ഓഗർ പ്രഭാവം
ഒരു ഭൌതിക പ്രതിഭാസമാണ് ഓഗർ പ്രഭാവം. അതനുസരിച്ച്, ഒരു ആറ്റത്തിന്റെ ആന്തരിക-ഷെല്ലിലെ ഒഴിവ് നികത്തുന്ന സമയം അതേ ആറ്റത്തിൽ നിന്ന് ഒരു ഇലക്ട്രോൺ പുറന്തള്ളപ്പെടും.[1] ഒരു കോർ ഇലക്ട്രോൺ നീക്കംചെയ്യുമ്പോൾ, ഉണ്ടാകുന്ന ഒഴിവ്, ഉയർന്ന ഊർജ്ജനിലയിൽ നിന്നുള്ള ഒരു ഇലക്ട്രോൺ അതേ ഒഴിവിലേക്ക് വീഴുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ഊർജ്ജം ഉത്സർജ്ജിക്കപ്പെടുന്നു. മിക്കപ്പോഴും ഈ ഊർജ്ജം പുറത്തുവിടുന്ന ഫോട്ടോണിന്റെ രൂപത്തിൽ ആയിരിക്കും. ഈ ഊർജ്ജത്തെ ഇലക്ടോണിലേക്ക് കൈമാറ്റം ചെയ്യുവാനും സാധിക്കുന്നു. ആ ഇലക്ട്രോൺ ആ ആറ്റത്തിൽ നിന്നും പുറന്തള്ളപ്പെടുന്നു. പുറന്തള്ളപ്പെട്ട ഈ രണ്ടാമത്തെ ഇലക്ട്രോണിനെ ഓഗർ ഇലക്ട്രോൺ എന്ന് വിളിക്കുന്നു.[2]
പ്രഭാവം
തിരുത്തുക1922 ലാണ് ലിസ് മീറ്റ്നർ ആദ്യമായി ഈ പ്രഭാവം കണ്ടെത്തിയത്. താമസിയാതെ പിയറി വിക്ടർ ഓഗർ സ്വതന്ത്രമായി ഈ പ്രഭാവത്തെപ്പറ്റി കണ്ടെത്തി. ശാസ്ത്ര സമൂഹത്തിൽ ഇത് കണ്ടെത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.[3]
ഓഗർ ഇലക്ട്രോണിന്റെ പുറന്തള്ളപ്പെടുമ്പോഴുള്ള ഗതികോർജ്ജം, ഒഴിവുസ്ഥാനത്തുള്ള പ്രാരംഭ ഇലക്ട്രോണിക സംക്രമണത്തിന്റെ ഊർജ്ജത്തിന്റെയും ഓഗർ ഇലക്ട്രോൺ പുറന്തള്ളപ്പെട്ട ഇലക്ട്രോൺ ഷെല്ലിന്റെ അയോണീകരണ ഊർജ്ജത്തിന്റെയും വ്യത്യാസത്തിന് തുല്യമാണ്. ഈ ഊർജ്ജ നിലകൾ ആറ്റത്തിന്റെ തരത്തെയും ആറ്റം സ്ഥിതിചെയ്യുന്ന രാസ പരിസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു.
ഓഗർ ഇലക്ട്രോൺ സ്പെക്ട്രോസ്കോപ്പിയിൽ എക്സ്-കിരണങ്ങൾ അല്ലെങ്കിൽ ഊർജ്ജമേറിയ ഉത്തേജിത ഇലക്ട്രോണുകൾ ഉപയോഗിച്ച് ഒരു സാമ്പിളിൽ കൂട്ടിമുട്ടിച്ച് ആഗർ ഇലക്ട്രോണുകളുടെ ഉത്സർജ്ജനം ഉൾപ്പെടുന്നു. കൂടാതെ ആഗർ ഇലക്ട്രോണുകളുടെ ഉത്സർജ്ജനത്തിന്റെ ഫലമായി ഉണ്ടായ ഓഗർ ഇലക്ട്രോണുകളുടെ ഊർജ്ജത്തിന്റെ തീവ്രതയും അളക്കുന്നു. തദ്ഫലമായുണ്ടാകുന്ന സ്പെക്ട്രം ഉപയോഗിച്ച് പുറത്തുവിടുന്ന ആറ്റങ്ങളുടെ ഐഡന്റിറ്റിയും അവയുടെ പരിസ്ഥിതിയെക്കുറിച്ചുള്ള ചില വിവരങ്ങളും നിർണ്ണയിക്കാനാകും.
അർദ്ധചാലകങ്ങളിൽ സംഭവിക്കുന്ന സമാനമായ ഓഗർ പ്രഭാവമാണ് ആഗർ പുനസംയോജനം (Auger Recombination). അതനുസരിച്ച് ഒരു ഇലക്ട്രോൺ, ഇലക്ട്രോൺ ഹോൾ (ഇലക്ട്രോൺ-ഹോൾ ജോഡി) എന്നിവയ്ക്ക് പുനഃസംയോജിച്ച് ഇലക്ട്രോൺ രൂപത്തിൽ ഊർജ്ജത്തെ ചാലക ബാൻഡിന് നൽകാൻ കഴിയും. അത് ചാലക ബാൻഡിന്റെ ഊർജ്ജം വർദ്ധിപ്പിക്കുന്നു. ഇതിന്റെ വിപരീത ഫലത്തെ ഇംപാക്ട് അയോണൈസേഷൻ എന്ന് വിളിക്കുന്നു.
ഓഗർ പ്രഭാവം ഡിഎൻഎ പോലുള്ള ജൈവ തന്മാത്രകളെ സ്വാധീനിക്കും. ഡിഎൻഎയുടെ ഘടക ആറ്റങ്ങളുടെ K-ഷെൽ അയോണീകരണത്തെ തുടർന്ന്, ഓഗർ ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്നത് അതിലെ പഞ്ചസാര-ഫോസ്ഫേറ്റ് നട്ടെല്ലിന് കേടുപാടുകൾ വരുത്തുന്നു.[4]
കണ്ടെത്തൽ
തിരുത്തുകചാൾസ് ഡ്രമ്മണ്ട് എല്ലിസ് എന്ന ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനുമായിച്ചേർന്ന് ഓസ്ട്രിയൻ-സ്വീഡിഷ് ഭൗതികശാസ്ത്രജ്ഞനായ ലിസ് മീറ്റ്നർ ന്യൂക്ലിയർ ബീറ്റ ഇലക്ട്രോണുകൾ നിരീക്ഷിക്കുകയും ഓഗർ എമിഷൻ പ്രക്രിയ 1922 ൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.[5]
ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ പിയറി വിക്ടർ ഓഗർ, 1923-ൽവിൽസൺ ക്ലൗഡ് ചേംബർ പരീക്ഷണത്തെ വിശകലനം ചെയ്ത ശേഷം ഇത് സ്വതന്ത്രമായി കണ്ടെത്തി. [6][7] വാതക കണങ്ങളെ അയോണീകരിക്കാനും ഫോട്ടോ ഇലക്ട്രിക് ഇലക്ട്രോണുകൾ നിരീക്ഷിക്കാനും ഉയർന്ന ഊർജ്ജമുള്ള എക്സ് കിരണങ്ങൾ പ്രയോഗിച്ചു. പതന ഫോട്ടോണിന്റെ ആവൃത്തിയോട് വിഭിന്നമായ ഇലക്ട്രോൺ ട്രാക്കുകളുടെ നിരീക്ഷണം, ഇലക്ട്രോൺ അയോണീകരണത്തിന് ഹേതുവായത് വികിരണരഹിത സംക്രമണത്തിൽ നിന്നുള്ള ആന്തരിക പരിവർത്തനമാണെന്ന് കണ്ടെത്താനിടയായി. കൂടുതൽ അന്വേഷണങ്ങൾ, അടിസ്ഥാന ക്വാണ്ടം ബലതന്ത്രം, സംക്രമണ നിരക്ക് / സംക്രമണ സാദ്ധ്യതാ കണക്കുകൂട്ടലുകൾ എന്നിവ ഉപയോഗിച്ചുള്ള സൈദ്ധാന്തിക പ്രവർത്തനങ്ങൾ, ആന്തരിക പരിവർത്തന പ്രഭാവത്തേക്കാൾ വികിരണരഹിതമായ പ്രഭാവമാണെന്ന് തെളിയിച്ചു.[8][9]
അവലംബം
തിരുത്തുക- ↑ IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (2006–) "Auger effect".
- ↑ IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (2006–) "Auger electron".
- ↑ Grant, John T.; David Briggs (2003). Surface Analysis by Auger and X-ray Photoelectron Spectroscopy. Chichester: IM Publications. ISBN 1-901019-04-7.
- ↑ Akinari Yokoya & Takashi Ito (2017) Photon-induced Auger effect in biological systems: a review,International Journal of Radiation Biology, 93:8, 743–756, DOI: 10.1080/09553002.2017.1312670
- ↑ L. Meitner (1922). "Über die Entstehung der β-Strahl-Spektren radioaktiver Substanzen". Z. Phys. 9 (1): 131–144. Bibcode:1922ZPhy....9..131M. doi:10.1007/BF01326962.
- ↑ P. Auger: Sur les rayons β secondaires produits dans un gaz par des rayons X, C.R.A.S. 177 (1923) 169–171.
- ↑ Duparc, Olivier Hardouin (2009). "Pierre Auger – Lise Meitner: Comparative contributions to the Auger effect". International Journal of Materials Research. 100 (09): 1162. doi:10.3139/146.110163.
- ↑ "The Auger Effect and Other Radiationless Transitions". Burhop, E.H.S., Cambridge Monographs on Physics, 1952
- ↑ "The Theory of Auger Transitions". Chattarji, D., Academic Press, London, 1976