എ.റ്റി. ഉമ്മർ

(എ ടി ഉമ്മർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രമുഖ ചലച്ചിത്രസംഗീതസംവിധായകരിൽ ഒരാളായിരുന്നു അഞ്ചുകണ്ടി തളയ്ക്കൽ ഉമ്മർ എന്ന എ.റ്റി.ഉമ്മർ (10 മാർച്ച് 1933 - 18 ഒക്ടോബർ 2001). ദേവരാജൻ , ബാബുരാജ്, കെ.രാഘവൻ , ദക്ഷിണാമൂർത്തി തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങൾ മലയാളത്തിന് ലഭിച്ചത്.

എ.റ്റി. ഉമ്മർ
ജനനം (1933-03-10) മാർച്ച് 10, 1933  (91 വയസ്സ്)
മരണംഒക്ടോബർ 15, 2001(2001-10-15) (പ്രായം 68)
ദേശീയതഇന്ത്യൻ
തൊഴിൽസംഗീതസംവിധായകൻ

1933 മാർച്ച് 10-ന് കണ്ണൂരിൽ മൊയ്തീൻകുഞ്ഞി-സൈനബ ദമ്പതികളുടെ മകനായി ജനിച്ച അഞ്ചുകണ്ടിയിൽ തളയ്ക്കൽ ഉമ്മർ, 1967 ലെ 'തളിരുകൾ ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്.[1] അടുത്ത സുഹൃത്തായിരുന്ന ഡോ. പവിത്രനായിരുന്നു ഗാനരചന. 'ആകാശവീഥിയിൽ' എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തേത്. 1970-കളിൽ ഉമ്മർ ഗാനരചയിതാവ് ബിച്ചു തിരുമലയോടു ചേർന്നു. പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയ പ്രമുഖ ഗാനരചയിതാക്കളോടൊപ്പവും ഗാനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.[2] കെ.ജെ. യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്. എങ്കിലും എല്ലാ ഗായകർക്കും അദ്ദേഹം അവസരങ്ങൾ കൊടുത്തിട്ടുണ്ട്. 2001 ഒക്ടോബർ 18-ന് 68-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ഹഫ്സത്താണ് ഉമ്മറിന്റെ ഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. അമർ ഇലാഹി എന്നൊരു മകൻ ഇവർക്കുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-05-06. Retrieved 2009-01-17.
  2. http://www.dhool.com/sotd2/908.html


"https://ml.wikipedia.org/w/index.php?title=എ.റ്റി._ഉമ്മർ&oldid=3812983" എന്ന താളിൽനിന്ന് ശേഖരിച്ചത്