കലിയുഗം (ഗ്രന്ഥം) എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കലിയുഗം (ഗ്രന്ഥം) (വിവക്ഷകൾ) എന്ന താൾ കാണുക. കലിയുഗം (ഗ്രന്ഥം) (വിവക്ഷകൾ)

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) അവസാനത്തേതാണ് കലിയുഗം. [1] ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. (ക=ഒന്ന് എന്നാണ് അർത്ഥം,കലി മഹാവിഷ്ണുവിന്റെ എതിർ മൂർത്തിയാണ്, കലിയെ പുരാണങ്ങളിൽ അസുരനായാണ് പരാമർശിച്ചിട്ടുളളത്. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ [കൽക്കി] ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു. [2] കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 432,000 മനുഷ്യവർഷങ്ങൾ അതായത്, 1,200 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിന് ഒരു പാദവും അധർമ്മത്തിന് മൂന്നു പാദവുമാണ് കലിയുഗത്തിലുണ്ടായിരിക്കുകയുള്ളു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.

കലിയുഗം

1 ദേവ ദിനം 1 മനുഷ്യ വർഷം
1 ദേവ വർഷം 360 ദേവദിനം
കലിയുഗം 1,200 ദേവർഷം
(360 X 1,200)
4,32,000 മനുഷ്യവർഷം
മഹായുഗം ചതുർയുഗങ്ങൾ
(12,000 ദേവവർഷം)
മന്വന്തരം 71 മഹായുഗങ്ങൾ
(852,000 ദേവവർഷം)
മഹാവിഷ്ണുവിന്റെ അവതാരം കൽക്കി
മറ്റു യുഗങ്ങൾ കൃതയുഗം
ത്രേതായുഗം
ദ്വാപരയുഗം

ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (കലിവർഷം 3102-ലാണ്‌ ക്രിസ്തുവർഷം ആരംഭിച്ചത്). മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനുശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു. [3]

മഹാഭാരതത്തിലെ ദുര്യോധനൻ കലിയുഗത്തിന്റെ അവതാരമായിരുന്നു . അതുകൊണ്ടാണ് അയാൾ അത്യധികം കോപിഷ്ഠനായി കാണപ്പെട്ടത് . കലിയുഗത്തിൽ പാപത്തിന്റെ പ്രവർത്തനമാണ് ലോകത്തിൽ കൂടുതലായി നടക്കുന്നത് . "തനയനെ ജനകൻ തിന്നും ; ജനകനെ തനയൻ തിന്നും " എന്നാണു കലിയുഗത്തിലെ സ്ഥിതിയെക്കുറിച്ചു മുനിമാർ പാടിയത് .ലോകത്താകമാനം കലിയുടെ പ്രേരണയാൽ അധർമ്മം നടനമാടും . സത്യത്തിനു വിലയുണ്ടാകില്ല . സ്ത്രീകൾ പുരുഷന്മാരെക്കാളും പ്രബലകളാകും . "പിടക്കോഴി കൂവുന്ന കാലം" എന്നും കലിയുഗത്തെക്കുറിച്ചു പൗരാണികർ പാടിയിരുന്നു . മനുഷ്യന്റെ ധർമ്മബോധം കുറയും . പണത്തിനു മാത്രമാകും പ്രസക്തി . പണത്തിനു വേണ്ടി മനുഷ്യൻ എന്ത് ക്രൂരതയും ചെയ്യും . പട്ടിണിയും അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കലിയുഗത്തിൽ കൂടുതലായി നടക്കും .

അവലംബം തിരുത്തുക

  1. ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്
  2. ശ്രീമദ് മഹാഭാഗവതം, തൃതീയസ്കന്ധം -- ആയുസ്സിന്റെ പരിണാമം -- തേമ്പാട്ട് ശങ്കരൻ നായർ -- ISBN : 978-81-8264-912 -- മാതൃഭൂമി പബ്ലീഷേസ്, കോഴിക്കോട്
  3. മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=കലിയുഗം&oldid=3302084" എന്ന താളിൽനിന്ന് ശേഖരിച്ചത്