സ്വന്തം ഗുരുത്വബലത്താൽ ഒരു നക്ഷത്രത്തെയോ നക്ഷത്രാവശിഷ്ടത്തെയോ പരിക്രമണം ചെയ്യുന്നവയും അണുസംയോജനപ്രവർത്തനത്തിന് ആവശ്യമായ പിണ്ഡമില്ലാത്തവയും സ്വന്തം പരിധിയിൽ നിന്ന് ഗ്രഹങ്ങളെയും ഗ്രഹശകലങ്ങളെയും അകറ്റിനിർത്തുകയും ചെയ്യുന്ന ജ്യോതിർഗോളങ്ങളാണ് ഗ്രഹങ്ങൾ. ആദികാലസംസ്കാരങ്ങളിലെല്ലാം തന്നെ ഗ്രഹങ്ങൾക്ക് ദൈവിക പരിവേഷം ലഭിച്ചിരുന്നു. ശാസ്ത്രീയമായ അറിവുകൾ വളരുന്നതോടെയാണ് ഗ്രഹങ്ങൾ ഈ പരിവേഷങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടുന്നത്. 2006ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (International Astronomical Union) സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് പ്രത്യേകനിർവ്വചനം നൽകുകയുണ്ടായി. ഇതിനെ സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്തവർ ശാസ്ത്രജ്ഞരുടെ ഇടയിൽ തന്നെയുണ്ട്.