കാട്ടകാമ്പാൽ പൂരം". Retrieved 2023-04-14.
"https://ml.wikipedia.org/w/index.php?title=കാളിദാരികൻ&oldid=3913268" എന്ന താളിൽനിന്ന് ശേഖരിച്ചത്