ഒരു മലയാളചലച്ചിത്ര-നാടക നടിയാണ് ഓമല്ലൂർ ചെല്ലമ്മ(1927-2016 ജൂൺ 19). വിവിധ കലാസമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ 1950-ൽ പുറത്തിറങ്ങിയ സ്ത്രീ എന്ന സിനിമയിലെ നായികമാരിലൊരാളായാണ് ചലച്ചിത്രലോകത്തെത്തിയത്.

ജീവിതരേഖ

തിരുത്തുക

ഓമല്ലൂർ പന്ന്യാലി മേപ്പള്ളിൽ തറവാട്ടിലെ നാരായണൻ നായരുടെയും കുട്ടിയമ്മയുടെയും അഞ്ചു പെൺമക്കളിൽ ഒരാളായി ജനിച്ച ചെല്ലമ്മ കുട്ടിക്കാലംമുതലേ സംഗീതം അഭ്യസിച്ചിരുന്നു. കുട്ടമത്ത് കുന്നിയുര് കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ബാലഗോപാലൻ എന്ന സംഗീത നാടകത്തിൽ ബാലഗോപാലനായി വേഷമിട്ടാണ് ഓമല്ലൂർ ചെല്ലമ്മ അരങ്ങിലെത്തിയത്.[1] സംഗീത അദ്ധ്യാപികയാകണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ നാടകത്തിൽ ശ്രദ്ധവെയ്ക്കാതെ സ്‌കൂൾ പഠനവും സംഗീതപഠനവും തുടർന്നു.

മാവേലിക്കര സുബ്രഹ്മണ്യമായിരുന്നു സംഗീതത്തിലെ ആദ്യഗുരു. പിന്നീട് കോടമ്പള്ളി ഗോപാലപിള്ളയും സ്വാതിതിരുനാൾ അക്കാദമിയിലെ അധ്യാപിക കല്യാണിക്കുട്ടിയമ്മയും സംഗീത ഗുരുക്കന്മാരായി. എന്നാൽ പിൽക്കാലത്ത് ഗുരു കോടമ്പള്ളി ഗോപാലപിള്ളയുടെ നിർദ്ദേശപ്രകാരം പ്രമദ എന്ന നാടകത്തിൽ വേഷമിട്ടു. കോടാകുളങ്ങര വാസുപിള്ളയുടെ ഉടമസ്ഥതയിലുള്ള ചവറയിലെ ട്രൂപ്പായിരുന്നു ഈ നാടകത്തിന്റെ അവതാരകർ. നാടകം വിജയമായിരുന്നില്ലെങ്കിലും ചെല്ലമ്മ അവതരിപ്പിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പൊടുക്കനയത്ത് വേലുപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള പരബ്രഹ്മോദയ കമ്പനിയുടെ സുഭഗ ,അനാഥ എന്നീ നാടകങ്ങളിൽ ഉപനായികയായും മുൻഷി പരമുപിള്ളയുടെ സ്വരാജ് ,പ്രതിഭ എന്നീ നാടകങ്ങളിൽ നായികയായും വേഷമിട്ടു. പിന്നീട് പാലാ ഐക്യകേരളകലാസമിതിയുടെ നാടകങ്ങളിലും ഇവർ അഭിനയിച്ചു. ഗ്രാമീണഗായകർ, വിയർപ്പിന്റെ വില തുടങ്ങിയ നാടകങ്ങൾ ചെല്ലമ്മയെ ഏറെ പ്രശസ്തയാക്കി. തിക്കുറിശ്ശി സുകുമാരൻ നായരുടെ നാടകസമിതി അവതരിപ്പിച്ച സ്ത്രീ എന്ന നാടകത്തിൽ നായികയാവാനുള്ള അവസരം ലഭിച്ചു. സ്ത്രീ സിനിമ ആയപ്പോഴും ചെല്ലമ്മ നായികയായി. 1952-ൽ പുറത്തിറങ്ങിയ പ്രേമലേഖ എന്ന സിനിമയിലും നായികയായി അഭിനയിച്ചു.[2] തുടർന്ന് നാടകരംഗത്തേക്ക് തിരിച്ചു പോയ ഇവർ വിവാഹശേഷം കലാരംഗത്തു നിന്ന് പൂർണ്ണമായി പിൻവാങ്ങി. സുരേഷ്‌കുമാർ, പരേതനായ സതീഷ്‌കുമാർ എന്നിവരാണ് മക്കൾ.

2016 ജൂൺ 19നു അന്തരിച്ചു.[3]

  1. "ഇരുളിൽ ഒരു കൈത്തിരിപോലെ". ജനയുഗം. Retrieved ജൂലൈ 6, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "സ്ത്രീയിലെ നായിക". ദേശാഭിമാനി. Archived from the original on 2016-03-04. Retrieved ജൂലൈ 6, 2012.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-20. Retrieved 2016-06-20.
"https://ml.wikipedia.org/w/index.php?title=ഓമല്ലൂർ_ചെല്ലമ്മ&oldid=3802527" എന്ന താളിൽനിന്ന് ശേഖരിച്ചത്