എണ്ണത്തുള്ളി പരീക്ഷണം
1909ൽ റോബർട്ട് എ മില്ലിക്കനും ഹാർവി ഫ്ലെച്ചറും കൂടി അടിസ്ഥാന വൈദ്യുത ചാർജ്ജ് അഥവാ ഒരു ഇലക്ട്രോണിന്റെ ചാർജ്ജ് നിർണ്ണയിക്കാൻ നടത്തിയ പരീക്ഷണമാണ് മില്ലിക്കൻ എണ്ണത്തുള്ളി പരീക്ഷണം.
രണ്ടു തിരശ്ചീനമായി സ്ഥിതിചെയ്യുന്ന ലോഹ ഇലക്ട്രോഡുകളുടെ ഇടയിലൂടെ സഞ്ചരിക്കുന്ന തീരെച്ചെറിയ എണ്ണത്തുള്ളികളെ നിരീക്ഷിച്ചാണ് ഈ പരീക്ഷണം നടത്തിയത്. ആദ്യമേ ഇലക്ട്രോഡുകൾക്കിടയിൽ ഇലക്ട്രിക് ഫീൽഡ് ഇല്ലാതെ ഈ എണ്ണത്തുള്ളികളെ സഞ്ചരിക്കാൻ വിടുന്നു അവയുടെ ടെർമിനൽ പ്രവേഗം കണക്കുകൂട്ടുന്നു. ഈ ടെർമിനൽ പ്രവേഗം ഗുരുത്വ ബലത്തിന് തുല്യമായിരിക്കും. ഈ ഗുരുത്വബലം തുള്ളിയുടെ ആരത്തിനും പിണ്ഡത്തിനും ആനുപാതികമായിരിക്കും. ഇത് എണ്ണയുടെ സാന്ദ്രതയും ഉപയോഗിച്ച് കണ്ടെത്താം. പിന്നീട് ഇലക്ട്രോഡുകൾക്കിടയിൽ വോൾട്ടേജ് നൽകുന്നു. എണ്ണത്തുള്ളികൾ ഒരു മെക്കാനിക്കൽ സംതുലനത്തിൽ നിലനിൽക്കുന്ന രീതിയിൽ വൈദ്യുത ഫീൽഡ് ക്രമീകരിക്കുന്നു. അപ്പോൾ തുള്ളിയിൽ അനുഭവപ്പെടുന്ന ഗുരുത്വബലവും വൈദ്യുത ബലവും സംതുലനത്തിലായിരിക്കും. ഗുരുത്വബലവും വൈദ്യുത ഫീൽഡിന്റെ അളവും ഉപയോഗിച്ച് മില്ലിക്കനും ഫ്ലെച്ചറും എണ്ണത്തുള്ളിയുടെ ചാർജ്ജ് കണ്ടുപിടിച്ചു. അനേകം എണ്ണത്തുള്ളികൾ ഉപയോഗിച്ച് ഈ പരീക്ഷണം ആവർത്തിക്കുകയും അതിൽനിന്നും എണ്ണത്തുള്ളികളുടെ ചാർജ്ജുകൾ ഒരു പ്രത്യേക സംഖ്യയുടെ ഗുണിതങ്ങളാണെന്ന് തെളിയിക്കുകയും ചെയ്തു. ആ വില 1.5924(17)×10−19 കൂളോം ആണെന്ന് കണ്ടെത്തി. ആധുനിത ശാസ്ത്രത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന ചാർജ്ജിന്റെ വിലയായ 1.602176487(40)×10−19 കൂളോം ആയി 1% ത്തിന്റെ വ്യത്യാസംമാത്രമേ ഈ വിലക്ക് സംഭവിച്ചിട്ടുള്ളു. ഈ വില ഒരു ഇലക്ട്രോണിന്റെ ചാർജ്ജ് ആയി സ്വീകരിക്കപ്പെട്ടിരിക്കുന്നു.