== അധ്യാപക ദിന ചിന്തകൾ ==


അമാനുല്ല വടക്കാങ്ങര

സമൂഹത്തിന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ വളർച്ചാ വികാസത്തിന് നേതൃത്വം നൽകുകയും ധാർമിക സനാതന നൈതിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പുതിയ തലമുറയെ വാർത്തെടുക്കുന്നവരുമായ അധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കാനും സാമൂഹ്യ സാംസ്‌കാിരിക വിദ്യാഭ്യാസ മേഖലകളിലെ അമൂല്യ സംഭാവനകളെ വിലയിരുത്താനുമുള്ള സവിശേഷ ദിനമാണ് സപ്തമ്പർ 5 അഥവാ അധ്യാപക ദിനം. ഇന്ത്യയിലുടനീളം ഓരോ വർഷവും ഈ ദിനത്തിൽ പ്രത്യേക പരിപാടികളും സെമിനാറുകളുമൊക്കെ നടക്കാറുണ്ടെങ്കിലും സമകാലിക വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചോ അധ്യാപക സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയോ കുറിച്ചോ കാര്യമായ ചർച്ചകളൊന്നും നടക്കാറില്ല എന്നതാണ് യാഥാർഥ്യം. നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും വിശകലന വിധേയമാക്കുമ്പോൾ കേവലം ഒരു ഉപചാരമെന്നോണം ഇങ്ങനെയൊരു ദിവസം ആചരിക്കേണ്ടതുണ്ടോ എന്നു പോലുംം ചിന്തിക്കേണ്ടി വരും.

1961 മുതൽ ഇന്ത്യയിൽ അധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാണ്. സമൂഹം അധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം.

ഡോ. എസ്. രാധാകൃഷ്ണൻ ഇന്ത്യയുടെ യശസ്സ് ഉയർത്തുകയും ഭാരതീയ തത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മഹാനായ അധ്യാപകനും തത്വചിന്തകനുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയപാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് തെളിവാണ്. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കും അധ്യാപക സമൂഹത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കായി അദ്ദേഹം കൈകൊണ്ട നടപടികളും മുൻനിർത്തിയാണ് ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിലും ലോകത്തെമ്പാടുമുളള ഇന്ത്യൻ വിദ്യാലയങ്ങളിലും അധ്യാപകദിനമായി ആചരിക്കുന്നത്.

മഹനായ അധ്യാപകന്റെ ഓർമ പുതുക്കി അധ്യാപക ദിനം ആഘോഷിക്കുമ്പോൾ സമകാലിക അധ്യാപക സമൂഹത്തെക്കുറിച്ചും അവർ കാത്തു സൂക്ഷിക്കുന്ന നിലവാരത്തെക്കുറിച്ചുമൊക്കെ പറയാതിരിക്കാനാവില്ല. അധ്യാപക ദിനം സാർഥകമാകണമെങ്കിൽ ഡോ. രാധാകൃഷ്ണൻ ഉയർത്തിപ്പിടിച്ച ചിന്താപരവും വൈജ്ഞാനികവും ബുദ്ധിപരവുമായ മേഖലകളിൽ നിന്നും പാഠമുൾകൊള്ളുവാൻ നാം തയ്യാറാവണം. ഗുരു എന്ന വാക്കിന് ഇരുളിനെ നീക്കുന്നവൻ എന്നാണർഥം. അധ്യാപകർ എല്ലാ അർഥത്തിലും വിദ്യാർഥികൾക്ക് ഗുരുവായി ഉയർന്നുനിൽക്കാവുന്ന സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പരിസരം നാം ഒരുക്കണം. സമൂഹം അതിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തം സഗൗരവം നിർവഹിക്കുകയും വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം നൽകുകയും ചെയ്യുമ്പോഴാണ് രാജ്യം എല്ലാ തലങ്ങളിലും ഉയർന്നുനിൽക്കുന്നത്.

ഏതവസരത്തിലും സക്രിയമാകുന്ന ധാർമികാധ്യാപനങ്ങളാണ് മഹാന്മാരായ അധ്യാപകരുടെ സവിശേഷത. കഌസു മുറികളെ വിരസവും വിലക്ഷണവുമാക്കാതെ , കുട്ടികളുടെ സ്വാതന്ത്ര ചിന്തയും ബുദ്ധിപരമായ ഉൽസാഹങ്ങളും പരിപോഷിപ്പിക്കുന്ന നിലപാടുകളും സമീപനങ്ങളുമാകും അത്തരം ഗുരുവര്യന്മാരുടെ പ്രത്യേകത. ഈ നിലവാരത്തിലുളള അധ്യാപകരെ വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും ഒരു പോലെ ബഹുമാനിക്കുമെന്നതിൽ തർക്കമില്ല. ഈ വിതാനത്തിലേക്കുയരുവാനുളള ആഹ്വനമാണ് വാസ്തവത്തിൽ ഓരോ അധ്യാപക ദിനവും ചെയ്യുന്നത്.

മഹത്തായ പാരമ്പര്യവും മൂല്യങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. മാതാ പിതാ ഗുരു ദൈവം എന്നാണ് ഇന്ത്യൻ വീക്ഷണം. ഗുരുവര്യന്മാരുടെ മഹത്തായ സ്ഥാനവും പാരമ്പര്യവും കാത്തു സൂക്ഷിച്ച രാജ്യമാണ് ഇന്ത്യ. പക്ഷേ നമ്മുടെ നാട്ടിൽ ഇന്ന് അധ്യാപനമെന്നത് അപ്രധാനമായ ഒരു തൊഴിലായി അധപതിക്കുന്നുണ്ടോ എന്ന് സംശയിക്കണം. അധ്യാപകരുടെ ജീവിതം ഇപ്പോഴും നിറപ്പകിട്ടില്ലാത്തതാണ്. എണ്ണി ചുട്ട പ്രതിഫലവും സമൂഹത്തിന്റെ സാമ്പത്തിക നിലവാരത്തിനൊത്ത് ഉയർന്ന് ജീവിക്കാൻ കഴിയാത്തതും മാത്രമല്ല സമൂഹത്തിന്റെ കാഴ്ചപ്പാടിലും സമീപനത്തിലും വന്ന മാറ്റവും ഈ രംഗത്തോട് താൽപര്യം കുറയാൻ കാരണമാവാം. അതുകൊണ്ട് തന്നെ പുതിയ തലമുറയിലെ കഴിവും സാമർഥ്യവുമുള്ളവരൊക്കെ വിവിധ കാരണങ്ങളാൽ ഈ രംഗത്തുനിന്നും മാറുകയാണ്. ഉയർന്ന മാർക്കും സാമർഥ്യമുള്ളവരൊന്നും തന്നെ ഈ രംഗത്തേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല. മറ്റൊന്നും ലഭിക്കാത്തവർ കണ്ടെത്തുന്ന ജീവിതമാർഗമായി അധ്യാപനം തരം താഴുമ്പോൾ മികച്ച ഒരു തലമുറയുടെ സൃഷ്ടി അവരുടെ കരങ്ങളിൽ ഭദ്രമാവില്ലെന്ന് തീർച്ച.

പാശ്ചാത്യ ലോകത്തൊക്കെ ഏറ്റവും മികച്ച വിദ്യാർഥികളാണ് അധ്യാപക വൃത്തിയിലേക്ക് വരുന്നത്. ബുദ്ധി വൈഭവും സാമർഥ്വും കഴിവുമുളള പ്രതിഭകൾ അധ്യാപക മേഖലയിൽ വ്യാപൃതരാവുമ്പോൾ പുതിയ സമൂഹത്തിന്റെ വളർച്ചാ വികാസത്തിന് ആക്കം കൂടുമെന്നതിനാൽ ഗവൺമെന്റ് ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളാണ് യൂറോപ്യൻ രാജ്യങ്ങളിലൊക്കെ നടക്കുന്നത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ മിക്കപ്പോഴും അഭിരുചിയും കഴിവുമൊന്നും പരിഗണിക്കാതെ പലരും അധ്യാപന രംഗത്ത് എത്തുകയും കേവലമൊരു തൊഴിലായി രംഗത്ത് തുടരുകയും ചെയ്യുന്നു. ഇന്ത്യ കണ്ട എക്കാലത്തയും മികച്ച അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കുമ്പോൾ ഇത്തരം ചർച്ചകളും പ്രസക്തമാണ്.

അധ്യാപക വിദ്യാർഥി ബന്ധങ്ങളിൽ സംഭവിക്കുന്ന ഉലച്ചിലുകൾ സമൂഹത്തിന് പുരോഗതിക്ക് ആശാവഹമല്ല. പുതിയ വിദ്യാഭ്യാസ ക്രമത്തിൽ വിദ്യാർഥി കേന്ദ്രീകൃത സ്വഭാവമാണെങ്കിലും അധ്യാപകന്റെ സ്ഥാനത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. പക്ഷേ സന്ദർഭത്തിനൊത്തുയർന്ന് വിദ്യാർഥികളുടെ സ്‌നേഹാദരവുകൾ പിടിച്ചു പറ്റുന്ന അധ്യാപകരുടെ എണ്ണത്തിലാണ് കുറവ് വരുന്നത്. അമിതമായ രാഷ്ട്രീയവൽക്കരണവും അരാഷ്ട്രീയ വൽകരണവും ഒരു പോലെ അപകടരമാണ്. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് പൗരബോധവും സംഘടനാബോധവുമൊക്കെ അധ്യാപകർക്കുമാകാം. പക്ഷേ സമൂഹത്തിലെ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ള യൂണിയൻ പ്രവർത്തനങ്ങളും സമരങ്ങളുമൊന്നും അധ്യാപക സമൂഹത്തെക്കുറിച്ച നല്ല മതിപ്പല്ല സൃഷ്ടിക്കുക. അധ്യാപകരുടെ എല്ലാ ന്യായമായ പ്രശ്‌നങ്ങളും അനുഭാവപൂർവം പരിഗണിക്കുന്ന സർക്കാർ സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. അറിവ് പകരുന്ന ഗുരു വര്യന്മാരെ അവകാശ സംരക്ഷണങ്ങൾക്കായി ഒരിക്കലും തെരുവിലിറക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികളാണ് ശ്രദ്ധിക്കേണ്ടത്.

വിദ്യാഭ്യാസമെന്നത് വിദ്യാർഥികളുടെ സമ്പൂർണവും കുറ്റമറ്റതുമായ വികാസ പ്രക്രിയയാണ്. കേവലം അറിവ് നേടുക എന്നതിനപ്പുറം ധാർമിക സദാചാര ബോധമുള്ള മികച്ച വ്യക്തികളെ വാർത്തെടുക്കുന്ന മഹത്തായ പ്രക്രിയയാണത്. അതുകൊണ്ട് തന്നെ അധ്യാപക ലോകം ഈ രംഗങ്ങളിൽ മാതൃകാപരമായി ഉയർന്നുനിൽക്കണം. എഴുത്തിലും വായനയിലും സർഗ സഞ്ചാരത്തിലുമെന്ന പോലെ സമൂഹത്തിന്റെ വളർച്ചാവികാസങ്ങളിലും സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്ന അധ്യാപകർ പെട്ടെന്ന് തന്നെ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയുമെല്ലാം മനസിൽ സ്ഥാനം പിടിക്കുമെന്നതിൽ സംശയമില്ല.

അധ്യാപകർ സമൂഹത്തിന്റെ വഴി വിളക്കുകളാണ്. അവരോടുള്ള ആദരവിനോ സ്‌നേഹത്തിനോ യാതൊരു കുറവും സംഭവിക്കാൻ പാടില്ല. ഇത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റേയും ധാർമിക ബോധത്തിന്റേയും പ്രതിഫലനമാണ്. ഉദാരവൽക്കേരണവും ആഗോളവൽക്കരണവും ഉപഭോഗ സംസ്‌കാരത്തിന് വഴി മരുന്നിടുകയും വിദ്യാഭ്യാസ മേഖലപോലും വാണിജ്യവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ ഈ രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും സ്വാഭാവികം.കഴിവിനും യോഗ്യതക്കുമപ്പുറം ഭീമമായ തുക കെട്ടിവെക്കുന്നവർക്കാണ് പലപ്പോഴും അധ്യാപക തസ്തികൾ ലഭിക്കുന്നത് എന്നതും അവിടെ വിസ്മരിക്കാനാവില്ല. വിദ്യാഭ്യാസ രംഗത്തെ എല്ലാ പ്രശ്‌നങ്ങളും മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുവാനും സമൂഹത്തിന്റെ നെടും തൂണുകളാവേണ്ട പുതിയ തലമുറയെ വാർത്തെടുക്കുന്ന അധ്യാപക വിഭാഗത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാനും സമൂഹം വൈമനസ്യം കാണിക്കരുത്.

ലോകം ശാസ്ത്ര സാങ്കേതിക വിദ്യയിൽ അഭൂതപൂർവമായ വളർച്ചയാണ് അനുദിനം നേടുന്നത്. ഇതൊന്നും പക്ഷേ അധ്യാപകന്റെ പങ്ക് ചെറുതാക്കുന്നില്ല. മറിച്ച് കൂടുതൽ സങ്കീർണവും പ്രസക്തവുമാക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിൽ എല്ലാ നിലക്കും ഉയർന്നുനിൽക്കുവാൻ അധ്യാപകർക്ക് കഴിയുകയും സമൂഹം അധ്യാപകരോട് അർഹമായ കടപ്പാടും സ്‌നേഹാദരവുകളും നിലനിർത്തുകയും ചെയ്യുമ്പോഴാണ് സമൂഹം കൂടുതൽ പ്രബുദ്ധവും ഊർജസ്വലവുമാകുന്നത്. ഇതിന് പക്ഷേ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ സമരങ്ങളും സംഘർഷങ്ങളുമൊന്നും കൂടാതെ കാലികമായി പരിഷ്‌ക്കരിക്കുവാനും മെച്ചപ്പെടുത്തുവാനും അധികാരികൾ ശ്രദ്ധിക്കണം. ആധുനിക ലോകത്ത് മാന്യമായി ജീവിക്കുവാനുള്ള വക ഗവൺമെന്റ് ഉറപ്പാക്കുമെങ്കിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാരായും മറ്റും അധ്യാപകർ തരാം താഴുന്ന ദുരവസ്ഥകൾ പരമാവധി ഒഴിവാക്കാനാകും.

അധ്യാപക ദിനം അധികാരികളേയും സമൂഹത്തേയും അധ്യാപകരേയുമെല്ലാം ഓർമപ്പെടുത്തുന്നത് കൂടുതൽ സുതാര്യവും ഊഷ്മളവുമായ അധ്യാപക വിദ്യാർഥി ബന്ധങ്ങളിലൂടെ സമൂഹത്തിന്റെ സമഗ്രമായ വളർച്ചാവികാസത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഒപ്പം അവകാശങ്ങളും സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ക്രിയാത്മകവും കാര്യക്ഷവുമായ രീതിയിൽ സമൂഹത്തിന് പ്രവർത്തിക്കാനാവുക എന്നുകൂടിയാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Afsalkilayil&oldid=1855788" എന്ന താളിൽനിന്ന് ശേഖരിച്ചത്