കരിങ്ങാച്ചിറ പള്ളി
കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണ് ക്രി.വ 722-ൽ സ്ഥാപിതമായതെന്നു വിശ്വസിക്കപ്പെടുന്ന സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രൽ അഥവാ കരിങ്ങാച്ചിറ പള്ളി (Karingachira Church) . എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ നിന്ന് ഒന്നര കിലോമീറ്റർ കിഴക്കും ഹിൽ പാലസിൽ നിന്ന് 250 മീറ്റർ വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള ഒരു തീർത്ഥാടന കേന്ദ്രവുമാണ്.
ചരിത്രം
തിരുത്തുകപെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനമെന്ന നിലയിൽ തൃപ്പൂണിത്തുറ ഒരു പ്രമുഖ ദേശമായി വളർന്നു വന്ന കാലഘട്ടത്തിൽ ഇടപ്പള്ളി പ്രദേശത്ത് നിന്നും വ്യാപാരം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരുന്ന ഒട്ടേറെ സുറിയാനി ക്രിസ്ത്യാനികൾ ഈ ഭാഗത്തേക്ക് കുടിയേറി. ഇവരുടെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ രാജാവ് ഇവർക്കായി പുത്തനങ്ങാടി എന്ന പേരിൽ ഒരു വ്യാപാരകേന്ദ്രം തുറന്നുകൊടുക്കുകയും ചെയ്തു. കാലക്രമത്തിൽ ധാരാളം ക്രൈസ്തവർ ഇവിടെ താമസമുറപ്പിച്ചെങ്കിലും ആത്മീയകാര്യങ്ങൾക്ക് അവർ അപ്പോഴും ആശ്രയിച്ചിരുന്നത് ഇടപ്പള്ളി പള്ളിയെ തന്നെയായിരുന്നു. അങ്ങനെയിരിക്കെ 'മാളിയേക്കൽ' എന്ന പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിലെ ഒരു വ്യക്തി ആകസ്മികമായി മരണമടയുകയും പള്ളിക്കുടിശ്ശിക തീർക്കാത്തതിനാൽ ഇടപ്പള്ളി പള്ളിയുടെ ശ്മശാനത്തിൽ സംസ്കരിക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതിനാൽ ബന്ധുക്കൾക്ക് കരിങ്ങാലിച്ചിറ എന്നറിയപ്പെട്ടിരുന്ന ജനവാസം ഇല്ലാതിരുന്ന പ്രദേശത്ത് മൃതശരീരം സംസ്കരിക്കേണ്ടി വന്നു. പിന്നീട് അവിടെ ഒരു ദേവാലയം ഉണ്ടാകണമെന്ന മാളിയേക്കൽ കുടുംബത്തിന്റെ ആഗ്രഹമാണ് കരിങ്ങാലിച്ചിറയിൽ വിശുദ്ധ ഗീവർഗീസിന്റെ നാമത്തിൽ ഒരു പള്ളി സ്ഥാപിക്കപ്പെടുവാൻ ഇടയായത്. പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു കൂടി ഒഴുകുന്ന പുഴയ്ക്ക് ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് കരിങ്ങാലി കൊണ്ട് ഒരു ചിറയുണ്ടായിരുന്നു. ആയതിനാലാണ് ഈ പ്രദേശത്തിനു കരിങ്ങാലിചിറ എന്ന പേരുണ്ടായത്. കാലക്രമത്തില് കരിങ്ങാലിച്ചിറ ലോപിച്ച് കരിങ്ങാച്ചിറയായി മാറി.[1]
മറ്റ് പല പുരാതന ദേവാലയങ്ങളെ പോലെ കരിങ്ങാച്ചിറ പള്ളിയും പല കാലഘട്ടങ്ങളിലായി പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1923-ലെ അറ്റകുറ്റപണികൾക്കിടയിൽ കണ്ടെടുക്കപ്പെട്ട 'നാനം മോനം' ഭാഷയിലുള്ള ശിലാലിഖിതത്തിൽ ഈ പള്ളി ക്രി വ 722-ൽ പണി കഴിപ്പിച്ചതാണെന്നും ക്രി വ 812-ൽ പൊളിച്ചു പണിഞ്ഞുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.കരിങ്ങാച്ചിറ പള്ളിയോട് വലിയ സ്നേഹബഹുമാനങ്ങൾ പുലർത്തിയിരുന്ന കൊച്ചിരാജവംശം ദേവാലയപുനർനിർമ്മാണത്തിന് സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു. തൃപ്പൂണിത്തറ കൊട്ടാരത്തിൽ നിന്നു പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ കരിങ്ങാച്ചിറ കത്തനാരും പങ്കെടുക്കുന്നത് പരമ്പരാഗതമായ ഒരു പതിവാണ്.[2]
പെരുന്നാളുകൾ
തിരുത്തുകമേയ് 5 മുതൽ 7 വരെയുള്ള തീയതികളിൽ നടക്കുന്ന വി.ഗീവർഗ്ഗീസിന്റെ ഓർമ്മപ്പെരുന്നാൾ ആണ് പ്രധാന പെരുന്നാൾ. ഇതിനു പുറമേ ഡിസംബർ 1 മുതൽ 3 വരെയുള്ള തീയതികളിൽ യൽദോ മാർ ബസേലിയോസിന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതിന്റെ ഓർമ്മ കൊണ്ടാടപ്പെടുന്നു. വറുത്ത അരിപ്പൊടി, പഴം, ശർക്കര, തേങ്ങാപ്പീര എന്നിവ ചേർത്തുണ്ടാക്കുന്ന 'തമുക്ക് 'എന്ന മധുരപലഹാരം നേർച്ചയായി നൽകപ്പെടുന്നതിനാൽ ഈ പെരുന്നാൾ തമുക്ക് പെരുന്നാൾ എന്ന പേരിൽ അറിയപ്പെടുന്നു.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-05-01.
- ↑ http://www.webindia123.com/festival/augu/athachamayam.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-22. Retrieved 2011-05-01.