ഉഷ്ണരക്ത ജീവികൾ അവയുടെ ശരീരതാപം സ്ഥിരമായി ഒരു പ്രത്യേക അളവിൽ ക്രമീകരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ശരീരതാപത്തിൽ വ്യത്യാസം വരുന്നില്ല. സസ്തനികളും പക്ഷികളും ഉഷ്ണരക്തജീവികൾ ആണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ചെറിയ അളവുമാത്രമാണ് ശരീരവളർച്ചയ്ക്കായി ഇത്തരം ജീവികൾ ഉപയോഗിക്കുന്നത്. ബാക്കി ശരീരതാപത്തിന്റെ ക്രമീകരണത്തിനായി ഇവ ചെലവഴിക്കുന്നു.
ഒരു സസ്തനിയുടെ സാധാരണ ശരീരതാപം 97° F മുതൽ 104° F വരെയാണ്. പക്ഷികളുടെ സാധാരണ ശരീരതാപം 106° F മുതൽ 109° F വരെയാണ്. തലച്ചോറിലെ ഹൈപോതലാമസ് എന്ന ഭാഗമാണ് ശരീരതാപത്തെ ക്രമീകരിക്കുന്നത്. അന്തരീക്ഷത്തിലെ താപവ്യത്യാസങ്ങൾക്കനുസരിച്ച് ത്വക്കിൽ നിന്ന് ഹൈപോതലാമസിലേക്ക് സന്ദേശങ്ങൾ എത്തുകയും അവ ശരീരതാപത്തിന്റെ ക്രമീകരണത്തിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. തണുപ്പു വർദ്ധിക്കുമ്പോൾ ശരീരം വിറയ്ക്കുന്നതും, ഉഷ്ണം കൂടുമ്പോൾ വിയർക്കുന്നതും അതുകൊണ്ടാണ്. സ്വേദഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന വിയർപ്പിന് ബാഷ്പീകരണം സംഭവിക്കുമ്പോൾ ശരീരം തണുക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉഷ്ണരക്തം&oldid=2843523" എന്ന താളിൽനിന്ന് ശേഖരിച്ചത്