മലബാറിലെ കടലോരഗ്രാമങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ രൂപം കൊണ്ട് അടുത്ത കാലം വരെ നിലനിന്ന് പോന്ന ഒരു നീതിന്യായ പ്രസ്ഥാനമാണ് കടക്കോടി എന്ന കടൽക്കോടതി (Sea court). തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധം, കടലിൽ കണ്ടെത്തുന്ന മത്സ്യക്കൂട്ടങ്ങളെ പിടിക്കുവാനുള്ള അവകാശം സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങി മത്സ്യബന്ധനവും മത്സ്യവിൽപനയും ആയി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും തീർപ്പാക്കിയിരുന്നത് കടക്കോടിയാണ്.

പ്രവർത്തനം തിരുത്തുക

ഓരോ കടക്കോടിയിലും ഒരു പ്രസിഡണ്ടും സെക്രട്ടറിയും ശിപായിയും 19 അംഗങ്ങളും ഉണ്ടായിരിക്കും. ബ്രിട്ടീഷ് സമ്പ്രദായം വരുന്നതിന് മുമ്പ് ഈ സ്ഥാനങ്ങൾ മൂപ്പൻ, സ്ഥാനി എന്നിങ്ങനെയായിരുന്നു. കടക്കോടി യോഗത്തിൽ പ്രസിഡണ്ടായിരിക്കും അദ്ധ്യക്ഷ്യം വഹിക്കുക. അയാൾ പരാതി സഭയിൽ വിവരിക്കുന്നു. എതിർകക്ഷിക്ക് അയാളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുന്നു. പിന്നീട് പരാതിക്കാരനോടും എതിർകക്ഷിയോടും അവരുടെ സാക്ഷ്യങ്ങൾക്കുള്ള തെളിവുകളും സാക്ഷികളെയും ഹാജരാക്കാൻ ആവശ്യപ്പെടുന്നു. സാക്ഷികളെ ഓരോരുത്തരെയായ് വിളിച്ച് പരസ്യമായി ചോദ്യം ചെയ്യുന്നു. സാക്ഷി വിസ്താരത്തിന് ശേഷം പ്രസിഡണ്ടിൻറെയും സെക്രട്ടറിയുടെയും നേതൃത്ത്വത്തിൽ ജഡ്ജിമാരുടെ ഒരു പാനൽ ഉണ്ടാക്കുന്നു. ഈ ജഡ്ജിമാർ പ്രത്യേകം യോഗം ചേർന്ന് വിധി പ്രസ്താവിക്കും. വിധിയിൽ കക്ഷികൾ തൃപ്തരല്ലെങ്കിൽ അപ്പീൽ കൊടുക്കാം. ആദ്യം വിചാരണ നടത്തിയ കോടതിയുടെ തൊട്ട് വടക്കും തെക്കും ഉള്ള കടക്കോടികളെ കൂടി ഉൾപ്പെടുത്തിയതാണ് അപ്പീൽ കോടതി. വീണ്ടും വീണ്ടും അപ്പീൽ നൽകുമ്പോൾ ഈരണ്ട് കടക്കോടികൾ കൂടി അപ്പീൽ കോടതികളിൽ ചേർക്കപ്പെടും.

പഠനം തിരുത്തുക

കടക്കോടി (കടൽ കോടതി, Sea Court) യെ കുറിച്ച് മലയാളത്തിലെ ആദ്യത്തെ ആധികാരിക പഠനം നടത്തിയത് ശ്രീ. വി.കെ.പ്രഭാകരൻ ആണ്.

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കടക്കോടി&oldid=2342456" എന്ന താളിൽനിന്ന് ശേഖരിച്ചത്