ഭാരതീയ പാരമ്പര്യത്തിലെ തത്ത്വാന്വേഷണരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് ഐതരേയോപനിഷത്ത്. ദശോപനിഷത്തുകൾ എന്നറിയപ്പെടുന്ന പത്തു മുഖ്യ ഉപനിഷത്തുകളിൽ ഐതരേയും ഉൾപ്പെടുന്നു. ഋഗ്വേദത്തോടു ചേർന്നുള്ള ഐതരേയ ബ്രാഹ്മണത്തിന്റെ തുടർച്ചയായി വരുന്ന ഐതരേയാരണ്യകത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്.[1] ഐതരേയ ബ്രാഹ്മണത്തിന്റേയും ഐതരേയാരണ്യകത്തിന്റേയും കർത്താവായി കരുതപ്പെടുന്ന മഹിദാസ ഐതരേയനുമായി [ക]ബന്ധപ്പെടുത്തിയാണ് ഈ ഉപനിഷത്തിന്റെ പേരിനെ വിശദീകരിക്കാറുള്ളത്.[2]


സൃഷ്ടലോകത്തിന്റേയും ജീവന്റേയും ഉല്പത്തി-വികാസങ്ങളെ ലളിതവും നാടകീയവുമായി ചിത്രീകരിച്ച്, എല്ലാറ്റിലും കുടികൊള്ളുന്ന ആന്തരികസത്ത ആത്മാവാണെന്ന് സ്ഥാപിക്കുകയാണ് ഈ ഉപനിഷത്ത്.[1]

ഉള്ളടക്കം

തിരുത്തുക

ആകെ മൂന്നദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിലുള്ളത്. ആദ്യത്തെ ആദ്ധ്യായം മാത്രം മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. രണ്ടും മൂന്നും അദ്ധ്യായങ്ങളിൽ ഓരോ ഖണ്ഡങ്ങൾ വീതമേയുള്ളു.

ഒന്നാം അദ്ധ്യായം

തിരുത്തുക

ഒന്നാം ഭാഗം

തിരുത്തുക

ആദിയിൽ ഏകനായി സ്ഥിതിചെയ്ത ആത്മാവ് തന്റെ ഉണ്മയിൽ നിന്ന് ലോകങ്ങളെയെല്ലാം സൃഷ്ടിക്കുന്നതാണ് ഇവിടെ വിവരിക്കുന്നത്. അങ്ങനെ മുകളിലും താഴെയുമുള്ള ജലങ്ങളും, പ്രകാശവും, മരണവും സൃഷ്ടിക്കപ്പെട്ടു. പിന്നെ സൃഷ്ടിപാലകന്മാരെ ഉരുവാക്കാനായി ആത്മാവ് ജലങ്ങളിൽ നിന്ന് പുരുഷനെ സമാഹരിച്ച് രൂപം നൽകിയിട്ട് അവനുമേൽ ധ്യാനിച്ചപ്പോൾ മുട്ടവിരിയുമ്പോഴെന്ന പോലെ അവനിൽ വായ മുളച്ച് അതിൽ നിന്ന് വാക്കും, അഗ്നിയും പുറപ്പെട്ടു. അതുപോലെ മുളച്ച നാസാരന്ധ്രത്തിൽ നിന്ന് ശ്വാസവും വായുവും, കണ്ണുകളിൽ കാഴ്ചയും സൂര്യനും, ചെവികളിൽ നിന്ന് ശ്രവണവും ദിക്കുകളും, ത്വക്കിൽ നിന്ന് രോമങ്ങളും വൃക്ഷാദികളും ഹൃദയത്തിൽ നിന്ന് മനസ്സും ചന്ദ്രനും പൊക്കിളിൽ നിന്ന് ഉച്ഛ്വാസവും പുറപ്പെട്ടു. അതുപോലെ പ്രജനനേന്ദ്രിയവും അതിൽ നിന്ന് ജന്മകാരണമായ ജീവദ്രവവും ഉരുവെടുത്തു.

രണ്ടാം ഭാഗം

തിരുത്തുക

അങ്ങനെ ഉരുവാക്കപ്പെട്ട് ജലങ്ങളിൽ കഴിഞ്ഞ സൃഷ്ടിപാലകന്മാരായ ദേവന്മാർ‍‍, തങ്ങൾക്ക് വസിക്കാൻ ഇടവും ഭക്ഷണവും തരാൻ ആത്മാവിനോടപേക്ഷിച്ചു. ആത്മാവ് അവർക്കു മുൻപിൽ ആദ്യം ഒരു പശുവിന്റേയും പിന്നെ അശ്വത്തിന്റേയും രൂപങ്ങളെ കൊണ്ടുവന്നു. അതൊന്നും അവയെ തൃപ്തിപ്പെടുത്തിയില്ല. ഒടുവിൽ ഒരു മനുഷ്യരൂപം കൊണ്ടുവന്നപ്പോൾ അവർ ആഹ്ലാദിച്ച്, "ഇതാണ് ഞങ്ങൾ ആഗ്രഹിച്ചതെന്നു" പറഞ്ഞു. ആ ദേവന്മാർ മനുഷ്യരൂപത്തിൽ കുടികൊണ്ട് നാക്കും, ശ്രവണവും, കാഴ്ചയും, ഹൃദയവും, ത്വക്കും, പ്രജനനേന്ദ്രിയവും എല്ലാമായി.

മൂന്നാം ഭാഗം

തിരുത്തുക

പിന്നെ ആത്മാവ് ജലത്തിന്മേൽ ധ്യാനിച്ചപ്പോൾ ഭക്ഷണം രൂപപ്പെട്ടു. ഭക്ഷണം ഭയന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മനുഷ്യൻ അതിനെ വാക്കുകൾ കൊണ്ട് പിടിക്കാൻ നോക്കി. എന്നാൽ ഭക്ഷണത്തിന്റെ നാമം ഉരുവിട്ടതുകൊണ്ട് വിശപ്പകന്നില്ല. പിന്നെ അവൻ ഘ്രാണിച്ച് അതിനെ പിടിക്കാൻ നോക്കി. എന്നാൽ ഭക്ഷണത്തെ മണത്തതുകൊണ്ടും വിശപ്പകന്നില്ല. അതുപോലെ, ഭക്ഷണത്തെ നോക്കിയതുകൊണ്ടോ, അതിന്റെ പേര് കേട്ടതുകൊണ്ടോ, അതിനെ സ്പർശിച്ചതുകൊണ്ടോ, അതിനെക്കുറിച്ച് ഓർത്തതുകൊണ്ടോ വിശപ്പകന്നില്ല. പ്രജനനേന്ദ്രിയങ്ങളുടെ പ്രവർത്തനം കൊണ്ടും വിശപ്പടക്കാനായില്ല. ഒടുവിൽ അധപ്രാണനായ ദഹനത്തിന്റെ നിശ്വാസം കൊണ്ട് ഭക്ഷണത്തെ പിടിച്ചെടുത്തപ്പോൾ വിശപ്പകന്നു.


പിന്നെ ആത്മാവ് ചിന്തിച്ചു: "ഇവയ്ക്ക് ഞാനില്ലാതെ എങ്ങനെ നിലനിൽക്കാനാകും. ഇവ, വാക്കു കൊണ്ടു സംസാരിക്കുകയു, കണ്ണുകൊണ്ടു കാണുകയും, ചെവി കൊണ്ടു കേൾക്കുകയും, നാസിക കൊണ്ട് ഘ്രാണിക്കുകയും മറ്റും ചെയ്യുമ്പോൾ എന്റെ പങ്കെന്താണ്?" ഒടുവിൽ മൂർദ്ധാവിലെ കവാടത്തിലൂടെ അകത്തുകടന്ന ആത്മാവ് ബോധത്തിന്റെ മൂന്നു തലങ്ങളിലും വാസമുറപ്പിച്ചു.

"ദൈവങ്ങൾ തിരശീലക്കുമറയിൽ കഴിയാനിഷ്ടപ്പെടുന്നു; അതേ, അവർ തിരശീലയ്ക്കു മറയിൽ കഴിയാൻ ഇഷ്ടപ്പെടുന്നു" എന്നാണ് ഒന്നാം അദ്ധ്യായത്തിനൊടുവിലെ വരികൾ.

രണ്ടാം അദ്ധ്യായം

തിരുത്തുക

പുരുഷന്റെ അംഗങ്ങളിലെ ശക്തികൾ ചേർന്നുണ്ടാകുന്ന ജീവദ്രവം സ്ത്രീയുടെ ഗർഭത്തിൽ ശിശുവായി രൂപപ്പെടുന്നതിനെക്കുറിച്ചാണ് ഈ ഭാഗം. അമ്മയുടെ അംശമായ ശിശുവിനെ അമ്മ സം‌രക്ഷിക്കുന്നു. ജനനത്തിനു മുൻപും പിൻപും അച്ഛൻ ശിശുവിൽ സ്നേഹം ചൊരിയുന്നു. മാതാപിതാക്കളുടെ ആത്മാവു തന്നെയായ ശിശു രണ്ടാം ജന്മമായി അവരുടെ പരമ്പരയെ മുന്നോട്ടു നയിക്കുന്നു. അമ്മയുടെ ഉദരത്തിൽ ആയിരിക്കെ എല്ലാ ജ്ഞാനങ്ങളും ആർജ്ജിച്ച് അറിവിന്റെ തികവിൽ ജനിച്ച വാമദേവന്റെ കഥയാണ് ഈ അദ്ധ്യായത്തിനൊടുവിൽ.


ഗർഭധാരണത്തേയും ജനനത്തേയും മറ്റും സംബന്ധിച്ച ഈ അദ്ധ്യായത്തിന്റെ തുടക്കം അപക്രമന്തു ഗർഭിണ്യ: എന്ന കൗതുകകരമായ നിർദ്ദേശത്തോടു കൂടിയാണ്. "ഗർഭിണികൾ പുറത്തുപോയാലും" എന്നാണ് ഇതിനർത്ഥം. പുരാതനഭാരതത്തിലെ ആത്മവിദ്യാപ്രബോധനങ്ങളിൽ സ്ത്രീകളും പങ്കെടുത്തിരുന്നു എന്നതിന് തെളിവായി ഈ നിർദ്ദേശം ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. പ്രബോധനത്തിന്റെ ഒരു ഭാഗത്തിന്റെ സങ്കീർണ്ണത പരിഗണിച്ച് അതിൽ നിന്ന് ഗർഭിണികളെ മാത്രം ഒഴിവാക്കി. അടുത്ത അദ്ധ്യായം തുടങ്ങുന്നത് ഗർഭിണികളെ സദസിൽ തിരികെ വരുവാൻ അനുവദിക്കുന്ന യഥാസ്ഥാനം ഗർഭിണ്യ: എന്ന നിർദ്ദേശത്തോടെയാണ്.[2]

മൂന്നാം അദ്ധ്യായം

തിരുത്തുക

നാം ധ്യാനിക്കുന്ന ആത്മാവ് ആരാണെന്ന അന്വേഷണമാണ് ഈ അദ്ധ്യായത്തിൽ. കാണാനും, കേൾക്കാനും, ഘ്രാണിക്കാനും, രുചിക്കാനും, ഉരുവിടാനും, അറിയാനും, ചിന്തിക്കാനും, ഓർമ്മിക്കാനും, ആശിക്കാനും, സ്നേഹിക്കാനും നമ്മെ സഹായിക്കുന്ന സ്വത്വമല്ല ആത്മാവ്. അത്തരം പ്രവർത്തനങ്ങളിൽ നമ്മെ സഹായിക്കുന്ന ശക്തികൾ ആത്മാവിന്റെ സേവകന്മാർ മാത്രമാണ്. എല്ലാ ദേവന്മാരിലും പഞ്ചഭൂതങ്ങളിലും കുടികൊള്ളുന്ന ശുദ്ധബോധമായ പ്രജ്ഞയാണ് ആത്മാവ്. പ്രജ്ഞ ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തെ അറിയുന്നവർ ആനന്ദത്തിൽ ജീവിക്കുകയും മരണത്തെ കടന്നുപോവുകയും ചെയ്യുന്നു എന്ന പ്രഖ്യാപനത്തിലാണ് ഈ ഉപനിഷത്ത് സമാപിക്കുന്നത്.

കുറിപ്പുകൾ

തിരുത്തുക

ക. ^ ഐതരേയൻ ഇതര എന്ന ശൂദ്രസ്ത്രീയുടെ മകനായിരുന്നെന്ന് പറയപ്പെടുന്നു.[2]

  1. 1.0 1.1 ഐതരേയോപനിഷത്ത്, ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ(പ്രസാധനം: പെൻഗ്വിൻ)
  2. 2.0 2.1 2.2 തത്ത്വമസി, സുകുമാർ അഴീക്കോട്(പ്രസാധനം: കറന്റ് ബുക്ക്സ് തൃശൂർ)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഐതരേയോപനിഷത്ത്

"https://ml.wikipedia.org/w/index.php?title=ഐതരേയോപനിഷത്ത്&oldid=2309843" എന്ന താളിൽനിന്ന് ശേഖരിച്ചത്