ഒരേ റാങ്കിൽ ഒരേ സർവ്വീസ് കാലയളവ് പൂർത്തിയാക്കി വിരമിച്ച എല്ലാവർക്കും വിരമിക്കൽ തീയതി പരിഗണിക്കാതെ ഒരേ പെൻഷൻ നൽകുന്ന പദ്ധതിയാണ് ഒരേ റാങ്ക് ഒരേ പെൻഷൻ (One Rank One Pension (OROP)).[1][2] 1973 വരെ ഇന്ത്യൻ സായുധസേനയിലെ ഉദ്യോഗസ്ഥർക്ക് പെൻഷൻ ലഭിച്ചിരുന്നത് ഈ രീതിയിലായിരുന്നു.[3] എന്നാൽ, 1973-ൽ മൂന്നാം ശമ്പളക്കമ്മീഷന്റെ നിർദ്ദേശത്തോടെ സർക്കാർജീവനക്കാർക്കു ലഭിച്ചിരുന്ന രീതിയിൽ സൈനികർക്കും പെൻഷൻ ലഭിച്ചു തുടങ്ങി. അതോടെ OROP രീതി നിർത്തലാവുകയും ചെയ്തു.[3] പദ്ധതി വീണ്ടും നടപ്പിലാക്കണമെന്ന ആവശ്യത്തോടെ വിമുക്തഭടൻമാർ സമരങ്ങൾ നടത്തി. 42 വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കു ശേഷം 2015 സെപ്റ്റംബർ 5-ന് 'ഒരേ റാങ്ക് ഒരേ പെൻഷൻ' പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. പ്രതിരോധ മന്ത്രി മനോഹർ പരീഖർ ആയിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.[1] 2013 കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന പദ്ധതിക്ക് 2014 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും.[2] സൈനികർക്കു വേണ്ടി പ്രഖ്യാപിക്കപ്പെട്ട OROP പദ്ധതിയ്ക്കായി റെയിൽവേ ജീവനക്കാരും പാരാമിലിട്ടറി ഉദ്യോഗസ്ഥരും ആവശ്യമുന്നയിച്ചിരുന്നു.[4].

ചരിത്രം

തിരുത്തുക
 
ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി നടപ്പിലാക്കുവാനായി മരണം വരെ നിരാഹാരസമരം നടത്തുന്ന വിമുക്തഭടൻമാർ

1973-നു മുമ്പ്

തിരുത്തുക

1973-നു മുമ്പ് ഇന്ത്യൻ സായുധസേനയിലെ ഉദ്യോഗസ്ഥർക്ക് 'ഒരു റാങ്ക്, ഒരു പെൻഷൻ' രീതിയിലായിരുന്നു പെൻഷൻ ലഭിച്ചിരുന്നത്. സർവ്വീസിലെ അവസാന ശമ്പളത്തിന്റെ എഴുപതു ശതമാനത്തോളം തുക പെൻഷനായി ലഭിച്ചിരുന്നു.[3]

1973-ലെ മൂന്നാം ശമ്പളക്കമ്മീഷന്റെ നിർദ്ദേശം

തിരുത്തുക

1973-ൽ മൂന്നാം ശമ്പളക്കമ്മീഷന്റെ നിർദ്ദേശപ്രകാരം സൈനികരുടെ പെൻഷൻ കുറയ്ക്കുവാൻ സർക്കാർ തീരുമാനിച്ചു. അവസാന ശമ്പളത്തിന്റെ 70% തുക പെൻഷനായി നൽകുന്നത് വെട്ടിക്കുറച്ച് 50 ശതമാനമാക്കി. അതോടെ മറ്റു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നത് പോലെ സൈനികർക്കും പെൻഷൻ ലഭിച്ചുതുടങ്ങി. സർവീസിൽ 33 വർഷം പൂർത്തിയാക്കുന്നവർക്കു മാത്രമേ ഫുൾപെൻഷൻ ലഭിക്കുകയുള്ളൂ.

സൈന്യത്തിൽ എന്നും യുവത്വം നിലനിർത്തുന്നതിനായി 'നേരത്തേയുള്ള വിരമിക്കൽ' പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഭൂരിഭാഗം സൈനികരും 33 വർഷങ്ങൾക്കുള്ളിൽ തന്നെ വിരമിക്കുന്നവരാണ്. അതിനാൽ തന്നെ ബഹുഭൂരിപക്ഷം സൈനികർക്കും ഫുൾ പെൻഷൻ ലഭിക്കാതെ വന്നു.

ശമ്പളക്കമ്മീഷന്റെ നിർദ്ദേശ പ്രകാരം പത്തുവർഷത്തിലൊരിക്കൽ സൈനികരുടെ ശമ്പളം വർദ്ധിപ്പിക്കുന്നുണ്ട്‌. സർവീസിലെ അവസാന ശമ്പളത്തിന്റെ പകുതി തുക പെൻഷനായി നൽകുന്നതിനാൽ പുതുതായി വിരമിക്കുന്നവർക്ക് , മുമ്പ് വിരമിച്ചവരെക്കാൾ കൂടുതൽ തുക പെൻഷനായി ലഭിക്കുന്നു. ഒരേ റാങ്കും ഒരേ സർവ്വീസ് കാലയളവുമുണ്ടായിരുന്നിട്ടും നേരത്തേ വിരമിച്ചവർക്കു കുറഞ്ഞ പെൻഷൻ ലഭിക്കുന്ന സ്ഥിതി വന്നുചേർന്നു.

ഒരേ സേവനത്തിനു വ്യത്യസ്ത പെൻഷൻ നൽകുന്നത് ഒഴിവാക്കുവാനായി നിർദ്ദേശിക്കപ്പെട്ട ഒരു ആശയമാണ് 'ഒരേ റാങ്ക് ഒരേ പെൻഷൻ'. ഒരേ റാങ്കും ഒരേ സർവ്വീസ് കാലാവധിയുമുള്ളവർക്ക് തുല്യ പെൻഷൻ എന്നതാണ് ഇതിന്റെ അടിസ്ഥാനം.

1973-നു ശേഷം

തിരുത്തുക

മൂന്നാം ശമ്പളക്കമ്മീഷന്റെ നിർദ്ദേശം അംഗീകരിക്കുവാൻ സൈനികർ തയ്യാറായിരുന്നില്ല.'ഒരേ റാങ്ക് ഒരേ പെൻഷൻ' രീതി പുനഃസ്ഥാപിക്കുവാൻ അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുവാൻ അന്നത്തെ സർക്കാർ തയ്യാറായിരുന്നില്ല. 1973-നു ശേഷം നിലവിൽ വന്ന സർക്കാരുകളൊന്നും പദ്ധതി നടപ്പിലാക്കുവാൻ ശ്രമിച്ചിരുന്നില്ല. പദ്ധതി നടപ്പിലായാൽ കനത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കുമെന്ന ചിന്തയാണ് ഇതിനു തടസ്സമായി നിന്നത്.

വിമുക്തഭടൻമാർ 1973 മുതൽ തന്നെ OROP പദ്ധതിക്കുവേണ്ടി സമരം ആരംഭിച്ചു. 1982-ൽ കേണൽ ഇന്ദ്രജിത്ത് സിങ് ഓൾ ഇന്ത്യ എക്സ് സർവ്വീസ്മെൻ അസോസിയേഷൻ രൂപീകരിച്ചു സമരം ശക്തമാക്കി. [3] ഇന്ദിരാഗാന്ധി മുതൽ മൻമോഹൻ സിങ് വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരോടും പദ്ധതി നടപ്പിലാക്കുവാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

OROP പദ്ധതി നടപ്പിലാക്കുവാനായി വിമുക്തഭടൻമാർ ആരംഭിച്ച സമരം 2015-ൽ 42 വർഷങ്ങൾ പൂർത്തിയാക്കി. 2015 ജൂൺ 16-നു റിട്ട. മേജർ ജനറൽ സത്ബീർ സിങ്ങിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്ദറിൽ വിമുക്തഭടൻമാർ ആരംഭിച്ച സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സത്ബീർ സിങ് നയിക്കുന്ന എക്സ് സർവ്വീസ് മൂവ്മെന്റിലെ വിമുക്തഭടൻമാർ നിരാഹാരം ഉൾപ്പെടെയുള്ള സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.[5] [1] സമരം 83 ദിനങ്ങൾ പിന്നിട്ടപ്പോൾ OROP പദ്ധതി പ്രഖ്യാപിക്കുവാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. [1] അങ്ങനെ 2015 സെപ്റ്റംബർ 5ലെ അദ്ധ്യാപക ദിനത്തിൽ പ്രതിരോധമന്ത്രി മനോഹർ പരീഖർ സൈനികർക്കായി 'ഒരേ റാങ്ക് ഒരേ പെൻഷൻ' പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ വിശദമായ ഉത്തരവ് പിന്നീട് പുറത്തുവരുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.

പദ്ധതിയുടെ ആവശ്യകത

തിരുത്തുക

വിരമിക്കുന്ന വർഷത്തെ അവസാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പെൻഷൻ നിശ്ചയിക്കുന്നത്.

ഒരേ റാങ്കിൽ ഒരേ സർവ്വീസ് കാലയളവ് പൂർത്തിയാക്കി 2005-ലും 2015-ലും വിരമിച്ചവർക്ക് ലഭിക്കുന്ന പെൻഷൻ വ്യത്യസ്തമാണ്. കാരണം 2005-ലെയും 2015-ലെയും ശമ്പളം വ്യത്യസ്തമാണ്. ശമ്പള കമ്മീഷന്റെ നിർദ്ദേശപ്രകാരം പത്തു വർഷത്തിലൊരിക്കൽ ശമ്പളം വർദ്ധിപ്പിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ശമ്പളത്തിലുണ്ടാകുന്ന വ്യത്യാസം പെൻഷനിലുമുണ്ടാകുന്നു. കൂടുതൽ ശമ്പളമുള്ളവർക്ക് കൂടുതൽ പെൻഷൻ ലഭിക്കുന്നു. ഒരേ റാങ്കും ഒരേ സേവന കാലയളവും ഉണ്ടായിരുന്നിട്ടും 2005-ൽ വിരമിച്ചവർക്ക് 2015-ൽ വിരമിച്ചവരെക്കാൾ കുറഞ്ഞ പെൻഷനാണ് ലഭിക്കുന്നത്.

1996-നു മുമ്പ് വിരമിച്ച ശിപായിക്ക് 2006-ൽ വിരമിച്ച ശിപായിയെക്കാൾ 82% കുറവു പെൻഷനാണ് ലഭിക്കുന്നത്‌. മേജർമാരുടെ പെൻഷനിൽപ്പോലും 53%ത്തിന്റെ വ്യത്യാസമുണ്ട്.

ഒരേ സേവനത്തിനു വിവിധ പെൻഷൻ നൽകേണ്ടിവരുന്ന അവസ്ഥ ഇല്ലാതാക്കി പെൻഷനിൽ തുല്യത ഉറപ്പുവരുത്തുവാൻ 'ഒരേ റാങ്ക് ഒരേ പെൻഷൻ' പദ്ധതിയിലൂടെ കഴിയുന്നു. [1] [2]

സർക്കാർ അംഗീകരിച്ച പദ്ധതി

തിരുത്തുക

2015 സെപ്റ്റംബർ 5-നാണ് 'ഒരേ റാങ്ക്, ഒരേ പെൻഷൻ' പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്‌. പദ്ധതിയുടെ വിജ്ഞാപനം പുറത്തിറങ്ങിയത് 2015 നവംബർ 7-നായിരുന്നു.[6]. ഒരേ റാങ്കും ഒരേ സർവ്വീസ് കാലാവധിയുമുള്ള വിമുക്തഭടൻമാർക്ക് വിരമിച്ച തീയതി നോക്കാതെ തുല്യപെൻഷൻ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ പ്രത്യേകതകൾ ;

  • 2013 കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കി തുടങ്ങുന്ന പദ്ധതിക്കു 2014 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും.[7] 2013-ൽ സൈനികർക്കു നൽകിയിരുന്ന പെൻഷനിലെ ഏറ്റവും കൂടിയ തുകയുടെയും കുറഞ്ഞ തുകയുടെയും ശരാശരിയെ അടിസ്ഥാനമാക്കി പെൻഷൻ നിശ്ചയിക്കും. [7]
  • അഞ്ചുവർഷം കൂടുമ്പോൾ പെൻഷൻ തുക പുതുക്കി നിശ്ചയിക്കും. [2]
  • കുടിശ്ശിക നാലു തവണകളായി, ആറുമാസത്തെ ഇടവേളകളിൽ നൽകും. അന്തരിച്ച സൈനികരുടെ ഭാര്യമാർക്ക് കുടിശ്ശിക ഒറ്റത്തവണയായി നൽകും. [2]
  • കാലാവധി പൂർത്തിയാകും മുമ്പ് വിരമിക്കുന്ന സൈനികർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 സെപ്റ്റംബർ 6-നു പ്രഖ്യാപിച്ചിരുന്നു. [8]
  • നിലവിൽ പ്രതിരോധവകുപ്പിൽ പെൻഷനുവേണ്ടി നീക്കിവയ്ക്കുന്നത് 54,000 കോടി രൂപയാണ്. പദ്ധതി നടപ്പിലാകുമ്പോൾ വർഷം 8000 മുതൽ 10,000 കോടി രൂപവരെ അധികം ചെലവാകും. ഇത് കാലക്രമേണ വർദ്ധിക്കും. [2]
  • പദ്ധതിയുടെ നിർവ്വഹണത്തിനായി ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും. ആറു മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. [9]

നേട്ടങ്ങൾ

തിരുത്തുക
  1. ഒരേ റാങ്കുംഒരേ സർവ്വീസ് കാലയളവുമുള്ളവർക്ക് തുല്യ പെൻഷൻ ഉറപ്പുവരുത്തുന്നു.
  2. 2006-നുമുമ്പ് വിരമിച്ചവർക്ക് ഇപ്പോൾ വിരമിക്കുന്ന ജൂനിയർ ഓഫീസർമാരെക്കാളും കുറഞ്ഞ പെൻഷനാണ് ലഭിച്ചിരുന്നത്. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു.
  3. രാജ്യത്തെ 25 ലക്ഷം വിമുക്തഭടൻമാർക്കും ആറുലക്ഷം വീരാംഗനമാർക്കും (കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാർ) പദ്ധതിയുടെ പ്രയോജനം ലഭിക്കും. [1]

എതിർപ്പുകൾ

തിരുത്തുക

ഏറെ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന പദ്ധതി നടപ്പിലായെങ്കിലും വിമുക്തഭടൻമാർ നിരാശയിലാണ്. കാരണം അവർ ആവശ്യപ്പെട്ടിരുന്ന പല വ്യവസ്ഥകളും സർക്കാർ അംഗീകരിച്ചിട്ടില്ല. അതിനാൽ തങ്ങളുടെ സമരം ശക്തമായി തുടരുവാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

വിമുക്തഭടൻമാരുടെ ആവശ്യങ്ങൾ

തിരുത്തുക
  • പദ്ധതിക്ക് 2014 ഏപ്രിൽ 1 മുതൽ പ്രാബല്യം നൽകുക.
  • 2013-ലെ ഏറ്റവും ഉയർന്ന പെൻഷൻ തുകയെ അടിസ്ഥാനമാക്കി പെൻഷൻ നിശ്ചയിക്കുക.
  • ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പെൻഷൻ പുതുക്കുക.
  • പദ്ധതിയെ ശമ്പള കമ്മീഷന്റെ പരിധിയിൽ നിന്നും സ്വതന്ത്രമാക്കുക.
  • പദ്ധതി നടത്തിപ്പിനായി അഞ്ച് അംഗങ്ങളടങ്ങിയ കമ്മിറ്റിയെ നിയോഗിക്കണം. അതിൽ മൂന്ന് വിമുക്തഭടൻമാരുണ്ടായിരിക്കണം. ഒരു സൈനികനും പ്രതിരോധമന്ത്രി നിയമിക്കുന്ന ഒരുദ്യോഗസ്ഥനുമായിരിക്കണം മറ്റു രണ്ട് അംഗങ്ങൾ.
  • അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.
  • പദ്ധതി പ്രഖ്യാപിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കണം. [2] [5] [7]  വിജ്ഞാപനം പുറത്തിറക്കി.
  1. 1.0 1.1 1.2 1.3 1.4 1.5 'ഒരേ റാങ്ക്, ഒരേ പെൻഷൻ പ്രഖ്യാപിച്ചു; തർക്കം ബാക്കി.', മലയാള മനോരമ, 2015 സെപ്റ്റംബർ 6, കൊല്ലം എഡിഷൻ, പേജ്-1
  2. 2.0 2.1 2.2 2.3 2.4 2.5 2.6 'ഇനി ഒരേ റാങ്കിന് ഒരേ പെൻഷൻ', മാതൃഭൂമി, 2015 സെപ്റ്റംബർ 6, കൊല്ലം, പേജ്-1
  3. 3.0 3.1 3.2 3.3 'ഒരേ റാങ്ക്, ഒരേ പെൻഷൻ പ്രഖ്യാപിച്ചു', മലയാള മനോരമ, 2015 സെപ്റ്റംബർ 6, കൊല്ലം എഡിഷൻ, പേജ്-9
  4. 'Count us in, say railway employees', The Hindu, 2015 September 6, page-12
  5. 5.0 5.1 'Early retirees eligible for OROP : Modi, The Hindu, 2015 September 7, page-1, Trivandrum Edition
  6. 'ഒരേ റാങ്ക് ഒരേ പെൻഷൻ വിജ്ഞാപനമായി', മലയാള മനോരമ, 2015 നവംബർ 8, പേജ് 1, കൊല്ലം എഡിഷൻ.
  7. 7.0 7.1 7.2 'OROP rolled out, but veterans want more', The Hindu, 2015 September 6, page-1, Trivandrum Edition
  8. 'ഒരേ റാങ്ക് ഒരേ പെൻഷൻ ആനുകൂല്യം നേരത്തേ വിരമിച്ചവർക്കും; മോദി, മലയാള മനോരമ, 2015 സെപ്റ്റംബർ 7, പേജ്-1
  9. 'Veterans protest against 'diluted' OROP rollout' , The Hindu, 2015 September 6, page-12, Trivandrum Edition
"https://ml.wikipedia.org/w/index.php?title=ഒരേ_റാങ്ക്_ഒരേ_പെൻഷൻ&oldid=2580856" എന്ന താളിൽനിന്ന് ശേഖരിച്ചത്