ഉപയോക്താവ്:Akhilan/Workshop
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട്. കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം വിഷ്ണുവിന്റെ ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.
ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.[1]. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.
ചരിത്രം
തിരുത്തുകപന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ എന്ന ഖെമർ രാജാവിന്റെ കാലത്താണ് ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നു കരുതപ്പെടുന്നു. വിയറ്റ്നാമിൽനിന്നും തുടങ്ങി ചൈനയുടെ ഭാഗങ്ങളടക്കം ബംഗാൾ ഉൾക്കടൽ വരെ പരന്നു കിടന്നിരുന്ന വമ്പൻ സാമ്രാജ്യമായിരുന്നു ഖെമർ രാജവംശത്തിന്റേത്. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു എന്നും കരുതപ്പെടുന്നു. എന്നിരുന്നാലും ഇക്കാര്യത്തെ കുറിച്ച് കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. ആ പ്രവർത്തനങ്ങൾ രാജാവിന്റെ മരണത്തോടെ അവസാനിച്ചു എന്നു കരുതുന്നു. പിന്നീട് ഖെമറുകളുടെ ശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവർമ്മൻ ഏഴാമൻ പ്രദേശം കീഴടക്കുകയും ക്ഷേത്രത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു.
പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിൽ ക്ഷേത്രം തേർവാദ ബുദ്ധക്ഷേത്രമായി മാറി. 16 ആം നൂറ്റാണ്ടോടെ ക്ഷേത്രം മിക്കവാറും ഉപേക്ഷിക്കപ്പെട്ട നിലയിലായെങ്കിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. വലിയ വനത്തിന്റെ നടുവിൽ ഒറ്റപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ക്ഷേത്രം ചിലപ്പോൾ അലഞ്ഞുതിരിയുന്ന ബുദ്ധസന്യാസിമാരുടെ കണ്ണിൽ പെട്ടെങ്കിലും അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഉണ്ടായ അജ്ഞത അവരിൽ ക്ഷേത്രത്തെക്കുറിച്ച് ഇതിഹാസസമാനമായ കഥകൾ ഉണ്ടാകാൻ കാരണമായി. പിന്നീട് നഷ്ടപ്പെട്ടുപോയ ക്ഷേത്രനഗരത്തെക്കുറിച്ച് ചില യൂറോപ്യന്മാരറിയുകയും തുടർന്നുണ്ടായ തിരച്ചിലിൽ ഫ്രെഞ്ചുകാരനായ ഹെൻറി മൌഹത് 1860-ൽ ക്ഷേത്രത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് 20ആം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഫ്രഞ്ചുകാർ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും അത് കൃത്യമായി നടപ്പക്കുകയും ചെയ്തു. പുനരുദ്ധാരണം ഇന്നും തുടരുന്നുണ്ട്.
രൂപകല്പന
തിരുത്തുകകമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയിലെ ഏറ്റവും പഴയ ഒരു കൂട്ടം കെട്ടിടങ്ങൾ ഈ പ്രദേശത്താണ്.
ഒരു കോട്ട പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു. പാലങ്ങൾക്ക് സമീപമായി ഗോപുരങ്ങളുണ്ട്. ഈ ഗോപുരങ്ങൾ ക്ഷേത്രത്തെ അനുകരിച്ച് ഉണ്ടാക്കിയവയാണ്. ശത്രുക്കൾ ഗോപുരത്തേ ക്ഷേത്രമായി തെറ്റിദ്ധരിച്ച് ആക്രമിക്കാൻ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ടാണിങ്ങനെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രാഭിപ്രായം. ഏതായാലും പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങൾ തകർന്ന നിലയിലാണ്. മതിൽ 203 ഏക്കർ സ്ഥലത്തെ സംരക്ഷിക്കുന്നു.
തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ഉണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റ് ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാവിഷ്ണു പടിഞ്ഞാറാണ് എന്ന വിശ്വാസം കൊണ്ടാണിതെന്നു കരുതുന്നു. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൽക്കഷണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിനു ചുറ്റും ഏറെ കൊത്തുപണികൾ നടത്തിയിട്ടുണ്ട്[2]. ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങൾ ഇവയിൽ കാണാൻ കഴിയും. കൊത്തുപണികളിൽ രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു.
നിഗൂഢതകൾ
തിരുത്തുകശാസ്ത്രത്തിനു പിടികിട്ടാത്ത ചില പ്രത്യേകതകളെങ്കിലും അങ്കോർ വാട്ട് ക്ഷേത്രസമുച്ചയത്തിനുണ്ടെന്നു ചിലരെങ്കിലും കരുതുന്നു[3]. അവ താഴെ പറയുന്നവയാണ്. ക്രിസ്തുവിനു മുമ്പ് 10,500 ലെ വസന്തവിഷുവത്തിൽ ദൃശ്യമായിരുന്ന ആകാശത്തിന്റെ അതേ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലൊന്നായ നോം ബാക്കെങ്ങിന്റെ (Phnom Bakheng) ചുറ്റും 108 ഗോപുരങ്ങളുണ്ട്. ഹിന്ദു - ബുദ്ധ വിശ്വാസങ്ങളിൽ 108 എന്ന എണ്ണത്തിനു (72+36, 36=72/2) പ്രത്യേകതകളുണ്ട്. 72 എന്ന സംഖ്യ ഭൂമിയുടെ അച്ചുതണ്ടിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ 25,920 വർഷത്തിലും ഭൂമിയുടെ സ്ഥാനം നക്ഷത്രരാശികളെ അപേക്ഷിച്ചു മാറും എന്നു കരുതുന്നു. അതായത് ഓരോ എഴുപത്തിരണ്ട് വർഷത്തിലും ഒരു ഡിഗ്രി വീതം. ഗിസയിലെ പിരമിഡിൽ നിന്നും 72° കിഴക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നതെന്നും സ്മരണീയമാണ്. ക്ഷേത്രങ്ങളായ ബാക്കോന്റ്, പ്രാഹ് കോ, പ്രേ മോൺലി, എന്നിവ ക്രിസ്തുവിനു മുമ്പ് 10,500-ലെ വസന്തവിഷുവത്തിന്റന്ന് കൊറോണ ബൊറിയാലിസ് എന്ന മൂന്നു നക്ഷത്രങ്ങൾ ദൃശ്യമായിരുന്ന വിധത്തിലാണെന്നു കരുതുന്നു. എന്നാൽ ക്ഷേത്രത്തിന്റെ നിർമ്മാണ കാലഘട്ടത്തിൽ ഈ നക്ഷത്രങ്ങളെ പ്രദേശത്തുനിന്നും വീക്ഷിക്കാൻ കഴിയില്ലായിരുന്നു എന്നത് കൌതുകകരമാണ്.
ഇന്ന്
തിരുത്തുകലോക പൈതൃക പ്രദേശം (World Heritage Site) എന്ന നിർവ്വചനത്തിൽ അങ്കോർ വാട്ട് 1992 മുതൽ ഉൾപ്പെട്ടിരിക്കുന്നു[4]. അങ്ങനെ ലഭിക്കുന്ന പണം ക്ഷേത്രം കേടുപാടുകൾ തീർത്ത് പരിരക്ഷിക്കാൻ ഉപയോഗിക്കുന്നുണ്ട്. ജെർമൻ അപ്സര സംരക്ഷണ പദ്ധതി (German Apsara Conservation Project - GACP) പ്രകാരവും ക്ഷേത്രം പുനരുദ്ധരിക്കുന്നുണ്ട്[5]. കമ്പോഡിയയിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു. 2004-ൽ 5,61,000 ആൾക്കാരും 2005-ൽ 6,77,000 സഞ്ചാരികളും ഇവിടെ സന്ദർശിച്ചെന്നു കണക്കാക്കുന്നു[6]. ഇവരിൽ നിന്നും ഈടാക്കുന്ന പ്രവേശന ഫീസിന്റേയും ഒരു ഭാഗം ക്ഷേത്രം സംരക്ഷിക്കാനുപയോഗിക്കുന്നു.
അവലംബം
തിരുത്തുക- ↑ Flags of the World, Cambodian Flag History
- ↑ http://www.circleofasia.com/Angkor-Temple-Angkor-Wat-Cambodia.htm
- ↑ http://www.sacredsites.com/asia/cambodia/angkor_wat.html
- ↑ യുണെസ്കോ പൈതൃക പദ്ധതി
- ↑ German Apsara Conservation Project, Conservation, Risk Map, p. 2.
- ↑ "Executive Summary from Jan-Dec 2005". Tourism of Cambodia. Statistics & Tourism Information Department, Ministry of Tourism of Cambodia. Retrieved 2008-04-25.