കണ്ണാടി മാളിക
കൊല്ലം ജില്ലയിലെ തെന്മല പരപ്പാർഡാമിൽ സ്ഥിതിചെയ്യുന്ന പഴയ ഒരു ബംഗ്ലാവാണ് കണ്ണാടി ബംഗ്ലാവ് അഥവാ സായിപ്പൻ ബംഗ്ലാവ് എന്നറിയപ്പെടുന്നത്. 1885 കാലഘട്ടത്തിൽ പണിത ഈ ബംഗ്ലാവ്, 1984-ൽ തെന്മലഡാം കമ്മീഷൻ ചെയ്യുന്നതിനു മുമ്പായി വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. ഇഷ്ടികയും സുർക്കി മിശ്രിതവുമാണ് കണ്ണാടി മാളികയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. പുനലൂർ പേപ്പർമിൽ സ്ഥാപിച്ച ബ്രിട്ടീഷ് വ്യവസായി ടി ജെ കാമറൂണാണ് ഈ കണ്ണാടി മാളിക പണിതത്. 145 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ബംഗ്ലാവ്, 2013-ഇൽ ഡാമിലെ വെള്ളം താഴ്ന്നുപോയതിനെ തുടർന്ന് ആദ്യമായി തെളിഞ്ഞുവന്നു [1]
ചരിത്രം
തിരുത്തുക125 വർഷത്തോളം പഴക്കമുള്ള ബംഗ്ലാവ് 1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ച ശ്രീമൂലം തിരുനാൾ രാമവർമ്മയാണ് പുനലൂരിൽ പേപ്പർമിൽ സ്ഥാപിക്കാൻ കാമറൂണിന് അനുവാദം നൽകിയത്. പുനലൂർ പേപ്പർമില്ലിലേക്ക് ഈറയും മുളയും എത്തിക്കുന്ന സൂപ്രണ്ടുമാരുടെ ഓഫീസ് സമുച്ചമായിട്ടായിരുന്നു കണ്ണാടി ബംഗ്ലാവ് പണികഴിപ്പിച്ചത്. 15 മുറികളുള്ള ബംഗ്ലാവിന്റെ ചുവരുകളിൽ നിറയെ കണ്ണാടികൾ ഉണ്ടായിരുന്നതിനാലാണ് സ്വദേശവാസികൾ ഈ ബംഗ്ലാവിനെ കണ്ണാടിമാളിക എന്ന് നാമകരണം ചെയ്തത്. തേക്കുകൊണ്ടായിരുന്നു കതകുകളും ജന്നലുകളും ഉത്തരക്കൂട്ടും പണിഞ്ഞത്. ഈ മന്ദിര സമുച്ചയം അന്നത്തെ ചെങ്കോട്ട - തിരുവനന്തപുരം റോഡിന്റെ അരികത്തായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ തമിഴ്‌നാട്ടിന്റെ ഭാഗമായ ചെങ്കോട്ട അന്ന് തിരുവിതാംകൂറിലായിരുന്നു. വനത്തിൽ നിന്ന് ഈറയും മുളയും ശേഖരിച്ച് കാളവണ്ടികളിൽ 20 കി.മീ. അകലെയുള്ള പുനലൂർ പേപ്പർമില്ലിൽ എത്തിക്കുന്നതിന്റെ മുഴുവൻ ചുമതലയും കണ്ണാടി മാളികയിലെ ഉദ്യോഗസ്ഥർക്കായിരുന്നു. 1972ൽ വന്യജീവി സംരക്ഷണനിയമം പാസ്സാക്കിയതോടെ ബംഗ്ലാവിന്റെ ചുമതല വനംവകുപ്പിന്റെ കൈയിലായി. പിന്നീട് തെന്മല ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ കെഐപിയുടെ സർവേ ഓഫീസായിരുന്നു ഈ കെട്ടിടം. 1984ൽ തെന്മലഡാം കമ്മിഷൻ ചെയ്യുന്നതിനുമുമ്പ് തന്നെ, അണക്കെട്ടിൽ വെള്ളം നിറഞ്ഞതോടെ കണ്ണാടി മാളിക വെള്ളത്തിൽ ആണ്ടുപോയി.