ഏബ്രഹാം അറക്കൽ

വിവിധ കോളേജുകളിൽ പ്രിൻസിപ്പാൾ

സദ്വാർത്ത ഇൻഡ്യൻ കമ്മ്യുണിക്കേറ്റർ എന്നീ പത്രങ്ങളുടെ പത്രാധിപരും കേരളത്തിലെ വിവിധ കോളേജുകളിൽ പ്രിൻസിപ്പാളും(പാലക്കാട് ഗവണ്മെൻ്റ് വിക്ടോറിയ കോളേജ്ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്) ആയിരുന്നു) പ്രൊഫസർ ഏബ്രഹാം അറക്കൽ (മാർച്ച് 4, 1937 – ജനുവരി 16, 2024

ഷെവലിയാർ പ്രൊഫസർ ഏബ്രഹാം അറക്കൽ
ജനനംമാർച്ച് 4, 1937
മരണംജനുവരി 16, 2024
ദേശീയതഭാരതീയൻ
തൊഴിൽഅദ്ധ്യാപകൻ
അറിയപ്പെടുന്നത്അദ്ധ്യാപകൻ പത്രാധിപർ എഴുത്തുകാരൻ

ജീവിതരേഖ

തിരുത്തുക

എം.എൽ.എ.യും അഭിഭാഷകനുമായിരുന്ന ആലപ്പുഴ ചെത്തിയിലെ ഈപ്പൻ അറയ്ക്കലിൻറെയും ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ഏലിയാമ്മ ഈപ്പൻറെയും മൂത്തപുത്രനായി 1937 മാർച്ച് 4ന് ജനനം. സ്കൂൾ വിദ്യാഭ്യാസം ആലപ്പുഴ സനാതന ധർമ്മശാലയിൽ ആയിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്നും പ്രീ യൂണിവേഴ്സിറ്റി പാസ്സായി. ബിരുദപഠനത്തിനായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ്സ് കോളേജിൽ ചേർന്നു. 1958 ൽ അവിടെ നിന്നും ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് നേടിയതിനെ തുടർന്ന് മദ്രാസ് ലയോള കോളേജിൽ അധ്യാപനം ആരംഭിച്ചു.

അധ്യാപനജീവിതം

തിരുത്തുക

1958 ൻറെ അന്ത്യപാദത്തിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ അധ്യാപകനായി. 1959 ൽ കേരളത്തിലെ സർക്കാർ കോളേജുകളിലേയ്ക്ക് നിയമനം ലഭിച്ചു. തിരുവനന്തപുരം റീജിയണൽ എഞ്ചിനിയറിംഗ് കോളേജിൽ പഠിപ്പിക്കവേ ഹോസ്റ്റൽ വാർഡനായും പ്രവർത്തിച്ചു. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനനപുരം എഞ്ചിനിയറിംഗ് കോളേജ്, തൃപ്പുണിത്തുറ സംസ്കൃത കോളേജ്, കാസർകോഡ് ഗവൺമെൻ്റ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപനം നടത്തി..

പ്രധാനപ്രവ‍ർത്തന മേഖലകൾ

തിരുത്തുക

1975 ൽ ഗവൺമെൻ്റ് കോളേജ് അധ്യാപകരുടെ പ്രതിനിധിയായി കേരള സർവ്വകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അസ്സോസിയേഷൻ ഓഫ് കേരള ഗവൺമെൻ്റ് കോളേജ് ടീച്ചേഴ്സിൻറെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് ഒരേസമയം രണ്ട് യൂണിവേഴ്സിറ്റികളുടെ (കേരള & കാലിക്കറ്റ്) സെനറ്റ് അംഗമായി പ്രവർത്തിക്കാനുള്ള അപൂർവ്വഭാഗ്യം ലഭിച്ചു. 1979 ഗവൺമെൻ്റ് കോളേജ് അധ്യാപക സംഘടനയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് സംഘടനയിൽ നിന്ന് രാജിവെച്ച് ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ,

കേരള എന്ന സംഘടനയ്ക്ക് രൂപം നൽകി, സ്ഥാാപക പ്രസിഡൻറായി പ്രവർത്തിച്ചു. 1991 മുതൽ 1995 വരെ കോഴിക്കോട് സർവ്വകലാശാലയിൽ തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റ് അംഗമായി സേവനമനുഷ്ഠിച്ചു. കേരള യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള, കാലിക്കറ്റ് ഏകീകൃത ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പരീക്ഷാബോർഡ് ചെയർമാൻ, പഞ്ചവത്സരപദ്ധതി ഹയർ എഡ്യൂക്കേഷൻ ടാസ്ക് ഫോഴ്സ് അംഗം എന്നിവ സജീവ പങ്കാളിയായി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗവേണിംഗ് ബോർഡ് അംഗമായി ദീർഘകാലം പ്രവർത്തിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ എന്നിവിടങ്ങളിലെ ഗവേണിംഗ് ബോഡി അംഗമായും പ്രവർത്തിച്ചു. കേരള പ്രൈവറ്റ് മാനേജ്മെൻ്റ് കോളേജ് അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് സ്ഥാനം 1995 മുതൽ ദീർഘകാലം വഹിച്ചു. ആലപ്പുഴ ജവഹർ ബാലഭവൻ ഭരണസമിതിയംഗം, അമ്പലപ്പുഴ കുഞ്ചൻ സ്മാരക ഭരണസമിതി വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് (ഭാഷാ ഇൻസിറ്റിറ്റ്യൂട്ട്) ഗവേണിഗ് കൗൺസിൽ അംഗം എന്നീ നിലകളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചു. 1993 മുതൽ 1999 വരെ കത്തോലിക്ക കോളേജുകളുടെ ദേശീയ മേൽനോട്ട സമിതിയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയിൽ അംഗമായിരുന്നു..>

ഭൗതികശാസ്ത്ര അധ്യാപകൻ എന്നതിൽ മാത്രം ഒതുങ്ങാതെ ആഴമേറിയ ധൈഷണിക പ്രതിബദ്ധത അദ്ദേഹത്തെ മികച്ച ഒരു ചരിത്രാന്വേഷകനാക്കി മാറ്റി. 1599 ലെ ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസിൻറെ കാനോനകളെ ആസ്പദമാക്കി ‘മുഖരേഖ’യിൽ എഴുതിയ ലേഖന പരമ്പര അനുവാചകർക്കിടയിലും കേരളത്തിൻ്റെ പൊതുസമൂഹത്തിലും ഏറെ ചർച്ചകൾക്ക് വഴിവെച്ചു.പാർശ്വവീക്ഷണത്തിലെ ചില കുറിപ്പുകൾ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ്റെ പ്രാരംഭകാലം (1972) മുതൽ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ധൈഷണിക പ്രതിഭയായിരുന്നു പ്രൊഫ അബ്രഹാം അറക്കൽ. കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡണ്ടായും ആലപ്പുഴ രൂപതാ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ്റെ രൂപീകരണത്തിൽ പങ്കാളിത്തം വഹിക്കാനും, തൻ്റെ ജീവിതാന്ത്യം വരെ അതിൻ്റെ ഭാരവാഹിയായി തുടരാനും പ്രൊഫസർ അബ്രാഹത്തിന് സാധിച്ചു. കെ. ആർ. എൽ.സി. സി.യുടെ തുടക്കം (2002) മുതൽ അംഗമായിരുന്നു. കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ നയരൂപീകരണത്തിനുള്ള തിങ്ക് ടാങ്കുകളിലൊരാളായി അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അജപാലന സമിതിയായ ഇന്ത്യൻ കാത്തലിക്ക് കൗൺസിലിൻ്റെ വൈസ് പ്രസിഡണ്ടായി (2006 -2009) പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക – സഭാ പ്രവർത്തനത്തിനുള്ള അംഗീകാരമായി പ്രൊഫസർ എബ്രഹാം അറക്കലിനെ 2007 ൽ ഷെവലിയർ പദവിയിലേക്ക് ബെനഡിക്ട് പതിനാറാമൻ പാപ്പ ഉയർത്തുകയുണ്ടായി. 2016-ൽ കെ.ആർ. എൽ. സി. സി. ഗുരുശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചു.

2024 ജനുവരി 16 ന് അന്തരിച്ചു. [1]

  1. https://www.frfirmusfoundation.com/%e0%b4%b7%e0%b5%86%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%8a%e0%b4%ab-%e0%b4%8f%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82/
"https://ml.wikipedia.org/w/index.php?title=ഏബ്രഹാം_അറക്കൽ&oldid=4133222" എന്ന താളിൽനിന്ന് ശേഖരിച്ചത്