ബിലഹരി കവിത സമാഹാരം വിനോദ് രാജ് പനയ്ക്കോട്

ബിലഹരി" എന്ന പേരിൽ ഒരു മലയാള കവിത സമാഹാരം വിനോദ് രാജ് പനയ്ക്കോട് എന്ന [1]എഴുത്തുകാന്റേതായിട്ടുണ്ട്. വയലാർ ശരത്ചന്ദ്ര വർമ്മയുടെ ആവതാരികയിൽ കൈപ്പട ബുക്സാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. കെ.എൻ.പുഷ്പാംഗദനാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

ബിലഹരി ഒരു പഠനം - ✍️കെ.എൻ.പുഷ്പാംഗദൻ

റൊമാന്റിസം മുതൽ മാജിക്കൽ റിയലിസംവരെ എല്ലാ കവനതന്ത്രങ്ങളും നാം ഗവേഷണം നടത്തിക്കഴിഞ്ഞു. അവയു

ടെ വഴിത്താരകളെല്ലാം വിജയങ്ങൾ ആയിരുന്നുവെന്ന് നമുക്കൊരിയ്ക്കലും പറയാനാവില്ല. എല്ലാ ഗവേഷണങ്ങളും വിരൽ ചൂണ്ടുന്നത് ഒരു സത്യത്തിലേക്കാണ് ജീവിതമൊരു തത്വശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വരുതിക്കുള്ളിൽ നിൽക്കുന്ന ഒന്നല്ല. സമസ്യപോലെ, പ്രപഞ്ചംപോലെ നിർവ്വചനാതീതമായത് നീണ്ടുപോകുന്നു. മനുഷ്യചരിത്രം എന്നതുതന്നെ നീതിയ്ക്കുവേണ്ടിയുള്ള ഒടുങ്ങാത്ത യുദ്ധവും അവയിൽ ഏറിയ പങ്കും പരാജയവുമാണ്. സാഹിത്യവും കലയും അനിവാര്യമായിത്തീരുന്നത് ഈ ഘട്ടത്തിലാണ്. ഇസങ്ങൾക്കപ്പുറം അന്തരാത്മാവിൽ തീവ്രമായ ഉത്ക്രമണേച്ഛ സൃഷ്ടിക്കുകയെന്നതാണ് സാഹിത്യത്തിന്റെ ധർമ്മം. ബിലഹരി സാക്ഷാത്ക്കരിയ്ക്കുന്നതും അതാണ്. സർവ്വനാശത്തിന്റെ ചാമ്പൽക്കൂമ്പാരങ്ങളിൽ വർഷിക്കപ്പെടുന്ന മൃതസഞ്ജീവനിയാണത്. മൃത്യുവിന്റെ ശയ്യാതലത്തിൽനിന്നും അമരത്വത്തിന്റെ പ്രകാശമണ്ഡലങ്ങളിലേക്കുള്ള സംഗീതസംക്രമമാണത്.

സംയോഗവേളയിൽ ഘടക ദ്രവ്യങ്ങളുടെ തനതുഗുണം നഷ്ടപ്പെട്ട്

വേറിട്ടഗുണം കൈവരുന്ന സംയുക്തത്തിന്റെ രാസവാക്യം പോലെയാണ് കവിയുടെ വാഗ്പ്രയോഗങ്ങൾ. യഥാർത്ഥത്തിൽ ആ അതിശയങ്ങൾക്ക് സമാനതകളില്ല.കവിതകളിൽ ഉടനീളം ഈ പദസംയോഗവിസ്മയം കാണാം.   ഈ കവനശൈലിതന്നെ കവിതകൾക്ക് വ്യത്യസ്തതയും വ്യക്തിത്വവും സൗന്ദര്യവും അതുപോലെ തീക്ഷ്‌ണതയും കൂട്ടുന്നു.  വിനോദ് രാജ് പനയ്ക്കോട് ശൈലി എന്നുതന്നെ കവനസംസ്കാരത്തിൽ ഇടംപിടിയ്ക്കുന്ന രചനാമാന്ത്രികത്വംതന്നെയാണ് ബിലഹരിയുടെ വായനാസുഖം.

"ചൂടുവാനാളില്ലേലും, വിടരാൻ മടിക്കാത്ത ചെമ്പരത്തികളുടെ ഒറ്റയാൾ പോരാട്ടങ്ങൾ" (ചെമ്പരത്തി) ഈ വാക്കുകൾ ലളിതമെങ്കിലും ഇതിലന്തർഭവിച്ചിരിക്കുന്ന ആശയ പ്രപഞ്ചം വിപുലമാണ്. ധർമ്മം എപ്പോഴെല്ലാം അധപ്പധിക്കുന്നുവോ അപ്പോഴെല്ലാം ഞാൻ സംഭവിക്കുന്നു എന്ന ആത്മീയ പ്രബോധനത്തിന്റെ പൊളിച്ചെഴുത്താണിതെന്ന് പറയാതിരിക്കാനാവില്ല. മനുഷ്യന്റെ ഇച്ഛാശക്തിയേയും പ്രതികരണ ത്വരയേയും ആത്മബോധം തല്ലിക്കെടുത്തുമ്പോൾ ചൂടുവാൻ ആളില്ലാതെ വലിച്ചെറിയപ്പെടുന്ന മാനസികാവസ്ഥയിൽ നിന്ന് പരാജയം പ്രതീക്ഷിച്ചുതന്നെ കവിത സിംഹഗർജ്ജനം നടത്തുന്നു. സാമ്രാജ്യത്വത്തിന്റേയോ രാജവാഴ്ചയുടേയോ അപധാനമാലപിക്കാൻ മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ആത്മീയതയെന്ന സ്ഫോടനാത്മകമായ തിരുത്തെഴുത്ത്. അവ ലളിതപദങ്ങളുടെ അപൂർവ്വ വിന്യാസംകൊണ്ട് സാധിക്കുമ്പോൾ കവിയെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ കവിത സമരോപകരണമായി മാറുന്ന കാഴ്ച മനോഹരമാണ്. "പറ്റുതീർക്കുവാൻ പോയ

    പതിയെത്തിടും മുന്നേ

കഞ്ഞിക്കായ് തിളപ്പിച്ച

   വെള്ളവും വറ്റിപ്പോയി"
(ബിലഹരി)

പതിയെന്ന പദം പൂർണ്ണവും വിശുദ്ധവും സമ്പന്നവുമായ ഒരു കുടുംബജീവിതത്തിന്റെ തിലകമായി പുരാണങ്ങളും ഇതിഹാസങ്ങളും ഉപയോഗിച്ചുകഴിഞ്ഞു. ദ്വാക്ഷരിയായ ഈ പദം ഭാരതത്തിന്റെ ആത്മബോധത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ആ ധാരണ സമാകാലീനതയുടെ പ്രായോഗീകതയിൽ അടപടലം പൊളിഞ്ഞു വീഴുന്നതും നമുക്ക് കാണാം. കടത്തിൽ നിന്നും കടത്തിലേക്കും പട്ടിണിയിൽ നിന്നും പട്ടിണിയിലേക്കും നീങ്ങി, ഒടുവിൽ സ്വയം ജീവൻ വെടിയുന്ന ഒരിന്ത്യൻ കർഷകനേയോ തൊഴിലാളിയേയോ നമുക്കിവിടെ ദർശിക്കാനാവും. സമയ നിഷ്ഠക്കോ തത്വശാസ്ത്രങ്ങൾക്കോ ആത്മീയതയെന്ന കപടലോകത്തിനോ ചിട്ടപ്പെടുത്താൻ കഴിയുന്ന ഒന്നല്ല പച്ചയായ മനുഷ്യന്റെ ജീവിതമെന്നത്. ഭരണാധിപനും ദൈവവും പരിലസിക്കുന്ന ദന്തഗോപുരങ്ങളെ ഞെട്ടിപ്പിക്കുന്ന സത്യത്തിന്റെ പ്രതിപുരുഷ സ്ഥാനത്ത് പതി നിൽക്കുന്നു. പതിയും പതിതനും തമ്മിൽ ദൂരം കുറയുന്ന ചില പച്ചയായ അവസ്ഥാവിശേഷങ്ങൾ ചങ്ങമ്പുഴ കൃഷ്ണപിള്ളയും സൃഷ്ടിച്ചിട്ടുണ്ട്. ഓരോ കുടുംബനാഥന്റെ (പതിയുടെ) തിരിച്ചുവരവിനും മുമ്പേ പട്ടിണികിടന്ന് കരയുന്ന കുഞ്ഞിന്റെ പ്രതീക്ഷകൾ തിളച്ചു വറ്റുകയാണ്. ആ പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെ തീഷ്ണമായ ബാഷ്പബിന്ദുക്കൾ ബിലഹരിയെന്ന അതിജീവന സംഗീതമായി പ്രതിവിപ്ലവ സന്നദ്ധമായ മനസ്സുകളിൽ ചിന്തയുടെ അഗ്നി പടർത്തുന്നു.വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത തീവ്രതയുള്ള ലളിത പദവിന്യാസങ്ങളുടെ രാസസമവാക്യം ഇവിടെയും നമ്മെ അത്ഭുതപ്പെടുത്തും.

പച്ചപ്പു വിരിയുന്ന മണ്ണിനെ അതിന്റെ എല്ലാ ക്ലേശങ്ങളുമറിഞ്ഞ് സ്വയംവരം ചെയ്യുന്ന കർഷകന്റെ സ്വേദസാഗരങ്ങളെ, എന്ന പ്രയോഗത്തിൽ സമന്വയിച്ചിരിക്കുന്ന ലളിതമായ വാക്കുകളിൽ അന്തർഭവിച്ചിരിക്കുന്ന പരമ്പരാഗത ആശയങ്ങളെ സമൂലം തകർത്ത് പുതിയ അർത്ഥം ചമയ്ക്കുകയാണ് "കർഷകൻ" എന്ന കവിതയിൽ ഇവിടെ കവി ചെയ്യുന്നത്. വ്യാകരണത്തിന് വിശദീകരിക്കാനാകാത്ത പദചേരുവയുടെ അപൂർവ്വ സുന്ദരമായ രാസബന്ധം സ്പന്ദനങ്ങളായി, പ്രത്യാശാ സൂചകമായ സംഗീതവീചികളായി വായനക്കാരിൽ വരുത്തുന്ന പരിണാമത്തെയും നമുക്ക് ബിലഹരിയെന്ന് വിളിക്കാം.

"ഒച്ചയൊട്ടൊടുങ്ങാത്ത മഞ്ഞവെട്ടത്തിൻ രാവിൽ ഭ്രാന്തുമായിറങ്ങിയീ നഗരം വിടുന്നു ഞാൻ" ( ശബ്ദസാഗരം) ശബ്ദം ജീവൻ സൃഷ്ടിക്കുന്ന പ്രകമ്പനമാണെന്ന പ്രാചീനമായ കാഴ്ചപ്പാടിന്റെ പ്രത്യാഘാതവും തിരുത്തെഴുത്തുമാണ് ഈ വരികൾ. എന്നാൽ വ്യാവസായിക ദുരയിൽ ശബ്ദം തീവ്രവും മലിനവുമായി തീരുകയും അത് മനസ്സിൽ ഭ്രമം സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ വ്യാവസായിക ദുരയിൽ ജീവഹേതുവായ വസ്തുതന്നെ ജീവഹാനിയാകുന്നത് കാണാം. എന്നാൽ ആശയപരമായ പ്രതിക്രീയാ സിദ്ധാന്തത്തിലൂടെ ജീവൽദായകമായ പുതിയ ചിന്തയിലേക്കും ധ്യാനമുഗ്ദമായ ഗ്രാമീണതയിലേക്കും പരിണമിപ്പിക്കുന്ന കവന തന്ത്രമായി ബിലഹരി മാറുന്നു.

സൗന്ദര്യ കല്പനകളുടെ പാരമ്പര്യശൈലിയെ ചിന്താധിഷ്ടിത ഭാവനകൊണ്ട് മറികടക്കുന്ന കാഴ്ച കവിതയിലുടനീളമുണ്ട്. മലയാളികളുടെ സ്മൃതി മണ്ഡലങ്ങളിൽ നിതാന്തമായ വസന്തം തീർക്കുന്ന ഒരു സ്ഥിരാനുഭൂതിയാണല്ലോ ഓണം ഓണസങ്കല്പങ്ങളിൽ വിഹരിക്കാത്ത കവിമനസ്സുകളില്ല. എന്നാൽ "ഓണക്കാലം" എന്ന കവിത ഓണ സങ്കല്പങ്ങളുടെ തനിയാവർത്തനമല്ല. പ്രയോഗതലത്തിലൂടെ മറുചിന്തയ്ക്ക് വിഷയീഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഗൃഹാതുരത്വം വൈരസ്യമായി സ്മൃതികളുടെ അന്ധകാരത്തിൽ മറയുമ്പോൾ തിരിച്ചുവരവിന്റെ മുഹൂർത്തം നിർണ്ണയിക്കാൻ നഷ്ടബോധത്തിന്റെ പലകമേൽ മോഹം കവടി നിരത്തുന്നു. ഇവിടെ കാല്പനികതയുടെ സൗന്ദര്യത്തേക്കാൾ ചിന്തയ്ക്ക് മനോഹാരിത കൂടുന്നുണ്ട്. കവിതയ്ക്ക് ശില്പ സൗന്ദര്യവും അതിലേറേ ചിന്താ സൗന്ദര്യവും കൂടിച്ചേരുന്ന ബിലഹരി വേറിട്ട വായനാനുഭൂതി നൽകുമെന്നതിൽ തർക്കമില്ല.

പ്രത്യയശാസ്ത്രങ്ങൾ പൂർണ്ണവും സുന്ദരവുമായേക്കാം എന്നാൽ അവ ആവീഷ്ക്കരിക്കപ്പടുമ്പോൾ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ എല്ലാ ജീർണ്ണതകളും അതിനേയും ബാധിക്കും അല്ലാതിരുന്നെങ്കിൽ ലോകത്തിന് ഒരുമതത്തിന്റെ ആവശ്യമല്ലേ ഉണ്ടായിരുന്നുള്ളൂ. ശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ഒരു വസ്തു പ്രയോഗത്തിന്റെ പിഴവുകൊണ്ട് മലിനമാവുകയും അതിനെ ശുദ്ധമാക്കാൻ മറ്റൊരു വസ്തുവിന്റെ ആവശ്യം വരുന്നതുപോലെയുമാണിത്. ഈ രണ്ട് ആശയങ്ങളുടേയും എതിർക്കപ്പെടാനാവാത്ത ശാസ്ത്രീയ വീക്ഷണമാണ് വിപ്ലവമെന്ന കവിത.

സൗന്ദര്യ സങ്കല്പങ്ങളുടെ ചടുലതയും അതുണ്ടാക്കുന്ന മിഥ്യാബോധങ്ങളും വ്യത്യസ്തമായ ആശയ തലങ്ങളിലേക്ക് അനുവാചക ഹൃദയങ്ങളെ കൈത്തോടുകളിലൂടെ തുഴഞ്ഞു കൊണ്ടുപോയി വിസ്മയം തീർക്കുന്ന വരികൾ ബിലഹരിയുടെ വ്യക്തിത്വ ഗുണങ്ങളിൽപ്പെടും. കേശഭാരത്തെ കോതിയൊതുക്കും വൈധവ്യങ്ങൾ (കനൽപ്പൂക്കൾ) എന്ന പ്രയോഗം ഉദാഹരിക്കാം. വൈധവ്യം മുടി കോതിയൊതുക്കുന്നു.............. ഈ പ്രയോഗം ലളിതമാണെങ്കിലും ഇത് ധ്വനിപ്പിക്കുന്ന ആശയപ്രപഞ്ചം വളരെ വലുതാണ്. മുടികോതിയൊതുക്കുന്ന വൈധവ്യം ദുരന്തപര്യവസായിയായ വിഫലദാമ്പത്യത്തിന്റെ ദുഃഖസാഗരമാണ്. സ്ത്രീ വിരഹിണിയായിരിക്കുമ്പോൾ സൗന്ദര്യം കൂടുന്നുവെന്ന കാല്പനികസത്യവും. വാക്കുകൾ വികാരപ്രപഞ്ചത്തിലേക്കുള്ള ഉദ്ദീപനോപാധികൾ മാത്രമാണെന്ന വ്യാകരണത്തിനതീതമായ സത്യവും കൂടി ഇവിടെ വ്യക്തമാവുന്നു. കാവ്യം കാവ്യപാഠശാലയാവുന്ന അനവദ്യനിമിഷങ്ങൾ ബിലഹരിയിൽ ഉടനീളമുണ്ട്. ........ ജനിമൃതിക്കുള്ളിൽ പിടയുന്ന നോവെന്ന് ജീവനെ നിർവ്വചിക്കുന്നതിൽ കവിയുടെ വ്യത്യസ്തമായ ചിന്തയും സമീപനവും "നാളെ" എന്ന കവിതയിൽ വ്യക്തമാണ്. കൃത്യമായി വിന്യസിക്കുന്ന സ്വരഗതികളുടെ ക്രമാനുഗതമായ ശൃംഖലയാണ് സംഗീതം. പ്രകൃതിയിലെ എല്ലാ ശബ്ദങ്ങളും ഏതെങ്കിലും ഒരു സംഗീതത്തിൽപ്പെടുമെന്ന് സംഗീതജ്ഞർ സ്ഥാപിക്കുകയും ചെയ്യുന്നു. എന്നുപറഞ്ഞാൽ സങ്കീർണ്ണതകളിലൂടെ സംക്രമിക്കുന്ന പച്ചയായ മനുഷ്യ ജീവിത മുഹൂർത്തങ്ങൾ സംഗീതത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ ലംഘിക്കുകയും വികാര തീവ്രതകൊണ്ട് സംഗീതത്തിന്റ ആത്മഗുണം കൈവരികയും ചെയ്യുന്ന വൈരുദ്ധ്യം നമുക്ക് കാണാം. അപസ്വരങ്ങളുടെ ഇഴതെറ്റിയ വിന്യാസത്തിന്റെ ശക്തിപ്രഭാവം കൂടിയാണ് ജീവിതമെന്ന സംഗീതം. അവ 'നാളെ'യുടെ കണക്കുകൂട്ടൽ കൂടിയാണ് അതുതന്നെയാണ് ബിലഹരിയുടെ ചിന്താപ്രഭാവവും

ഒരുപക്ഷെ ലോകം കണ്ട ആദ്യത്തെ നീതി വ്യവസ്ഥ മതം വിഭാവനം ചെയ്യുന്ന ആത്മീയത തന്നെയാണ്. അഭ്യൂഹങ്ങളും അതിന്റെ മൗഢ്യബോധത്താൽ മെനഞ്ഞെടുത്ത ധർമ്മാധർമ്മ നിർവ്വചനങ്ങളും അതിൻമേൽ പടുത്തുയർത്തിയ ആചാരങ്ങളും ശാസ്ത്രീയമായ ജീവിത വീക്ഷണമില്ലാത്തതാണെന്ന് ചരിത്രം തെളിയിക്കുന്നു. സോക്രട്ടീസിനെ വിഷംകുടിപ്പിച്ച പ്രാകൃതമായ നീതിബോധത്തിന്റെ വേഷപ്രച്ഛന്നത "പിഴ" എന്ന ചെറു കവിതയിൽ വ്യക്തമാണ്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെന്ന് സമർത്ഥിക്കുകയും ദൈവസന്നിധി പൂകാൻ ആചാരാധിഷ്ടിതമായ ജീവിതം നിഷ്ക്കർഷിക്കുകയും വരേണ്യവർഗ്ഗത്തെ ശക്തിപ്പെടുത്തുന്ന സാമൂഹിക വ്യവസ്ഥയിൽ സാമാന്യ മനുഷ്യർ പ്രാണവായു നഷ്ടപ്പെട്ട് സ്വയം ജീവനൊടുക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്ന ഒരുസങ്കല്പനീതിപീഠത്തിന്റെ മുന്നിലെത്തവേ കവിയുടെ വാക്കുകൾ ഉരുൾപൊട്ടി കാലം പരമാവധി സഹന ശേഷിയോടെ അതിന്റെ ഉള്ളിലൊളിപ്പിച്ച സംഹാര ശേഷിയുള്ള വികാര പ്രവാഹം സംഭവിക്കുന്നു. ഈ ഉരുൾപൊട്ടൽ കാലം കവിയെ ഏല്പിച്ച ദൗത്യമാണ്. നീതി ബോധത്തിന്റെ അടിവേരുകളെ കടപുഴക്കി വലിച്ചെറിയുന്ന ആ പ്രവാഹഗതിയെ പ്രതിരോധിക്കാൻ നീതിവ്യവസ്ഥയക്കാവില്ല എന്നത് വാസ്തവുമാണ്. നിയമ വ്യവസ്ഥ ആരോ എങ്ങനയോ വേണ്ടി ഉണ്ടാക്കിയതാണെന്നും നീതിയെന്നത് ആപേക്ഷികമാണെന്നും ഭരണകൂടത്തിന് തന്റെ ഇംഗിതം മർദ്ദനോപകരണങ്ങളിലൂടെ നടപ്പിലാക്കാൻ പടച്ച ഒരാചാരം മാത്രമാണെന്ന് 'പിഴ' വ്യക്തമാകുന്നു. പട്ടിണി കിടന്നതാണ് തെറ്റ് പട്ടിണിയിലേക്കെത്തിക്കുന്ന സാമൂഹിക സാഹചര്യം നിയമ വ്യവസ്ഥയിൽ അപ്രസക്തവുമാണ്. സത്യത്തിന് വെൺമയുടെ പരിവേഷമാണെങ്കിൽ ആ വെളുപ്പിനെകോടതിക്കുള്ളിലെത്തിക്കാൻ കറുത്ത ഉടുപ്പാൽ പൊതിയുന്നുവെന്ന ഒറ്റ പ്രയോഗം മതി ഈ കവിതയെ വിശ്വസാഹിത്യ നഭസ്സിൽ ഉയർത്താൻ. ഒറ്റവാചകത്താൽ യുഗങ്ങളുടെ മറനീക്കി അതിന്റെ ജീർണ്ണതയെ പുറത്തു കാണിക്കുന്ന 'പിഴ' എന്ന കവിതയ്ക്ക് സമകാലീന സാഹിത്യത്തിൽ സമാനതകളില്ല. ആത്മഹത്യ വിജയിച്ചാൽ അവരെ നിയമവ്യവസ്ഥക്കൊന്നും ചെയ്യാനാകില്ല. എന്നാൽ പരാജയപ്പെടുന്ന പട്ടിണിക്കാരൻ കോടതി വിധിയനുസരിച്ച് പിഴയൊടുക്കണം അവശേഷിച്ച ജീവസന്ധാരണത്തിൽ അരിയേക്കാൾ പ്രാധാന്യം പിഴയ്ക്കാണ്. പട്ടിണിക്കാരന്റെ കുഞ്ഞിന്റെ കഞ്ഞിപാത്രത്തിൽ വീഴുന്ന അല്പമാത്രമായ അരിമണികൾ തട്ടിപ്പറിക്കാൻ എത്തുന്ന നിയമ വ്യവസ്ഥയോടുള്ള എതിർപ്പ് നാളെയൊരു ഉരുൾപൊട്ടലുണ്ടാക്കാമെന്ന ഓർമ്മപ്പെടുത്തലാണ് "പിഴ"

സംസ്കൃത ജീവിതമെന്ന് നാം ധരിച്ചു വച്ചിരിക്കുന്ന ശൈലികളുടെ അതിർ വരമ്പുകളെ ഭേദിച്ചുകൊണ്ടുള്ള രതിസങ്കല്പങ്ങൾക്ക് അനുഭൂതികൂടും അവിടെ നിശാ നിയന്ത്രണവും മാർഗ്ഗ നിയന്ത്രണവും പരാജയപ്പെടും. ഇത് രതിപ്രക്രീയകളുടെ ഒരു നൈസർഗിക സ്വഭാവമാണ്. ചുരുക്കത്തിൽ അനുഭൂതിയിൽ എത്തിക്കുന്ന ഒന്നിനും നിക്ഷിപ്തമായ പ്രയോഗ മര്യാദകൾ സാധ്യമല്ല. അത് എത്രമനോഹരമായാണ് "പാതിരാമഴ"യിൽ കവി സൃഷ്ടിക്കുന്നത്. "ചാറിത്തൂകും" എന്ന പ്രയോഗം ഞാൻ മറ്റെങ്ങും കണ്ടതായി ഓർക്കുന്നില്ല. ചാറുക എന്നത് ഒരു ദുർബ്ബലമായ ധാരയെയാണ് സൂചിപ്പിക്കുന്നത് എന്നാൽ തൂവുക എന്ന പ്രയോഗത്തിന് സത്വരമായ നിറഞ്ഞുകവിഞ്ഞുള്ള ഒഴുക്കെന്നർത്ഥം അതിനെ നിയന്ത്രിക്കാനാവില്ല. ചാറൽ, തൂവൽ എന്ന പ്രക്രീയകൾ വിപരീതമായ ഭാവങ്ങളുള്ളതാണ് ചാറൽ ദുർബ്ബലവും തൂവൽ ശക്തവും അനിയന്ത്രിതവുമാണ്. വിരുദ്ധ ഭാവത്തിലുള്ള വാക്കുകളെ അസ്വാഭാവികമായ രീതിയിൽ കൂട്ടിയോചിപ്പിക്കുകയും അതിലൂടെ അനിർവചനീയമായ ഒരനുഭൂതി സൃഷ്ടിക്കുകയും ചെയ്യുന്ന കവിയുടെ ഒരു കുസൃതിത്തരമാണ് ഇവിടെ കാണാനാവുക. അനന്ന്യ സാധാരണമായ ഒരു സൗഭഗത്വമാണ് ഇതിനെ സംവേദനക്ഷമമാക്കുന്നത്.

കടലാസ്സുപൂക്കളെ പോലെ ഗന്ധവും ചൈതന്യവും നഷ്ടപ്പെട്ട് ആ കുറവുകളെ വർണ്ണപ്പകിട്ടിനാൽ മറച്ച് സെൽഫിയെടുക്കുകയാണ് കാലം പ്രതിബദ്ധതയില്ലാത്ത നിർവ്വികാരതയുടെ പാരമ്യതയിൽ നിറപ്പകിട്ട് കാണിക്കുന്ന പുതിയ തലമുറയുടെ അഭിനവ നാട്യം "സെൽഫി"എന്ന കവിതയിൽ വ്യക്തമാകുന്നു.

മലയാള കവിത സാഹിത്യത്തിൽ ചിന്തയുടെ പ്രഭാത സൗന്ദര്യം മഞ്ഞുനീർ തുള്ളിയിലൂടെ സാക്ഷാത്ക്കരിച്ച കവിയാണ് കുമാരനാശാൻ. കവിതയെ കുടുംബ മഹിമയുടെ ചിഹ്നമായി കണ്ടിരുന്ന ചിലരെ ആശാനേല്പിച്ച പ്രകരം കൂടിയായിരുന്നു "എട്ടുകാലി" എന്ന കവിത. മഞ്ഞുനീർ തുള്ളിയുടെ നഗ്നമായ സൗന്ദര്യം ചിന്തയെ മത്തുപിടിപ്പിക്കുന്ന മറ്റൊരു മഹാ സൗന്ദര്യമായി മാറുകയാണ് 'ശിശിരനിലാവ്'.... നഗ്നതയെന്നാൽ ആവരണം ചെയ്യപ്പെടാത്ത അവസ്ഥ എന്നാണർഥം. സത്യസന്ധമായതെന്ന് ഇതിനെ കാല്പനിക തലത്തിൽ വ്യാഖ്യാനിക്കാം. എന്നാൽ "തെളിയും തുഷാരത്തിൻ നഗ്നമാം ചിരിയുടെ ശിശിരാങ്കണത്താകെ" ... ഈ പ്രയോഗത്തിൽ നഗ്നതയ്ക്ക് ഒരു നിഘണ്ടുവിലുമില്ലാത്ത സുധാര്യത എന്നർത്ഥം വരുന്നത് എത്ര മനോഹരമായിരിക്കുന്നു. പ്രപഞ്ചത്തിന്റെ നിതാന്തമായ സൗന്ദര്യത്തിനെ പ്രോജ്ജ്വലിപ്പിക്കുന്ന സൂക്ഷ്മദർപ്പണമാണ് ഇവിടെ മഞ്ഞുനീർത്തുള്ളി. വ്യാകരണ പരിമിതികളെ മറികടന്ന് സത്യവും സഭ്യവും സുന്ദരവും അതേ സമയംതന്നെ തീക്ഷ്ണവുമായ വികാരത്തിനെ ജ്വലിപ്പിക്കാൻ നഗ്നമെന്ന വാക്കിന് കഴിയുന്നു.

ഈ പുസ്തകത്തിൽ ഉടനീളം കണ്ണോടിക്കുന്ന ഒരാൾക്കും നിശ്ശബ്ദവസന്തമെന്ന ശീർഷകത്തിൽ കണ്ണൊരല്പം ഇടയാതിരിക്കില്ല . കാരണം ആ ശീർഷകം തന്നെ ശ്രദ്ധിച്ചാൽ വസന്തം നിശ്ശബ്ദമാകുന്നതെങ്ങനെയാണെന്ന് കാണാം. വസന്തത്തെ നിശ്ശബ്ദമാക്കുന്ന കവിയുടെ കാഴ്ചകൾ ആസ്വാദക മസ്തിഷ്ക്കങ്ങളിൽ ചിന്തയുടെ തീക്ഷ്ണത കൂട്ടുന്നു. " ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം" എന്ന ആശാൻ വരി പോലെ അത്ര ഭാവ ചാരുതയാണ് നിശ്ശബ്ദവസന്തം എന്ന ശീർഷകത്തിന് തന്നെയുള്ളത്. ഇവിടെ കവന കലയ്ക്ക് പുതിയ മാനങ്ങൾ കണ്ടെത്തുന്ന കവിയെ കാണാം. കാരണം "വസുധൈവ കുടുംബകം" എന്ന ആശയത്തെ എത്രത്തോളം സംക്ഷേപിച്ചാലും രണ്ടു വക്കുകളുടെ സമാസത്തിൽ ഒതുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും ഒരു ചരടിൽ കോർക്കപ്പെട്ടിരിക്കുന്നു. "സൂത്രേ മണിഗണായുവ" (ഭഗവത്ഗീത) ആത്യന്തികമായ ഈ പ്രാപഞ്ചിക വീക്ഷണത്തിന്റെ അവാന്തരങ്ങളാണ് 'വസുധൈവകുടുംബകം' മുതൽ വിശ്വ മാനവികതാവാദം വരെ " മിത്രകീടങ്ങൾക്കെന്തോ

 പറയാൻ മടിച്ചവർ"... 

നിലനിൽപ്പിന് പരസ്പരാശ്രയീഭാവമാണ് ജൈവീയലോകത്തിന്റെ പ്രത്യേകത ഈ ശൃംഖലയിലുണ്ടാകുന്ന അസന്തുലിതാവസ്ഥ അവരുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ തിരോധാനം സർവ്വ നാശത്തിലേക്കുള്ള ശകുനമാണ്. അതിന്റെ ഹൃദയഭേദകമായ മ്ലാനതയാണ് കവി ഇവിടെ വരച്ചുകാട്ടുന്നത്. മിത്രകീടം എന്ന ലഘുപ്രയോഗം ജൈവീയ ലോകത്തിന്റെ പാരസ്പര്യതയുടെ അനുപേക്ഷണീയതയാണ് നാം കാണുന്നത്. അതിലുപരി മിത്രകീടമെന്ന എഴുത്തിൽ കവിയുടെ ഹൃദയത്തിലുണ്ടായ അരുമത്വവും ഹൃദയം കവിഞ്ഞൊഴുകിയ വാത്സല്യവും എങ്ങനെ കാണാതിരിക്കാനാകും. കവനം കര കവിഞ്ഞൊഴുകുന്ന മഹാ പ്രതിഭാസമായി ആസ്വാദക ഹൃദയങ്ങളിലേക്ക് അനസ്യൂതം പ്രവഹിക്കുന്നു എന്നതിന്റെ ശുഭസൂചകങ്ങൾ കവിതയിലുടനീളം കാണാം. ശാസ്ത്രത്തിന്റെ വർണ്ണന സ്ഥൂലമാകുമ്പോൾ അതിനെ സാഹിത്യത്തിന്റെ സ്വഭാവം കൈവിടുന്നു. എന്നാൽ ശാസ്ത്രം എന്ന സത്യ സ്വരൂപത്തെ വളരെ മനോഹരമായ ഒരു കലാ സൃഷ്ടിയാക്കി മാറ്റുന്നത് ശ്രദ്ധിക്കൂ. "വിത്തുകൾ മുളയ്ക്കുന്ന മണ്ണിലെ പരിണാമ രാസബന്ധനങ്ങളോ വിട്ടുപോം കാലങ്ങളായ്"... ഇവിടെ രാസബന്ധം എന്ന് ഉപയോഗിക്കാതെ രാസബന്ധനം എന്നുതന്നെ ഉപയോഗിച്ചിരിക്കുന്നതിലെ യുക്തി അപാരംതന്നെ. ബന്ധം വൈകാരികമാണ് അതുകൊണ്ട് തന്നെ പരപ്രേരണയില്ലാതെ ശോഷണം സംഭവിക്കുകയോ ഇല്ലാതാവുകയോ ചെയ്തെന്നുവരാം അതെന്തായാലും ഒന്നും സംഭവിക്കാനില്ല. എന്നാൽ ബന്ധനം അതല്ല അതിന്റെ ദൃഢതയും ഒരുമയും തകർക്കാവുന്നതല്ല അതുകൊണ്ടുതന്നെ പ്രകൃതി ജൈവീയ സൗധം പടുത്തുയർത്തിയതിന്റെ അടിക്കൽ ശിലയാക്കിയിരിക്കുന്നത് ഈ ബന്ധനത്തെയാണ്. അതുപോലും വ്യാവസായിക ദുരയാൽ തകർക്കപ്പെട്ടതിന്റെ നിഴൽപ്പാടുകളാണ് തത്തയും തവളയും കൊറ്റിയും കുരുവികളും പൂക്കളും വസന്തങ്ങളുമെല്ലാം. പ്രകൃതിയെ പൂക്കൾ കൊണ്ട് മൂടിയ വസന്തം ചക്രവാളങ്ങളിൽ അരുണസ്മൃതികളായ് മാറുന്നു. " പുറകേ വരച്ചിട്ട വസന്ത ചിത്രങ്ങളെ ഓടിപ്പോയെടുക്കുന്ന ഓർമ്മകൾ മാത്രം ബാക്കി " സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു മഹാവിപത്തിന്റെ തീവ്രതയെ വരച്ചുകാണിക്കാൻ പോലും കവി ഗൃഹാതുരത്വത്തിന്റെ ചാരുത ചാലിച്ചിടെക്കുന്നു.

പ്രണയം വിരഹം പ്രകൃതി സ്നേഹം ഇവ എത്രയോ കാലങ്ങളായി മലയാളത്തിൽ ആവർത്തിക്കുന്നുണ്ട്. ജനതയുടെ മനസിനെ കൂടുതൽ ആർദ്രമാക്കുന്ന ശോകത്തെ കൂട്ടുപിടിച്ച് ഉടുക്കിന്റേയും മറ്റു സംഗീത ഉപകരണങ്ങളുടെയും കോലാഹലത്തോടെ ഉച്ചഭാഷിണിയാൽ കോളിളക്കം സൃഷ്ടിക്കുന്ന ഓരോ തവണയും ഹിറ്റാകുന്ന സിനിമാ ഗാനങ്ങളുടെ തോളിൽ കൈവെച്ച് കവിതാരൂപത്തിലുള്ള സൃഷ്ടികൾ മലയാളത്തെ മുഖരിതമാക്കുകയാണ്. മറ്റു ഭാഷകളിലെങ്ങും ഈ പ്രവണത ഞാൻ കണ്ടിട്ടില്ല. ഇതിന്റെ ഫലം വിദ്യാർത്ഥികളുടെ ലോകത്ത് കവിത തെറ്റിധരിപ്പിക്കപ്പെടുന്നു എന്നത് മാത്രമാണ്. ഇപ്പറഞ്ഞ മൂന്ന് വിഷയങ്ങളിലല്ലാതെ മറ്റുവിഷയങ്ങളിലേക്കവർ കടക്കുന്നതായി കണ്ടിട്ടുമില്ല. പാട്ടും കവിതയുമായി വേർതിരിക്കുന്ന അതിർവരമ്പുകൾ ഇല്ലാതാകുന്നത് കണ്ട് വിലപിക്കുകയാണ് മലയാള സാഹിത്യ ലോകം. പ്രകൃതി സമീപകാലത്ത് അതിനുണ്ടായിക്കൊണ്ടിരിക്കുന്ന നാശത്തിന്റെ തീവ്രതയെല്ലാം ആവർത്തിക്കപ്പെടുമ്പോൾ ആവീഷ്ക്കാരത്തിന്റെ അമാനുഷികത കാട്ടിതരുകയാണ് "കിനാശ്ശേരി" എന്ന കവിത ചെയ്യുന്നത്. സർഗ്ഗാത്മകത്വമാണ് എഴുത്തിന്റെ ആത്മാവ്. "ഓർക്കുമോ വസുന്ധരേ.... എന്നതുതന്നെ മുകളിൽ പറഞ്ഞ തനിയാവർത്തനങ്ങൾക്ക് വിരുദ്ധമായതും അവയെയെല്ലാം അതിശയിപ്പിക്കുന്നതുമാണ്. വിപ്രലംഭാവസ്ഥയുടെ പരകോടിയിൽ ഗദകാലസ്മൃതികൾ വേദനയുടെ അമര സംഗീതമായി ഭൂമിയുടെ കാമുകനായ കവിയുടെ അന്തരാത്മാവിൽ നിന്നും ഒഴുകുന്നു. അത് ക്രിയാത്മകമായ ചിന്തയുടെ പച്ചപ്പ് പടർത്തുന്ന ഗംഗാപ്രവാഹമാകുന്നുവെന്നതാണ് കിനാശ്ശേരിയുടെ പ്രത്യേകത.

" അന്നുരാത്രിയിൽ പെയ്ത
മാഘപൗർണ്ണമിയുടെ

രേണുക്കൾ പ്രണമിക്കും വാസന്ത പഞ്ചമിയെ" ... ഗദകാല സ്മൃതികൾക്ക് പൂർണ്ണ ചന്ദ്രശോഭ എന്നതിലുപരി അത് സർഗ്ഗാത്മകത്വത്തിന്റെ വിത്തുകൾ പാകുന്നു എന്നതാണ് സൗന്ദര്യ വർണ്ണനകളുടെ എല്ലാ സീമകളേയും ലംഘിച്ച ചന്ദ്രോത്സവത്തിന്റെ വിസ്മയത്തിൽ നിന്നും കവി ചെയ്യുന്നത്.ഭാവനയുടെ രേണുക്കളാണ് മാഘപൗർണ്ണമിയിൽ നിന്നും പൊഴിഞ്ഞു വീഴുന്നതെന്ന കണ്ടെത്തലിനെ അഭിനന്ദിക്കാതിരിക്കാനാവില്ല . വിശേഷണങ്ങളും വിശേഷ്യങ്ങളുമായ ബന്ധത്തിന് ചില കൃത്യത വ്യാകരണത്തിൽ പാലിക്കാറുണ്ട് ആ നിബന്ധനകളുടെ പരിധിയെ ബോധപൂർവം ലംഘിക്കുകയും വ്യാകരണത്തേയും ഭാഷയേയും അതിശയിപ്പിക്കുന്ന മാസ്മരികതയും മനോഹാരിതയുമുള്ള ഒരു ശരിയായ അർത്ഥം നൽകുകയും ചെയ്യുന്ന വരികളാണ്.... "പൂക്കളിൻ ലഹരിയാൽ മദനോത്സവം തീർക്കും അവ്യക്ത മധുരമാം കൂജനമോർക്കുന്നുണ്ടോ".. മധുരത്തിന് അവ്യക്തത ഉണ്ടാവുക യെന്നതും മദനോത്സവം സൃഷ്ടിക്കപ്പെടുന്നത് കൂജനമാണെന്ന സമർത്ഥിക്കലും ഇതിനൊക്കെ കാരണമായ വസ്തുത വ്യംഗ്യം ആയിരിക്കുകയെന്നുള്ളതും ഈ കവിതയുടെ മാറ്റുകൂട്ടുന്നു . "heard melodies are sweets, but those unheard are sweeter" എന്ന പ്രശസ്ത ആംഗലേയ കവിയും തത്വചിന്തകനുമായ കീറ്റ്സിന്റെ കണ്ടെത്തൽ തെളിയിക്കപ്പെടുകയാണ് ഇവിടെ. "ഉടുചേലകൾ നീക്കി നഗര പ്രദക്ഷിണം ചെയ്യിക്കും വ്യഭിചാര കുറ്റവാളിയെ പോലെ".. ഹരിതശോഷണം സംഭവിക്കുന്ന മലകളുടെ ദാരുണ ചിത്രങ്ങൾ നിരവധി കവികൾ വർണ്ണിച്ചിട്ടുണ്ട് അവയെയെല്ലാം തന്നെ ഹൃദയഭേദകങ്ങളുമാണ്. എന്നാൽ വ്യഭിചാര കുറ്റത്തിന് നഗരമധ്യത്തിൽ (നിബിഢമായ ജനമധ്യത്തിൽ) വിവസ്ത്രനാക്കി നടത്തുന്ന കുറ്റവാളിയോട് ഹരിതശോഭ നഷ്ടപ്പെട്ട കുന്നുകളെ സാദൃശ്യപ്പെടുത്തുന്നതിലെ അർത്ഥ സാംഗത്യം ഭയങ്കരമാണ്! ഉപമേയവും ഉപമാനവും സാദൃശ്യം എന്ന ഗുണത്താൽ പോലെ എന്ന ഉപമാവാക്യം കൊണ്ട് ഘടിപ്പിക്കുമ്പോൾ ഇത് ലക്ഷണമൊത്ത ഉപമാലങ്കാരമായി. എന്നാൽ വരികൾ അവിടെ നിൽക്കുന്നില്ല ഉപമേയം ഉപമാനം ഉപമ വാചകം എന്നിവയ്ക്കതീതവും അവയൊന്നും അടിസ്ഥാന ഘടകങ്ങളായി പോലും സ്വീകരിക്കാത്തതുമായ ഒരു ആശയ വിസ്മയമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത് അതുകൊണ്ട് തന്നെ കാവ്യവ്യാകരണം അതിശയിച്ചു നിൽക്കുന്നത് നമുക്കിവിടെ കാണാം. നഗരമധ്യത്തിൽ എന്നതുകൊണ്ട് ഭൂമിക്ക് താങ്ങാനാവത്തവിധം പെരുകിയ ജനസഞ്ചയമാണ് വ്യക്തമാകുന്നത്. അസാൻമാർഗ്ഗീകതയ്ക്ക് ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അപമാനകരമായ ഒരവസ്ഥ ചിന്തനീയമാണ്. ജനത്തിന്റെ നിബഡത ആയിരിക്കാം സാൻമാർഗ്ഗിക പിഴവുകൾക്കാധാരം അത് കാണപ്പെടാത്തൊരു സത്യം മാത്രം. ഈ വർദ്ധിച്ചു വരുന്ന ജനമാണ് ആ കുറ്റവാളിയുടെ അവസ്ഥ മലനിരകൾക്ക് സൃഷ്ടിക്കുന്നത്. ഇവിടെയും കാരണം മറഞ്ഞു നിൽക്കുന്നു. ആവാസ വ്യവസ്ഥശാസ്ത്രം പറയുന്ന പ്രജ്ഞാപരാധം എന്ന ദോഷ ഭീകരതയെ കവി എത്രമനോഹരമായാണ് വർണ്ണിക്കുന്നത്. അലങ്കാരങ്ങളുടെ ലക്ഷണങ്ങളൊക്കെ പൊട്ടിച്ച് ആശയലോകത്തെത്തിക്കുക എന്നതാണ് പുതുതായി പരീക്ഷിക്കപ്പെടുന്ന കവനതന്ത്രം അതിന്റെ ശ്രേഷ്ഠമായ വിജയമാണ് കിനാശ്ശേരിയെ ആവർത്തനമല്ലാതാക്കുന്നത്. "തടുക്കാനാവാത്തൊരീ പ്രളയ പ്രവാഹത്തെ കൊണ്ടിട്ടും പഠിക്കാത്ത ഭാവശൂന്യരായോരേ" മുങ്ങുമീ കയത്തിലെ ജലധാരതൻ മീതെ അതിവേഗതയിൽ പായും സ്വപ്നങ്ങൾ കണ്ടിട്ടുണ്ടോ"... ഇവിടെ കവിത ഭഗ്നാശ്വേത സൃഷ്ടിക്കുകയല്ല ചെയ്യുന്നത്

വർദ്ധിച്ചു വരുന്ന ജനസംഖ്യയും അത് സൃഷ്ടിക്കുന്ന കുടിയേറ്റവും ആവാസ വ്യവസ്ഥ ദുരന്തത്തിന് കാരണമായി പറയുന്നതെങ്കിലും സമൂഹത്തിൽ സംഭവിക്കുന്ന ജീർണ്ണതയെല്ലാം കച്ചവട തന്ത്രങ്ങളായെടുക്കുകയും അത് വൻ വ്യവസായങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന സത്യത്തിലേക്ക് ഈ കവിത വിരൽ ചൂണ്ടുന്നു. പച്ചയായ മനുഷ്യന്റെ സാമാന്യ ജീവിതത്തെ ചൂണ്ടുപലകയാക്കി ശാസ്ത്രം വ്യഭിചരിക്കുന്നു. വ്യഭിചാര കുറ്റം ചുമത്തപ്പെടുന്നത് ജലത്തിന്റെ അമൃതകുംഭങ്ങളുമായി വരുന്ന കാർമേഘങ്ങളെ തടഞ്ഞു നിർത്തി മഴപെയ്യിക്കുന്ന മലയേയും വഴിതെറ്റിയ നീതിബോധത്തെയും കറുത്ത ഉടുപ്പിട്ട വെളുത്ത സത്യത്തെയും, സമരമുഖത്തെത്തിക്കുന്ന ആസ്വാദനത്തിന്റെ കനൽ കാറ്റുകളായിവാക്കുകൾ ചിന്തകളിൽ ചലനം സൃഷ്ടിക്കുമ്പോൾ.

പടിയിറക്കപ്പെട്ടവന്റെ ആത്മരോഷം സൃഷ്ടിക്കുന്ന അതിജീവനത്തിന്റെ സമരസംഗീതമായി മാറുകയാണ് ബിലഹരി

  1. ബിലഹരി.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vinodrajnila&oldid=4015208" എന്ന താളിൽനിന്ന് ശേഖരിച്ചത്