ഉമിക്കരി
നെല്ലിന്റെ പുറംപാളിയായ ഉമി കരിച്ചാൽ ലഭിക്കുന്നതാണ് ഉമിക്കരി. കേരളീയർ പല്ല് വൃത്തിയാക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. നെല്ലിനെ പൊതിഞ്ഞിരിക്കുന്ന ആവരണമാണ് ഉമി. നെല്ല് പൂവായിരിക്കുമ്പോൾ കാണപ്പെടുന്ന രണ്ട് ദളങ്ങളാണ് അരിയായി മാറുന്ന നേരത്ത് ആവരണമായി കാണുന്നത്. നെല്ല് കുത്തിയിട്ട് അരി ശേഖരിക്കുമ്പോൾ വെളിയിൽ വരുന്ന ഭാരം കുറഞ്ഞ തോടിനെ ഉമിയെന്ന് പറയുന്നു. ഉമിക്കരി നന്നായി പൊടിച്ച് വിരലിലെടുത്ത് പല്ലുകളിൽ ഉരയ്ക്കുമ്പോൾ പല്ലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നശിച്ച് പല്ല് വൃത്തിയാവുന്നു.
ആഗ്രഹാനുസരണം ഉമിക്കരിയിൽ ഉപ്പും, കുരുമുളകു പൊടിച്ചതും ചേർക്കുക പതിവുണ്ട്. ടൂത്ത് പേസ്റ്റുകളുടെ പ്രചാരം വർദ്ധിച്ചതും, ഉമി കരിക്കുവാനുള്ള അസൗകര്യങ്ങളും കാരണമായിരിക്കണം ഉമിക്കരിയുടെ ഉപയോഗം കുറഞ്ഞു പോയത്.
ഉമിക്കരി, കരി തുടങ്ങിയ വസ്തുക്കളുപയോഗിക്കുന്നത് പല്ലും മോണയും ചേരുന്ന ഭാഗം തേയാൻ കാരണമാകുമെന്ന വൈദ്യോപദേശവും ഉമിക്കരിയുടെ പ്രചാരം കുറയാൻ കാരണമായിട്ടുണ്ടാവാം.[1]
ഏതാനും ദശകങ്ങൾ മുമ്പു വരെ ടൂത്ത് പേസ്റ്റിനു പകരം ഉമിക്കരിയും, ടംഗ് ക്ലീനറിനു പകരം ഈർക്കിൽ പിളർന്നെടുത്തുണ്ടാക്കുന്ന അലകുകളും ആയിരുന്നു കൂടുതൽ പേരും ഉപയോഗിച്ചിരുന്നത്.
അവലംബം
തിരുത്തുക- ↑ "ഉമിക്കരിയുടെ ഉപയോഗത്തെക്കുറിച്ച്". Archived from the original on 2013-01-01. Retrieved 2013-01-13.