ആപ്ലിക്കേഷൻ സിസ്റ്റം/400
ഐ.ബി.എം വിപണിയിലിറക്കുന്ന മിഡ്‌റേഞ്ച് ബിസിനസ്സ് കംപ്യൂറ്റർ ശ്രേണിയുടെ പൊതുവായ പേരാണ് ആപ്ലിക്കേഷൻ സിസ്റ്റം/400 അഥവാ ഏ.എസ്/400(AS/400).1988-ൽ ആണ് ആദ്യമായി ഏ.എസ്/400 വിപണിയിലിറങ്ങിയത്. ഐ.ബി.എം-ന്റെ മുൻകാല സെർവർ പ്ലാറ്റ്ഫോമുകളായ സിസ്റ്റം/36, സിസ്റ്റം/38 എന്നിവയുടെ പ്രത്യേകതകൾ സംയോജിപ്പിച്ചാണ് ഏ.എസ്/400 വികസിപ്പിച്ചിരിക്കുന്നത്.ചെറു ബിസിനസ്സ് സംരംഭങ്ങൾക്കു വേണ്ടിയുള്ള മെയിൻഫ്രെയിം കംപ്യൂറ്റർ എന്ന രീതിയിൽ രൂപകല്പന ചെയ്യപ്പെട്ട ഏ.എസ്/400, ഒ.എസ്/400 എന്നു പേരുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഏ.എസ്/400-ന്റെ പ്രധാന പ്രത്യേകത, സിസ്റ്റവുമായി എകോപിപ്പിച്ചിട്ടുള്ള ഡാറ്റാബേസ് എന്ന ആശയമാണ്.ഡി.ബി2/400 എന്ന ഡാറ്റാബേസ് ഏ.എസ്/400 പ്ലാറ്റ്ഫോമിൽ സംയോജിപ്പിച്ചാണ് ഐ.ബി.എം വിതരണം ചെയ്യുന്നത്.റിപ്പോർറ്റ് പ്രോഗ്രാം ജനറേറ്റർ അഥവാ ആർ.പി.ജി, കൊബോൾ തുടങ്ങിയവയാണ് ഏ.എസ്/400-ൽ ഉപയോഗിക്കാവുന്ന പ്രമുഖ പ്രോഗ്രാമിങ് ഭാഷകൾ.
പരിണാമം
തിരുത്തുക1995-ൽ ഏ.എസ്/400, കോംപ്ലെക്സ് ഇൻസ്ട്രക്ഷൻ സെറ്റ് കംപ്യൂറ്റർ മാതൃകയിൽ നിന്നും റെഡ്യൂസ്ഡ് ഇൻസ്ട്രക്ഷൻ സെറ്റ് കംപ്യൂറ്റർ മാതൃകയിലേക്ക് രൂപാന്തരം പ്രാപിച്ചു.2000-ൽ ഐ.ബി.എം, ഏ.എസ്/400 കംപ്യൂറ്റർ ശ്രേണിയെ ഈ സെർവർ ഐ സീരീസ് എന്നു പുനർനാമകരണം ചെയ്തു.2004-ൽ ഐ.ബി.എം, തങ്ങളുടെ പവർ5 മൈക്രോപ്രോസസ്സർ ഉപയോഗിക്കുന്ന ആദ്യത്തെ ഏ.എസ്/400 ശ്രേണിയായ ഈ സെർവർ ഐ5 പുറത്തിറക്കി. ഐ5/ഒ.എസ് ആണ് ഈ സെർവർ ഐ5-ൽ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.2006-ൽ പവർ5+ മൈക്രോപ്രോസസ്സർ ഉപയോഗിക്കുന്ന ഐ.ബി.എം സിസ്റ്റം ഐ ശ്രേണി പുറത്തിറങ്ങി. ഏപ്രിൽ 2008-ൽ ഐ.ബി.എം സിസ്റ്റം ഐ ശ്രേണിയും തങ്ങളുടെ സിസ്റ്റം പി ശ്രേണിയുമായുള്ള സംയോജനം പ്രഖ്യാപിച്ചു. പുതിയ ഏകീകൃത കംപ്യൂറ്റർ ശ്രേണിയുടെ പേരാണ് ഐ.ബി.എം പവർ സിസ്റ്റംസ്. ഒ.എസ്/400 അഥവാ ഐ5/ഒ.എസ് എന്നറിയപ്പെട്ടിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഐ.ബി.എം ഐ എന്നു വീണ്ടും പുനർനാമകരണം ചെയ്യപ്പെട്ടു. മുൻകാല പതിപ്പുകൾ ഒ.എസ്/400 മാത്രം ഉപയോഗിക്കുന്നവയായിരുന്നെങ്കിൽ ഐ.ബി.എം പവർ സിസ്റ്റംസിൽ എ.ഐ.എക്സ്, വിൻഡോസ്,ലിനക്സ്,ഐ.ബി.എം ഐ തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വ്യത്യസ്ത വിഭജനങ്ങളിലായി ഉപയോഗിക്കുവാനുള്ള സൗകര്യം ലഭ്യമാണ്