എറിൻ ബ്രോക്കോവിച്ച്
ഒരു അമേരിക്കൻ നിയമഗുമസ്തയും പരിസ്ഥിതി പ്രവർത്തകയുമാണ് എറിൻ ബ്രോക്കോവിച്ച്(ജനനം: ജൂൺ 22, 1960). നിയമത്തിൽ ഔപചാരികവിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ കാലിഫോർണിയയിലെ പസഫിക് ഗ്യാസ് ആന്റ് ഇലക്രിക് കമ്പനി(PG&E)ക്കെതിരെ 1993-ൽ നടത്തിയ നിയമയുദ്ധത്തിലെ വിജയത്തോടെയാണ് എറിൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സംഭവത്തെ ആസ്പദമാക്കി 2000-ത്തിൽ പുറത്തിറങ്ങിയ എറിൻ ബ്രോക്കോവിച്ച് എന്ന ചലച്ചിത്രത്തോടെ അന്താരാഷ്ട്രപ്രശതി നേടി. തുടർന്ന് എ.ബി.സി.യുടെ ചലഞ്ച് അമേരിക്ക വിത്ത് എറിൻ ബ്രോക്കോവിച്ച് എന്ന ഷോയുടെ അവതാരകയായി. സോൺ റിയാലിറ്റി എന്ന ചാനലിൽ ഫൈനൽ ജസ്റ്റിസ് എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു.
എറിൻ ബ്രോക്കോവിച്ച് | |
---|---|
ജനനം | ലോറൻസ്, കൻസാസ്, യു.എസ് | ജൂൺ 22, 1960
തൊഴിൽ | പ്രസിഡന്റ്, ബ്രോക്കോവിച്ച് റിസർച്ച് ആന്റ് കൺസൾട്ടിംഗ്[1] |
ജീവിതപങ്കാളി(കൾ) | ഷോൺ ബ്രൗൺ (m. 1982-1987) സ്റ്റീവൻ ബ്രോക്കോവിച്ച് (m. 1989-1990) എറിക് എല്ലിസ് (m. 1999-2012) |
ഇപ്പോൾ ബ്രോക്കോവിച്ച് റിസർച്ച് ആന്റ് കൺസൾട്ടിംഗ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റാണ് എറിൻ ബ്രോക്കോവിച്ച്.
ആദ്യകാല ജീവിതം
തിരുത്തുകഎഞ്ചിനീയറായ ഫ്രാങ്ക് പാറ്റീയുടെയും ജേർണലിസ്റ്റ് ജോ ഒനീൽ പാറ്റീയുടെയും മകളായി 1960 ജൂൺ 22-ന് കൻസാസിലെ ലോറൻസിൽ ജനിച്ചു. ലോറൻസ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. ടെക്സാസിലെ ഡാലസിലുള്ള വേഡ്സ് ബിസിനസ് കോളേജിൽ നിന്നും അസ്സോസിയേറ്റ് ഇൻ അപ്ലൈഡ് ആർട്സ് നേടിയ ശേഷം 1981-ൽ കെ-മാർട്ടിൽ മാനേജ്മെന്റ് ട്രെയിനിയായി ചേർന്നു. 1981-ൽ മിസ് പസഫിക് കോസ്റ്റ് എന്ന സൗന്ദര്യമൽസരത്തിൽ വിജയിയായി. 1982 മുതൽ കാലിഫോർണിയയിൽ വാസമായി.
ഹിങ്ക്‌ലീ കേസ്
തിരുത്തുകകാലിഫോർണിയയിൽ മൊഹാവീ മരുഭൂമിയിലെ ഒരു ചെറുപട്ടണമാണ് ഹിങ്ക്‌ലീ. ഇവിടെ 1952 മുതൽ പ്രവർത്തിച്ചുപോന്ന പസഫിക് ഗ്യാസ് ആന്റ് ഇലക്രിക് കമ്പനിയുടെ പ്രകൃതിവാതക കമ്പ്രസ്സർ സ്റ്റേഷനാണ് കേസിന് നിദാനം. ഇവിടെ കമ്പ്രസ്സറിന്റെ ശീതീകരണത്തിനായുപയോഗിച്ചുപോന്ന ജലത്തിൽ ലോഹനാശനം ചെറുക്കുന്നതിനായി ഹെക്സാവാലെന്റ് ക്രോമിയം(Cr-6) ഉപയോഗിച്ചിരുന്നു. ഈ ജലം ലൈനിങ്ങ് ഇല്ലാത്ത വെള്ളക്കെട്ടുകളിൽ സൂക്ഷിച്ചതിന്റെ ഫലമായി, ആ പ്രദേശത്തെ ഭൂഗർഭജലത്തിൽ ഹെക്സാവാലെന്റ് ക്രോമിയം കലരുകയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. 1996-ൽ 333 ദശലക്ഷം യു.എസ്. ഡോളറിന് ഈ കേസ് ഒത്തുതീർപ്പായി. അമേരിക്കയുടെ ചരിത്രത്തിൽ നേരിട്ടുള്ള നടപടിയിലൂടെ നൽകപ്പെട്ട ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയായിരുന്നു ഇത്. ഇതിൽ രണ്ട് ദശലക്ഷം ഡോളർ എറിന് ബോണസ്സായി ലഭിക്കുകയുണ്ടായി.
ചലച്ചിത്രം
തിരുത്തുകഎറിന്റെ ജീവിതവും ഹിങ്ക്‌ലീ കേസും ആസ്പദമാക്കി സ്റ്റീവൻ സോഡർബർഗ് സംവിധാനം ചെയ്ത ചിത്രമാണ് എറിൻ ബ്രോക്കോവിച്ച്(2000). ഇതിൽ എറിൻ ബ്രോക്കോവിച്ച് ആയി വേഷമിട്ട ജൂലിയ റോബർട്ട്സ് ആ വർഷത്തെ മികച്ച നടിക്കുള്ള അക്കാഡമി അവാർഡ് കരസ്ഥമാക്കി. ഈ ചിത്രത്തിൽ ജൂലിയ ആർ. എന്നു പേരായ ഒരു വെയ്റ്റ്രസ്സ് ആയി അതിഥി വേഷത്തിൽ സാക്ഷാൽ എറിൻ ബ്രോക്കോവിച്ച് അഭിനയിച്ചിരുന്നു.
2012-ൽ ജലമലിനീകരണത്തെയും ജലദൗർലഭ്യത്തെയും ആസ്പദമാക്കി നിർമ്മിച്ച ലാസ്റ്റ് കോൾ അറ്റ് ദി ഒയാസിസ് എന്ന ഡോക്യുമെന്ററിയിലും എറിൻ അഭിനയിച്ചു.
ബഹുമതികൾ
തിരുത്തുക- നിയമത്തിൽ ഓണററി ഡോക്ടറേറ്റ്, ലൂയിസ് ആന്റ് ക്ലെർക്ക് ലോ സ്കൂൾ, പോർട്ട്ലാന്റ്, മേയ് 2005[2]
- ഓണററി ഡോക്ടറേറ്റ്, ലയോളാ മേരിമൗണ്ട് യൂണിവേഴ്സിറ്റി, ലോസ് ആഞ്ചലസ്, മേയ് 2007[2]
- ബിസിനസ് കമ്മ്യൂണിക്കേഷനിൽ ഓണററി മാസ്റ്റർ ഓഫ് ആർട്സ്, ജോൺസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി.[2]
അവലംബം
തിരുത്തുക- ↑ "Erin Brockovich Biography". Retrieved October 8, 2010.
- ↑ 2.0 2.1 2.2 എറിൻ ബ്രോങ്കോവിച്ച് അവാർഡുകൾ. ശേഖരിച്ചത് ഏപ്രിൽ 23, 2012.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- ബ്ലോഗ് Archived 2010-05-13 at the Wayback Machine.
- ബ്രോക്കോവിച്ച് വില്ലേജ് Archived 2012-01-03 at the Wayback Machine.
- മൈസ്പേസ്
- എറിൻ ബ്രോക്കോവിച്ച്, ദി ബയോഗ്രാഫി ചാനൽ Archived 2009-04-05 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എറിൻ ബ്രോക്കോവിച്ച്
- ഓവ്സംസ്റ്റോറീസ്.കോം