'''സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഹാദി പെരിങ്ങാവ്'''


മക്കയിൽ നിന്നും ഹിജ്റ 1195 ൽ കൊയിലാണ്ടിയിൽ എത്തിയ സയ്യിദ് അബ്ദുല്ലാഹിൽ ഹാദി തങ്ങളുടെ പുത്രൻ സയ്യിദ് അലിയ്യുൽ ഹാദി തങ്ങൾക്ക് സയ്യിദ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി തങ്ങളുടെ പേരമകളിൽ ജനിച്ച പുത്രനാണ് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ. പിതാവ് സയ്യിദ് അലിയ്യുൽ ഹാദി കോയമ്പത്തൂരിലേക്ക് യാത്രയായതിനാലും പിതാമഹൻ സയ്യിദ് അബ്ദുല്ലാഹിൽ ഹാദി തങ്ങൾ നേരെത്തെ തന്നെ വഫാത്തായി പോയിരുന്നതിനാലും പിതാവിന്റെ കുടുംബവുമായി ഒരു ബന്ധവുമില്ലാതെയാണ് ഇമ്പിച്ചിക്കോയ തങ്ങൾ വളർന്നത്. അത് കൊണ്ട് തന്നെ, ഉമ്മയുടെ കുടുംബമായ ജമലുല്ലൈലി സാദാത്തുക്കളുടെ ശിക്ഷണത്തിലും സംരക്ഷണത്തിലും ആയി കടലുണ്ടിയിൽ തന്നെയാണ് മഹാൻ വളർന്നതും വിദ്യ അഭ്യസിച്ചതും. അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങളുടെ ഉമ്മ (സയ്യിദ് അലിയ്യുൽ ഹാദിയുടെ ഭാര്യ) കടലുണ്ടിയിൽ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്. വളാഞ്ചേരി കോട്ടപ്പുറത്തുള്ള സഖാഫ് ഖബീലയിയിൽ പെട്ട ശരീഫ ബീവിയെയാണ്  മഹാൻ വിവാഹം കഴിച്ചത്.

ഉമ്മയുടെ വഫാത്തിന് ശേഷം മഹാൻ കടലുണ്ടിയിൽ നിന്നും ഒളകരയിലേക്കും (പുതിയ പറമ്പ്) പിന്നീട് ഒളകരയിൽ നിന്ന് പെരിങ്ങാവിലേക്കും താമസം മാറി. ചെറുകാവ് പഞ്ചായത്തിൽ പെട്ട പെരിങ്ങാവ് എന്ന പ്രദേശത്ത് നിന്നും ചില പൗര പ്രമുഖർ തങ്ങളുടെ നാട്ടിലേക്ക് ഒരു സയ്യിദിനെ വേണം എന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മഹാനായ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ഒളകരയിൽ നിന്ന് പെരിങ്ങാവിലേക്ക് എത്തിച്ചേരുന്നത്. ക്രിസ്താബ്ദം1902 ൽ ആണ് മഹാൻ പെരിങ്ങാവിൽ എത്തിയത് എന്നാണ് അനുമാനിക്കപ്പെടുന്നത്.

സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾക്ക് മൂന്ന് ആണ്മക്കളും രണ്ടു പെൺമക്കളും ഉണ്ടായിരുന്നു. സയ്യിദ് പൂക്കോയ തങ്ങൾ കടലുണ്ടി, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ കോഴിപ്പുറം, സയ്യിദ് അബ്ദുല്ല കോയ തങ്ങൾ പെരിങ്ങാവ് എന്നിവരാണ് ആൺമക്കൾ. പെൺമക്കളിൽ ഒരാളെ പറമ്പിൽ പീടികയിലെ (കാക്കത്തടം) സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങൾ ജമലുല്ലൈലിയുടെ മകൻ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ആണ് വിവാഹം കഴിച്ചത്. (ഇവരുടെ മക്കൾ ആണ് ഇമ്പിച്ചിക്കോയ തങ്ങൾ കുന്നത്ത്, പൂക്കോയ തങ്ങൾ കാക്കത്തടം, ശരീഫ ബീവി പാണക്കാട് എന്നിവർ). മറ്റൊരാളെ മലപ്പുറത്തേക്കും വിവാഹം ചെയ്തയച്ചു. ഇവർക്ക് കുഞ്ഞിക്കോയ മലപ്പുറം, മുല്ല ബീവി പാണക്കാട്, ശരീഫ ബീവി മലപ്പുറം എന്നീ മക്കൾ ഉണ്ടായിരുന്നു.

ഏകദേശം ഒന്നര പതിറ്റാണ്ട് കാലം പെരിങ്ങാവിൽ താമസിച്ച മഹാൻ പെരിങ്ങാവിൽ വെച്ച് തന്നെ വഫാത്തായി. പെരിങ്ങാവ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ പ്രത്യേകം സംവിധാനിക്കപ്പെട്ട “സാദാത്ത് മഖാമിൽ” ആണ് മഹാൻ അന്ത്യ വിശ്രമം കൊള്ളുന്നത്. മഹാനവറുകളുടെ വഫാത്തിന് ശേഷം അവരുടെ ആണ്ടു നേർച്ച എല്ലാ വർഷങ്ങളിലും സഫർ മാസത്തിൽ വളരെ വിപുലമായി തന്നെ നടന്നു പോന്നിരുന്നു. ഇളയ മകൻ സയ്യിദ് അബ്ദുല്ലക്കോയ തങ്ങളുടെ ജീവിത കാലത്ത് അവരുടെ നേതൃത്വത്തിലും അവരുടെ വഫാത്തിന് ശേഷം സഹോദരൻ പള്ളിക്കൽ ബസാറിലെ കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തിലും ആണ് ആണ്ടു നേർച്ച നടന്നു വന്നിരുന്നത്. പതിറ്റാണ്ടുകളോളം ഇത് തുടർന്ന് പോന്നിരുന്നുവെങ്കിലും നിർഭാഗ്യവശാൽ കുഞ്ഞിക്കോയ തങ്ങളുടെ വഫാത്തിന് ശേഷം ഇടക്കാലത്ത് വെച്ച് നിന്ന് പോയി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Zthangal&oldid=3270842" എന്ന താളിൽനിന്ന് ശേഖരിച്ചത്