മലയാള സാഹിത്യത്തിലെ പ്രമുഖനായ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമാണ്‌ എം. രാഘവൻ (ജനനം-1930)‍. മയ്യഴിക്കാരനായ ഇദ്ദേഹം ഫ്രഞ്ച് എംബസ്സിയിലെ‍ സാംസ്കാരികവകുപ്പിൽ സേവനമനുഷ്ഠിച്ചു.

എം.രാഘവൻ

ജീവിതരേഖ

തിരുത്തുക

മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗം.1930-ൽ ജനനം. അച്ഛൻ മണിയമ്പത്ത് കൃഷ്ണൻ ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്നു. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസ്സായ രാഘവൻ സർക്കാർ ജോലി ലഭിച്ചു. മുംബെയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസ്സിയിലും ജോലി ചെയ്തു. 1983-ൽ എംബസ്സിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്നും വിരമിച്ചു. മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

സാഹിത്യജീവിതം

തിരുത്തുക

എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി തലമുറയുടെ ഭാഗമായി എഴുതിത്തുടങ്ങി.അക്കാലത്തെ പ്രധാനപ്പെട്ട എല്ലാ സാഹിത്യപ്രസിദ്ധീകരണങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ധാരാളമായി എഴുതിയ എഴുത്തുകാരനായിരുന്നില്ല എം.രാഘവൻ. ദില്ലിയിലെ മലയാളിസമാജത്തിന്റെ വാർഷികങ്ങൾക്കായി നാടകങ്ങൾ എഴുതി.

ജോലിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം എഴുത്തിൽ സജീവമായി. നോവലുകൾ ഇക്കാലത്താണ് എഴുതിയത്. ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽ നിന്നും ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

രചനാരീതി

തിരുത്തുക

കഥാപാത്രങ്ങളുടെ മാനസികലോകം അനാവരണം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നവയാണ് എം.രാഘവന്റെ കഥകൾ. ചിത്തവൃത്തികളുടെ ചോദനകളിലേക്ക് വെളിച്ചം വീശുന്നവയാണ് ആദ്യ സമാഹാരമായ നനവിലെ രചനകൾ. വ്യക്തിബന്ധത്തിന്റെ സങ്കീർണ്ണതകൾ അവ സമർത്ഥമായി ഇഴപിരിച്ചു കാണിക്കുന്നു. പില്ക്കാലരചനകൾ ആർദ്രമായ മാനസികാവസ്ഥ പ്രകടമാക്കുന്നു. വ്യക്തിജീവിതത്തിലെ ഒറ്റപ്പെടലുകളും ദൈന്യവും അനുതാപപൂർവ്വം കൈകാര്യം ചെയ്യുന്ന ഹൃദയാലുവായ കാഥികനാണ് ഇവയിൽ കാണപ്പെടുന്നത്.

  • നനവ് (ചെറുകഥാസമാഹാരം)
  • വധു (ചെറുകഥാസമാഹാരം)
  • സപ്തംബർ അകലെയല്ല (ചെറുകഥാസമാഹാരം)
  • ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരം)
  • നങ്കീസ് (നോവൽ)
  • അവൻ (നോവൽ)
  • യാത്ര പറയാതെ(നോവൽ)
  • ചിതറിയ ചിത്രങ്ങൾ(നോവൽ)
  • കർക്കിടകം(നാടകം)
  • ചതുരംഗം (നാടകം)
  • ദോറയുടെ കഥ, ഹെലൻ സിൿസ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവർത്തനം

പുരസ്കാരങ്ങൾ

തിരുത്തുക
  • മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകൾക്കുള്ള അംഗീകാരമായി പുതുശ്ശേരി സർക്കാർ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.
  • 2008 ലെ നോവലിനുള്ള അബൂദാബി ശക്തി അവാർഡ് ചിതറിയ ചിത്രങ്ങൾക്ക്.
  • 2008 ൽ കേരള ഭാഷാഇൻസ്റ്റിട്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം ചിതറിയ ചിത്രങ്ങൾ എന്ന നോവലിനു്.
"https://ml.wikipedia.org/w/index.php?title=എം._രാഘവൻ&oldid=2012424" എന്ന താളിൽനിന്ന് ശേഖരിച്ചത്