കവാടം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുത്തവ/2010 ഏപ്രിൽ
ഭൂമിയിൽ നിന്ന് ഏതാണ്ട് ആറ് പ്രകാശവർഷം അകലെയായി സർപ്പധരൻ രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ചുവപ്പുകുള്ളൻ നക്ഷത്രമാണ് ബർണാർഡിന്റെ നക്ഷത്രം. 1916-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ എഡ്വേർഡ് എമേഴ്സൺ ബർണാർഡ് ഈ നക്ഷത്രത്തിന്റെ കേവലനീക്കം പ്രതിവർഷം 10.3 ആർക്ക്സെക്കന്റാണെന്ന് കണ്ടെത്തി. ഭൂമിക്ക് അടുത്തായതിനാലും ഖഗോള മധ്യരേഖയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്നതിനാലും M കുള്ളൻ നക്ഷത്രങ്ങളിൽ വച്ച് ഏറ്റവുമധികം പഠിക്കപ്പെട്ട നക്ഷത്രം ഇതാകാം. നക്ഷത്രത്തിന്റെ സവിശേഷതകളെക്കുറിച്ചും സൗരയൂഥേതരഗ്രഹങ്ങളുണ്ടായിരിക്കാനുള്ള സാധ്യതയെക്കുറിച്ചുമാണ് കൂടുതൽ പഠനങ്ങളും നടന്നിട്ടുള്ളത്. പ്രായമേറെയാണെങ്കിലും നക്ഷത്രത്തിൽ ഇപ്പോഴും ജ്വാലകളുണ്ടാകുന്നുവെന്ന് നിരീക്ഷണങ്ങൾ കാണിക്കുന്നു. M4 വിഭാഗത്തിൽ പെട്ട ദൃശ്യകാന്തിമാനം 9.54 ആയ ഈ നക്ഷത്രത്തെ ദൂരദർശിനിയുടെ സഹായമില്ലാതെ വീക്ഷിക്കാനാകില്ല. ബർണാർഡിന്റെ നക്ഷത്രത്തിന്റെ സമീപനക്ഷത്രങ്ങളധികവും ചുവപ്പുകുള്ളന്മാരാണ്. ഏറ്റവും അടുത്ത നക്ഷത്രം 5.41 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന റോസ് 154 ആണ്. സൂര്യൻ, ആൽഫ സെന്റോറി എന്നിവയാണ് അടുത്ത നക്ഷത്രങ്ങൾ.
...പത്തായം | കൂടുതൽ വായിക്കുക... |