മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് എം.ഡി. രത്‌നമ്മ. സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മിക്ക നോവലുകളും രചിക്കപ്പെട്ടിട്ടുള്ളത്;  സ്ത്രീപക്ഷത്തു നിന്ന് അവരുടെ വൈവിധ്യമാർന്ന ജീവിതവ്യഥകളും സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങളും മിഴിവോടെ  ആവിഷ്ക്കരണമാക്കി എന്ന നിലയിൽ  മലയാള സാഹിത്യത്തിലെ കഥാ നോവൽ രംഗത്തെ വനിതകളിൽ  രത്നമ്മയുടെ സ്ഥാനം ശ്രദ്ധേയമാണ്.

എം.ഡി. രത്‌നമ്മ
ജനനം (1943-10-15) ഒക്ടോബർ 15, 1943  (80 വയസ്സ്)
തിരുവല്ല
തൊഴിൽകോളേജ് അദ്ധ്യാപിക, സാഹിത്യകാരി
ഭാഷമലയാളം
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ
അവാർഡുകൾകേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം
പങ്കാളിടി. എസ്. രവീന്ദ്രൻ പിള്ള

എഴുപതുകളിൽ തുടങ്ങി തൊണ്ണൂറുകളുടെ അവസാനം വരെ സാഹിത്യരംഗത്ത് വളരെ സജീവമായിരുന്നു.

ഇവരുടെ മൂന്ന് നോവലുകൾ അടിസ്ഥാനമാക്കി സിനിമകൾ നിർമ്മിക്കപ്പെടുകയുണ്ടായി. കേരള സാഹിത്യ അക്കാദമി  2013-ൽ രത്നമ്മയ്ക്ക് സമഗ്രസംഭാവനകൾക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.

ജീവിത രേഖകൾ തിരുത്തുക

1943 ഒക്ടോബർ 15-ന് തിരുവല്ലയിൽ എം. ഡി. രത്നമ്മ ജനിച്ചു.[1] പിതാവ് പൊൻകുന്നം ദാമോദരൻ. കവിത, നോവൽ, നാടകം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുരോഗമന എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും അധ്യാപകനുമായിരുന്നു. അമ്മ: കുഞ്ഞിക്കുട്ടിയമ്മ. എഴുത്തുകാരായ എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ് ഉൾപ്പെടെ നാല് സഹോദരങ്ങൾ.

മുക്കുതല, തിരുവല്ല എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രത്നമ്മ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടി. തിരുവല്ല മാർത്തോമ്മാ കോളേജിൽ അധ്യാപികയായി 1966 ൽ ഔദ്യോഗിക ജീവിതമാരംഭിച്ച അവർ 1999-ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ ഹിന്ദിവിഭാഗം മേധാവിയായി സർവ്വീസിൽ നിന്നും വിരമിച്ചു.

സാഹിത്യ സംഭാവനകൾ തിരുത്തുക

നോവലിസ്റ്റായാണ് രത്നമ്മ സാഹിത്യത്തിൽ കടന്നു വന്നതും അങ്ങനെ തന്നെയാണ് അവർ പ്രധാനമായും മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതും. പശു, പന്തൽ, അവളുടെ പേര് രാധ, നിരീക്ഷകരുടെ ഗ്രാമം തുടങ്ങി മികച്ച കഥകളും എഴുതിയിട്ടുണ്ട്. ആദ്യ നോവൽ 'എട്ടുകാലി' 1973-ൽ പ്രസിദ്ധീകരിച്ചു. 25 ന് മേൽ നോവലുകളുടെയും 60-ലധികം ചെറുകഥകളുടെയും രചയിതാവാണ്, എം. ഡി. രത്നമ്മ.

കോളേജ് അദ്ധ്യാപികയും സാഹിത്യകാരിയുമായ ഒരുവളുടെ ദുരന്ത കഥയാണ് രത്നമ്മയുടെ ഒരു പ്രമുഖ കൃതിയായ 'ദ്രൗപദി' യിലെ പ്രതിപാദ്യം. പ്രണയ വിവാഹവും ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളും അവളെ അപ്രതീക്ഷിത ദുരന്തങ്ങളിലേക്ക് നയിക്കുന്നു.

സമൂഹം പുറം തള്ളിയ വൃദ്ധയോടുള്ള ഒരു യുവതിയുടെ അനുകമ്പയായിരുന്നു അരണ്യവാസത്തിലെ പ്രമേയം. നിഷ്കളങ്കയായ കോളേജ് വിദ്യാർത്ഥിനിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്തു നിന്ന് ഏൽക്കുന്ന ദുരനുഭവമാണ് 'കോവള'ത്തിലെ പ്രതിപാദ്യവിഷയം. 'ആദിമധ്യാന്തങ്ങൾ' എന്ന നോവലിൽ ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ തകർച്ച ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ പറഞ്ഞിരിക്കുന്നു.

ഇതുപോലെ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മിക്കവാറും മറ്റു നോവലുകളും ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്.

മൂന്ന് നോവലുകൾ സിനിമയായിട്ടുണ്ട് സംവിധായകൻ സത്യൻ അന്തിക്കാടിൻറെ 'അദ്ധ്യായം ഒന്നു മുതൽ' (1985) എന്ന സിനിമ, 'ആദിമധ്യാന്തങ്ങൾ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവരുടെ പ്രശസ്ത നോവലായ 'ദ്രൗപദി ' 13 എപ്പിസോഡുകളുള്ള ടെലിവിഷൻ സീരിയൽ ആയി ദൂരദർശന്റെ ആദ്യകാലത്തു ടെലികാസ്റ് ചെയ്തു ശ്രദ്ധ നേടിയിരുന്നു.

എഴുപതുകളിൽ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം രത്നമ്മ സാഹിത്യ രംഗത്ത് വളരെ സജീവമായിരുന്നു. ആ കാലഘട്ടത്തിലെ മലയാളസാഹിത്യ രംഗത്തെ ഒരു പ്രധാന വനിതാ സാന്നിദ്ധ്യമായി ഈ എഴുത്തുകാരി അറിയപ്പെട്ടു.

പുരസ്കാരങ്ങൾ തിരുത്തുക

സമഗ്രസംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2013-ൽ രത്നമ്മക്കു ലഭിച്ചു.

പ്രധാന കൃതികൾ തിരുത്തുക

നോവലുകൾ തിരുത്തുക

  • എട്ടുകാലി
  • വധു
  • ആത്മഹത്യാമുനമ്പ്
  • കോവളം
  • ധന്യ
  • എവിടെയോ ഒരു തീരം
  • തീരം തേടി
  • അരണ്യവാസം
  • പകൽ
  • ശിശിരം
  • ശൈത്യം
  • ഗ്രീഷ്മം
  • വർഷം
  • കീർത്തി
  • ഇനി സുമിത്ര പറയട്ടെ
  • മകൻ എന്റെ മകൻ
  • ആദിമധ്യാന്തങ്ങൾ
  • എന്നും നിന്റെ സൂര്യൻ
  • സ്വന്തം
  • നാളെ ഞങ്ങളുടെ വിവാഹം
  • ദ്രൗപദി
  • എന്ന് സ്വന്തം ഹരിപ്രിയ
  • വൃന്ദക്ക് സുഖം തന്നെ
  • ദിവ്യം മോഹനം

ചെറുകഥാ സമാഹാരങ്ങൾ തിരുത്തുക

  • അപർണ
  • പ്രതിമയായിത്തീർന്ന പെൺകുട്ടി
  • എന്റെ പ്രിയ കഥകൾ

അവലംബം തിരുത്തുക

  1. മാർച്ച്‌, 26; 2021 (2021-03-26). "എം. ഡി. രത്നമ്മ". Retrieved 2022-09-30. {{cite web}}: |first= has numeric name (help)
"https://ml.wikipedia.org/w/index.php?title=എം.ഡി._രത്നമ്മ&oldid=3786460" എന്ന താളിൽനിന്ന് ശേഖരിച്ചത്