കലാമണ്ഡലം താമിയാശാൻ
പ്രമുഖ വാദ്യകലാകാരനും ദളിതനായ ഏക കലാമണ്ഡലം ഭരണസമിതി അംഗവുമായിരുന്നു കലാമണ്ഡലം താമിയാശാൻ. ദളിതർക്ക് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് മേളം അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മഞ്ജുളാൽ പരിസരത്ത് 1987 ജൂൺ 14 മുതൽ ഏഴുദിവസം നീണ്ട ഉപവാസത്തിൽ പങ്കെടുത്തിട്ടുണ്ട്.[1] 2016 ൽ 76ാം വയസിൽ കുന്നംകുളത്ത് അന്തരിച്ചു.
കടവല്ലൂർ കല്ലുംപുറത്ത് വാദ്യകലാ പാരമ്പര്യമുള്ള വടക്കൂട്ട് ചേന്ദന്റെയും നീലിയുടെയും മകനായി 1940ലാണ് താമിയുടെ ജനനം.[2] കടവല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലും, പഴഞ്ഞി ഗവ. ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ചെണ്ടയിൽ പരിശീലനം. 1962ൽ തിമില അഭ്യസിച്ചു. പിന്നീട് മദ്ദളം. കൊമ്പും കുഴലും ആശാന് വഴങ്ങുമായിരുന്നു. സ്കൂൾ സഹപാഠികൂടിയായ കടവല്ലൂർ അരവിന്ദാക്ഷന്റെ ശിക്ഷണത്തിലായിരുന്ന മദ്ദള പഠനം. 1982 ൽ കലാമണ്ഡലത്തിൽ ചേർന്നു. അന്നമനട പരമേശ്വരൻ മാരാർ, ശ്രീധരൻ നമ്പീശൻ എന്നിവരിൽനിന്നും തിമിലയിലും ചെർപ്പുളശേരി ശിവനിൽനിന്നും മദ്ദളത്തിലും പ്രത്യേക പരിശീലനം നേടി.
നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1992ൽ കേരള സാംബവർ സൊസൈറ്റിയുടെ പാക്കനാർ പുരസ്കാരം, 2002 ൽ കലാമണ്ഡലത്തിന്റെ പുരസ്കാരം, 2004ൽ ഡോ. അംബേദ്കർ ഫെലോഷിപ്, ക്ഷേത്ര വാദ്യ സംഗീത സമിതി അവാർഡ്, എന്നിവയും ഇതിൽപ്പെടുന്നു. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹം കടവല്ലൂർ പഞ്ചായത്തംഗമായിരുന്നു.
അവലംബം
തിരുത്തുക- ↑ "കലാമണ്ഡലം താമിയാശാൻ അന്തരിച്ചു". keralakaumudi.com. July 31, 2016. Retrieved ഓഗസ്റ്റ് 1, 2016.
- ↑ "വിലക്കുകളെ അതിജീവിച്ച വാദ്യകേളി". ദേശാഭിമാനി. 2016-07-31. Archived from the original on 2016-07-31. Retrieved 2016-07-31.
{{cite news}}
: CS1 maint: bot: original URL status unknown (link)