പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വാർത്തകളോ വസ്തുതകളോ ചിത്രങ്ങളോ സമാഹരിച്ച് വിവേചനബുദ്ധിയോടുകൂടി ക്രമത്തിൽ സം യോജിപ്പിക്കുന്ന പ്രക്രിയയാണ് എഡിറ്റിങ് അഥവാ സംശോധന. ദിനപത്രങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയെ സംബന്ധിച്ചിടത്തോളം ഇത് സാങ്കേതികത്വമേറെയുള്ള ജോലിയാണ്. ഇവയിലെല്ലാം ഒഴിച്ചുകൂടാനാവാത്ത ഒരു സംശോധനക്രിയയായി എഡിറ്റിങ്ങിന് പ്രാമാണ്യം ലഭിച്ചിട്ടുണ്ട്. സിനിമയിൽ എഫ്. സി. പി. എന്ന സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുക. ചില ആളുകൾ പ്രീമിയർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്ക്കുന്നുണ്ട്.

പത്രപ്രവർത്തനത്തിൽ

തിരുത്തുക

ധാരാളം വാർത്തകളും ലേഖനങ്ങളും വിവിധ ഏജൻസികൾവഴി പത്രമോഫീസിൽവന്നുചേരാറുണ്ട്. അവയിൽനിന്ന് വിജ്ഞാനപ്രദവും കൗതുകകരവുമായവ തിരഞ്ഞുപിടിച്ച് പ്രസാധനം ചെയ്യുക എന്ന ജോലി കാര്യക്ഷമമായി നിർവഹിക്കുന്നത് എഡിറ്റർമാരാണ്. വിഭിന്നകേന്ദ്രങ്ങളിൽനിന്നു വന്നുചേരുന്ന വാർത്തകളും റിപ്പോർട്ടുകളും മറ്റും എഡിറ്റിങ്ങിന്റെ വിവിധ ഘട്ടങ്ങളിൽകൂടി കടന്നാണ് അച്ചടിക്കുപയുക്തമായ നിലയിൽ രൂപം കൊള്ളുന്നത്. ഓരോദിവസവും പത്രമോഫീസിൽകിട്ടുന്ന അസംസ്കൃത സാധനങ്ങളിൽ ചെറിയൊരു അംശം മാത്രമേ അന്നന്ന് ഉപയോഗിക്കുവാൻ കഴിയാറുള്ളു. ഉദാഹരണമായി അമേരിക്കയിലെ ന്യൂയോർക്ക് ടൈസ് ഓഫീസിൽ നിത്യേന കിട്ടാറുള്ള 20 ലക്ഷത്തില്പരം വാക്കുകളിൽ രണ്ടു ലക്ഷത്തോളം മാത്രമേ ഉപയോഗിക്കുന്നുള്ളു; 18 ലക്ഷത്തോളം വാക്കുകൾതള്ളിക്കളയേണ്ടിവരുന്നുണ്ട്.[1] ഇങ്ങനെയുള്ള ത്യാജ്യഗ്രാഹ്യവിവേചനത്തിന് വളരെ കൂടുതൽ ശ്രദ്ധയും വൈദഗ്ദ്ധ്യവും ആവശ്യമാണ്. എഡിറ്റിങ്ങിന്റെ കാതലായഭാഗം ഇതാണെന്നുപറയാം.

കോപ്പി ടേസ്റ്റർ

തിരുത്തുക

പത്രത്തിന്റെ അന്തസ്സിനും നയത്തിനും അനുയോജ്യമായ വാർത്തകൾ തിരഞ്ഞെടുക്കുന്നതിൽ ന്യൂസ് എഡിറ്ററെയും ഡെസ്ക് ചീഫിനേയും സഹായിക്കുന്ന ഒരു സഹപത്രാധിപരാണ് കോപ്പി ടേസ്റ്റർ. പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലെ മിക്ക പത്രമോഫീസുകളിലും ഇവരുണ്ട്.[1] വാർത്തകൾ വായിച്ചുനോക്കി പ്രസിദ്ധീകരണയോഗ്യമാണോ എന്ന് ഇദ്ദേഹം തീരുമാനിക്കുന്നു. ഈ പ്രാഥമിക തിരഞ്ഞെടുപ്പിന് കോപ്പി മുഴുവൻ വായിക്കാറില്ല. ടീ ടേസ്റ്റർ ഒരു സ്പൂൺചായ നാവിലൊഴിച്ചു രുചിനോക്കി ഗുണമേന്മ നിശ്ചയിക്കുന്നതുപോലെ പത്രമാഫീസിലെ കോപ്പി ടേസ്റ്ററും വാർത്തയുടെ പ്രസിദ്ധീകരണയോഗ്യത നിശ്ചയിക്കുന്നു. കോപ്പി ടേസ്റ്റർ തിരഞ്ഞെടുക്കുന്ന വാർത്തകൾ ചീഫ് സബ് എഡിറ്ററുടെയൊ ഡെസ്ക് ചീഫിൻറെയൊ മേശപ്പുറത്തേക്ക് അയക്കുകയും തള്ളിക്കളഞ്ഞവ ഒരു കമ്പിയിൽ കുത്തിയുറപ്പിച്ച് വയ്ക്കുകയും ചെയ്യുന്നു.[1]

സംശോധന (എഡിറ്റിങ്) ഒരു കൂട്ടായ പ്രവർത്തനം

തിരുത്തുക

പത്രമാഫീസിലെ എഡിറ്റിങ് ഒരാൾക്കു തനിച്ചുചെയ്യാവുന്ന ജോലിയല്ല; അതൊരു കൂട്ടായ പ്രവർത്തനമാണ്. ആധുനിക പത്രപ്രവർത്തനത്തിൽ എഡിറ്റിങ്ങിന് രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്.[1]

  1. വിവിധ മാധ്യമങ്ങളിൽകൂടി പത്രമോഫീസിലെത്തുന്ന വാർത്തകളും റിപ്പോർട്ടുകളും മറ്റും ആദ്യമായി ന്യൂസ് എഡിറ്ററുടെ മേശപ്പുറത്തു വന്നുചേരുന്നു. ന്യൂസ് എഡിറ്റർ പ്രസിദ്ധീകരണ പ്രാധാന്യമർഹിക്കുന്നവ തിരഞ്ഞെടുത്ത് ബാക്കിയുള്ളവ തള്ളിക്കളയുകയോ മാറ്റിവെക്കുകയോ ചെയ്യുന്നു. പ്രസിദ്ധീകരണാർത്ഥം എത്തുന്ന സാമഗ്രികൾപരിശോധിച്ച് അവയിൽനിന്ന് ഏതാനും ഭാഗങ്ങൾതിരഞ്ഞെടുക്കുന്നതോടൊപ്പം അനന്യസുലഭമായ വാർത്തകൾതേടിപ്പിടിച്ച് പ്രധാനസംഭവത്തോട് ബന്ധപ്പെട്ട ഉപകഥകളും പശ്ചാത്തലകഥകളും കൂടി അന്വേഷിച്ച് കൂട്ടിയിണക്കി വാർത്തയുടെ മേന്മ വർദ്ധിപ്പിക്കുവാനും ന്യൂസ് എഡിറ്റർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വാർത്തകളെ സംബന്ധിച്ചുള്ള ഏറ്റവും കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുന്നതിലാണ് പത്രത്തിന്റെ മേന്മ നിക്ഷിപ്തമായിരിക്കുന്നത്. ഇതിന്റെ അടിത്തറ എഡിറ്റിങ് തന്നെയാണ്.
  2. തിരഞ്ഞെടുക്കപ്പെടുന്ന വാർത്തകൾ ന്യൂസ് എഡിറ്ററുടെയും കോപ്പി ടേസ്റ്ററുടെയും നിർദ്ദേശങ്ങളോടുകൂടി ഡെസ്ക് ചീഫിൻറെയോ ചീഫ് സബ് എഡിറ്ററുടെയോ പക്കലെത്തുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വാർത്തകൾ ആവശ്യമായ ഭേദഗതികൾവരുത്തി പ്രസ്സിലേക്കയക്കുന്ന ജോലിയുടെ മേൽനോട്ടം വഹിക്കുന്നത് ഡെസ്ക് ചീഫ് ആണ്. ഓരോ വാർത്തയും ഏതു പേജിൽവരണമെന്നും എത്രസ്ഥലം അതിനനുവദിക്കണമെന്നും ഏതെല്ലാം ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നും ഓരോ വാർത്തയുടേയും തലവാചകം എത്ര കോളത്തിൽ ചേർക്കണമെന്നും മറ്റും നിശ്ചയിക്കുന്നതിൽ ചീഫ് സബ് എഡിറ്ററാണ് നിർണായക പങ്കു വഹിക്കുന്നത്; എങ്കിലും പത്രത്തിന്റെ രൂപസംവിധാനം ചെയ്യുന്ന എക്സിക്യൂട്ടിവിനോടും മറ്റുസീനിയർ സബ് എഡിറ്റർമാരോടും ആലോചിച്ചുകൊണ്ടേ ഇതിനൊക്കെ അന്തിമരൂപം നൽകാറുള്ളു. പത്രത്തിന്റെ ഒന്നാം പേജിൽചേർക്കുന്ന പ്രധാനവാർത്ത നിശ്ചയിക്കുന്നതിന് പലപ്പോഴും കൂട്ടായ ചർച്ചകൾ അനിവാര്യമാണ്
പത്രത്തിന്റെ സ്ഥലപരിമിതി, വാർത്തയുടെ പ്രാധാന്യം, പ്രസാധനത്തിന്റെ ഉദ്ദേശ്യം എന്നിവയെ ആസ്പദമാക്കിയാണ് ഓരോ വാർത്തയ്ക്കും കൊടുക്കേണ്ട തലക്കെട്ടിന്റെ ടൈപ്പിന്റെ വലിപ്പം, ചിത്രങ്ങളുടെ സ്ഥാനം മുതലായവ ഡെസ്ക് ചീഫ് നിർണയിക്കുന്നത്. ഇത്തരത്തിൽ ഡെസ്ക് ചീഫ് തയ്യാറാക്കുന്ന 'ഡമ്മി' അനുസരിച്ചാണ് പത്രത്തിന്റെ പേജുകൾക്കു രൂപം നൽകുന്നത്.
ചേർക്കേണ്ട വാർത്തകൾ മൊത്തത്തിൽ പരിശോധിച്ചശേഷം ചീഫ് സബ് എഡിറ്റർ ഓരോ വാർത്തയും ഇത്ര സെ. മി. ൽ കവിയാതെ എഡിറ്റുചെയ്യണമെന്ന നിർദ്ദേശത്തോടുകൂടി സബ് എഡിറ്ററെ ഏല്പിക്കുന്നു.
വിഭിന്ന കേന്ദ്രങ്ങളിൽനിന്നു വന്നുചേരുന്ന വാർത്തകളും റിപ്പോർട്ടുകളും ആശയം ചോർന്നുപോകാതെ വെട്ടിച്ചുരുക്കിയോ മാറ്റിയെഴുതിയോ നിർദിഷ്ട ദൈർഘ്യത്തിലൊതുക്കി സമുചിതമായ തലക്കെട്ടുകൊടുത്ത് ആകർഷകമാക്കി സബ് എഡിറ്റർ റിവൈസ് എഡിറ്ററെ ഏല്പിക്കുന്നു. അവസാന പരിശോധന നടത്തുന്ന എക്സിക്യൂട്ടിവ് എഡിറ്ററാണ് റിവൈസ് എഡിറ്റർ.

തലക്കെട്ട്

തിരുത്തുക

ശീർഷകം ആകർഷകമായിരിക്കാൻപ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വായനക്കാരന്റെ ശ്രദ്ധയെ പിടിച്ചുനിറുത്തുവാൻ പോരുന്നതും ആകർഷകവും മൂർച്ചയുള്ളതുമായ ശീർഷകങ്ങളും ഉപശിർഷകങ്ങളും നൽകി വാർത്തകൾ യഥായോഗ്യം എഡിറ്റു ചെയ്ത് പ്രസിദ്ധീകരണക്ഷമമാക്കുക ശ്രമസാധ്യമായ കാര്യമാണ്. ആദ്യകാലങ്ങളിൽ തലക്കെട്ടുകൾകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല.[2] പിന്നീട് ക്രമേണ തലക്കെട്ടുകൾചേർക്കുന്ന രീതി ആരംഭിച്ചു. ഇന്ന് എത്രയും ആകർഷകവും വായനക്കാരന്റെ ശ്രദ്ധയെ പിടിച്ചുപറ്റുന്നതുമായ തലക്കെട്ടുകൾചേർക്കുന്നതിൽ പത്രപ്രവർത്തകർക്കിടയിൽ ഒരു മത്സരം തന്നെയുണ്ടെന്നു പറയാം. ആദ്യകാലത്തു ഒറ്റക്കോളത്തിലാണ് തലവാചകം ചേർത്തിരുന്നത്.[2] ഇപ്പോൾവാർത്തയുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് മൂന്നും നാലും കോളത്തിലോ ചിലപ്പോൾ, എട്ടുകോളത്തിൽതന്നെയോ ഉള്ള വലിയ തലവാചകങ്ങളും ചേർത്തുകാണാറുണ്ട്.

വർത്തമാനപത്രങ്ങളുടെ ആവിർഭാവത്തിനു ശേഷം ജീവനും ഓജസ്സുമുള്ള തലക്കെട്ട് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ അരനൂറ്റാണ്ടു കൂടി കാത്തിരിക്കേണ്ടിവന്നു. വലിയ തലവാചകങ്ങൾ പല തട്ടുകളിലായി പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം ആദ്യമായി സ്വീകരിച്ചത് അമേരിക്കൻ പത്രപ്രവർത്തകരാണ്.[2] അമേരിക്കയിലെ ആഭ്യന്തരസമരം അത്തരം തലക്കെട്ടുകൾ കൊടുക്കാൻ പ്രേരകമായി ഭവിച്ചു. നല്ല ചൂടും ചുണയുമുളവാക്കാനുതകുന്ന തലക്കെട്ടുകൾ ചേർക്കുന്നതിൽ ആധുനിക പത്രപ്രവർത്തകർ തികച്ചും ബോധവാന്മാരാണ്; അതിന്റെ ശാസ്ത്രീയത അവർ സനിഷ്കർഷം പഠിക്കുകയും ചെയ്യുന്നു. കാലത്തിന്റെ മാറ്റവും ആവശ്യവും അനുസരിച്ച് ലാളിത്യവും ശബ്ദഭംഗിയും ഒപ്പം അനുവാചകരെ സ്വാധീനിക്കുന്ന ശക്തിവിശേഷവുമുള്ള തലവാചകങ്ങൾ എഴുതുക എന്നത് ആധുനിക എഡിറ്റിങ്ങിൽ അപരിത്യാജ്യമായി തീർന്നിരിക്കുന്നു.

ഹെഡിങ് ടൈപ്പിന്റെ വലിപ്പം, ഹെഡിങ്ങിന്റെ രൂപമാതൃകകൾ മുതലായവ ഡെസ്ക് ചീഫാണ് നിർണയിക്കുന്നത്. തലവാചകത്തിൽ ഓരോ പത്രത്തിന്റെയും നയവും സ്വരവും പ്രതിദ്ധ്വനിക്കാറുണ്ട് . ഗൗരവാവഹമായ വർത്തകൾക്കോ ലേഖനങ്ങൾക്കോ അവയ്ക്ക് അനുയോജ്യമായ ശീർഷകം നൽകേണ്ടതുണ്ട്. എന്നാൽ താരതമ്യേന ഗൗരവം കുറഞ്ഞതും നർമരസമുള്ളതുമായ വാർത്തകൾക്ക് അവയ്ക്കുചേരുന്ന തലക്കെട്ടുകളാണ് കൊടുക്കേണ്ടത്. വാർത്തയുടെ സാരാംശം ധ്വനിപ്പിക്കുന്നതായിരിക്കും തലവാചകം. എത്രയും ചുരുങ്ങിയ വാക്കുകളിൽ എഴുതുന്ന തലക്കെട്ടുകൾ അനുവാചക ഹൃദയത്തിൽ ആഞ്ഞു പതിയും. ഹെഡിങ് നിശ്ചയിക്കുമ്പോൾ ആവശ്യമില്ലാത്ത വാക്കുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

അരക്കോളം മാത്രം സ്ഥലം അവശേഷിച്ചിട്ടുള്ളപ്പോൾഒരു കോളം ദൈർഘ്യമുള്ള രസകരവും അടിയന്തരവുമായ ഒരു വാർത്തകൂടി ചേർക്കേണ്ടിവരികയാണങ്കിൽ താഴത്തെ അറ്റത്തുനിന്ന് അരക്കോളം മാറ്റർ വെട്ടിത്തള്ളിയശേഷം ഈ വാർത്ത പ്രസിദ്ധീകരിക്കുക പതിവാണ്. ഇത് അനഭിലഷണീയമാണെന്നാണ് ആധുനിക പത്രപ്രവർത്തകാചാര്യന്മാർ വിധിച്ചിട്ടുള്ളത്.[3] പ്രധാന വസ്തുതകളൊന്നും ചോർന്നുപോകാതെ വാർത്ത ചുരുക്കുന്നതിലാണ് എഡിറ്ററുടെ സാമർത്ഥ്യം പ്രകടമാവുന്നത്.

സബ് എഡിറ്ററുടെ കൈയ്യിൽകിട്ടുന്ന ഓരോ റിപ്പോർട്ടും വിമർശനബുദ്ധിയോടുകൂടി വായിച്ചു പരിശോധിച്ച് കുറവുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ പരിഹരിക്കുകയാണ് ആദ്യം ചെയ്യുന്നത്. ചില വാക്കുകളോ വാചകങ്ങളോ വാക്യഘടനയോ മാറ്റേണ്ടിവന്നേക്കാം. ചില റിപ്പോർട്ടുകൾ സമൂലം ഉടച്ചുവാർക്കാറുമുണ്ട്. അത്തരം ഘട്ടങ്ങളിൽ പശ്ചാത്തലവിവരങ്ങൾകൂടി ചേർത്ത് അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുവാൻ സമർത്ഥനായ ഒരു സബ് എഡിറ്റർക്കു കഴിയും.

റിപ്പോർട്ടുകൾ മാറ്റിയെഴുതുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. വാർത്തയുടെ മർമ്മഭാഗം ആദ്യത്തെ ഖണ്ഡികയിൽതന്നെ പറയുവാൻ ശ്രദ്ധിക്കുക; വാർത്തകളുടെ ഉള്ളടക്കം ചോർന്നുപോകാതെ ചുരുക്കുക; ഒരേ വിഷയത്തെകുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ ആവർത്തന വിരസത കൂടാതെ കൂട്ടിയിണക്കി പ്രസിദ്ധീകരിക്കുക; ഭാഷയും ശൈലിയും മെച്ചപ്പെടുത്തുക എന്നിവയാണവ.

വാർത്തകളും റിപ്പോർട്ടുകളും മാറ്റിയെഴുതുമ്പോൾ കഷ്ടിച്ചു കൂട്ടിവായിക്കാൻമാത്രം കഴിവുള്ള സാധാരണ വായനക്കാർക്കുകൂടി മനസ്സിലാകത്തക്കവണ്ണം ലളിതമായി എഴുതണമെന്ന് കേരളത്തിലെ പത്രപ്രവർത്തകാചാര്യനായ കണ്ടത്തിൽവർഗ്ഗീസ് മാപ്പിള അഭിപ്രായപ്പെടുന്നു.[3] വാക്യങ്ങളുടെ സങ്കീർണത, അനാവശ്യമായ കഠിനപദപ്രയോഗം എന്നിവ ഒഴിവാക്കാറുണ്ട്. തെറ്റായ വസ്തുതകളോ തെറ്റിദ്ധാരണകൾ ഉളവാക്കുന്ന പരാമർശങ്ങളോ പ്രസിദ്ധീകരിക്കുന്നത് ഒരു പത്രത്തിനും ഭൂഷണമല്ല. ഓരോ വാർത്തയും അതാതിന്റെ ആധികാരികതയെക്കുറിച്ച് ഉറപ്പുവരുത്തിയശേഷമേ പ്രസ്സിലേക്ക് അയയ്ക്കുക പതിവുള്ളൂ. വേണ്ടവണ്ണം അർത്ഥം അറിയാത്ത വാക്കുകൾ പ്രയോഗിച്ചാൽ അനർത്ഥങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ പദങ്ങളുടെ അർത്ഥവ്യാപ്തിയും വസ്തുതകളുടെ നിജസ്തിഥിയും മനസ്സിലാക്കിയാണ് എഡിറ്റിങ് നിർവഹിക്കുക.

ദൈർഘ്യം കൂടുതലുള്ള മാറ്ററിനിടയ്ക്കു ആവശ്യമായ ഉപശീർഷകങ്ങൾ നൽകി വായനക്കാരുടെ കണ്ണിന് വിശ്രമമരുളുവാൻ എഡിറ്റിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. യഥാസ്ഥാനങ്ങളിൽ അവ ചേർക്കുന്ന കാര്യത്തിൽ സബ് എഡിറ്റർക്ക് പ്രത്യേക പരിശീലനം ലഭിക്കാറുണ്ട്.

തലവാചകം എന്നപോലെ സുപ്രധാനമാണ് മുഖവുര (Intro). തലക്കെട്ടുകൾ അനുവാചകൻറെ ശ്രദ്ധയെ പിടിച്ചു നിറുത്തുവാൻ ഉപകരിക്കുന്നതു പോലെ പറയുവാൻപോകുന്ന കാര്യങ്ങളിലേക്കു വായനക്കാരനെ നയിക്കുന്നതിനു വിരൽചൂണ്ടുന്നതാണ് മുഖവുര. അതിൽ ആ വാർത്തയുടേയോ കഥയുടേയോ സാരാശം മുഴുവൻ ഉൾക്കൊണ്ടിരിക്കുമെന്നു മാത്രമല്ല, അവസാനം വരെ വായിക്കാനുള്ള പ്രേരണ നല്കുകയും ചെയ്യും. ഇത്തരത്തിലുള്ള കുറിക്കുകൊള്ളുന്ന മുഖവുര എഴുതുന്നതിന് പ്രത്യേക വൈദഗ്ദ്ധ്യവും പരിചയസമ്പന്നതയും എഡിറ്റർമാർക്കു കൂടിയേകഴിയൂ. നീണ്ട മുഖവുര വായനക്കാർക്ക് അരോചകമായിരിക്കുമെന്നതിനാൽ അഞ്ചോ എട്ടോ വരിയിൽ അത് ഒതുക്കിനിറുത്താൻ സബ് എഡിറ്റർ പ്രത്യേകം ശ്രദ്ധിക്കുന്നു. മുഖവുരയ്ക്കായി ഉപയോഗിക്കുന്ന ടൈപ്പ്, ബോഡിടൈപ്പിനെക്കാൾ അല്പം കൂടി വലിപ്പം കൂടിയതായിരിക്കും.

ഏതാനും ഖണ്ഡികകളുള്ള ഒരു വാർത്തയാണെങ്കിൽ ആദ്യത്തെ ഖണ്ഡികയിൽ അതിന്റെ മർമഭാഗം ഉൾക്കൊള്ളിച്ചിട്ടുണ്ടാകും. ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിനു വേണ്ടി ചിലപ്പോൾചില വസ്തുതകൾകൂടി ചേർക്കുകയും പതിവാണ്. ഒരു ഉദാഹരണം: ഒരു പ്രശസ്ത വ്യക്തി വിമാനാപകടത്തിൽപ്പെട്ടു മരിച്ചു എന്നു മാത്രമായിരിക്കാം വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്. അദ്ദേഹത്തെപ്പറ്റി വായനക്കാർക്ക് അറിയാൻ ആഗ്രഹമുള്ള ഏതാനും വിവരങ്ങൾകൂടി ആ വർത്തയുടെ കൂടെ ചേർത്ത് പ്രസിദ്ധീകരിക്കുന്നത് അഭിലഷണീയമായിരിക്കും. അതിനാൽ ആ വാർത്ത കൈകാര്യം ചെയ്യുന്ന സബ് എഡിറ്റർ അന്തരിച്ചയാളിനെ സംബന്ധിച്ചു ലഭിക്കാവുന്ന എല്ലാ വിവരങ്ങളും തേടിപ്പിടിച്ച് വാർത്ത ആകർഷകമായ രീതിയിൽ വിപുലീകരിക്കുന്നു. പത്രമോഫീസുകളിലുള്ള ക്ലിപ്പിങ് ലൈബ്രറിയും പുസ്തകങ്ങളുമെല്ലാം ഇതിന് സഹായകമായി ഉപയോഗിക്കുന്നു.

വൃഥാസ്ഥൂലത ഒഴിവാക്കുക എന്നതാണ് എഡിറ്റിങ്ങിന്റെ മറ്റൊരു അടിസ്ഥാന പ്രമാണം. വെള്ളം ചേർത്ത് അഥവാ സാന്ദ്രത കുറച്ച് എഴുതാനുള്ള പ്രവണത പലർക്കുമുണ്ട്. ഇങ്ങനെയെഴുതിയാൽ എളുപ്പം സാരാംശം ഗ്രഹിക്കുവാൻ സാധ്യമല്ലാതെ വരും അതിനാൽ ഈ രീതി ഒഴിവാക്കാൻ പത്രസ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. കാര്യമാത്രപ്രസക്തമായും ലളിതമായും സരളമായും കാര്യങ്ങൾ നേരെ പറയുക എന്നതായിരിക്കും നയം. അനുവാചകർക്ക് വിജ്ഞാനപ്രദമായ വസ്തുതകൾകൂടി കൂട്ടിച്ചേർത്ത് വാർത്ത ആകമാനം ഉടച്ചുവാർത്ത് പുതിയ രൂപവും ഭാവവും നൽകി പ്രസിദ്ധീകരിക്കുന്നതിലൂടെ വായനക്കാരുടെ ശ്രദ്ധ പെട്ടെന്നു പിടിച്ചുപറ്റുകയാണ് ലക്ഷ്യം.[4]

ഏതെങ്കിലുമൊരു വാർത്ത എഴുതുമ്പോൾഅതിൽപരാമർശിക്കപ്പെടുന്ന തിയതി, പേരുകളുടെ ഇനിഷ്യലുകൾ മുതലായവയിൽ തെറ്റുവരാതിരിക്കാൻ സബ് എഡിറ്റർമാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. മാറ്റർകൊടുക്കുന്ന രീതിയനുസരിച്ചു മാത്രമേ കമ്പോസിറ്റർ കമ്പോസ് ചെയ്യാറുള്ളു. അതുകൊണ്ട് പ്രസ് കോപ്പി ആവുന്നത്ര വ്യക്തമായി എഴുതുവാൻ ശ്രദ്ധിക്കാറുണ്ട്.

എഴുതിവരുന്ന റിപ്പോർട്ടുകൾതിരുത്തുകയും വെട്ടിചുരുക്കുകയും ചെയ്യുന്ന സമ്പ്രദായം ആധുനിക എഡിറ്റിങ്ങിൽ സ്വീകാര്യമല്ല;[4] എന്നാൽ ചില ഉത്സാഹശീലരായ സബ് എഡിറ്റർമാർ റിപ്പോർട്ടുകൾക്ക് ആവശ്യമായ മാറ്റങ്ങൾവരുത്തി അവയുടെ ശൈലിയും സൗന്ദര്യവും മെച്ചപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങളൊതുക്കി അവതരിപ്പിക്കുവാൻ ശ്രദ്ധിക്കാറുണ്ട്. സാധാരണ രീതിയിൽ ജോലിത്തിരക്കു നിമിത്തം എപ്പോഴും ഇതിനു സാധിച്ചില്ലാ എന്നുവരും.

താളുകളുടെ സംവിധാനം

തിരുത്തുക

സംവിധാനത്തിന്റെ മേന്മകൊണ്ടാണ് ദിനപത്രം ആകർഷകമാകുന്നത്. ഒരു കലാകാരന്റെ സൂക്ഷ്മ നിരീക്ഷണപാടവത്തോടെ പത്രത്തിന്റെ താളുകൾ സംവിധാനം ചെയ്യുന്നതും എഡിറ്റിങ്ങിലെ പ്രധാനഘട്ടമാണ്. ഏതൊരു പത്രത്തിന്റെയും ഒന്നാമത്തെ പേജ് പ്രത്യേക ശ്രദ്ധയോടെ സംവിധാനം ചെയ്യും. ഒന്നാം പേജിൽവരേണ്ട ഏറ്റവും പ്രധാനപ്പെട്ട വാർത്തകളും ചിത്രങ്ങളും ഒരോന്നിന്റെയും പ്രാധാന്യമനുസരിച്ച് സ്ഥലനിർണയം ചെയ്ത് ഒരു ഡമ്മിയിൽ രേഖപ്പെടുത്തി ചീഫ് സബ്, കമ്പോസിങ് വിഭാഗത്തിലേയ്ക്കയക്കും. പേജുനിർമ്മാണത്തിൻറെ മേൽനോട്ടം വഹിക്കുന്ന ഒരു സബ് എഡിറ്റർ (സ്റ്റോൺ എഡിറ്റർ) അവിടെ ഉണ്ടായിരിക്കും. ഈ ഡമ്മിയനുസരിച്ചാണ് പേജ് നിർമ്മിക്കപ്പെടുന്നത്.[5]

പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽവളരെയധികം പ്രാധാന്യം അർഹിക്കുന്നു. കട്ടി കൂടിയ ഹെഡിങ്, ചിതങ്ങൾ, പരസ്യങ്ങൾ മുതലായവ യഥാസ്ഥാനങ്ങളിൽ വച്ച് പേജ് സന്തുലിതമാക്കുന്നതിൽ സമർത്ഥനായ പേജ് ഡിസൈനർ ശ്രദ്ധിക്കും.

എഡിറ്റിങ്ങിൽ സബ് എഡിറ്ററും ഡസ്ക് മാനും നിർവഹിക്കാനുള്ള കർത്തവ്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

  • അനുവാചകരുടെ ശ്രദ്ധയെ പിടിച്ചുനിറുത്തുന്ന ശീർഷകങ്ങളും ഉപശീർഷകങ്ങളും എഴുതുക.
  • വാർത്തകളും റിപ്പോർട്ടുകളും സശ്രദ്ധം വായിച്ച് ആവശ്യമായ ഭേദഗതികൾവരുത്തി പുതിയ രൂപവും ഭാവവും നൽകുക.
  • സാരാംശവും പൂർണതയും ആശയങ്ങളുടെ ചേർച്ചയും നഷ്ടപ്പെടുത്താതെ വാർത്തകളും റിപ്പോട്ടുകളും ലേഖനങ്ങളും സംഗ്രഹിക്കുക.
  • ഒരു വാർത്തയെ സംബന്ധിച്ച് വിവിധ ഏജൻസികൾവഴി വരുന്ന റിപ്പോർട്ടുകളിലെ പ്രസക്തഭാഗങ്ങൾകൂട്ടിയിണക്കി പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി തയ്യാറാക്കുക.
  • പശ്ചാത്തലവിവരങ്ങൾ കൂട്ടിച്ചേർത്ത് വാർത്തകളുടെ മിഴിവു വർദ്ധിപ്പിക്കുക.
  • വ്യാകരണത്തെറ്റുകൾ, വാക്യഘടനയിലുള്ള തെറ്റുകൾ, വിപരീതാർത്ഥങ്ങൾ ധ്വനിക്കുന്ന പ്രയോഗങ്ങൾ ഒഴിവാക്കി ഭാഷാശുദ്ധി വരുത്തുക.
  • ഏതെങ്കിലും വസ്തുതയോ വാക്കോ തെറ്റാണെന്നു തോന്നിയാൽ സംശയനിവൃത്തി വരുത്തി തിരുത്തുക.
  • നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിൽആധികാരികമായി പരിശോധിച്ച് പരിഹാരം കണ്ടെത്തുക.
  • പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കുന്ന വാർത്തകൾ പത്രത്തിന്റെ അഭിരുചിക്കും അന്തസ്സിനും ചേരുന്നതാണോ എന്നുറപ്പുവരുത്തുക.

ചിത്രങ്ങൾ

തിരുത്തുക

വാർത്തകളും റിപ്പോർട്ടുകളും എഡിറ്റു ചെയ്യുന്നതുപോലെതന്നെ ചിത്രങ്ങളും എഡിറ്റു ചെയ്യേണ്ടതുണ്ട്. മിക്ക പ്രധാന പത്രമോഫീസുകൾക്കും സ്വന്തം ഫോട്ടോഗ്രാഫർമാർ ഉണ്ടായിരിക്കും. ഏതെങ്കിലും ഒരു പ്രധാനസംഭവം നടക്കുമ്പോൾ പ്രസിദ്ധീകരിക്കാനുള്ള ഫോട്ടോ ഇന്നതാണെന്ന് ന്യൂസ് എഡിറ്റർ ഫോട്ടോഗ്രാഫർക്കു വേണ്ട നിർദ്ദേശം നൽകുന്നു. ഫോട്ടോഗ്രാഫർ അതനുസരിച്ച് ഫോട്ടോകൾ എടുത്ത് യഥാവസരം ഓഫീസിൽ എത്തിക്കും. കൂടാതെ പ്രാദേശിക ലേഖകരും വിദേശ ലേഖകരും സ്വന്തം പ്രതിനിധികളും അയക്കുന്ന ധാരാളം ഫോട്ടോകളും ന്യൂസ് എഡിറ്ററുടെ മേശപ്പുറത്തെത്താറുണ്ട്. വിദൂരസ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളുടെ ചിത്രങ്ങൾ പിറ്റേന്നത്തെ പത്രത്തിൽത്തന്നെ ചേർക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. റേഡിയോ ഫൊട്ടോ, ലേസർഫോട്ടോ എന്നീ അത്യാധുനിക സജ്ജീകരണങ്ങളിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്.[4]

ഇങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ ന്യൂസ് എഡിറ്ററുടെ മേശപ്പുറത്തു വരുന്ന ഫോട്ടോകളിൽ അന്നന്ന് അവശ്യം ചേർക്കേണ്ട ഫോട്ടോ തിരഞ്ഞെടുത്ത് ചീഫ് സബിന്റെ അടുക്കലേക്ക് അയക്കുന്നു. അവിടെയും ഒരു എഡിറ്റിങ് നടക്കും.

പുസ്തകപ്രസാധനത്തിൽ

തിരുത്തുക

എഡിറ്റിങ് അനിവര്യമായ മറ്റൊരു മേഖലയാണ് പുസ്തകപ്രസാധനം. കൈയെഴുത്തു പ്രതി പ്രസിദ്ധീകരണക്ഷമമാക്കുന്നതിന് എഡിറ്റിങ് കൂടിയേ കഴിയൂ. ഭാഷാപരമായ ന്യൂനതകൾ ദൂരീകരിക്കുക, വിഷയപരമായ പിശകുകൾപരിഹരിക്കുക, വിഷയക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക, ഗ്രന്ഥത്തിൽ പരാമർശിക്കാതെ വിട്ടുപോയ അത്യാവശ്യ വിവരങ്ങൾ കൂട്ടിച്ചേർക്കുക, അവശ്യമായ ചിത്രങ്ങളും ഗ്രാഫുകളും പട്ടികകളും ഉൾപ്പെടുത്തുക തുടങ്ങിയ പല കാര്യങ്ങളും എഡിറ്റിങ് വേളയിലാണ് നിർവഹിക്കപ്പെടുന്നത്. ഗ്രന്ഥകർത്തവിന്റെ സമ്മതത്തോടുകൂടി ആയിരിക്കും എഡിറ്റിങ്ങിനു ചുമതലപ്പെട്ടയാൾ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. എഡിറ്റിങ് നടത്തുമ്പോൾ ഗ്രന്ഥത്തിന്റെ മൗലികതയ്ക്കും മാറ്റം വരാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കും.

ഗ്രന്ഥത്തിൽ പരാമർശിക്കുന്ന വിഷയത്തിന്റെ ഗൗരവത്തെ അടിസ്ഥാനമാക്കിയാണ് എഡിറ്റിങ്ങിന്റെ തോത് നിശ്ചയിക്കപ്പെടുന്നത്. സാഹിത്യഗ്രന്ഥങ്ങൾ, പാഠപുസ്തകങ്ങൾ, സാധാരണ വായനയ്ക്കുള്ള പുസ്തകങ്ങൾ, പ്രബന്ധങ്ങൾ, ഗവേഷണഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ എന്നിങ്ങനെ പല നിലവാരത്തിലുള്ള ഗ്രന്ഥങ്ങളുണ്ട്. ഇവയ്ക്കെല്ലാം കൂടി ഒരേ എഡിറ്റിങ് നിലവാരം സാദ്ധ്യമല്ല; പ്രായോഗികവുമല്ല. ഓരോന്നിന്റെയും സ്വഭാവത്തിന് അനുസൃതമായി എഡിറ്റിങ്ങിൽ മാറ്റം വരുത്തേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കാവശ്യമായ പാഠപുസ്തകങ്ങളിൽ അവരുടെ വിദ്യാഭ്യാസനിലവാരം ഒരു നിർണായക ഘടകമാണ്. കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളിൽ ശിശുമനഃശാസ്ത്രത്തിന് ഊന്നൽ ഉണ്ടായിരിക്കും; പദാവലിയുടെ ഘട്ടം ഘട്ടമായുള്ള നിലവാരപ്പെടുത്തലിനും പ്രധാനസ്ഥാനമുണ്ട്. ശാസ്ത്രഗ്രന്ഥങ്ങളുടെ കാര്യത്തിൽ വിഷയപരമായ വൈകല്യങ്ങളും യുക്തിരഹിതമായ പ്രസ്താവനകളും കണ്ടുപിടിക്കപ്പെടുന്നത് മിക്കവാറും എഡിറ്റിങ് ഘട്ടത്തിലായിരിക്കും.

ഗവേഷണ ഗ്രന്ഥങ്ങളുടെ കാര്യത്തിൽ ചില ചിട്ടകൾതന്നെയുണ്ട്.[4] അടിക്കുറിപ്പ്, ഉദ്ധരണി, പട്ടിക, ഗ്രാഫ് എന്നിവയുടെ കാര്യത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ സ്വീകരിച്ചുപോരുന്നു. ഇവ സംബന്ധിച്ച ചില ആധികാരിക ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. ഗ്രന്ഥകർത്താവ് ഈ കാര്യങ്ങളിൽ നിഷ്കർഷത പാലിച്ചിട്ടുണ്ടെങ്കിൽപോലും എഡിറ്ററുടെ ചുമതല ഒഴിവാക്കപ്പെടുന്നില്ല. വിജ്ഞാനകോശം, നിഘണ്ടു എന്നിവയുടെ എഡിറ്റിങ് ഇതിലും സങ്കീർണമാണ്.[4]

ഗ്രന്ഥകർത്താക്കളുടെ നിലവാരം അനുസരിച്ച് എഡിറ്റിങ്ങിന് ഏറ്റക്കുറച്ചിലുകൾഉണ്ടാകാം. സാധാരണയായി ഓരോ വാചകവും അനേകം തവണ പരിശോധിച്ചും വെട്ടിയും തിരുത്തിയും ആണ് ഒരു ഗ്രന്ഥകർത്തവ് ഗ്രന്ഥത്തിന് അവസാനരൂപം നൽകുന്നത്. എന്നാൽ ആധുനികകാലത്ത് ചില ഗ്രന്ഥകർത്താക്കൾ ഇതിൽനിന്നും തികച്ചും വിഭിന്നമായ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.[5] അവർ ഗ്രന്ഥങ്ങൾരചിക്കുമ്പോൾ ആദ്യത്തെ നക്കൽ തയ്യാറാക്കുകയോ പകർപ്പെഴുത്തുകാരന് പറഞ്ഞുകൊടുക്കുകയോ ചെയ്യുന്നു. എഡിറ്റിങ് മറ്റൊരാളായിരിക്കും നിർവഹിക്കുന്നത്. ആ ഗ്രന്ഥത്തിന്റെ അന്തഃസത്ത നഷ്ടപ്പെടാതെ അതു പൂർണമാക്കുക ക്ലേശകരമാണ്. അതിലെ കഥാപാത്രങ്ങളുടെ പേരുകൾ, സ്വഭാവം, സ്ഥലവർണന, അധ്യായ-ഖണ്ഡികവിഭജനം, ശീർഷകനിർണയം എന്നിവ നിർവഹിക്കേണ്ടത് എഡിറ്ററാണ്.[4]

ഒന്നിലധികം ഭാഗങ്ങളുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തിൽ എഡിറ്ററുടെ ചുമതല ഇതിലും വലുതാണ്. ഒന്നിലധികം ഗ്രന്ഥകാരന്മാർചേർന്നു രചിക്കുന്ന ഗ്രന്ഥങ്ങളിലും എഡിറ്റിങ്ങിന് നിർണായകമായ പങ്കാണുള്ളത്. ആവർത്തനം ഒഴിവാക്കുക, ആധാരഗ്രന്ഥങ്ങൾ പരിശോധിക്കുക, ആശയപരമായ പൊരുത്തക്കേട് വരാതെ സൂക്ഷിക്കുക, ശൈലിയുടെ ഏകതാനത കൈവരുത്തുക എന്നിങ്ങനെ പല കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.[4]

മിക്ക പ്രസിദ്ധീകരണ സ്ഥപനങ്ങൾക്കും സ്വന്തമായി ഒരു എഡിറ്റോറിയൽ സമിതി തന്നെ ഉണ്ടായിരിക്കും. എഡിറ്റിങ്ങുൾപ്പെടെ പുസ്തക സംവിധാനത്തിനാവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകുന്നത് ഈ സമിതിയാണ്.

നിഘണ്ടുക്കളിൽ

തിരുത്തുക

നിഘണ്ടുക്കളുടെ എഡിറ്റിങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് പദങ്ങളുടെ അകാരാദിയിലുള്ള ക്രമീകരണത്തിലാണ്.[4] ലോകഭാഷകളിൽ ആധുനികകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ മുഖ്യനിഘണ്ടുക്കളിലും അതതു ഭാഷയുടെ അക്ഷരമാലാക്രമത്തെ നിഷ്കൃഷ്ടമായി ദീക്ഷിച്ചിട്ടുണ്ട്.

എന്നാൽ പ്രാചീന ഭാരതത്തിൽ, സംസ്കൃതത്തിൽ രചിക്കപ്പെട്ട ശബ്ദകോശങ്ങളിൽ ഈ നിർമ്മാണരീതി ഒട്ടുംതന്നെ പാലിച്ചു കാണുന്നില്ല. സംകൃതത്തിലെ പ്രമാണികമായ് അമരകോശം ഓരോരോ 'വർഗ്ഗ'ത്തിൽ സ്വർഗ്ഗം, ഭൂമി, ഗിരി, വാരി, പൂരം, വനം ഔഷധി തുടങ്ങിയവ - പദങ്ങളെയും പര്യയായങ്ങളെയുമാണ് എണ്ണി പറഞ്ഞിട്ടുള്ളത്. അമരകോശം പോലെ പര്യായനിഘണ്ടു, നാനാർഥകോശം തുടങ്ങിയ പ്രാചീന സംസ്കൃതകോശങ്ങളെല്ലാം പദ്യത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.[4] അകാരാതി സംവിധാനം എന്ന ആശയം അവയുടെ കർത്താക്കന്മാരുടെ സങ്കല്പത്തിൽഎത്തിയിട്ടില്ലായിരുന്നു എന്നു ഊഹിക്കേണ്ടിയിരിക്കുന്നു.

ആധുനികകാലത്ത് മറ്റെല്ലാ പ്രസിദ്ധീകരണങ്ങളുടെയും എന്നപോലെ നിഘണ്ടുവിന്റെയും നിർമ്മാണത്തിന് അനുപേക്ഷണീയമായ അടിസ്ഥാന സിദ്ധാന്തങ്ങളിൽ പ്രധാനം അകാരാദി ക്രമത്തിലുള്ള സംവിധാനം തന്നെയാണ്.[4] (സംസ്കൃതത്തിൽ അകാരാദി എന്ന പദം തന്നെ നിഘണ്ടു ശബ്ദത്തിന്റെ പര്യായമാണ്.) മലയാളം പോലെ സങ്കീർണമായ ലിപിഘടനയുള്ള -- ഉദാ. ര, റ, റ്റ, ള, ഴ തുടങ്ങിയവയുള്ള -- ഒരു ഭഷയിൽആദ്യമായി അവശ്യം ചെയ്യേണ്ടകാര്യം അക്ഷരമാലാക്രമം സുസ്ഥിരമാക്കുക എന്നതാണ്. നിഘണ്ടുവിലേക്കുള്ള പദസമുച്ചയത്തിന്റെ അകാരാദിക്രമം ആസൂത്രണം ചെയ്യുന്നതിന് ഇത്തരത്തിലുള്ള ചിട്ടപ്പെടുത്തൽ ആവശ്യമാണ്.

ഒരു ശബ്ദത്തിന്റെ നിരുക്തി, ഓരോ കാലത്തുമുണ്ടായിട്ടുള്ള അതിന്റെ അർത്ഥവിക്ഷാഭേദങ്ങൾ, പ്രയോഗവിധങ്ങൾ, ദൃഷ്ടാന്തങ്ങൾക്കു വേണ്ടിയുള്ള ഉദ്ധരണികൾ എന്നിവയ്ക്കു നൽകേണ്ട ക്രമം നിശ്ചയിച്ച് അവ വിശദമാക്കുകയാണ് നിഘണ്ടു നിർമ്മാണത്തിലെ മറ്റൊരു മുഖ്യഘടകം.[4] വിദേശഭാഷകളുൾപ്പെടെ ഏത് ഇതര ഭാഷാ ശബ്ദത്തിൽനിന്ന് ഒരു പദം ഉണ്ടായി, അത് തദ്ഭവമായോ തൽസമമായോ നിർദിഷ്ടഭാഷയിൽ സംക്രമിച്ചപ്പോൾഏതെല്ലാം അർത്ഥഭേദങ്ങൾ സംഭവിച്ചു, സ്വന്തം ഭാഷയിലുള്ള പദത്തിന്റെതന്നെ മൂലവും ധാത്വാർഥവും എന്താണ് എന്നിവ ക്രമബദ്ധമായി പ്രമാണിക നിഘണ്ടുവിൽ ഉദാഹരണസഹിതം പ്രതിപാദിക്കേണ്ടതുണ്ട്. ഇത്തരം അഗാമിക പദ്ധതിയനുസരിച്ച് ക്രോഡീകരിച്ചിട്ടുള്ളവയാണ് ഓക്സ്ഫോർഡ്, വെബ്സ്റ്റർ തുടങ്ങിയ ഇംഗ്ലിഷ് നിഘണ്ടുക്കളും മോണിയർവില്ല്യംസിന്റെ സംസ്കൃത--ഇംഗ്ലീഷ് നിഘണ്ടുവും കാശീനാഗരീ പ്രചാരിണീസഭ പ്രസാധനം ചെയ്ത ഹിന്ദി ശബ്ദസാഗർ, മാനക്-ഹിന്ദി കോശ് എന്നീ നിഘണ്ടുക്കളും കിറ്റലിന്റെ കന്നട--ഇംഗ്ലീഷ് നിഘണ്ടുവും ഗുണ്ടർട്ടിന്റെ മലയാളം--ഇംഗ്ലീഷ് നിഘണ്ടുവും.[4]

ശബ്ദ്ങ്ങളുടെ ധാതു, വൈദേശികമൂലം, അർത്ഥവ്യത്യാസങ്ങൾ, പര്യായം, ദൃഷ്ടാന്തം മുതലായവ പഠിതാവിന് സുഗ്രഹമാകത്തക്ക വിധത്തിൽ അച്ചുകളുടെ അളവുകളും പ്രത്യേകതകളും സസൂക്ഷ്മം നിർണയിക്കുന്ന കാര്യവും നിഘണ്ടുവിന്റെ എഡിറ്റിങ്ങിൽപ്പെടുന്നു.[4] റോമൻലിപികളിലുള്ള വിദേശഭാഷാ നിഘണ്ടുക്കൾക്ക് ഉച്ചാരണ നിർദ്ദേശം അപരിത്യാജമാണ്. പക്ഷേ സംസ്കൃതത്തിലേയും ആധുനിക ഭാരതീയ ഭാഷകളിലെയും ലിപികളുടെ ഉച്ചാരണത്തിൽ വായനക്കാരന് വലിയ തടസ്സം അനുഭവപ്പെടാറില്ല. തന്മൂലം ഭാരതീയ ഭാഷാപദങ്ങളെ സംബന്ധിച്ചിടത്തോളം ഉച്ചാരണ വ്യവസ്ഥയെപ്പറ്റിയുള്ള നിർദ്ദേശം നിഘണ്ടുവിൽനൽകേണ്ടി വരുന്നില്ല.[4]

എന്നാൽ, വിദേശഭാഷകളിൽനിന്നു കടമെടുക്കുന്ന പദങ്ങളുടെ ഉച്ചാരണം ഭിന്നമാകയാൽ അതിന്റെ തനിമ നിലനിർത്തുവാനുതകുന്ന തരത്തിൽ ആ ഉച്ചാരണവും ഉൾക്കൊള്ളുവാൻ പറ്റുന്ന പ്രത്യേക ലിപികൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. എല്ലാ ഭാരതീയ ഭാഷകളെ സംബന്ധിച്ചും ഈ പ്രശ്നം സമാനമാണ്. ഇവയ്ക്കു പ്രത്യേകം ലിപി ഇല്ലാത്തകാലത്തോളം അവയുടെ സ്ഥാനനിർണയത്തിനു മറ്റു ചില സങ്കേതങ്ങൾസ്വീകരിക്കേണ്ടി വരുന്നു. ഇതിനുള്ള വ്യവസ്ഥയും നിഘണ്ടുവിലുണ്ടാകും.[4]

ആധുനികാലത്ത് നിഘണ്ടു പ്രസാധനത്തിൽ പല പുതിയ പ്രശ്നങ്ങളും ഉദ്ഭവിച്ചിട്ടുണ്ട്. ഒരു പദത്തിന് അതേ ഭാഷയിൽത്തന്നെ അർത്ഥം പറയുക എന്ന ചിരദൃതമായ പന്ഥാവു വിട്ട് ദ്വിഭാഷ, ത്രിഭാഷ, പഞ്ചഭാഷ എന്നീ ക്രമത്തിൽബഹുഭാഷാ നിഘണ്ടുനിർമ്മാണം വൈവിധ്യവത്കരിക്കപ്പെട്ടുവരുന്നതാണ് ഇവയിൽപ്രധാനം.[4] ബെഞ്ചമിൻ ബെയ്ലിയുടെ മലയാളം--ഇംഗ്ലീഷ് നിഘണ്ടുവിന്റെയും (1846), റിച്ചാർഡ് കോളിൻസിന്റെ മലയാളം--മലയാളം നിഘണ്ടുവിന്റെയും (1865), ശബ്ദങ്ങളുടെ ആശയം, ഉച്ചാരണം, ഉദ്ഭവം, ധാത്വർഥം, ഇതര ഭാഷകളിലെ സമാനപദങ്ങൾ, അവയുടെ അർത്ഥാന്തര പരിണാമങ്ങൾ, ദൃഷ്ടാന്തങ്ങൾ തുടങ്ങിയവയെ വിവരിച്ചുകൊണ്ടുള്ള ഗുണ്ടർട്ടിന്റെ പ്രസിദ്ധമായ മലയാളം--ഇംഗ്ലീഷ് നിഘണ്ടുവിന്റെയും പ്രണയനത്തിന് (1872) ശേഷം നിഘണ്ടു നിർമ്മാണം ഇന്ന് വളരെയേറെ വ്യാപനത്തിനും വൈവിധ്യവത്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്.[4]

ചലച്ചിത്രനിർമ്മാണത്തിൽ

തിരുത്തുക

തിരക്കഥയിലെ രംഗ--ദൃശ്യവിഭജനത്തെ സംബന്ധിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി സെല്ലുലോയിഡിൽ പകർത്തിയിട്ടുള്ള ദൃശ്യശകലങ്ങളെ, മൊത്തത്തിലുള്ള ചലചിത്രത്തിന്റെ ദൃശ്യപൗർവാപര്യ ക്രമത്തിൽ സംയോജിപ്പിക്കുന്ന പ്രക്രിയയെയും എഡിറ്റിങ് എന്നു പറയാറുണ്ട്. മലയാളത്തിൽ ചിത്രസംയോജനം എന്ന പേരിലാണറിയപ്പെടുന്നത്.

ചലച്ചിത്ര സൃഷ്ടിയുടെ അസ്തിവാരം എഡിറ്റിങ്ങിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന അഭിപ്രായം ആദ്യമായി പ്രകടമാക്കിയത് റഷ്യയിലെ ചലച്ചിത്ര വിദഗ്ദ്ധൻമാരായ ലെവ്കുലെഷോവ്, പുഡോവ്കിൻ എന്നിവരാണ്.[6] എഡിറ്റിങ്ങിലെ സാങ്കേതികകാര്യങ്ങളുടെ വികസനത്തിന് കനത്ത് സംഭാവന നൽകിയ മറ്റൊരു സംവിധായകനാണ് സെർഗി ഐസന്റൈൻ.

ഒരു ചലച്ചിത്രം മുഖേന ആവിഷ്കരിക്കാൻആഗ്രഹിക്കുന്ന ആശയത്തെ സെലുലോയിഡിൽ പല സന്ദർഭങ്ങളിലായി പകർത്തിയിട്ടുള്ള ദൃശ്യരൂപങ്ങളുടെ സമ്യക്കായ ക്രമീകരണത്തിലൂടെ പേക്ഷകന്റെ മുൻപിൽവ്യക്തമായി അവതരിപ്പിക്കുന്ന ധർമമാണ് എഡിറ്റർ നിർവഹിക്കുന്നത്.[6] സംഭവങ്ങളെയും സാഹചര്യങ്ങളെയും യഥാതഥമായി അവതരിപ്പിക്കുക, സംഭാഷണ ചിത്രങ്ങളിൽ ശബ്ദവും ചലനവും സംയോജിപ്പിക്കുക, രംഗങ്ങളുടെ ഭാവോജ്വലത വർദ്ധിപ്പിക്കാനാവശ്യമയ ചിത്രങ്ങൾ ശേഖരിച്ച് യഥായോഗ്യം ചേർക്കുക എന്നിവ എഡിറ്ററുടെ ചുമതലകളാണ്. രംഗങ്ങളുടെയും ദൃശ്യശകലങ്ങളുടെയും ദൈർഘ്യം ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക; ഒരു ദൃശ്യത്തിൽനിന്നും മറ്റൊന്നിലേക്കുള്ള മാറ്റം ആകർഷകവും സ്വാഭാവികവുമാക്കുക, രംഗസ്വഭാവം അനുസരിച്ച് ദൃശ്യശകലങ്ങളുടെ ചലന വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക തുടങ്ങി ഒരു ചലച്ചിത്രത്തിന്റെ സംരചനയിൽ ഉടനീളം ചിത്രസംയോജകന്റെ കരവിരുതിനും ഭാവനയ്ക്കും വലിയൊരു പങ്കു നിർവഹിക്കാനുണ്ട്. സെലുലോയ്ഡ് ചുവരുകളിൽ പതിച്ചെടുക്കുന്ന ദൃശ്യരൂപങ്ങൾക്ക് ജീവനും ചൈതന്യവും നൽകി പ്രേക്ഷക ഹൃദയങ്ങളിൽ പ്രതികരണങ്ങളുണ്ടാക്കത്തക്ക വിധം വെള്ളിത്തിരയിൽ എത്തിക്കുന്ന സൃഷ്ടിപരമായ ഒരു കർമ്മമാണ് ചലച്ചിത്ര എഡിറ്റിങ്ങിൽ നിക്ഷിപ്തമായിരിക്കുന്നത്. അനുചിത ഭാഗങ്ങൾനീക്കുന്നതിനുള്ള കത്രിക പ്രയോഗത്തിന് വിവിധ സജ്ജീകരണങ്ങോടുകൂടിയ യന്ത്രസംവിധാനങ്ങൾ ഇന്നു ലഭ്യമാണ്.

ചിത്രസംയോജനത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന അനേകം ഉദാഹരണങ്ങളുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ നായികയായ ഗീത വിജയൻ‍, സിദ്ദിഖ് അവതരിപ്പിച്ച ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രത്തെ അന്വേഷിച്ച് അയാളുടെ വീട്ടിൽ ചെല്ലുന്ന ഒരു രംഗം ഉണ്ട്. അപ്പോൾ ഗോവിന്ദൻ കുട്ടി സ്ഥലത്തില്ല എന്നു പറഞ്ഞ് നായികയെ തിരിച്ചയച്ച ശേഷം ഗോവിന്ദൻ കുട്ടിയുടെ വേലക്കാരൻ പറയുന്ന ഒരു ആത്മഗതമുണ്ട് - " ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം ബെസ്റ്റ് ടൈം" എന്ന്. എന്നാൽ തൊട്ടടുത്ത രംഗത്തിൽ കാണിക്കുന്നത് ഗോവിന്ദൻ കുട്ടിയെയും കൂട്ടുകാരെയും തല കീഴായി കെട്ടി തൂക്കിയിട്ടിരിക്കുന്നതാണ്. വിദഗ്ദമായി രംഗങ്ങളെ തമ്മിൽ സംയോജിപ്പിച്ചാണ് ഈയൊരു ഹാസ്യ രംഗം ചിത്രത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

  1. 1.0 1.1 1.2 1.3 എറൗണ്ട് ദി കോപിഡസ്ക് (1946), ജി. ബി. ബാസ്റ്റിൻ
  2. 2.0 2.1 2.2 ന്യൂസ് പേപ്പർ എഡിറ്റിംങ്ങ് മേക്ക് അപ് ആൻഡ് ഹെഡ് ലൈൻസ് (1946), എൻ. ജെ. റോഡർ
  3. 3.0 3.1 ന്യൂ സർവേ ഓഫ് ജെർണലിസം (1958), ജി. എഫ്. മോട്ട്
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 4.16 ദി ആർട്ട് ഓഫ് എഡിറ്റിംങ്ങ് ദി ന്യൂസ് (1972), ആർ. സി. മ്മൈക്കൾഗിഫെർട്ട്
  5. 5.0 5.1 ന്യൂസ് എഡിറ്റിംങ്ങ് (1953), ബി. വെസ്റ്റിലി
  6. 6.0 6.1 ദി ഫിലിം ടിൽനൗ (1967), പാൾറോത്ത

പുറത്തെക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എഡിറ്റിങ്ങ്&oldid=4071984" എന്ന താളിൽനിന്ന് ശേഖരിച്ചത്