കോഴിക്കോട് ജില്ലയിൽ മുഖദാർ ബീച്ചിന് സമീപം 13 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ് കണ്ണംപറമ്പ് ശ്മശാനം. 2018 മെയിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ കാണപ്പെട്ട നിപയെന്ന മഹാമാരിയിൽ മരണപ്പെട്ട ഏതാനും പേരെ ഖബറടക്കിയ സ്ഥലം എന്ന നിലക്ക് കണ്ണംപറമ്പ് ഖബറിസ്ഥാൻ വീണ്ടും വാർത്തയിൽ ഇടംപിടിക്കുകയുണ്ടായി 2020 ൽ കോവിഡ്-19 എന്ന മഹാമാരിയിൽ മരണപ്പെട്ടവരെ ഖബറടക്കിയതും ഇവിടെയാണ്.. കോളറ, വസൂരി, നിപ, കോവിഡ്-19 എന്നീ മഹാമാരികളിലും അല്ലാതെയും മരണപ്പെട്ട പതിനായിരങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്ന നിലക്ക് ഈ സ്ഥലത്തിന് കേരളീയ ചരിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്. [1]

കണ്ണംപറമ്പ് ശ്മശാനം
കണ്ണംപറമ്പ് ശ്മശാനം വടക്കുഭാഗം

ചരിത്രം തിരുത്തുക

 
കണ്ണംപറമ്പ് ശ്‍മശാനം ചരിത്രഫലകം

1858 ൽ ഏപ്രിൽ 4നാണ് കോഴിക്കോട് നഗരത്തിലും പരിസരത്തുമുള്ള മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നതിനായി ഭൂമികണ്ടെത്താൻ ബ്രിട്ടീഷ് സർക്കാർ മലബാർ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടത്. അന്ന് നടപ്പുദീനം എന്ന് വിളിച്ചിരുന്ന കോളറയെന്ന മഹാമാരി കോഴിക്കോട് നഗരത്തിൽ ഭീതിപടർത്തിയ കാലമായിരുന്നു. ദിനേന നിരവധി ആളുകൾ മരിച്ചുവിഴുന്ന അവസ്ഥ. മരിച്ചവരെ നഗരചുററുപാടിലുള്ള 45ഓളം പള്ളി ശ്മശാനങ്ങളിലായിരുന്നു മറമാടിയിരുന്നത് എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ കോളറ വീണ്ടും തലപൊക്കുമെന്ന ഭയത്താൽ കേന്ദ്രീകൃത മുസ്ലിം സ്മശാനഭൂമി കണ്ടെത്താൻ സർക്കാർ മലബാർ മജിസ്ട്രേറ്റായിരുന്ന റോബിൻസണിന് നിർദ്ദേശം നൽകി. കാര്യങ്ങൾ വ്യക്തമായി പഠിച്ച റോബിൻസൺ തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു. മാപ്പിള ടൗണിൽ കോളറ അതിരൂക്ഷമാണ്. നഗരത്തിൽ മരിച്ചവരിൽ ഏറെപേരും മാപ്പിളമാർ തന്നെയാണ്. ഇതിനുള്ള കാരണം അടുത്തടുത്തുള്ള താമസവും വൃത്തിയില്ലായ്മയുമാണ്. മറ്റൊരു കാരണം നഗരത്തിലെ പള്ളികളിൽ അടുത്തടുത്ത് മൃതദേഹം അടക്കം ചെയ്യുന്നതുമാണ്. അതിനാൽ ഈ നടപടി ഉടനെ അവസാനിപ്പിക്കേണ്ടതാണ്. അതിനാൽ മാപ്പിളമാരെ മുഷിപ്പിക്കാതെ സർക്കാർ ചെലവിൽ ശ്മശാനത്തിന് ഭൂമി കണ്ടെത്തി ചുറ്റുമതിൽ കെട്ടുക എന്നതാണ്. തുടർന്ന് ഭൂമി കണ്ടെത്തുകയും 16.07.1859 ന് കണ്ണംപറമ്പിൽ ഭൂമി കണ്ടെത്തുകയും G.O.No.113 (Public) Dated 27.01.1862 ആയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ 5 ഏക്കർ മുക്കാൽ സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്ത് ചുറ്റുമതിൽ കെട്ടി. ഇതിനിടെ കോളറ നിയന്ത്രണവിധേയമായതോടെ നഗരത്തിൽ നിന്നെത്തുന്ന അനാഥ മൃദേഹങ്ങൾ മാത്രമായിരുന്നു ഇവിടെ വർഷങ്ങളോളം മറവു ചെയ്തിരുന്നത്. ശേഷം ഭൂമി ഖാദി ഉൾപ്പെടെയുള്ള കമ്മിറ്റിക്ക് കളക്ടർ കൈമാറി. [2]

32 വർഷങ്ങൾക്ക് ശേഷം 1890-91 ൽ കോളറ വീണ്ടും തിരിച്ചെത്തുകയും മൂന്ന് മാസത്തിനിടെ 861 മുസ്ലിംകൾ മരണപ്പെട്ടപ്പോഴും മുസ്ലികൾക്കുള്ള പൊതുശ്മശാനത്തെക്കുറിച്ചുള്ള ചർച ഉയർന്നു. കളക്ടർ വിളിച്ചു ചേർത്ത മലബാറിലെ പ്രമാണിമാരുടെ യോഗത്തിൽ പൊതുശ്മശാനം എന്ന ആശയത്തെ എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചെങ്കിലും കണ്ണംപറമ്പിൽ പൊതുശ്മശാനം എന്നതിനെ അംഗീകരിക്കാൻ അവർ തയ്യാറായില്ല. നഗരത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാലം കണ്ടെത്താനുള്ള ശ്രമം നടത്തി. ബേപ്പുർ റോഡിലെ ടോൾ ഗേറ്റിന് സമീപം സ്ഥലം കണ്ടെത്തിയെങ്കിലും ദൂരക്കൂടുതൽ കാരണം അത് നിരസിക്കപ്പെട്ടു. പിന്നീട് പള്ളിപ്പറമ്പ്, മിതപ്പറമ്പ് എന്നീ സ്ഥലങ്ങളിൽ സ്ഥലം കണ്ടെത്തിയെങ്കിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ അതും സ്വീകാര്യമായില്ല. അവസാനം കണ്ണംപറമ്പിലെ ഭൂമി മതിയെന്ന തീരുമാനത്തിലെത്തി. അപ്പോഴേക്കും 10 വർഷം പിന്നിട്ടിരുന്നു. 1900 ൽ കണ്ണംപറമ്പ് മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യാൻ നിർബന്ധമായും ഉപയോഗിക്കണം എന്ന വിജ്ഞാപനം ഇറങ്ങി. [3]

1901 നമ്പംബർ 11 നഗരസഭയോഗത്തിൽ നഗര മധ്യത്തിലെ മറ്റുപള്ളികളിൽ ഖബറടക്കം നിരോധിച്ചു ഉത്തരവിറങ്ങി. ഉത്തരവ് ഇങ്ങനെയായിരുന്നു. 1900 ഫെബ്രുവരി 28 ന് നഗരത്തിലെ മാപ്പിളമാർക്കുവേണ്ടി കണ്ണംപറമ്പിലൊരു ശ്മശാനം സർക്കാർ തുറന്നിട്ടുള്ളതിനാൽ ഇനിമുതൽ നഗരത്തിലെ പള്ളി ഖബരിസ്ഥാനുകളിൽ മയ്യിത്ത് മറവു ചെയ്യുന്നത് മുനിസിപ്പൽ കൗൺസിൽ നിരോധിച്ചിരിക്കുന്നു. കിഴക്ക് മൂര്യാട് പുഴയും, പടിഞ്ഞാറ് കടൽകരയും, വടക്ക് ജയിൽ റോഡും വലിയങ്ങാടി റോഡും, തെക്ക് കല്ലായി പുഴയുമായുള്ള അതിർത്തിക്കുള്ളിൽ ഇനിമുതൽ നടക്കുന്ന മരണങ്ങളിൽ മയ്യിത്ത് ഖബറടക്കേണ്ടത് കണ്ണംപറമ്പിലാണെന്ന് ഇതിനാൽ അറിയിക്കുന്നു. മറിച്ചാരെങ്കിലും പ്രവർത്തിച്ചാൽ 100 രൂപ പിഴ ഈടാക്കേണ്ടിവരുമെന്ന് ഇതിനാൽ അറിയിക്കുന്നു.

 
കണ്ണംപറമ്പ് ശ്‍മശാനം തെക്കുഭാഗം

പിന്നീട് 1931 മെയ് 2നാണ് തൊട്ടടുത്തുള്ള മരക്കാൻ കടവുപറമ്പിലെ ഒരു ഭാഗവും നൈനാം വളപ്പിലെ ഒരു ഭാഗവും ഭൂമി യഥാക്രമം 4.29 ഏക്കർ 2.41 ഏക്കർ ഏറ്റെടുത്ത് ഇന്നത്തെ പോലെ 13 ഏക്കറായി വിപുലീകരിച്ചത്. ഇതിനായി താമസക്കാരെ പണവും മറ്റൊരു ഭാഗത്ത് ഭൂമിയും നൽകിയാണ് ഒഴിപ്പിച്ചത്. സ്ഥലമെടുപ്പിനായി സർക്കാർ ചെലവാക്കിയത് 34,464 രൂപ 4 അണ 5 പൈസയായിരുന്നു.

1943ൽ മലബാറിൽ പടർന്നുപിടിച്ച കോളറയിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു. ഒന്നരമാസത്തോളം നീണ്ടുനിന്ന മഹാമാരിയിൽ കോഴിക്കോട് മരണപ്പെട്ടവരെ മറമാടിയത് കണ്ണംപറമ്പ് ശ്മശാനത്തിലായിരുന്നു. 1999 ന് ശേഷമാണ് കാടുപിടിച്ചുകിടന്നിരുന്ന ശ്മശാനം ഇന്നത്തെപോലെ നവീകരിച്ചത്. ക്രമനമ്പർ അടിസ്ഥാനത്തിൽ കൃത്യമായ പ്ലോട്ടുകൾ തിരിച്ചാണ് മറമാടൽ നടത്തുന്നത്. ഇതേ തുടർന്ന് മീസാൻ കല്ല് നശിച്ചാലും പ്ലോട്ടിലെ ക്രമനമ്പർ അനുസരിച്ച് ഖബറിടം കണ്ടെത്താൻ കഴിയും. 2001 ൽ ഇവിടുത്തെ പള്ളി പുതുക്കി പണിതു. [4]

പ്രമുഖരുടെ ശ്മശാനം തിരുത്തുക

ധാരാളം പ്രമുഖ വ്യക്തിത്വങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഒരു ഖബറിസ്ഥാൻ കൂടിയാണ് ഇത്. സ്വാതന്ത്ര്യസമര സേനാനികളായമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, ഇ. മൊയ്തുമൗലവി, മുൻ മന്ത്രിമാരായ പി.എം. അബൂബക്കർ, പി.പി. ഉമർകോയ, ബി.വി. അബ്ദുല്ലക്കോയ എം.പി., ഒളിമ്പ്യൻ റഹ്‍മാൻ, മുൻ മേയർ കുന്നത്ത് ആലിക്കോയ തുടങ്ങി പലരുടെയും ഖബർ കൂടി ഈ ശ്മശാനത്തിലാണ് സ്ഥിതിചെയ്യുന്നത്.

നിപ കാലം തിരുത്തുക

 
കണ്ണംപറമ്പ് മസ്ജിദ്

2018 മെയ് മാസത്തിൽ കോഴിക്കോട് പേരാമ്പ എന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ട നിപ എന്ന അത്യന്തം അപകടകാരിയായ മഹാമാരിയിൽ ആകെ 18 പേരാണ് മരണപ്പെട്ടതെങ്കിലും കേരളം ഏറെ നടുങ്ങിയ നാളുകളായിരുന്നു അത്. ഇതിൽ മരണപ്പെട്ട പേരാമ്പ്ര പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ മുസ മുസ്‍ലിയാരുടെ മൃതദേഹം ഇവിടെ മറമാടിയതോടെ ഈ ശ്മശാനം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള ആസൂത്രണത്തോടെ കൈകാര്യം ചെയ്തു കേരളം ലോകത്തിന് തന്നെ മാതൃകയായി. [5]

കോവിഡ് കാലം തിരുത്തുക

2019 ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് ലോകമാസകലം വ്യാപിച്ച കോവിഡ്-19 എന്ന മഹാമാരി കേരളത്തിലും മരണം വിതച്ചുതുടങ്ങിയപ്പോൾ ഇവരുടെ മൃതദേഹവും ഇവിടെയാണ് മറമാടിയത്. ഇതിനിടെ നാല് പേരുടെ മൃതദേഹമാണ് ഇവിടെ ഇതിനകം അടക്കം ചെയ്തത്.

കമ്മറ്റിയും ഭരണ നിർവഹണവും തിരുത്തുക

1999 മുതൽ 21 വർഷമായി എ.പി. അഹമ്മദ് കോയ ഹാജിയാണ് പ്രസിഡണ്ടും എം.പി. സക്കീർ ഹുസൈൻ സെക്രട്ടറിയുമായ കമ്മറ്റിയാണ് പള്ളി-ഖബറിസ്ഥാൻ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ സഹായവും ശ്മശാനത്തിന് ലഭിക്കുന്നു.

അവലംബം തിരുത്തുക

  1. [1]. വാരാദ്യാമാധ്യമം, 07 ഞായർ, 2020 ജൂൺ, ലക്കം :1667.
  2. [ http://www.sirajlive.com/2020/04/19/416030.html]. സിറാജ് ലൈവ് വെബ് സൈറ്റ്.
  3. [ http://www.sirajlive.com/2020/04/19/416030.html]. സിറാജ് ലൈവ് വെബ് സൈറ്റ്.
  4. [2]. വാരാദ്യാമാധ്യമം, 07 ഞായർ, 2020 ജൂൺ, ലക്കം :1667.
  5. [3].കുന്നമംഗലം ന്യൂസ് ഇൻ, വെബ് സൈറ്റ്.
"https://ml.wikipedia.org/w/index.php?title=കണ്ണംപറമ്പ്_ശ്മശാനം&oldid=3942194" എന്ന താളിൽനിന്ന് ശേഖരിച്ചത്