തിരുവിതാംകൂർ രാജാവ് ബാലരാമവർമ്മയുടെ കാലത്ത് അഞ്ചലിൽ ജീവിച്ചിരുന്ന ഒരു ജാലവിദ്യക്കാരനും പണ്ഡിതനുമായിരുന്നു കടയാറ്റുണ്ണിത്താൻ. കടയാറ്റുകുടുബാംഗമായിരുന്ന ഇദ്ദേഹം കടയാറ്റു വലിയ പോറ്റി എന്നും അറിയപ്പെട്ടിരുന്നു. ജ്യോതിഷപ്രകാരം ദേവഗണത്തിൽ പെട്ടിരുന്ന ഇദ്ദേഹം ദിവ്യചക്ഷുസുള്ള വ്യക്തിയായും ഇന്ദ്രജാലം, മഹേന്ദ്രജാലം, കൂടുവിട്ടുകൂടുമാറ്റം തുടങ്ങിയവ അഭ്യസിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

അഭ്യാസങ്ങൾ

തിരുത്തുക

കടയാറ്റുണ്ണിത്താൻ പലധീരകൃത്യങ്ങളും ചെയ്തിട്ടുണ്ടെന്ന് പഴമക്കാർ വിശ്വസിക്കുന്നു. ശീമയിലുള്ള ജാലവിദ്യക്കാരൻ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ ദർഭക്കുളം ചെറുപട്ടണമാക്കിയശേഷം കൗതുകവസ്തക്കൾ വില്പനയ്ക്കു നിരത്തി എന്നും ആളുകൾ വാങ്ങാൻ വന്നില്ല എന്നുമാണ് വിശ്വാസം.ഇത് നാടിന്റെ അഭിമാനപ്രശ്നമായി മാറുകയും കടയാറ്റുണ്ണിത്താൻ രാജാവിനെ മുഖംകാണിച്ച ശേഷം തന്റെ പക്കൽ കരുതിയിരുന്ന കുരുത്തോലകൊണ്ട് ഒരു കുതിരയെയും പനയോലകൊണ്ട് കുറെ നാണയങ്ങളും സൃഷ്ടിച്ച ശേഷം ഒരു കിണ്ടിയിൽ കുറച്ചുവെള്ളം എടുത്ത് ജപിച്ച് കുതിരക്ക് ജീവൻ നൽകിയ ശേഷം കുതിരപുറത്തി കയറി പട്ടണം മൂന്ന് തവണ പ്രദക്ഷിണം ചെയ്ത് ജാലവിദ്യകൊണ്ട് നിർമ്മിതമായ പട്ടണം അദൃശ്യമാക്കി.[1] പിന്നീട് ഒരിക്കൽ കള്ളന്മാർ പെരുകിയ സമയത്ത് സർവാഭരണവിഭൂഷിതനായി ഊട്ട് പറമ്പ് എന്ന വെളിമ്പ്രദേശത്ത് ഒരു കട്ടിൽ കൊണ്ടുവന്നിട്ട് കിടന്നു. അർദ്ധരാത്രിയായപ്പോൾ തസ്കരന്മാർ വന്ന് കട്ടിലിൽ കിടന്ന ഉണ്ണിത്താനേയും വഹിച്ചുകൊണ്ട് ഒരു വിജനപ്രദോശം ലാക്കാക്കി യാത്രയായി. പക്ഷേ ഊട്ടുപറമ്പിൽ നിന്ന്കടയാറ്റു കളരിയിലേക്കും തിരിച്ച് ഊട്ടുപറമ്പിലേക്കും മാത്രമേ ചലിക്കാൻ കഴിയൂവെന്ന് ബോധ്യമായപ്പോൾ ഉണ്ണിത്താനോട് ക്ഷമാപണം ചെയ്തു വന്ന വഴിയേ കടന്നു. അതോടെ മോഷ്ടാക്കളുടെ ശല്യം അവസാനിച്ചു.

വേലുത്തമ്പിദളവയും കടയാറ്റ് ഉണ്ണിത്താനും

തിരുത്തുക

യുദ്ധത്തിൽ പരാജയപ്പെട്ട വേലുത്തമ്പി മുളവന വഴി കല്ലടയിലൂടെ ചില ഊടുവഴികളിലൂടെയാണ് മണ്ണടിയിലേക്ക് രക്ഷപ്പെട്ടത്. ഈ യാത്രയ്ക്കിടയിൽ മുളവന കടയാറ്റ് ഉണ്ണിത്താന്മാരുടെ വീട്ടിൽ അഭയം തേടിയ വേലുത്തമ്പിയെ രക്ഷിക്കാൻ കഴിയാത്തതിൽ മനംനൊന്ത് ഉണ്ണിത്താൻ ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം.[2]

  1. ഒരു തുള്ളി വെളിച്ചം ,(ലേഖനസമാഹാരം),ഡോ.പി. വിനയചന്ദ്രൻ, ആഷാ ബുക്ക്സ്, അഞ്ചൽ, മെയ് 1994, പേജ് 21-24.
  2. http://lsgkerala.in/eastkalladapanchayat/history/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കടയാറ്റുണ്ണിത്താൻ&oldid=3627403" എന്ന താളിൽനിന്ന് ശേഖരിച്ചത്