പ്രമുഖ ഭാരതീയ നയതന്ത്രജ്ഞനും സ്വാതന്ത്ര്യസമര സേനാനിയുമാണ് എ.കെ. ദാമോദരൻ (1921 - 31 ജനുവരി 2012). ഇന്ത്യയുടെ നയതന്ത്ര മേഖലയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ എ.കെ. ദാമോദരൻ ഇറ്റലിയിലും സ്വീഡനിലും അംബാസഡറായിരുന്നു[1].

എ.കെ. ദാമോദരൻ

ജീവിതരേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സംസ്‌കൃത പണ്ഡിതയായ അമ്പാടി മീനാക്ഷിയുടെയും അധ്യാപകനായിരുന്ന പള്ളിയിൽ കൃഷ്ണമേനോന്റെയും മകനായി ജനിച്ചു. തൃപ്പൂണിത്തുറ ഹൈസ്‌കൂളിലെ പഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജ്, തൃശ്ശൂർ സെന്റ് തോമസ് കോളേജ്എന്നിവിടങ്ങളിലായി ബിരുദം പൂർത്തിയാക്കി. ലഖ്‌നൗവിൽ നിന്ന് എം.എ., എൽഎൽ.ബി ബിരുദങ്ങൾ നേടി. അമ്മയിൽ നിന്ന് ചെറുപ്പകാലത്തുതന്നെ സംസ്‌കൃതം പഠിച്ച അദ്ദേഹം മലയാളം, ഇംഗ്ലീഷ് സാഹിത്യങ്ങളിൽ പാണ്ഡിത്യം നേടി. കലാലയ പഠനകാലത്ത് വിദ്യാർഥി ഫെഡറേഷനിൽ പ്രവർത്തിച്ചു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത ദാമോദരൻ കുറച്ചുകാലം ജയിൽവാസവും അനുഭവിച്ചു[2] വിയ്യൂർ സെൻട്രൽ ജയിലിൽ ഇക്കണ്ട വാര്യർ, അച്യുതമേനോൻ, പി. ഭാസ്‌കരൻ, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർക്കൊപ്പമാണു തടവിൽ കഴിഞ്ഞത്. 1940 -കളിലാണ് എ.കെ. ദാമോദരൻ ഡൽഹിയിലെത്തി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ഹിന്ദു കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തു. അധ്യാപകവൃത്തിക്കിടെ 1953-ൽ സിവിൽസർവീസ് പരീക്ഷയെഴുതിയ അദ്ദേഹം രണ്ടാംറാങ്ക് നേടി ഐ.എഫ്.എസ്സിൽ ചേർന്നു. ശ്രീലങ്ക, ചൈന, ജർമനി, റഷ്യ, സ്വീഡൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചു. റഷ്യയുമായുള്ള സൗഹൃദകരാർ രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.നെഹ്റുവിയൻ സോഷ്യലിസത്തിന്റെ വക്താവായാണ് ദാമോദരൻ അറിയപ്പെട്ടത്. ഇന്ത്യ-ചൈന, ഇന്ത്യ-റഷ്യ നയതന്ത്രബന്ധങ്ങൾ സുദൃഢമാക്കുന്നതിൽ ഇദ്ദേഹത്തിന്റെ സംഭാവന ഏറെയാണ്. വിദേശകാര്യ സർവീസിൽ നിന്ന് വിരമിച്ചശേഷം രണ്ടുവർഷം ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ അധ്യാപകനായി. തുടർന്ന് കാബിനറ്റ് സെക്രട്ടേറിയറ്റിൽ പോളിസി റിസർച്ച് ഗ്രൂപ്പിൽ അംഗമായ ദാമോദരൻ രാജ്യത്തിന്റെ നയരൂപവത്കരണത്തിൽ പങ്കുവഹിച്ചു. രാജീവ് ഗാന്ധിയുടെ കാലത്ത് രൂപവത്കരിച്ച ഉന്നതതല ഉപദേശക സമിതിയിലും അംഗമായിരുന്നു. തീൻമൂർത്തി നെഹ്രു മെമ്മോറിയൽ ലൈബ്രറിയിൽ പ്രവർത്തിച്ചു

ഭാര്യ കല്യാണി ദാമോദരൻ. മകൻ രാമു ദാമോദരൻ

  • ജവാഹർലാൽ നെഹ്രുവിന്റെ തിരഞ്ഞെടുത്ത കൃതികൾ(സഹ. എഡിറ്റർ)
  • ഇന്ത്യൻ ഫോറിൻ പോളിസി-ദ ഇന്ദിരാഗാന്ധി ഇയേഴ്‌സ് (സഹ. എഡിറ്റർ, .എസ്. ബാജ്പേയിയുമൊത്ത്)
  • ആർട്ടിക്കിൾസ് ആൻഡ് പേപ്പേഴ്‌സ് ഓൺ ഇന്ത്യൻ ഫോറിൻ പോളിസി
  • നോൺ അലെയ്ൻമെന്റ് സോവിയറ്റ് യൂണിയൻ ആൻഡ് ചൈന
  • ബിയോണ്ട് ഓട്ടോണമി : റൂട്ട്സ് ഒഫ് ഇന്ത്യാസ് ഫോറിൻ പോളിസി 2000
  1. http://www.mathrubhumi.com/online/malayalam/news/story/1424232/2012-02-01/kerala[പ്രവർത്തിക്കാത്ത കണ്ണി]
  2. .http://www.thehindu.com/news/national/article2848432.ece

പുറംകണ്ണികൾ

തിരുത്തുക

ഫ്രണ്ട്ലൈൻ ലേഖനം

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എ.കെ. ദാമോദരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എ.കെ._ദാമോദരൻ&oldid=4024608" എന്ന താളിൽനിന്ന് ശേഖരിച്ചത്