കച്ചം
ചേര ഭരണകാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹിക സ്ഥാപനമാണ് കച്ചം എന്ന പേരിൽ അറിയപ്പെടൂന്നത്. എ. ഡി. 830 കാലഘട്ടത്തിൽ ഇത് ശക്തമായി തന്നെ നിലനിന്നിരുന്നു എന്നു കാണുന്നു. കേരളത്തിൽ നിന്നും ലഭിച്ച ആദ്യശിലാലിഖിതമായ വാഴപ്പള്ളിശാസനത്തിൽ ഒരു കച്ചത്തെ പറ്റി പരാമർശമുണ്ട്. കച്ചം ഒരു ഭരണോപാധിയാണ്. മേൽസ്ഥാനീയരായ ഊരാളരും മറ്റുള്ള അധികാരികളും ഏകകണ്ഠേന എടുക്കുന്ന തീരുമാനങ്ങളും വ്യവസ്ഥകളുമാണ് കച്ചങ്ങളെന്നു പറയുന്നത്. പ്രധാനപ്പെട്ട ഒന്നിലധികം അധികാര സ്ഥാപനങ്ങൾ കൂടിച്ചേർന്നുണ്ടാവുന്ന യോഗങ്ങളാണു കച്ചങ്ങൾ. കച്ചങ്ങൾ കൂടി എടുക്കുന്ന തീരുമാനങ്ങളെ സമൂഹത്തിലാർക്കും ലംഘിക്കാൻ സാധ്യമല്ല. ഇവയ്ക്കുള്ള മികച്ച ഉദാഹരണമാണ് മൂഴിക്കുളം കച്ചം. ഇവയുടെ പിൽക്കാല രൂപങ്ങളാണ് കഴകം പോലുള്ള സാമുദായികസംഘങ്ങളായി മാറിയത്.