ഒ.വി.വിജയൻ രചിച്ച കടൽത്തീരത്ത് എന്നത് ഒരു ചെറുകഥയാണ്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പൻ, ഭാര്യ കൊടുത്തുവിട്ട പൊതിച്ചോറ് മകനുള്ള ബലിച്ചോറായി കടൽത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടൽത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയൻ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂർ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.

വായനക്കാരൻ്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് വേദനയും വീർപ്പുമുട്ടലും നിറഞ്ഞ മാനസികാവസ്ഥയിലേക്കു നയിക്കുന്ന ഒരു ചെറുകഥയാണ് കടൽത്തീരത്ത്. മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. ചെറുകഥാകൃത്ത് എന്ന നിലയിൽ ഒ.വി വിജയന് ഉന്നതമായ സ്ഥാനം നേടിക്കൊടുത്തതും ഈ കഥയാണ്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ കാണാൻ പോയ വെള്ളായിയപ്പനെന്ന നിരക്ഷരനും ഗ്രാമീണനുമായ ഒരു വൃദ്ധപിതാവിന്റെ കഥയാണിത്. നാടും നാട്ടുകാരും ആ വൃദ്ധന് മനസ്സുകൊണ്ട് യാത്രാമംഗളം നേർന്നു. സാമ്പത്തികമായി വളരെ പിന്നോക്കാാവസ്ഥയിലായിരുന്ന ആ ഗ്രാമത്തിൽ നിന്ന് ആരും അയാളോടൊപ്പം പോകാൻ ഇല്ലായിരുന്നു. എങ്കിലും ഗ്രാമത്തിന്റെ മനസ്സു മുഴുവൻ അദ്ദേഹത്തോടൊപ്പമായിരുന്നു.

കോടച്ചി കൊടുത്തയച്ച പൊതിച്ചോറ് കഴിക്കാതെ മകനു വേണ്ടി കൊണ്ടു പോയെങ്കിലും കടൽത്തീരത്ത് അയാൾക്കത് മകന്റെ ബലിച്ചോറായി അർപ്പിക്കേണ്ടി വന്നു.

"https://ml.wikipedia.org/w/index.php?title=കടൽത്തീരത്ത്&oldid=4078303" എന്ന താളിൽനിന്ന് ശേഖരിച്ചത്