കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്. ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി. സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയിൽ പെട്ട ഈ പള്ളി 1810-ൽ സ്ഥാപിക്കപ്പെട്ടതാണ്. [1] പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വാസ്‌തുശില്‌പശൈലി വളരെ മനോഹരമാണ്. മധ്യകാല യൂറോപ്യൻദേവാലയങ്ങളെ ഓർമ്മപെടുത്തുന്നതാണ് ഇതിന്റെ നിർമ്മാണം. [2] പെരുന്നാളിനു കൊടികയറുന്നതോടെ സ്വർണ്ണാലംകൃതമായ വിശുദ്ധ ജോർജ്ജിന്റെ തിരുസ്വരൂപം പള്ളിയുടെ മധ്യത്തിലുള്ള വേദിയിൽ പ്രതിഷ്‌ഠിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്.

എടത്വാപള്ളി

തിരുവല്ലായിൽ നിന്നും 14 കി.മി. ദൂരത്താണ് എടത്വാപള്ളി.

ചരിത്രംതിരുത്തുക

എടത്വായിലെയും കുട്ടനാടിന്റെ ഇതര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ വിശ്വാസികൾ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് തോമാശ്ലീഹായാൽ സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന നിരണം പള്ളിയെ ആയിരുന്നു. ക്രി പി 417-ൽ ചമ്പക്കുളത്ത് ഒരു പള്ളി സ്ഥാപിതമായതോടെ ഇവരുടെ ആശ്രയം ആ പള്ളിയായിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ആലപ്പുഴയിലും പുറക്കാട്ടും പുളിങ്കുന്നിലും പള്ളികൾ സ്ഥാപിതമായതോടെ തങ്ങൾക്കും സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള എടത്വാ നിവാസികളുടെ ആഗ്രഹം ശക്തമായി. അന്ന് എടത്വാ പ്രദേശം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നതിനാൽ വിശ്വാസികൾ വരാപ്പുഴ മെത്രാനായിരുന്ന റെയ്മണ്ട് തിരുമേനിയെ സന്ദർശിച്ച് തങ്ങളുടെ ആവശ്യം അറിയിച്ചു.

വരാപ്പുഴ മെത്രാനിൽ നിന്നും കാനോനിക അനുമതി ലഭിച്ചതിൻ പ്രകാരം 1810 സെപ്തംബെർ 29-ന് എടത്വായിലെ കോയിൽമുക്ക് എന്ന സ്ഥലത്ത് ഒരു ചെറിയ പള്ളി സ്ഥാപിക്കപ്പെട്ടു. പള്ളിക്കാവശ്യമായ സ്ഥലം ദാനമായി നൽകിയത് എടത്വായിലെ പ്രമുഖ നായർ തറവാടായ ചങ്ങംകരി വെള്ളാപ്പള്ളിയിലെ കൊച്ചെറുക്കപ്പണിക്കരായിരുന്നു. കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമായിരുന്നു എങ്കിലും നിശ്ചയദാർഢ്യമുള്ളവരും അധ്വാനശീലരുമായിരുന്ന ഇടവകജനങ്ങൾ വലിയ ഒരു പള്ളി നിർമ്മിക്കുവാൻ തീരുമാനിച്ചു. 1839-ൽ ശിലാസ്ഥാപനം നടത്തിയ വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പുതിയ പള്ളിയുടെ നിർമ്മാണം പൂർത്തിയായപ്പോൾ വിശുദ്ധന്റെ ഒരു രൂപം പള്ളിയിൽ പ്രതിഷ്ഠിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായി. ഒടുവിൽ ഇടപ്പള്ളി പള്ളിയുടെ തട്ടിൻപുറത്ത് സൂക്ഷിച്ചിരുന്ന തിരുസ്വരൂപങ്ങളിലൊന്ന് എടത്വായിലെത്തിച്ച് ആഘോഷപൂർവ്വം സ്ഥാപിച്ചു.

പെരുന്നാൾതിരുത്തുക

എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 14 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാപള്ളിയിൽ കൊണ്ടാടുന്നത്. മേയ് 3 ന് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപം മേയ് 14 വരെ പൊതുവണക്കത്തിനായി ദേവാലയ കവാടത്തിൽ ഉണ്ടാകും. മേയ് 7 ന് പ്രധാന തിരുന്നാൾ ദിവസം ദേവാലയത്തിനു ചുറ്റും നടത്തപ്പെടുന്ന പ്രദക്ഷിണം തമിഴ്നാട്ടിൽ നിന്നുമുള്ള ഭക്തരുടെ നേതൃത്വത്തിൽ ആണ്. മേയ് 14 നു പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശടി വരെയുള്ള പ്രദക്ഷിണത്തോടെ തിരുന്നാൾ സമാപിക്കുന്നു. എടത്വാപള്ളി വെടിക്കെട്ട് പ്രസിദ്ധമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

എടത്വാപള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

  • സെന്റ്. അലോഷ്യസ് കോളേജ്
  • സെന്റ്. അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ
  • സെന്റ്. അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ
  • സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ
  • സെന്റ്. മേരീസ് ലോവർ പ്രൈമറി ഹൈസ്കൂൾ
  • ജോർജിയൻ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ
  • പയസ് ടെൻത് ട്രെയിനിങ് സെന്റർ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ചിത്രസഞ്ചയംതിരുത്തുക

അവലംബംതിരുത്തുക

  1. "എടത്വാപള്ളിയുടെ ചരിത്രം". മൂലതാളിൽ നിന്നും 2010-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-06.
  2. പ്രൊഫ.കെ.ജെ.ജോസഫ്, പള്ളിയോടൊപ്പം വളർന്ന എടത്വ, മനോരമ ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=എടത്വാപള്ളി&oldid=3626096" എന്ന താളിൽനിന്ന് ശേഖരിച്ചത്