തലയോലപ്പറമ്പ് ചന്ത

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ ഒരു പഞ്ചായത്താണ് തലയോലപ്പറമ്പ്. കിഴുക്ക് ഭാഗത്ത് കടുത്തുരുത്തിയും തെക്ക് ഭാഗത്ത് അപ്പർകുട്ടനാട് പാടശേഖരവും വടക്ക് ഭാഗത്ത് മൂവാറ്റുപുഴ ആറും അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിൻ്റെ പടിഞ്ഞാറ് 8 കിലോമീറ്റർ മാറി വെെക്കവും സ്ഥിതി ചെയ്യുന്നു.ഞങ്ങളുടെ ഈ തലയോലപ്പറമ്പിൽ, വളരെ പ്രശസ്തമായ ഒരു ചന്തയുണ്ട്.

തലയോലപ്പറമ്പുകാരുടെ സ്വകാര്യ അഭിമാനമായ ചന്ത... !

തിരുവിതാംകൂർ രാജ്യത്തിൻ്റെ ദിവാൻ ആയിരുന്ന വേലുത്തമ്പി ദളവ 1800 കളുടെ ആരംഭത്തിൽ ആലങ്ങാടും, ചങ്ങനാശ്ശേരിയോടുമൊപ്പം സ്ഥാപിച്ച മൂന്ന് പ്രധാന നാട്ടുചന്തകളിൽ ഒന്നാണ് ഈ ചന്ത. ഒരേ സമയം കരമാർഗ്ഗവും, ജലമാർഗ്ഗവും എത്തിച്ചേരാവുന്ന സ്ഥലം എന്ന നിലയിലും ഇടനാടും തീരപ്രദേശവും കൂടി ചേരുന്ന സ്ഥലം എന്ന നിലയ്ക്കുമുളള പ്രത്യേകതകളാണ് ഈ മൂന്ന് സ്ഥലങ്ങളിലും ചന്ത സ്ഥാപിക്കുവാൻ കാരണമായതെന്നാണ് പറയുന്നത്. മുൻപ് സൂചിപ്പിച്ചതു പോലെ കുട്ടനാടിന്റെ ഏറ്റവും വടക്കേ അതിർത്തി എന്നതിനാൽ തലയോലപ്പറമ്പ് ആ നിലയ്ക്കും പ്രശസ്തമാണ്. തലയോലപറമ്പ് എന്ന പേരു പോലും ഈ പ്രത്യേകതയിൽ നിന്നും ഉണ്ടായതാണെന്ന് പറയപ്പെടുന്നു. എന്തായാലും ചന്ത സ്ഥാപിച്ചതോടെ കച്ചവടക്കാരായി 15 കൃസ്ത്യൻ കുടുംബങ്ങളെ ആലപ്പുഴയിൽ നിന്നും ഇവിടെ കൊണ്ടുവന്നു താമസിപ്പിതായും അതിന് മുൻകൈ എടുത്തത് രാജാവ് തന്നെ ആയിരുന്നുവെന്നും പറയപ്പെടുന്നു. ഇവർ കച്ചവട താല്പര്യമുളള കുടുംബങ്ങളും ആർക്കാരും ആയിരുന്നതിനാൽ തലയോലപ്പറമ്പിലെ ചന്ത വളരെ പെട്ടെന്ന് തന്നെ പ്രശസ്തമായി. ആദ്യ കാലങ്ങളിൽ ചന്തയുടെ സ്ഥാനം ഇപ്പോൾ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പടിഞ്ഞാെറെ ജംഗ്ഷനടുത്ത്, കുറുന്തുറപ്പുഴ എന്ന മുവാറ്റപുഴയാറിന്റെ കൈവഴിയുടെ തീരത്തായിരുന്നു. പിന്നീട് അപ്പർ കുട്ടനാടിന്റെ കൃഷി ആവശ്യങ്ങൾക്കായി മുവാറ്റുപുഴ ആറ്റിൽ നിന്ന് പാടശേഖരത്തിലേക്ക് കനാൽ വെട്ടിയതോടെ ചന്തയുടെ സ്ഥാനം കൂടുതൽ സൗകര്യപ്രദമായ കിഴക്കേ കവല മുതൽ പടിഞ്ഞാറെ ജംഗ്ഷൻ വരെ ആയി. കനാലിലൂടെ സുഗമമായി വളളങ്ങൾ മുഖേന ചരക്കുകൾ കൊണ്ടുവരാമെന്നതും കിഴക്ക് പ്രദേശങ്ങളിൽ നിന്ന് വരുന്ന കാളവണ്ടികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതില്ല എന്നതിനാലും ചന്ത കിഴക്കേ ജംഗ്ഷനിലേക്കു വളർന്നതിനൊപ്പം, പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും വരുന്ന പ്രധാന ചരക്കുകളായ തഴപ്പായ, കയർ, മീൻ തുടങ്ങിയവയുടെ കച്ചവട ഭാഗങ്ങൾ പടിഞ്ഞാെറെ കവലയിലും വളർന്നു. കിഴക്കൻ ദിക്കുകളിൽ നിന്നുളള കിഴങ്ങ്, പച്ചക്കറി, കപ്പക്കോൽ, വാഴക്കായ, ചക്ക തുടങ്ങിയവയുടെയൊക്കെ കച്ചവട ഭാഗമായി കിഴക്കേ ചന്തയിലായിരുന്നു എത്തിയിരുന്നത്. പള്ളിക്കവലയിൽ സെന്റ് ജോർജിന്റെ നാമധേയത്തിൽ സ്ഥാപിതമായ കുരിശു പളളിയും ക്രിസ്ത്യൻ പ്രദേശവും കിഴക്കേ കവല കേന്ദ്രീ കരിച്ചായിരുന്നു. ചന്തേൽപള്ളി എന്ന് അറിയപ്പെടുന്ന ഈ പള്ളിയുടെ മുൻവശത്തുണ്ടായിരുന്ന ആൽമരം മുതൽ പടിഞ്ഞാറേ കവലയിലെ പോലീസ് ഔട്ട് പോസ്റ്റു വരെയുള്ള ഒരു കിലോമീറ്ററിലധികം ദൂരത്തിൽ കാലക്രമേണ ചന്തയുടെ വിസ്തൃതി പരന്നു. ഇപ്പോൾ ചന്ത ദിവസം എന്നു പറയാൻ പ്രത്യേക ദിവസം

ഇല്ലെങ്കിലും 2010 വരെയൊക്കെ ചന്ത ദിവസങ്ങളിൽ ഇതായിരുന്നില്ല ഇവിടുത്തെ സ്ഥിതി.

എൻ്റെ ചെറുപ്പകാലത്തെയൊക്കെ ചന്തയെക്കുറിച്ച് ഓർക്കുന്നത് തന്നെ സന്തോഷം തരുന്ന ഒന്നാണ്. ഇതാ 1985-95 കാലത്തെ ചന്തയുടെ ഒരു ചെറിയ വിവരണം.

ചൊവ്വായും ശനിയും ആയിരുന്നു ഇവിടുത്തെ ചന്ത ദിവസങ്ങൾ... സാധാരണ ദിവസങ്ങളിലെ അന്തിച്ചന്ത പടിഞ്ഞാറെ ജംഗ്ഷനോട് ചേർന്നായിരുന്നു. വൈകുന്നേരങ്ങളിൽ അപ്പർകുട്ടനാടിൻെറ ഭാഗമായ എഴുമാന്തുരുത്ത് ഭാഗത്തുനിന്ന് മനുഷ്യനിർമ്മിതമായ പുത്തൻതോട്ടിലൂടെ ചെറിയ വള്ളങ്ങളിൽ പഞ്ചായത്തു കടവിൽ എത്തിക്കുന്ന പുല്ലുകെട്ടും താമരപ്പൂവും മുതൽ പ്ലാവിലയും, കപ്പയും, തേങ്ങയും (വിൽപ്പനക്കായി തേങ്ങാ ഉടച്ച് ചിരട്ടയിൽ നിന്നും കൊത്തി വച്ചിരിക്കുന്ന തേങ്ങാപ്പൂൾ വരെയുണ്ടായിരുന്നു....!!), മുതൽ കടപ്പുറത്തു നിന്ന് ചന്തയിൽ (അക്കാലങ്ങളിൽ മിക്കവാറും കടപ്പുറത്തു നിന്ന് നേരിട്ടെത്തിക്കുന്ന തരത്തിലായിരുന്നു.) എത്തിക്കുന്ന മീൻ വരെ ആയിരുന്നു സാധാരണ ദിവസങ്ങളിലെ അന്തി ചന്തയിൽ എത്തുന്ന പ്രധാന വിഭവങ്ങൾ....കൂടാതെ സ്ഥിര സ്വഭാവത്തോടു കൂടിയ പലചരക്കുകടകളും,, പച്ചക്കറികടയും, വിളക്ക് -കൊട്ട-മുറം തുടങ്ങിയവ വിൽക്കുന്ന പാട്ടക്കടകളും എല്ലാം ചന്തയുടെ ഭാഗം തന്നെ ആയിരുന്നു....തലയോലപ്പറമ്പിലെ ആദ്യ ഷോപ്പിംഗ് കോംപ്ലക്സ് എന്നു പറയാവുന്ന കെട്ടിടം തലയോലപ്പറമ്പ് സെൻറ് ജോർജ് പളളിയുടെ വകയായുള്ള സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സാണ്. ഈ കെട്ടിടം പണിയുന്നതിനു മുന്നേ തന്നെ തോട്ടുപുറം കുര്യൻ ചേട്ടന്റെ പലചരക്കുകടയും ഭാസ്കരൻ ചേട്ടന്റെ ഫാൻസിസ്റ്റോർ തുണിക്കടയുമെല്ലാം പല നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെങ്കിലും അതെല്ലാം ഒരു കടക്ക് വേണ്ടി മാത്രമുള്ള കെട്ടിടങ്ങളായിരുന്നു...!സെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ വന്നതോടെ ഭാസ്കരൻ ചേട്ടന്റെ പുകയില-മുട്ടക്കടയും, മാത്യു ചേട്ടന്റെ OK സ്റ്റോഴ്സും, അശോകൻ ചേട്ടന്റെ ബിജു ടെക്സ്റ്റയിൽസും, കുഞ്ഞേട്ടന്റെ ജിമ്മി ടെയ്ലറിംഗും, സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരൻ ഹനീഫിക്കയുടെ ഹനീഫാ ടെയ്ലറിംഗ് ഷോപ്പും, മിനർവ റൊട്ടിക്കടയുമെല്ലാം കൂടി ചേർന്നുള വലിയൊരു വ്യാപാര സമുച്ചയമായിരുന്നു അന്ന് ഈ ഷോപ്പിംഗ് കോംപ്ലക്സ്...ഈ കെട്ടിടമാണ്, തലയോലപ്പറമ്പിന്റെ ആധുനിക ഭാവത്തിന്റെ ആരംഭം എന്നു തന്നെ പറയാം.. ചന്ത ദിവസങ്ങളിലെ തിരക്ക് ഭയങ്കരമായിരുന്നു. അക്കാലത്ത് തന്നെ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്ന സ്ഥലമായിരുന്നു ഈ ചന്ത. അന്നൊക്കെ ചന്തയിലേക്കു വിഭവങ്ങൾ കൂടുതലായും എത്തിയിരുന്നത് ജലമാർഗ്ഗമായിരുന്നു...!പുത്തൻതോട്ടിലെ കൽപ്പടവുകൾക്കരുകിൽ കെട്ടി നിർത്തിയിരുന്ന അരി കയറ്റിയ കൂറ്റൻ വള്ളങ്ങളുടെ കൂടെ, വഴക്കുലയും, പച്ചക്കറിയും കയറ്റി വന്നിരുന്ന ഇടത്തരം വളളങ്ങളും അന്നാെക്കെ ഇവിടുത്തെ സ്ഥിരം കാഴ്ച ആയിരുന്നു ..!!പിന്നെയുള്ളത് കാളവണ്ടികളാണ്.. പ്രദേശത്തിന്റെ കിഴക്കൻ ദിക്കുകളായ കീഴൂർ, പെരുവ, കടുത്തുരുത്തി, കാപ്പുംതല, ഞീഴൂർ ഭാഗങ്ങളിൽ നിന്നുമൊക്കെ പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും കൂടുതലായി കൊണ്ടുവന്നിരുന്നത് കാളക്കുട്ടൻമാർ വലിച്ചിരുന്ന വലിയ കാളവണ്ടികളിലായിരുന്നു. കട കട ശബ്ദം കേൾപ്പിച്ച് മണിയും കിലുക്കി അരിക്ക്ലാമ്പ് എന്നറിയപ്പെടുന്ന, മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ചില്ല് വിളക്കുകളും തെളിയിച്ച് പോകുന്ന ഇവ, വഴികളിലെല്ലാം തന്റെ ഇരുമ്പ് ചക്രത്തിന്റെ സമാന്തരമായ നീളൻ വരകൾ ഉണ്ടാക്കുമായിരുന്നു.. ചന്തയിലേക്കുള്ള ചരക്കെല്ലാം ഇറക്കി തിരികെ പോകുമ്പോൾ അതാതു പ്രദേശത്തെ കടകളിലേക്കുള്ള പലചരക്കു ചാക്കുകളും ഉപ്പു ചാക്കുകളും എത്തിച്ചിരുന്നതും ഈ കാളവണ്ടികൾ തന്നെയായിരുന്നു,. പിന്നെയുള്ള വാഹനങ്ങൾ ഡ്രൈവറും കിളിയും (സാധനങ്ങൾ കയറ്റി ജീപ്പിന്റെ പുറകിലെ ഫുഡ് ബോർഡിൽ നിന്നു യാത്ര ചെയ്യുന്ന, കിളിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഇവർക്കുള്ള ഗമയൊന്നും ഇക്കാലത്തെ വണ്ടികളിൽ യാത്ര ചെയ്യുന്ന ആക്കുമില്ല...!!) ഉള്ള മഹീന്ദ്രയുടെ കൂപ്പർ ജീപ്പും, സ്റ്റാൻറേർഡ് കമ്പനിയുടെ ടെമ്പോകളും, കൈവണ്ടി എന്നറിയപ്പെടുന്ന ഉന്തുവണ്ടികളും ആയിരുന്നു.

ചന്ത ദിവസങ്ങളായ ചൊവ്വയും ശനിയും ചരുക്കുകൾ കൊണ്ടുവരുന്ന കാളവണ്ടികൾ നിർത്തിയിടുന്ന സ്ഥലങ്ങൾ പള്ളിയുടെ മുൻവശത്തെയും വടക്കുവശത്തെയും വെളിപ്രദേശങ്ങളിലായിരുന്നു. ഈ ഭാഗം കഴിഞ്ഞാൽ ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ, കർഷകർ കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സ്ഥലമാണ്... റോഡിനിരുവശത്തും ഇതിന്റെ കൂടെ ചിലർ തങ്ങളുടെ കൃഷിയിടത്തിലെ പാവക്കായും, അച്ചിങ്ങയും, തടപ്പയറും, വെള്ളരിക്ക, തടിയൻ കുമ്പളങ്ങ തുടങ്ങിയവയും വിൽപ്പനക്ക് വച്ചിരുന്നു. നമുക്ക് ഇപ്പോൾ ചിരി വരാവുന്ന വിധത്തിൽ പച്ച കപ്പളങ്ങയും, ചെറിയ ചേമ്പിന്റെ വിത്തും, കറിവേപ്പിലയും ഉൾപ്പടെ പല നാട്ടിൻപുറ വിളകളും ഈ ഭാഗത്ത് വിൽപ്പനക്കെത്തിച്ചിരുന്നു. കൂടാതെ സിലോൺ, പത്തിനെട്ട് തുടങ്ങി പല ഇനത്തിലുള്ള കപ്പക്കമ്പുകൾ കെട്ടുകണക്കിന് വിൽക്കുവാൻ വച്ചിരുന്നിടം കൂടി ആയിരുന്നു ഇവിടെ., വള്ളം ഊന്നുവാനുള്ള നീളൻ മുളകളുടേയും, ഉപ്പ്, ഇറച്ചി, മീൻ മുതലായവ പൊതിയുവാൻ ഉപയോഗിച്ചിരുന്ന തേക്കിലയുടെയും കച്ചവടം ഇവിടെയുള്ള പാലത്തിന്റെ ഓരം ചേർന്നായിരുന്നു. കൂടാതെ കീറി ഉണക്കിയ കെട്ടുകണക്കിന് വാഴവള്ളിയുടെ കച്ചവടവും ഇവിടുത്തെ പ്രത്യേകതയായിരുന്നു.ഇതു കഴിഞ്ഞാൽ പിന്നെ വാഴക്കുല വിൽക്കുന്ന സ്ഥലമായി. നാടൻ ഇനങ്ങളായ പാളയൻകുടനും, ചാരം കെട്ടിയും, ഞാലിപ്പൂവനും, പച്ചപ്പടച്ചിയും, ഏത്തനും, പൂവനും തുടങ്ങി പലിവിധത്തിലുള്ളതായ വാഴക്കുലകൾ വിൽപ്പനക്കായി നിറഞ്ഞിരുന്ന പ്രദേശം... എന്തുകൊണ്ടോ റോബസ്റ്റ വാഴക്കുലകൾ ആ കാലങ്ങളിൽ അത്ര സാധാരണമല്ലായിരുന്നു. വാഴക്കുല വിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ പച്ചക്കറി വിൽക്കുന്നതിനായി ചന്ത ദിവസങ്ങളിൽ മാത്രമുള്ള താല്ക്കാലിക കടകളായി. നീളമുള്ള മൂന്ന് മുളം കമ്പുകൾ ഒരു വശം ചേർത്ത് കെട്ടി അവ അകത്തി വച്ച് മുക്കാലികളാക്കി ത്രാസും തൂക്കി പച്ചക്കറികൾ നിലത്ത് കൂന കൂട്ടി വച്ച് വിറ്റിരുന്നവർ.. മാങ്ങാ വിൽക്കുന്നവർ, കന്നാര ചക്കയും, കടച്ചക്കയും വിൽക്കുന്നവർ.. എല്ലാം ഈ ഭാഗത്തെ കച്ചവടക്കാരാണ്... കപ്പ 'മന്ന്' (ഏകദേശം 16 കിലോ) എന്നറിയപ്പെട്ടിരുന്ന അളവിൽ വിറ്റിരുന്ന സ്ഥലവും ഇതു തന്നെ ആയിരുന്നു. ഈ ഭാഗത്താണ് ചന്തയിലെ ചുമട്ടുകാർ കൂടുതലായി 'ഓഹോയ്.. ഓഹോയ്" എന്നും, "ഹോയ്.. വണ്ടി, ഉന്തുവണ്ടി " എന്നുമൊക്കെ പറഞ്ഞ് വല്ലക്കുട്ടയിലും, ഉന്തുവണ്ടികളിലും നിറയെ സാധനങ്ങളുമായി പോയിരുന്നത്. ഈ പ്രദേശത്തെക്കുറിച്ച് പറയുമ്പോൾ ചന്തയുടെ ഭാഗമായി ഇവിടെ നിന്നിരുന്ന രണ്ട് വലിയ പൂവരശുകളുടെ ഓർമ്മ പറയാതിരിക്കുവാനാകില്ല. ഒന്ന് പഴയ വില്ലേജോഫീസിന്റെ ഭാഗത്തും മറ്റാെന്ന് പാലത്തിന് പടിഞ്ഞാറു ഭാഗത്തുമായി, ഏതു സമയത്തും നിറയെ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കളുമായി നിർക്കുന്ന കൂറ്റൻ രണ്ടെണ്ണം .. ..

പിന്നീട് ചന്തയുടെ ഭാഗമായി വരുന്ന സ്ഥലം ചന്ത കപ്പേളയോട് ചേർന്ന ഭാഗമാണ്...അവിടെയുള്ള കടകൾ പപ്പട നിർമ്മാണത്തിനു പ്രശസ്തമായിരുന്നു. ഗീത പപ്പടം വർക്സും മറ്റുമായിരുന്നു പപ്പടക്കടകളിൽ പ്രശസ്തമായവ.. കപ്പേളയുടെ മുൻഭാഗത്തെയും പിൻഭാഗത്തെയും വഴിയുടെ ഇരുവശങ്ങളിലായിട്ടായിരുന്നു കോഴി, താറാവ്, ആട് തുടങ്ങിയവയുടെ കച്ചവട സ്ഥലം.. അവിടെ വിൽപ്പനക്ക് പക്ഷി-മൃഗാദികളെ കൊണ്ടുവന്നിരുന്നവരിൽ നിന്ന് ഇതു വാങ്ങുവനെത്തുന്നവർ െ സ്ഥിരം കച്ചവടക്കാർ ആയിരുന്നു. അതിനാൽ തന്നെ ഇവിടെയുള്ള കച്ചവട സ്ഥിതി സാധാരണ കച്ചവടത്തിന്റെ നേരെ എതിർ രീതിയിലായിരുന്നു. ഇവിടെ സാധനങ്ങൾ വിൽക്കുവാൻ കൊണ്ടുവരുന്നവരെ ഒരുതരത്തിൽ വരിഞ്ഞു മുറുക്കിയുള്ള കച്ചവടമായിരുന്നു. കച്ചവടക്കാർ ഉപയോഗിച്ചിരുന്നത് തമ്മിൽ തമ്മിലുള്ള ധാരണയും പ്രത്യേക കോഡുഭാഷകളും ആയിരുന്നു അവരുടെ കൈമുതൽ. അതിനാൽ തന്നെ സാധാരണക്കാരായവർ ഇവിടെ വിൽക്കുവാൻ കൊണ്ടുവരുന്ന ഒരു കോഴിക്കോ താറാവിനോ കച്ചവടക്കാർ ആദ്യം പറയുന്ന വിലയിൽ കൊടുത്തില്ലേൽ അതിലും താഴ്ന്ന വില മാത്രമേ പിന്നീട് കിട്ടുകയുള്ളു..ചെറിയ രീതിയിലുള്ള മലഞ്ചരക്ക് ബിസിനസുകളും ഇവിടെ ആയിരുന്നു ..ഈ സ്ഥലത്തിന്റെ അവസാന ഭാഗമായ കപ്പേളയുടെ മുൻ ഭാഗം ചെറുനാരങ്ങായും, വൃക്ഷ തൈകളും മറ്റും വിൽക്കുന്ന സ്ഥലമാണ്. പൊങ്ങല്യം എന്ന പെരുമരവും, തേക്ക്, തെങ്ങ് തുടങ്ങി പലതരത്തിലുള്ള മരങ്ങളുടെ തൈകൾ വിൽപ്പനക്ക് വച്ചിരുന്ന സ്ഥലം.

തുടർന്ന് തെറുപ്പു ബീഡി, വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് വിൽക്കുന്നവരുടെ സ്ഥലമായി... അതു കഴിഞ്ഞാൽ തേങ്ങയും, നിലത്തിട്ട് വിൽക്കുന്ന തുണിത്തരങ്ങളുമായി കുറച്ചു പേർ...തോർത്ത്, ലുങ്കി, അണ്ടർ വയറുകൾ, ചട്ടപോലെ ആണുങ്ങൾ ഉപയോഗിച്ചിരുന്ന ഉടുപ്പ് തുടങ്ങിയവ ആയിരുന്നു ഇവടെയുള്ള വസ്ത്രവ്യാപാരികളുടെ Special സാധനങ്ങൾ ..അടുത്തത് പനംചക്കരയും, നാടൻ കോഴിമുട്ടയും താറാവിൻ മുട്ടയും വിൽക്കുന്നവർ ധാരാളമുള്ള സ്ഥലമായിരുന്നു. (ഇവിടെയുള്ള കച്ചവടക്കാരനായിരുന്ന തയ്യിൽ അവതച്ചൻ ചേട്ടനെയെല്ലാം ഓർക്കുന്നു.)ഇവർക്കിടയിൽ ചെറിയ സ്റ്റീൽ, അലുമിനീയം, മൺപാത്രങ്ങൾ വിൽക്കുന്നവരും, കത്തി, ചിരവ, ചിരട്ടത്തവി, തവി തൂക്കി എന്നറിയപ്പെട്ടിരുന്ന പലക, കൂവ ഉരക്കുന്ന ഉരകോൽ, കടകോൽ തുടങ്ങിയവ വിൽക്കുന്നവരും ഉണ്ടായിരുന്നു. പിന്നീട് മീൻ ചന്തയുടെ ജംഗ്ഷന് പടിഞ്ഞാറേക്ക് പോലീസ് ഔട്ട് പോസ്റ്റു വരെ പല തരത്തിലുള്ള ചകിരിക്കയറുകൾ, തഴപ്പായ, നെല്ല് ഉണക്കാനുള്ള ചിക്കു പായ, പനമ്പ്, മുറം, കുട്ട, വല്ലം തുടങ്ങിയവ വിൽപ്പന നടത്തുന്നവരായി .. !!ഇതിനിടയ്ക്ക് വലതു ഭാഗത്ത് പാലാംകടവ് കടത്തിലേക്കുള്ള റോഡിൽ ആയിരുന്നു, മീൻ മാർക്കറ്റും, ഉണക്കമീൻ കടകളും, പച്ചക്കറിക്കടകളും, ഇറച്ചിക്കടയുമെല്ലാം... ചന്തയിൽ അന്നുണ്ടായിരുന്ന മറ്റൊരു ബിസിനസ് മറന്നു ... അവിടടവിടെ ഉണ്ടായിരുന്ന മുക്കാലി ത്രാസ്സുകളും പെട്ടി ത്രാസ്സുകളുമാണത്. അക്കാലങ്ങളിൽ ചന്തയിൽ വിൽക്കുവാനായി സാധനങ്ങൾ കൊണ്ടുവരുന്നവരുടെ കച്ചവട ചരക്കുകൾ തൂക്കി അതിന്റെ അളവ് തിട്ടപ്പെടുത്തിയിരുന്നത് ഇത്തരം ത്രാസ്സുകളിലായിരുന്നു. അതിനു വേണ്ടി മാത്രം അനവധി ത്രാസ്സുകളായിരുന്നു ചന്തയിൽ അവിടവിടെ ഉണ്ടായിരുന്നത്. സന്ധ്യയായാൽ മിക്ക കടകളിലും നിരത്തി തൂക്കുന്ന പെട്രോമാക്സുകളും അവയുടെ ഇരമ്പലും അതിൻ്റെ മഞ്ഞ നിറമുള്ള വെളിച്ചവും, കത്തുമ്പോൾ വരുന്ന പുകയുടെ ഒരു പ്രത്യേക ഗന്ധവും... അതൊന്നും ഇന്നത്തെ എത്ര വലിയ വെളിച്ചവിതാനങ്ങൾക്കും തരാനാകാത്ത ഒരു ഐശ്വര്യം തരുന്നുണ്ടായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല... അന്നൊക്കെ വൈദ്യുതി കണക്ഷനുള്ള കടകൾ പോലും വിരളമായിരുന്നു.


ചന്തക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന പഞ്ചായത്തോഫീസിനോടനുബന്ധിച്ചുള്ള സൈറണുകൾ കൃത്യ സമയത്തു തന്നെ കൂവിക്കൊണ്ടിരിക്കുമ്പോൾ വാച്ചുകളും ക്ലോക്കുകളും അത്ര സർവ്വസാധാരണമല്ലാതിരുന്ന അക്കാലത്ത് ഇതൊരു അത്ഭുത പ്രതിഭാസമായിട്ടായിരുന്നു ഞങ്ങളുടെ ബാല്യങ്ങൾ കണ്ടിരുന്നത് ...! വില്ലേജോഫീസിന്റെ സമീപം നേരത്തെ പറഞ്ഞ പൂവരശിനു കീഴിൽ പാർക്കു ചെയ്തിരുന്ന പുന്നൂസ് ഡോക്ടറുടെ KL0 - 1188-ാം നമ്പർ കാറും അതുപോലൊരു അത്ഭുതമായിരുന്നു.....അക്കാലത്ത് നിങ്ങൾക്ക് ഇവിടെ ഒരു സാധനം വിൽക്കണമെന്നുണ്ടെങ്കിൽ പഞ്ചായത്തിലേക്ക് കരം ഒടുക്കണമായിരുന്നു .. (എന്റെ ഓർമ്മയിൽ കുഞ്ഞേട്ടനായിരുന്നു കരം പിരിവിനുള്ള ലൈസൻസ് ഉണ്ടായിരുന്നത്..) ചന്തക്കുള്ളിൽ കോഴിയെ വിൽക്കണമെങ്കിലും, വാഴക്കുല വിൽക്കണമെങ്കിലും നിശ്ചിത തുക പഞ്ചായത്തിൽ കരമായി നൽകിയാൽ മാത്രമേ വിൽപ്പനക്ക് അനുവാദമുണ്ടായിരുന്നുള്ളു...!! ഇതൊക്കെയായിരുന്നു ചന്തയിലെ വിശേഷങ്ങൾ

രാഷ്ട്രീയ രംഗത്തെ പ്രാദേശിക നേതാവായിരുന്ന കൊച്ചു ജോസഫ്കണ്ടത്തിൽ, മാർക്കറ്റ് റോഡിലുണ്ടായിരുന്ന കാർലീൻ സ്റ്റുഡിയോ, ബാബു സ്റ്റുഡിയോ, കച്ചവട രംഗത്തെ പ്രശസ്തരായ ഞാറവേലിൽ, ഇരട്ട പുര, പനക്കൽ, ആനാപ്പറമ്പിൽ കുടുംബങ്ങൾ, പട്ടശ്ശേരിൽ ഹാർഡ്വെയേഴ്സ്, പടശ്ശേരിൽ ടെക്സ്റ്റൈൽസ്, KR സ്ട്രീറ്റിലുണ്ടായിരുന്ന മനോഹരൻ ചേട്ടന്റെ ചായക്കട, ബിസ്മില്ലാ കഫേ, തങ്കപ്പൻചേട്ടന്റെ സ്റ്റാർ കഫേ, ശങ്കേഴ്സ് ടെയ്ലറിംഗ് ഷോപ്പ്, ഗോപാലൻ ചേട്ടന്റെ പച്ചമരുന്നുകട, കൂരാപ്പളളിൽ മെഡിക്കൽ സ്റ്റോഴ്സ്, ചെളളാശ്ശേരിൽ മെഡിക്കൽസ്, മാഞ്ഞാമറ്റംസാരി സെൻറർ, എംസീസ്-രാഗം സിനിമാകൊട്ടകകൾ, തുടങ്ങിയ പല കച്ചവട സ്ഥാപനങ്ങളെയും വ്യക്തികളെയും, കുടുംബങ്ങളെയും ഓർക്കാതിരിക്കുവാൻ സാധിക്കില്ല. പേരറിയാത്തവരും സ്ഥിരമായി ഇവിടെ വന്നു പോയിരുന്നവരുമായ ധാരാളം മറുനാടൻ കച്ചവടക്കാരും ഇവിടെ ഉണ്ടായിരുന്നു.. അതിൽ ഏറ്റവും ഓർത്തിരിക്കുന്നത് ശരീര ഘടനയിൽ നല്ല വണ്ണവും, ആറരയടിയിലേറെ പൊക്കവും ഉണ്ടായിരുന്ന, കിഴക്ക് വെളളത്തൂവൽ ഭാഗത്തുനിന്ന് ചന്ത ദിവസങ്ങളിൽ സ്ഥിരമായി എത്തിയിരുന്ന ചട്ടയും മുണ്ടും ഉടുക്കുന്ന ഒരു ചേടത്തിയെ ആണ് ..! വാഴക്കൊലകളുടെ കച്ചവടമായിരുന്നു അവർക്ക് ... ! അതേപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചന്തയിൽ സ്ഥിരമായി ആളുകൾ എത്തിയിരുന്ന തലയോലപ്പറമ്പ്-എറണാകുളം റൂട്ടിൽ ഓടിയിരുന്ന ലക്ഷ്മി, അച്യുതൻ തുടങ്ങിയ ബസ്സുകളും മൂവാറ്റുപുഴ-വൈക്കം റൂട്ടിലുണ്ടായിരുന്ന ശ്രീദേവി, തലയോലപ്പറമ്പ് ചന്തയിൽ ഇറച്ചി വ്യാപാരം നടത്തിയിരുന്ന അപ്പാണ്ണനെന്നു വിളിച്ചിരുന്ന ഇക്കായുടെ ഷബാബ് ബസ്സ് , TVപുരം - തട്ടാവേലി റൂട്ടിലെ സെന്റ് മേരീസ്, മേവെള്ളൂർ- TVപുരം റൂട്ടിലെ പ്രവ്‌ദ, വൈപ്പൻ ബസ്സുകളും, അതിരാവിലെ വൈക്കത്തുനിന്ന് പാലാക്ക് പോയിരുന്ന വാഹിനി ബസ്സും, പ്രകാശ്, ജ്യോതി ,ജോസ്കോ, സെൻ്റ് ജോസഫ് തുടങ്ങിയ ബസ്സുകളും. ...

അക്കാലത്ത് പകൽ സമയങ്ങളിൽ ചന്തയിലൂടെ മേഞ്ഞു നടന്നിരുന്ന പശുക്കളുടെ കൂട്ടവും, ആടുകളുടെ കൂട്ടവും നിറമുള്ള ഓർമ്മയാണ്.. ഞങ്ങളുടെ നാടിൻ്റെ സന്താനമായ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥയിൽ പറയുന്ന അട്ടിൻ കൂട്ടങ്ങൾ, യഥാർത്ഥത്തിൽ തലയോലപ്പറമ്പ് ചന്തയുടെ ഒരു കാലത്തെ ഐശ്വര്യം തന്നെയായിരുന്നു ...ഇവയിൽ പശുക്കൾ കൂടുതലും പള്ളിക്കവലയിലെ വീടുകളിൽ നിന്നുള്ളവയും ആടുകൾ മീൻ ചന്ത ഭാഗത്തെ വീടുകളിലേയും ആയിരുന്നു.. പിന്നെയുള്ളത് ചന്തയുടെ സ്വന്തമായ ആയിരക്കണക്കിന് അങ്ങാടിക്കുരുവികളുടെ കലപിലയായിരുന്നു. അതെ, ആയിരക്കണക്കിന് അങ്ങാടി കുരുവികൾ പറന്നു നടന്നിരുന്ന ചന്തയും, അവക്ക് പാർക്കുവാനായി ഓരോ കടയിലും സ്ഥാപിച്ചിരുന്ന ചെറിയ മൺകുടങ്ങളും നീറുന്ന ഓർമ്മയായി മനസ്സിൽ വിങ്ങുന്നു. ചന്തയിലിപ്പോൾ കണി കാണുന്നതിനായി പോലും ഒരു അങ്ങാടി കുരുവി ഇല്ല എന്നത് വളരെ ദു:ഖകരം തന്നെ...😥 ഇതിൽ എഴുതാത്ത, ഇതിൽ പ്രതിപാദിച്ചിട്ടില്ലാത്ത എത്രയോ അധികം ജനങ്ങളുടെ എത്രയോ കഥകൾ പറയാനുണ്ടാകും തലയോലപ്പറമ്പ് ചന്തയുടെ ചരിത്രത്തിന്. ഞാനെഴുതിയല്ല തലയോലപ്പറമ്പ് ചന്തയുടെ യഥാർത്ഥ ചരിത്രം എന്നറിയാം. പക്ഷെ ഓർമ്മകൾ ജനിക്കുന്ന എൻ്റെ ബാല്യത്തിലെ ചന്തയും ചന്തയുടെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെ തന്നെ ആയിരുന്നു എന്നതിൽ തർക്കമില്ല.. ! ഇതു തന്നെയായിരിക്കും പഴയ തലയോലപ്പറമ്പ് ചന്തയെക്കുറിച്ചുള്ള എൻ്റെ സമപ്രായക്കാരുടെ ബാല്യകാല സ്മരണകൾ എന്നതിലും എതിരഭിപ്രായം ഉണ്ടാകില്ല...ഉറപ്പ്.........!


എഴുത്ത്‌ : ✍🏻©️ജയ്മോൻ പി.ദേവസ്യ തലയോലപ്പറമ്പ്.

(പേരു മാറ്റി ഇതാരും Copy ചെയ്യരുതേ...🙏)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jaimon_p._Devasia&oldid=3903404" എന്ന താളിൽനിന്ന് ശേഖരിച്ചത്