എ. കണാരൻ

കേരളത്തിലെ പ്രമുഖനായ പൊതുപ്രവർത്തകനായിരുന്നു എ. കണാരൻ

കേരളത്തിലെ പ്രമുഖനായ പൊതുപ്രവർത്തകനായിരുന്നു എ. കണാരൻ(1935 - 19 ഡിസംബർ2004). സി.പി.ഐ.എമ്മിന്റെയും കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയന്റെയും സമുന്നത നേതാവായിരുന്നു. എട്ടു ഒൻപതും പത്തും കേരള നിയമസഭകളിൽ കോഴിക്കോട് ജില്ലയിലെ മേപ്പയൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചു.[1]

എ. കണാരൻ
എ. കണാരൻ
ജനനം1935
മരണം2004 ഡിസംബർ 19
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്നിയമസഭാസാമാജികൻ

ജന്മിത്തവും, അവർ കീഴാളർക്കെതിരേ നടത്തിയിരുന്ന ക്രൂരതകളും കണ്ടുവളർന്ന കണാരന്റെയുള്ളിൽ അതെല്ലാം നിർത്തലാക്കണമെന്ന ദൃഢനിശ്ചയം രൂപപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. കർഷകതൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു. നിരവധി തവണ പോലീസിന്റേയും, മറ്റു ജന്മി കിങ്കരന്മാരുടേയും ക്രൂരമർദ്ദനങ്ങൾക്കിരയായി. കണാരൻ, 2004 ഡിസംബർ 19 ന് അന്തരിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

എടച്ചേരി അരയാക്കൂൽ കണ്ണന്റെയും മാതയുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ്. എടച്ചേരിക്കുന്ന് യു.പി.സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൊട്ടടുത്തുള്ള കോവിലകം സ്കൂളിൽ കീഴാളർക്കു പ്രവേശനമില്ലാതിരുന്നതുകൊണ്ട് ആറുകിലോമീറ്റർ അകലെയുള്ള വരിശ്യക്കുനി സ്കൂളിലായിരുന്നു പിന്നീടുള്ള പഠനം. എന്നാൽ അതിനുശേഷം വിദ്യാഭ്യാസം തുടരാൻ കഴിഞ്ഞില്ല. ജന്മിത്തവും, അവരുടെ ക്രൂരതകളും കണ്ടായിരുന്നു ബാലനായിരുന്ന കണാരൻ വളർന്നത്. കീഴാളരുടെ കഷ്ടപ്പാടുകൾക്ക് എന്നാണൊരറുതിവരുക എന്ന തന്റെ അമ്മയുടെ ചോദ്യമാണ് പൊതുപ്രവർത്തനത്തിനിറങ്ങാൻ തനിക്കു പ്രചോദനമായതെന്ന് കണാരൻ തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു.[2] ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.വി.കുമാരനാണ് കണാരനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് അടുപ്പിച്ചത്. പതിമൂന്നാമത്തെ വയസ്സിലായിരുന്നു കണാരൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തി ചേരുന്നത്. പാർട്ടിക്ക് നിരോധനം വന്നകാലത്ത്, നേതാക്കൾക്ക് അകമ്പടി പോവുക എന്നതായിരുന്നു ആദ്യകാല പ്രവർത്തനം. കൂടാതെ പോലീസുകാരോ മറ്റു ശത്രുക്കളോ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക ഇവയൊക്കെയായിരുന്നു ബാലനായിരുന്ന കണാരൻ പാർട്ടിക്കുവേണ്ടി ചെയ്തിരുന്നത്.[3]

രാഷ്ട്രീയ ജീവിതം

തിരുത്തുക

അടിച്ചമർത്തലിനും നീതി നിഷേധത്തിനുമെതിരെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് എ. കണാരൻ പൊതു പ്രവർത്തന രംഗത്തെത്തിയത്. 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ജാതിയിൽ താഴ്ന്നവരോടുളള 'ചെക്കൻ' വിളിക്കെതിരായി സമരത്തിനു നേതൃത്ത്വം നൽകി. സമരങ്ങളുടെ ഭാഗമായി ദീർഘകാലം ജയിലിൽ കിടന്നു. ആദിവാസി ക്ഷേമ സമിതിയുടെ രക്ഷാധികാരിയായും കർഷകത്തൊഴിലാളി യൂണിയൻ ദേശീയ വൈസ് പ്രസിഡന്റായും വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരിയായും പ്രവർത്തിച്ചു. 1987 മുതൽ തുടർച്ചയായി 14 വർഷം മേപ്പയ്യൂർ നിയമസഭാമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയററ് അംഗമായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.[4]

നാദാപുരത്ത് 1967 ൽ നടന്ന കുടിയേറ്റ സമരത്തിൽ നേതൃനിരയിൽ കണാരനായിരുന്നു. ഗുണ്ടകളും, കർഷകരും തമ്മിലേറ്റുമുട്ടിയപ്പോൾ രണ്ടുപേർ മരണമടയുകയും ആ കേസിൽ കണാരൻ ഒന്നാം പ്രതിയായി കേസ് എടുക്കുകയും ചെയ്തു. ഈ കേസ് പിന്നീട് സർക്കാർ ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. 1972ൽ ഇ.വി.കുമാരന്റെ നേതൃത്വത്തിൽ നടന്ന തോട്ടക്കാട് മിച്ച ഭൂമിസമരത്തിലും മുൻപന്തിയിൽ കണാരനായിരുന്നു.[5]

വിവാദങ്ങൾ

തിരുത്തുക

കണാരന്റെ നേതൃത്വത്തിൽ നടന്ന നാദാപുരത്തെ മക്കൾ സമരവും നരിപ്പററയിലെ വീനീത കോട്ടായിയുടെ സമരവും വിവാദമുയർത്തിയിരുന്നു. 1994ൽ ആരംഭിച്ച മക്കൾ സമരത്തിൽ വിവിധ കേസുകളിൽ പ്രതിയായിരുന്നു അദ്ദേഹം.

  1. "എ.കണാരൻ". കേരള സർക്കാർ.
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 45. ISBN 81-262-0482-6. എ.കണാരൻ - ആദ്യകാലജീവിതം
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 48-49. ISBN 81-262-0482-6. എ.കണാരൻ - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്
  4. "എ. കണാരൻ അന്തരിച്ചു". സിഫി.കോം. Retrieved 3 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 51. ISBN 81-262-0482-6. എ.കണാരൻ - സമരവഴിയിൽ
"https://ml.wikipedia.org/w/index.php?title=എ._കണാരൻ&oldid=3625724" എന്ന താളിൽനിന്ന് ശേഖരിച്ചത്