ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് പീഠം (Ara). ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. ഇംഗ്ലീഷ് നാമവും ചുരുക്കപ്പേരും ഒന്നുതന്നെയായ രണ്ട് ആധുനിക നക്ഷത്രരാശികളിൽ ഒന്നാണിത് (ചിങ്ങം (Leo) രാശിയാണ് രണ്ടാമത്തേത്). രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ 48 രാശികൾ ഉൾപ്പെട്ടിരുന്ന നക്ഷത്രചാർട്ടിലും പീഠം ഉൾപ്പെട്ടിരുന്നു. ഓറഞ്ച് ഭീമൻ നക്ഷത്രമായ ബീറ്റ അരാ ആണ് ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. ഈ നക്ഷത്രത്തിന്റെ കേവലകാന്തിമാനം 2.85 ആണ്. ഏഴു നക്ഷത്രങ്ങൾക്ക് സ്വന്തമായി ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സൂര്യനെ പോലെയുള്ള മ്യൂ അരാ എന്ന നക്ഷത്രത്തിന് നാല് ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗ്ലീസ് 676 എന്ന ദ്വന്ദ്വനക്ഷത്രത്തിനും നാല് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.