ഒരു വസ്തു തൊടാനൊ പിടിക്കാനൊ ആവശ്യമായി വരുന്ന കണ്ണുകളും കൈകളുമായുള്ള ഏകോപന ചലനങ്ങളാണ് കണ്ണ്-കൈ ഏകോപനം അല്ലെങ്കിൽ കൈ-കണ്ണ് ഏകോപനം എന്ന് അറിയപ്പെടുന്നത്. കണ്ണുകളുടെയും കൈകളുടെയും ചലനം ഒരേപോലെ ആവശ്യമായി വരുന്ന ദൈനംദിന ജോലികൾ നിർവഹിക്കുന്നതിനുള്ള ശരീര സംവിധാനങ്ങളുടെ ഭാഗമാണിത്. ആദ്യം ശരീരത്തിന്റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന് മനസിലാക്കാൻ (സ്വയം-ധാരണ) തലച്ചോറിനെ സഹായിക്കാനും, ഒരു ഉത്തേജകത്തിലേക്ക് ശ്രദ്ധ തിരിക്കാനും കണ്ണുകൾ ഉപയോഗിക്കുന്നു. കണ്ണുകൾക്ക് ലഭിക്കുന്ന ദൃശ്യ വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു നിശ്ചിത ദൗത്യം നിർവഹിക്കാൻ കണ്ണുകളും കൈകളും ഏകോപിപ്പിച്ച് ഉപയോഗിക്കുന്നു. ഈ ഏകോപനത്തിന്റെ അഭാവത്തിൽ, ഒരു മേശയിൽ നിന്ന് ഒരു പുസ്തകം എടുക്കുകയോ വീഡിയോ ഗെയിം കളിക്കുകയോ പോലുള്ള ലളിതമായ പ്രവർത്തനങ്ങൾ പോലും മിക്ക ആളുകൾക്കും ചെയ്യാൻ കഴിയില്ല.

റൂബിക്സ് ക്യൂബ്, അമ്പെയ്ത്ത്, കായിക പ്രകടനം, സംഗീത ഉപകരണങ്ങൾ വായിക്കുക, കമ്പ്യൂട്ടർ ഗെയിമിംഗ്, കോപ്പി-ടൈപ്പിംഗ്, ചായ ഉണ്ടാക്കൽ എന്നിങ്ങനെ സാധാരണ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടതും അല്ലാത്തതുമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലെ കണ്ണ്-കൈ ഏകോപനത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്.

പെരുമാറ്റവും ചലനത്തെ കുറിച്ചുള്ള പഠനവും

തിരുത്തുക

ന്യൂറോ സയന്റിസ്റ്റുകൾ മനുഷ്യന്റെ ഗേസ് ബിഹേവിയറിനെക്കുറിച്ച് വ്യാപകമായി ഗവേഷണം നടത്തിയിട്ടുണ്ട്.[1] മനുഷ്യരുടെ നോട്ടവും പ്രവൃത്തിയും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി, ഒരു ചലനത്തിൽ ഏർപ്പെടാൻ കൈകൾ ഉപയോഗിക്കുന്നതിന് മുമ്പ് കണ്ണുകൾ ലക്ഷ്യത്തിലേക്ക് നോട്ടം ഉറപ്പിക്കുന്നു. ഇത് കണ്ണുകളിൽ നിന്നും തലച്ചോറിലൂടെ കൈകൾക്ക് സ്പേഷ്യൽ വിവരങ്ങൾ നൽകുന്നുവെന്ന് സൂചിപ്പിക്കുന്നു.[2] ചെയ്യുന്ന പ്രവൃത്തിയും, കണ്ണുകൾ നോട്ടം ഉറപ്പിച്ച് നിർത്തുന്ന സമയ ദൈർഘ്യവും പ്രവൃത്തികൾക്കനുസരിച്ച് പലപ്പോഴും വ്യത്യാസപ്പെടുന്നു. ചില സമയങ്ങളിൽ ഒരു പ്രവൃത്തി പൂർത്തിയാകുന്നതുവരെ നോട്ടം മാറുകയില്ല, മറ്റ് ചില സമയങ്ങളിൽ, കൈകൾ വസ്തുവിനെ പിടിച്ച് കൈകാര്യം ചെയ്യുന്നതിനുമുമ്പ് തന്നെ നോട്ടം മറ്റ് താൽപ്പര്യമുള്ള വസ്തുക്കളിലേക്ക് മാറുകയും ചെയ്യും.

ഐ-ഗൈഡഡ് ഹാൻഡ് മൂവ്മെന്റ്

തിരുത്തുക

ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യുമ്പോൾ, കണ്ണുകൾ സാധാരണയായി കൈകളുടെ ചലനത്തെ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.[3] കൂടാതെ, വസ്തുവിന്റെ വലുപ്പം, ആകൃതി, എവിടെ എങ്ങനെ പിടിക്കണം, വിരൽത്തുമ്പിൽ ചെലുത്തേണ്ട ശക്തി എന്നിവ ഉൾപ്പെടെയുള്ള പ്രാരംഭ വിവരങ്ങൾ കണ്ണുകൾ നൽകുന്നു.

തുടർച്ചയായി പലകാര്യങ്ങൾ ചെയ്യുമ്പോഴും മറ്റും, ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക് പോകുമ്പോൾ കണ്ണുകളുടെ ചലനം വീണ്ടും സംഭവിച്ച്, സ്പേഷ്യൽ വിവരങ്ങൾ പുതുക്കപ്പെടും.

ഹാൻഡ്-ഗൈഡഡ് സാക്കേഡുകൾ

തിരുത്തുക

കൈകാലുകളുടെ സ്ഥാനത്തെക്കുറിച്ചുള്ള ആന്തരിക പരിജ്ഞാനവുമായി ബന്ധപ്പെട്ട്, പ്രൊപ്രിയോസെപ്ഷൻ എന്ന ബോധം ഉപയോഗിച്ച്, കാഴ്ചയില്ലാതെ തന്നെ കൈകളുടെ സ്ഥാനത്തേക്ക് നോട്ടമുറപ്പിക്കാനുള്ള കഴിവ് മനുഷ്യർ പ്രകടമാക്കിയിട്ടുണ്ട്.[4] കണ്ണ് ചലനത്തെ നയിക്കാൻ കൈകൾ ഉപയോഗിക്കുമ്പോൾ കണ്ണ് സാക്കേഡ് ഓവർഷൂട്ടുകൾ ഉണ്ടാകുന്നു. പരീക്ഷണങ്ങളിൽ കൈകളുടെ മുമ്പത്തെ ചലനത്തേക്കാൾ കണ്ണ് സാക്കേഡുകളുടെ നിയന്ത്രണം മൂലമാണ് ഈ ഓവർ‌ഷൂട്ടുകൾ ഉണ്ടാകുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.

ന്യൂറൽ മെക്കാനിസങ്ങൾ

തിരുത്തുക

കണ്ണ് ചലനങ്ങൾ, സ്പർശനം, കൈ നിയന്ത്രണം എന്നിങ്ങനെ കാഴ്ചയുമായി ബന്ധപ്പെടുന്ന കേന്ദ്ര നാഡീവ്യവസ്ഥയുടെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുന്നതിനാൽ കണ്ണ്-കൈ ഏകോപനത്തിന്റെ ന്യൂറൽ നിയന്ത്രണം സങ്കീർണ്ണമാണ്. ഇതിൽ കണ്ണുകൾ, സെറിബ്രൽ കോർട്ടെക്സ്, സബ്കോർട്ടിക്കൽ ഘടനകൾ (സെറിബെല്ലം, ബാസൽ ഗാംഗ്ലിയ, ബ്രെയിൻ സ്റ്റെം എന്നിവ), സുഷുമ്നാ നാഡി, പെരിഫറൽ നാഡീവ്യൂഹം എന്നിവ ഉൾപ്പെടുന്നു. കണ്ണ്-കൈ ഏകോപനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് മേഖലകളിൽ ഏറ്റവും കൂടുതലായി പഠനങ്ങൾ നടത്തിയിട്ടുള്ളത്, കണ്ണ് സാക്കേഡുകൾ നിയന്ത്രിക്കുന്നതിനും കൈകൾ നിയന്ത്രിക്കുന്നതിനുമുള്ള തലച്ചോറിലെ ഫ്രോണ്ടൽ, പരിയേറ്റൽ കോർട്ടെക്സ് മേഖലകളെക്കുറിച്ചാണ്. ഈ രണ്ട് മേഖലകളും കണ്ണ്-കൈ ഏകോപനത്തിലും, ചലനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

പരിയേറ്റോ ആൻസിപിറ്റൽ ജംഗ്ഷൻ, കൈ ചലനവുമായി ബന്ധപ്പെടുന്ന പെരിഫറൽ വിഷ്വൽ ഇൻപുട്ടിന്റെ പരിവർത്തനത്തിൽ പങ്കാളിയാണെന്ന് വിശ്വസിക്കപ്പെടുന്നു.[5] ഈ പ്രദേശത്തിന് പ്രത്യേകിച്ചും എത്തിച്ചേരൽ, ഗ്രഹിക്കൽ, സാക്കേഡുകൾ എന്നിവയ്ക്കുള്ള ഉപവിഭാഗങ്ങളുണ്ട്. പരിയേറ്റൊ ആൻസിപിറ്റൽ ജംഗ്ഷനു പുറമേ, വിഷ്വൽ ഇൻപുട്ടിനെ സംബന്ധിച്ച് ചലനം ആസൂത്രണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി പോസ്റ്റീരിയർ പരിയേറ്റൽ കോർട്ടെക്സും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.[6]

ക്ലിനിക്കൽ സിൻഡ്രോം

തിരുത്തുക

നിരവധി വൈകല്യങ്ങൾ, രോഗങ്ങൾ, എന്നിവ കണ്ണ്-കൈ ഏകോപനത്തിന് തടസ്സമുണ്ടാക്കുന്നു. തലച്ചോറിന്റെ തകരാറ്, രോഗം അല്ലെങ്കിൽ വാർദ്ധക്യം മൂലം തലച്ചോറിന്റെ അപചയം, അല്ലെങ്കിൽ ഇന്ദ്രിയങ്ങളെ പൂർണ്ണമായും ഏകോപിപ്പിക്കാനുള്ള കഴിവില്ലായ്മ എന്നിങ്ങനെയുള്ള പല കാരണങ്ങൾ ഈ ഏകോപനമില്ലായ്മക്ക് കാരണമായി കണ്ടെത്തിയിട്ടുണ്ട്.

വാർദ്ധക്യം

തിരുത്തുക

കണ്ണ്-കൈ ഏകോപനത്തിന്റെ തകരാറുകൾ, പ്രത്യേകിച്ചും വേഗതയും കൃത്യതയും ആവശ്യമായ ചലനങ്ങളിലെ പ്രശ്നങ്ങൾ പ്രായമായവരിൽ സാധാരണമാണ്. കോർട്ടക്സിന്റെ പൊതുവായ അപചയമാണ് ഇതിന് കാരണം. വിഷ്വൽ ഇൻപുട്ടുകൾ കണക്കുകൂട്ടുന്നതിനും കൈ ചലനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനുമുള്ള കഴിവ് പ്രായം കൂടുന്നതോടെ നഷ്‌ടപ്പെടുന്നു.[7]

ബെലിന്റ്സ് സിൻഡ്രോം

തിരുത്തുക

കണ്ണ്-കൈ ഏകോപനത്തിന്റെ പൂർണ്ണമായ അഭാവമാണ് ബെലിന്റ്സ് സിൻഡ്രോമിന്റെ സവിശേഷത.[6] പരിയേറ്റോ-ആൻസിപിറ്റൽ കോർട്ടെക്സിന് തകരാറ് സംഭവിക്കുന്നത് മൂലമുണ്ടാകുന്ന അപൂർവ മാനസിക അവസ്ഥയാണിത്.[8] സ്ട്രോക്ക് ഇതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്, അതു കൂടാതെ ട്യൂമറുകൾ, ക്ഷതം, അൽഷിമേഴ്സ് രോഗം എന്നിവയും നാശത്തിന് കാരണമാകും. ബെലിന്റ്സ് സിൻഡ്രോം രോഗികളെ ഒപ്റ്റിക് അപ്രാക്സിയ, ഒപ്റ്റിക് അറ്റാക്സിയ, സൈമുൾട്ടനാഗ്നോസിയ എന്നിവ ബാധിക്കാം.[9] ഒരു സമയം ഒന്നിൽ കൂടുതൽ വസ്തുക്കൾ കാണാൻ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോഴാണ് സൈമുൾട്ടാനാഗ്നോസിയ എന്ന് വിശേഷിപ്പിക്കുന്നത്. പുനരധിവാസത്തിനായി മൂന്ന് വ്യത്യസ്ത സമീപനങ്ങളുണ്ട്. ആദ്യ സമീപനം അഡാപ്റ്റീവ് അല്ലെങ്കിൽ ഫംഗ്ഷണൽ സമീപനമാണ്. ഒരു രോഗിയുടെ ശക്തിയും കഴിവുകളും ഉപയോഗിക്കുന്ന പ്രവർത്തനപരമായ ജോലികൾ ഇതിൽ ഉൾപ്പെടുന്നു. രണ്ടാമത്തെ റെമഡിയൽ സമീപനം, പെർസെപ്ഷ്വൽ കഴിവുകൾ പരിശീലിപ്പിച്ച് കേടായ കേന്ദ്ര നാഡീവ്യൂഹം പുനസ്ഥാപിക്കുന്ന രീതിയാണ്. അവസാന സമീപനം മൾട്ടികോൺ‌ടെക്സ്റ്റ് സമീപനമാണ്, ഈ സമീപനത്തിൽ വൈവിധ്യമാർന്ന ടാസ്‌ക്കുകൾ ഒന്നിലധികം പരിതസ്ഥിതിയിൽ ഉപയോഗിക്കുന്ന ടാർഗെറ്റഡ് സ്ട്രാറ്റെജിക്കൊപ്പം‌ സെൽഫ് അവെയർനെസ് ടാസ്‌ക്കുകളും പരിശീലിപ്പിക്കുന്നു.[10]

ഒപ്റ്റിക് അപ്രാക്സിയ

തിരുത്തുക

കണ്ണ്, കൈ ചലനങ്ങൾ ഏകോപിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ മൊത്തം കഴിവില്ലായ്മയുടെ ഫലമായുണ്ടാകുന്ന അവസ്ഥയാണ് ഒപ്റ്റിക് അപ്രാക്സിയ. ഒപ്റ്റിക് അറ്റാക്സിയയ്ക്ക് സമാനമാണെങ്കിലും, അതിന്റെ ഫലങ്ങൾ കൂടുതൽ കഠിനമാണ്, മാത്രമല്ല ഇത് സംഭവിക്കാൻ തലച്ചോറിന് കേടുപാടുകൾ സംഭവിക്കണമെന്നില്ല. ജനിതക വൈകല്യങ്ങളിൽ നിന്നോ ടിഷ്യു അപചയത്തിൽ നിന്നോ ഇത് ഉണ്ടാകാം.

ഒപ്റ്റിക് അറ്റാക്സിയ

തിരുത്തുക

മനുഷ്യരിലെ ഓസിപിറ്റൽ-പരിയേറ്റൽ കോർട്ടെക്സിന് കേടുപാടുകൾ വരുത്തുന്നതുമായി ബന്ധപ്പെട്ട ഒരു ക്ലിനിക്കൽ പ്രശ്നമാണ് ഒപ്റ്റിക് അറ്റാക്സിയ അല്ലെങ്കിൽ വിസുവോമോട്ടർ അറ്റാക്സിയ. ഇത് കണ്ണും കൈയും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവത്തിന് കാരണമാകുന്നു. ഇത് ഒരു കൈക്ക് മാത്രമായോ രണ്ടോ കൈകളെയുമായൊ ബാധിച്ചേക്കാം, അത് കൂടാതെ ഇത് മുഴുവൻ വിഷ്വൽ ഫീൽഡിനെയൊ വിഷ്വൽ ഫീൽഡിന്റെ ഒരു ഭാഗത്തെ മാത്രമായൊ ബാധിക്കാം.[11] ഒപ്റ്റിക് അറ്റാക്സിയ പലപ്പോഴും കണ്ണ്-കൈ ഏകോപനത്തിന്റെ ഉയർന്ന തലത്തിലുള്ള വൈകല്യമായി കണക്കാക്കപ്പെടുന്നു. കാഴ്ചയും, വായനയും എല്ലാം സാധ്യമാണെങ്കിലും ഈ അവസ്ഥ ഉള്ളവർക്ക് വിഷ്വൽ വിവരങ്ങൾക്ക് അനുസരിക്ക് കൈ ചലനങ്ങളെ നിയന്ത്രിക്കാനാവില്ല. ഒപ്റ്റിക് അറ്റാക്സിയ പലപ്പോഴും ബാലിന്റിസ് സിൻഡ്രോമുമായി ആശയക്കുഴപ്പത്തിലാകാറുണ്ട്, എന്നാൽ സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് ഒപ്റ്റിക് അറ്റാക്സിയ ബാലിന്റ് സിൻഡ്രോമിൽ നിന്ന് സ്വതന്ത്രമായി സംഭവിക്കാമെന്നാണ്.[6]

പാർക്കിൻസൺസ് രോഗം

തിരുത്തുക

പാർക്കിൻസൺസ് രോഗമുള്ള മുതിർന്നവരിൽ മോട്ടോർ പ്രവർത്തനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് പുറമേ, സാധാരണ വാർദ്ധക്യത്തിന്റെ അതേ വൈകല്യങ്ങൾ കൂടുതൽ തീവ്രമായ അളവിൽ കാണിക്കുന്നു.[7]

അവലംബങ്ങൾ

തിരുത്തുക
  1. Vidoni, E. D.; McCarley, J. S.; Edwards, J. D.; Boyd, L. A. (2009). "Manual and oculomotor performance develop contemporaneously but independently during continuous tracking". Experimental Brain Research. 195 (4): 611–620. doi:10.1007/s00221-009-1833-2. PMID 19436998.
  2. Johansson, R. S.; Westling, G; Bäckström, A.; Flanagan, J. R. (2001). "Eye–hand co-ordination in object manipulation". Journal of Neuroscience. 21 (17): 6917–6932. doi:10.1523/JNEUROSCI.21-17-06917.2001. PMC 6763066. PMID 11517279.
  3. Liesker, H.; Brenner, E.; Smeets, J. (2009). "Combining eye and hand in search is suboptimal" (PDF). Experimental Brain Research. 197 (4): 395–401. doi:10.1007/s00221-009-1928-9. PMC 2721960. PMID 19590859.
  4. Ren, L.; Crawford, J. D. (2009). "Coordinate transformations for hand-guided saccades". Experimental Brain Research. 195 (3): 455–465. doi:10.1007/s00221-009-1811-8.
  5. Gomi, H. (2008). "Implicit online corrections in reaching movements". Current Opinion in Neurobiology. 18 (6): 558–564. doi:10.1016/j.conb.2008.11.002.
  6. 6.0 6.1 6.2 Jackson, S. R.; Newport, R.; Husain, M.; Fowlie, J. E.; O'Donoghue, M.; Bajaj, N. (2009). "There may be more to reaching than meets the eye: re-thinking optic ataxia". Neuropsychologia. 47 (6): 1397–1408. doi:10.1016/j.neuropsychologia.2009.01.035. PMID 19428405.
  7. 7.0 7.1 Boisseau, E.; Scherzer, P.; Cohen, H. (2002). "Eye–hand coordination in aging and in Parkinson's disease". Aging, Neuropsychology, and Cognition. 9 (4): 266–275. doi:10.1076/anec.9.4.266.8769.
  8. Jackson; Swainson, G. M.; Mort, R.; Husain, D.; Jackson, M. (2009). "Attention, competition, and the parietal lobes: insights from Balint's syndrome". Psychol. Res. 73 (2): 263–270. doi:10.1007/s00426-008-0210-2. PMID 19156438.
  9. Udesen, H. (1992). "Balint's syndrome: visual disorientation". Ugeskrift for Lægerer. 154 (21): 1492–94. PMID 1598720.
  10. Al-Khawaja, I. Haboubi (2001). "Neurovisual rehabilitation in Balint's syndrome". J. Neurol. Neurosurg. Psychiatry. 70 (3): 416. doi:10.1136/jnnp.70.3.416. PMC 1737281. PMID 11248903.
  11. Bravo-Marques, J. M.; -1#Ferro, J. M. Castro-Caldas (1983). "Crossed optic ataxia: possible role of the dorsal splenium". J. Neurol. Neurosurg. Psychiatry. 46 (6): 533–9. doi:10.1136/jnnp.46.6.533. PMC 1027444. PMID 6875586.{{cite journal}}: CS1 maint: numeric names: authors list (link)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കണ്ണ്–കൈ_ഏകോപനം&oldid=3487049" എന്ന താളിൽനിന്ന് ശേഖരിച്ചത്