ഏജന്റ് ബ്ലൂ
വളരെ ശക്തിയേറിയ ഒരു കളനാശിനിയാണ് ഏജന്റ് ബ്ലൂ (CH3)2AsOOH. കക്കോഡൈലിനെ ഓക്സീകരണത്തിന് വിധേയമാക്കിയാണ് ഏജന്റബ്ലൂ എന്നറിയപ്പെടുന്ന കക്കോഡൈലിക് ആസിഡ് നിർമ്മിക്കുന്നത്. ഇതിന് വളരെ സ്ഥിരതയുള്ള ആസിഡിന്റെ സ്വഭാവമാണുള്ളത്. അമേരിക്കൻ പട്ടാളം വിയറ്റ്നാം യുദ്ധത്തിന്റെ ഭാഗമായി നടത്തിയ കളനാശിനിയുദ്ധത്തിൽ ഉപയോഗിച്ച രാസസംയുക്തമാണ് ഏജന്റ് ബ്ലൂ. വിയറ്റ്നാം യുദ്ധത്തിലുപയോഗിച്ച മഴവിൽ കളനാശിനികളിലൊന്നാണ് എജന്റ് ബ്ലൂ. മലയൻ അടിയന്തരാവസ്ഥയിൽ ബ്രിട്ടീഷ് പട്ടാളം ഉപയോഗിച്ച കളനാശിനികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കൻ പട്ടാളം മഴവിൽ കളനാശിനികൾ വികസിപ്പിച്ചെടുത്തത്. ഇത് സൂക്ഷിച്ചിരുന്ന ബാരലുകളിൽ നീല നിറത്തിലുള്ള വരകൾ വരച്ചിരുന്നതിൽനിന്നാണ് ഏജന്റ് ബ്ലൂ എന്ന പേർ വന്നത്. വിയറ്റ്നാമിലെ അമേരിക്കൻ പട്ടാളത്തിന്റെ ഇടപെടലിൽ തുടക്കം മുതലുള്ള രീതിയായിരുന്നു അരി ഇല്ലാതാക്കുക എന്നുള്ളത്. ആദ്യം അമേരിക്കൻ പട്ടാളം വിയറ്റ് നാമിലെ പാടങ്ങശേഖരങ്ങളും അരിസംഭരണശാലകളും തീയിടുകയും ഗ്രനേഡുകളുപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു. എന്നാൽ നെല്ല് വീണ്ടും കൃഷിചെയ്യപ്പെടുകയും നശിപ്പിക്കൽ എളുപ്പമല്ലാതാവുകയും ചെയ്തു.