കനോപ്പസ്

ക്ഷിണ ഖഗോളത്തിലെ കരീന നക്ഷത്രസമൂഹത്തിലെ പ്രഭയേറിയ നക്ഷത്രമാണ് കനോപ്പസ്.

ദക്ഷിണ ഖഗോളത്തിലെ കരീന നക്ഷത്രസമൂഹത്തിലെ പ്രഭയേറിയ നക്ഷത്രമാണ് കനോപ്പസ്. ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളിൽ (സൂര്യൻ ഒഴികെ) രണ്ടാംസ്ഥാനമാണ് കനോപ്പസിനുള്ളത്. α കരീന എന്നും ഇത് അറിയപ്പെടുന്നു. ഭാരതീയർ ഇതിനെ അഗസ്ത്യനക്ഷത്രം എന്ന് വിളിക്കുന്നു.[1][2]

അന്താരാഷ്ട്ര ബഹിരാകാശ നിലയം പകർത്തിയ കനോപ്പസിന്റെ ചിത്രം

ദൃശ്യത തിരുത്തുക

നിശാകാശത്ത് ദൃശ്യമായ നക്ഷത്രങ്ങളിൽ ഏറ്റവും പ്രഭയേറിയ നക്ഷത്രമായ സിറിയസ്സും രണ്ടാമതായുള്ള കനോപ്പസ്സും ഏതാണ്ട് ഒരേ കാലത്താണ് ദക്ഷിണഖഗോളത്തിൽ ദൃശ്യമാകുന്നത്. ഇവ 21 മിനിറ്റ് വ്യത്യാസത്തിൽ ധ്രുവരേഖയിലൂടെ കടന്നുപോകും. വർദ്ധിച്ച പ്രഭമൂലം കനോപ്പസ് പ്രഭാതത്തിലും ദൃശ്യമാകും. ദക്ഷിണധ്രുവത്തോടടുത്ത് കാണപ്പെടുന്നതിനാൽ ദക്ഷിണ അക്ഷാംശം 37°18' നും തെക്കുള്ള സ്ഥലങ്ങളിൽ നിന്നും വീക്ഷിച്ചാൽ ഈ നക്ഷത്രത്തെ രാത്രിമുഴുവൻ കാണാൻ കഴിയും. കനോപ്പസും സമീപ നക്ഷത്രങ്ങളും ദക്ഷിണ ഖഗോളധ്രുവവത്തിന് ചുറ്റുമായി വലംവയ്ക്കുന്നതായാണ് കാണപ്പെടുക. ഉത്തര അക്ഷാംശം 37°18'ന് വടക്കുനിന്നും കനേപ്പസിനെ നിരീക്ഷിക്കാനുമാകില്ല.[2]

പ്രത്യേകതകൾ തിരുത്തുക

കനോപ്പസ് സൗരയൂഥത്തിൽ നിന്നും 313 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. കനോപ്പസിന്റെ ഡെക്ലിനേഷൻ -52°41' യും റൈറ്റ് അസൻഷൻ 6മണിക്കൂർ 24 മിനിറ്റും ആണ്. കനോപ്പസിന് സൂര്യനേക്കാൾ 15000 മടങ്ങ് ദ്യുതിയുണ്ട്. ഇതിന്റെ പ്രത്യക്ഷകാന്തിമാനം -0.62 ഉം കേവലകാന്തിമാനം -5.71ഉം ആണ്.[1] ശ്വേത അതിഭീമൻ നക്ഷത്രമായ കനോപ്പസിനെ സ്പെക്ട്രൽ ടൈപ്പ് Fൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹിപ്പാർക്കസ് ഉപഗ്രഹം ഇതിന്റെ കാന്തിമാനത്തിൽ 0.1-ന്റെ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യതിയാനത്തിന്റെ ാവർത്തനകാലം സ്ഥിരീകരിച്ചിട്ടില്ല. കനോപ്പസിന്റെ താപമാനം 6,998 K ആയി കണക്കാക്കിയിരിക്കുന്നു.[2] ഇതിന്റെ ദ്രവ്യമാനം സൂര്യന്റേതിനേക്കാൾ 8.5 മടങ്ങും വ്യാസാർദ്ധം 65 മടങ്ങുമാണ്.[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 ജ്യോതിശാസ്ത്ര വിജ്ഞാനകോശം, പേജ് 165, സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്.
  2. 2.0 2.1 2.2 https://en.wikipedia.org/wiki/Canopus
"https://ml.wikipedia.org/w/index.php?title=കനോപ്പസ്&oldid=2689905" എന്ന താളിൽനിന്ന് ശേഖരിച്ചത്