എസ്. അനന്തനാരായണ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എസ്. അനന്തനാരായണ ഒരു പ്രശസ്തനായ കന്നഡ സാഹിത്യകാരനാണ്. ഉഷാപ്രിയ, വസന്ത എന്നീ തൂലികാനാമങ്ങളിലും അറിയപ്പെടുന്നു. കവിത, നോവൽ, വിമർശനം, പ്രബന്ധം എന്നീ സാഹിത്യശാഖകളിലെല്ലാം കൈവച്ചിട്ടുണ്ടെങ്കിലും കവിതയാണ് ഇദ്ദേഹത്തിന്റെ മുഖ്യ പ്രവർത്തനരംഗം. 1925 ജനുവരി 30-ന് മൈസൂർ നഗരത്തിൽ ജനിച്ചു. പിതാവ് അമ്പളെ സദാശിവയ്യ. മാതാവ് ഗംഗമ്മ. മൈസൂർ സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടിയശേഷം മൈസൂർ സിറ്റി ഗവ. കോളജിൽ അധ്യാപകനായി നിയമിക്കപ്പെട്ടു.
കവിത, ചെറുകഥ, നോവൽ, വിവർത്തനം തുടങ്ങിയ സാഹിത്യ ശാഖകളിലായി അറുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. അനന്തനാരായണ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ കവിതാരചന ആരംഭിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ പല നൂതന പ്രവണതകളും കന്നഡത്തിൽ വളർത്തിയെടുക്കുവാൻ ഈ കവി ബോധപൂർവം ശ്രമിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിന്റെ പരീക്ഷണ കവിതകൾ വ്യക്തമാക്കുന്നു. നിരവധി കവിതാസമാഹാരങ്ങൾ ഇതിനകം ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ബഡദഹൂവു വളരെ പ്രാധാന്യമർഹിക്കുന്നു. ആധുനിക ഭാരതീയ ജീവിതത്തിന്റെ നാനാഭാവങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഈ സമാഹാരങ്ങളിലെ കവിതകളെല്ലാം. ഉഷാസ്വപ്നയാണ് മറ്റൊരു പ്രധാന കാവ്യം.
- ബയാകയബേലി (കഥ)
- അത്തിഗെ (നോവൽ)
- പയനദഹാദിയല്ലി (നോവൽ)
- മുറുകുമണ്ഡപ (നോവൽ),
- ദൊഡ്ഡകാടിനല്ലി പുട്ടമനെ (വിവർത്തനം)
- റയിതരഗുഡുഗ (വിവർത്തനം)
- മാക്സിംഗോർക്കി (വിവർത്തനം)
- ഹൊസകന്നഡ കവിതമേലെ കാവ്യദപ്രഭാവ (വിമർശനം)
- കടലു (വൈജ്ഞാനികം)
- ഉരാശീമ (ബാലസാഹിത്യം)
- കാരന്തറ കാദംബരികളും
- ആധുനിക ചൈന
- ബാബു രാജേന്ദ്രപ്രസാദ്
എന്നിവയാണ് അനന്തനാരായണയുടെ മറ്റു പ്രധാന കൃതികൾ. 1961-ലെ കർണാടക സാംസ്കാരിക വകുപ്പിന്റെ പുരസ്കാരം, 1962-ലെ കർണാടക രാജ്യസാഹിത്യ അക്കാദമി പുരസ്കാരം എന്നിവ അനന്തനാരായണയ്ക്കു ലഭിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ എസ്. അനന്തനാരായണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |