ഉപസ്ഥം
യോനിയുടെ പുറമേ കാണുന്ന ഭാഗം ഉപസ്ഥം (ഇംഗ്ലീഷിൽ വൾവ-vulva) എന്നറിയപ്പെടുന്നു. യോനി നാളത്തിന്റെ പുറമേക്ക് തുറക്കുന്ന ഭാഗം, ബൃഹത് ഭഗോഷ്ടങ്ങൾ അഥവാ വൻ യോനീപുടങ്ങൾ (labia majora), ലഘു ഭഗോഷ്ടങ്ങൾ അഥവാ ചെറു യോനീപുടങ്ങൾ (labia minora), കൃസരി അല്ലെങ്കിൽ ഭഗശിശ്നിക (clitoris) എന്നിവ ഉപസ്ഥ ഭാഗത്തു കാണപ്പെടുന്ന ഭാഗങ്ങളാണ്. ഇതിനു മുകളിലായി മോൻ വാജിനിസ് കാണപ്പെടുന്നു. കൗമാരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപസ്ഥ ഭാഗത്ത് കൊഴുപ്പടിഞ്ഞു തടിക്കുകയും രോമ വളർച്ചയുമുണ്ടാകുന്നു. ഇവയെ ഗുഹ്യരോമം എന്ന് പറയപ്പെടുന്നു. ജനനേന്ദ്രിയ ഭാഗത്തിന്റെ സംരക്ഷണമാണ് ഉപസ്ഥ ഭാഗത്തു കാണപ്പെടുന്ന ഗുഹ്യരോമത്തിന്റെ ധർമ്മം. ലോലമായ ഉപസ്ഥ ചർമത്തിലേക്ക് നേരിട്ടുള്ള ഘർഷണം കുറയ്ക്കുവാനും, രോഗാണുബാധകളെ തടയുവാനും, ഫിറമോണുകൾ ശേഖരിക്കുന്നതിനും, പൊടിയും മറ്റും യോനിയുടെ ഉള്ളിലേക്ക് കടക്കാതിരിക്കുന്നതിനും ഗുഹ്യരോമങ്ങൾ സഹായിക്കുന്നു.