കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

നിശ്ചിത മേഖലകളിൽ പ്രത്യേകസമയങ്ങളിലെ താപനില ആർദ്രത, വായുമർദം, കാറ്റിന്റെ ദിശ, വേഗം തുടങ്ങിയവ അളന്നു നിർണയിക്കുകയും ഇവമൂലം അന്തരീക്ഷത്തിനുണ്ടാകുന്ന ഭാവഭേദങ്ങളെ നിരീക്ഷിച്ചു വിശകലനം നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് അന്തരീക്ഷ നിരീക്ഷണകേന്ദ്രം.

കാലാവസ്ഥാ സൂചനകൾക്കും അന്തരീക്ഷവിജ്ഞാനീയ സംബന്ധമായ മറ്റു പഠനങ്ങൾക്കും അടിസ്ഥാനം ഇത്തരം നിരീക്ഷണകേന്ദ്രങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളാണ്. രാപകലില്ലാതെ നിശ്ചിത സമയക്രമമനുസരിച്ച് തിട്ടപ്പെടുത്തുന്ന വിവരങ്ങൾ, പ്രവചനം നടത്തുന്ന കേന്ദ്രങ്ങളിലേക്ക് അപ്പപ്പോൾ എത്തിക്കുന്നതിനുള്ള വ്യവസ്ഥകൾ നിരീക്ഷണകേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും.

ഇന്ത്യയിൽ അഞ്ചുതരം അന്തരീക്ഷനിരീക്ഷണ കേന്ദ്രങ്ങളാണുള്ളത്.

  1. നിശ്ചിതസമയവ്യവസ്ഥയനുസരിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചു പ്രക്ഷേപണം ചെയ്യാൻ പോന്ന ഉപകരണങ്ങളും സന്നാഹങ്ങളുമുള്ളവയാണ് കറന്റ് വെതർ സ്റ്റേഷൻ എന്നറിയപ്പെടുന്ന ആദ്യത്തെ ഇനം.
  2. ഇത്രയും സൌകര്യങ്ങളില്ലാതെ പ്രധാനപ്പെട്ട വിവരങ്ങൾ മാത്രം രേഖപ്പെടുത്തുന്ന മറ്റൊരുതരം നിരീക്ഷണ കേന്ദ്രങ്ങളാണടുത്തത്.
  3. മൂന്നാമത്തെയിനം റാവിൻ കേന്ദ്രങ്ങൾ എന്നറിയപ്പെടുന്നു (Rawin = Radio+ Wind). ഇവിടങ്ങളിൽ ഹൈഡ്രജൻ നിറച്ച ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർത്തിവിട്ട്, തിയോഡെലൈറ്റുകൾ ഉപയോഗിച്ച് അവയുടെ ഗതിയും അതിലൂടെ ഉപരിമണ്ഡലങ്ങളിലെ കാറ്റിന്റെ സ്വഭാവവും നിർണയിക്കുന്നു.
  4. റേഡിയോ സോണ്ട് (Radio sonde) കേന്ദ്രങ്ങളാണടുത്തത്. ഇവിടെ ഹൈഡ്രജൻ ബലൂണുകളോടൊത്ത് വയർലസ് ട്രാൻസ്മിറ്ററുകൾ കൂടി ഘടിപ്പിക്കുന്നു. ഇവ ഉപര്യന്തരീക്ഷത്തിലെ താപനിലയെയും ആർദ്രതയെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു.
  5. ഇവ കൂടാതെ പ്രത്യേക നിരീക്ഷണങ്ങൾക്കായുള്ള മറ്റു കേന്ദ്രങ്ങളുമുണ്ട്. വർഷമാപിനി (Rain gauge) കൾ മാത്രമുള്ള അനേകായിരം കേന്ദ്രങ്ങൾ വേറെയുണ്ട്.

കരയിൽ മാത്രമല്ല, കടലിലും ഇത്തരം കേന്ദ്രങ്ങളുടെ ആവശ്യമുണ്ട്. അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിൽ നിശ്ചിത സ്ഥാനങ്ങളിൽ നങ്കുരമിട്ടു കിടക്കുന്ന കപ്പലുകൾ അന്തരീക്ഷനിരീക്ഷണം നടത്തുന്നു. ഇന്ത്യയിൽ ഈ ആവശ്യം നിർവഹിക്കുന്നത് ചരക്കുകപ്പലുകളും യാത്രാക്കപ്പലുകളുമാണ്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷ നിരീക്ഷണകേന്ദ്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.