ഏലപ്പാറ
ഏലപ്പാറ ഇൻഡ്യയിൽ കേരള സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ ഒരു പഞ്ചായത്തും ഗ്രാമവുമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ (3,300 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സുഖശീതളമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പ്രസിദ്ധമായ ഏലപ്പാറ സന്ദർശകരെ അതിശയിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുന്നു.കുടിയേറ്റ പട്ടണമായ ഏലപ്പാറ രൂപപ്പെടുന്നതിന് മുൻപ് അടുത്ത് തന്നെയുളള ബോണാമി ആയിരുന്നു അന്നത്തെ ചന്ത.കുറെ വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ പ്ലേഗ് പടർന്നു പിടിച്ചതിൻ്റെ ഭാഗമായി ബോണാമി പ്രദേശത്തും പ്ലേഗ് ബാധിക്കുകയും അന്നത്തെ ബ്രിട്ടീഷ് പ്ലാൻ്റർമാർ രോഗം ബാധിച്ച ആളുകളെ ഒരു സ്ഥലത്ത് കൂട്ടമായി താമസിപ്പിച്ച് രാത്രിയിൽ പെട്രോൾ ഒഴിച്ചു കത്തിച്ചു പ്ലേഗ് നിയന്ത്രണവിധേയമാക്കി. അതിനു ശേഷം മാർക്കറ്റ് അവിടെ നിന്നും ഇപ്പോഴത്തെ ഏലപ്പാറ പ്രദേശത്തേക്ക് മാറുകയായിരുന്നു എന്നാണ് ചരിത്രം.ഏലപ്പാറക്ക് ചുറ്റുമായി വലുതും ചെറുതുമായ അനേകം തേയില തോട്ടങ്ങൾ സ്ഥിതിചെയ്യുന്നു. അതിൽ ഭൂരിഭാഗവും സ്ഥാപിച്ചത് ബ്രിട്ടീഷുകാരായിരുന്നു.
ഏലപ്പാറ | |
---|---|
പട്ടണം | |
മലയോര ഹൈവേയിൽ നിന്നുള്ള ഏലപ്പാറ പട്ടണത്തിന്റെ കാഴ്ച്ച | |
Coordinates: 9°37′0″N 76°58′0″E / 9.61667°N 76.96667°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | പീരുമേട് |
പഞ്ചായത്ത് | ഏലപ്പാറ |
• ആകെ | 88.48 ച.കി.മീ.(34.16 ച മൈ) |
ഉയരം | 1,050 മീ(3,440 അടി) |
(2011) | |
• ആകെ | 18,714 |
• ജനസാന്ദ്രത | 210/ച.കി.മീ.(550/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
• പ്രാദേശികം | മലയാളം, തമിഴ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685501 |
ടെലിഫോൺ കോഡ് | 04868 |
വാഹന റെജിസ്ട്രേഷൻ |
|
ലോക്സഭാ മണ്ഡലം | ഇടുക്കി |
നിയമസഭാ മണ്ഡലം | പീരുമേട് |
സ്ത്രീപുരുഷാനുപാതം | 0.98 ♂/♀ |
കൂടാതെ തോട്ട നിർമ്മാണവുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊന്നാണ് കുട്ടിക്കാനത്തിനടുത്ത് പള്ളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ്ജ് CSI പള്ളി. ഇത് പഴയകാല ബ്രിട്ടീഷ് ചർച്ച് ആയിരുന്നു. ഏലപ്പാറയുടെ പരിസര പ്രദേശങ്ങളിലെ തേയില തോട്ടങ്ങൾ ഉണ്ടാക്കിയതിൽ പങ്കാളികളായ പല ബ്രിട്ടീഷ് പ്രമുഖരും ഈ പള്ളിയുടെ സെമിത്തേരിയിൽ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തേയിലത്തോട്ട മേഖല തന്നെയാണ് ഏലപ്പാറയും. കൂടാതെ കാപ്പി, കുരുമുളക്, ഏലം, തുടങ്ങി ധാരാളം സുഗന്ധവ്യഞ്ജന വിളകളും ഈ പ്രദേശത്ത് ഉള്ള ചെറുകിട കർഷകർ വ്യാപകമായി കൃഷി ചെയ്തു വരുന്നു. വളരെയധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശങ്ങളിൽ നിലവിലുണ്ട്. ആശുപത്രികളുടെ അപര്യാപ്തത ഇപ്പോഴും പ്രകടമാണ് എന്നൊരു ന്യൂനതയുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ വളരെ അടുത്താണ്. പ്രശസ്തമായ കോഴിക്കാനം കുരിശുമലയും സമീപത്ത് തന്നെയാണ്.ഹെലിബറിയ എന്ന സ്ഥലത്തെ ശുദ്ധജല വിതരണ പദ്ധതി കേരളത്തിലെ തന്നെ വലിയ കുടിവെള്ള പദ്ധതികളിൽ ഒന്നാണ്.സമീപ പ്രദേശങ്ങളിലെ വാഗമൺ, ഏലപ്പാറ, മഞ്ചുമല, പീരുമേട്, പെരുവന്താനം, കൊക്കയാർ വില്ലേജുകളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
മലയോരത്തിന്റെ മനോഹാരിതയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഹൈറേഞ്ച് പ്രദേശമാണ് ഏലപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് ആയിരത്തിലധികം മീറ്റർ ഉയരത്തിലുള്ള വളരെ വിശാലവും നിബിഡവുമായ ഈ പ്രദേശത്തിനു ഭൂപ്രകൃതിപരമായി ഒട്ടനവധി പ്രത്യേകതകളുണ്ട്. 192 ച.കി.മീ. ഭൂവിസ്തൃതിയുള്ള പഞ്ചായത്തിനെ കാത്തു സൂക്ഷിക്കുന്ന സഹ്യസാനുക്കളിലെ ഏറ്റവും ഉയർന്ന അണ്ണൻ തമ്പി മലകളും ജലാശയങ്ങളും തണുപ്പുകൊണ്ട് വേനലിൽ പോലും താടി ഇടിക്കുന്ന വാഗമൺ പ്രദേശങ്ങളും കോലാഹലമേട്ടിലെ അതിവിശാലമായ മൊട്ടക്കുന്നുകളും മഞ്ഞുമൂടിയ മലഞ്ചെരിവുകളും പ്രകൃതിയുടെ വരദാനമായ നീരുറവകളും വെടിക്കുഴി, ഏലപ്പാറ അരുവികളും വളഞ്ഞ് പുളഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന റോഡുകളും എല്ലാമെല്ലാം കൂടിക്കലർന്ന പ്രകൃതി സൌന്ദര്യത്തിന്റെ പറുദീസയാണിവിടം. സുഖവാസ കേന്ദ്രമായ പീരുമേട്ടിലെ കുട്ടിക്കാനത്തുനിന്നും വന്യമൃഗസംരക്ഷണ കേന്ദ്രമായ തേക്കടിക്കും മുല്ലപ്പെരിയാർ അണക്കെട്ടിനും വളരെ അടുത്തായിട്ടാണ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയം ബോണാമിയിലെ ലുഥർ മിഷൻ പള്ളിയാണ്. ആദ്യത്തെ ഹൈന്ദവ ദേവാലയം ഉപ്പുകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. ഹൈറേഞ്ചിലെ തോട്ടവ്യവസായത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏലപ്പാറ പഞ്ചായത്തിൽ നിന്നാണ്. നിബിഡവനങ്ങളും ജൈവസമ്പത്തും കൊണ്ട് അനുഗ്രഹീതമായിരുന്നു ഈ ഭൂപ്രദേശം. പഞ്ചായത്തിലെ ഉപ്പുകുളത്തുനിന്നാണ് മണിമലയാർ ആരംഭിക്കുന്നത്. മീനച്ചിലാറിന്റെ ഉത്ഭവം കോലാഹലമേട് വാർഡിന്റെ അതിർത്തിയിൽ നിന്നാണ്. ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ നിന്ന് ജോൺ ദാനിയൽ മൺറോ ആണ് ഇന്നത്തെ ഇടുക്കി ജില്ലയിലെ തോട്ട വ്യവസായത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയത്. തോട്ടവ്യവസായം പഞ്ചായത്തിന്റേയും പീരുമേട് താലൂക്കിന്റേയും മുഖഛായ മാറ്റി. മൺറോയുടെ ശവകുടീരം പള്ളിക്കുന്ന് CSI പള്ളി സെമിത്തേരിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുത്തുക1836 ൽ ഒരു സി.എം.എസ് മിഷണറിയായിരുന്ന ഹെന്റി ബേക്കറുടെ നേതൃത്വത്തിൽ വേമ്പനാട് മേഖല വെട്ടിത്തെളിച്ചതുമുതലാണ് ഇന്നത്തെ ഏലപ്പാറയുടെ ചരിത്രം ആരംഭിക്കുന്നത്. ഹൈറേഞ്ചിലെ ആദ്യം സ്ഥാപിതമായ തേയിലത്തോട്ടം ടൈഫോർഡ് എസ്റ്റേറ്റും ആദ്യ പ്ലാന്റേഷൻ പെൻഷ്വാറാസ്റ്റും ആയിരുന്നു. ഇവ രണ്ടും ഏലപ്പാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കൊല്ലവർഷത്തിൽ ഏലപ്പാറ ഉൾപ്പെട്ടിരുന്ന പ്രദേശം തെക്കുംകൂർ രാജവംശത്തിന്റെ ഭാഗവും പിന്നീട് പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകനായിരുന്ന മാനവിക്രമ കുലശേഖപ്പെരുമാളിന്റെ ആധിത്യത്തിലുമായിത്തീർന്നു. ഐതിഹ്യപ്രകാരം മാനവിക്രമൻ തന്റെ പൂഞ്ഞാറിലേയ്ക്കുള്ള യാത്രാമദ്ധ്യേ കോലാഹലമേടിനു സമീപമുള്ള തങ്ങൾപാറയിൽ വിശ്രമിച്ചിരുന്നുവെന്നാണ്.
ചരിത്രത്തെ സൂചിപ്പിക്കുന്ന മീനാക്ഷി (പാർവ്വതി ദേവിയുടെ അവതാരം) പ്രതിഷ്‌ഠകളുടെ അവശിഷ്ടങ്ങൾ ഇവിടെയുള്ള പാറകളിൽ ഇന്നും കാണാവുന്നതാണ്. 1870 കളിൽ വിവിധ പ്ലാന്റേഷനുകൾ ഈ മേഖലയിൽ ഉയർന്നുവന്നു. ഇക്കാലങ്ങളിലെല്ലാം തോട്ടം ഉടമകൾ ഇവിടെ കുതിരപ്പുറത്താണ് എത്തിയിരുന്നത്. ഇവിടെ കൃഷിചെയ്തിരുന്ന തേയില പീരുമേട് ഹൈബ്രിഡ് ടീ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചൈനയിൽ നിന്നും ഉത്ഭവിച്ച തേയിലയിനമായിരന്നു. 1896 ആയപ്പോഴേക്കും പ്രദേശം പൂർണ്ണമായും തേയില കൃഷിക്ക് ഉപയോഗിക്കപ്പെട്ടു. പിന്നീട് 1900-കളിൽ ഈ പ്ലാന്റേഷനുകളിൽ ജോലി ചെയ്തിരുന്ന ആളുകൾ ഇവിടെ സ്ഥിരതാമസമാക്കി. ഇവിടെ ആരംഭിച്ച ആദ്യത്തെ വിദ്യാലയം ടൈഫോർഡ് എസ്റ്റേറ്റ് L.P.S. ആണ്.