സിജോ പൊറത്തൂർ
മനപ്പാഠമാക്കണം ഈ മരുപ്പാഠങ്ങൾ
ഭൂമിശാസ്ത്രപരമായി തങ്ങൾക്കുള്ള പോരായ്മകളെ ചെറുത്തുതോൽപ്പിച്ചുകൊണ്ട് ലോകത്തെ വലിയ സാമ്പത്തികശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു രാജ്യമാണ് ഇസ്രയേൽ. ഉണങ്ങിവരണ്ട മണലാരണ്യങ്ങളെ തേനും പാലുമൊഴുകുന്ന പൂങ്കാവനമാക്കി പരിവർത്തനപ്പെടുത്തിയെടുത്ത വിജയഗാഥയാണ് ഇസ്രയേലിന് പറയാനുള്ളത്. ഉയർന്ന ജനസാന്ദ്രത സൃഷ്ടിക്കുന്ന സ്ഥലപരിമിതി മൂലം ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിന് അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. സ്ഥലപരാസൂത്രണത്തിന്റെയും ജലവിഭവങ്ങളുടെ വിവേകപൂർണമായ കൈകാര്യം ചെയ്യലിന്റെയും പരിസ്ഥിതിസൗഹൃദ കൃഷിരീതിയുടെയും മരുപ്പാഠങ്ങൾ.
ഭൂമി, ജലം, മനുഷ്യവിഭവശേഷി, കാലാവസ്ഥ തുടങ്ങിയവയുടെ തന്ത്രപൂർവ്വവും ഫലപ്രദവുമായ വിനിയോഗത്തിലൂടെ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് ഇസ്രയേൽ ജനത ലോകത്തെ പഠിപ്പിക്കുന്നു. ലഭ്യമായ ഭൂപ്രദേശത്തിന്റെ പകുതിയിലേറെ ഭാഗം മരുഭൂമിയാണ്. കാലാവസ്ഥയാകട്ടെ ഒട്ടും അനുകൂലവുമല്ല. ജലസ്രോതസ്സുകൾ ശുഷ്കം. ഇതൊക്കെ പ്രതികൂലമായി നിലകൊള്ളുമ്പോഴും തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ 95 ശതമാനവും ഇസ്രയേൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. വളരെ കുറച്ച് മാത്രമേ അവർ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നുള്ളൂ. കിബുട്സുകളെന്നും മൊഷാവുകളെന്നും അറിയപ്പെടുന്ന രണ്ട് യഹൂദവിഭാഗങ്ങളുടെ കൈകളിലാണ് മുഖ്യമായും ഇസ്രയേലിലെ കാർഷികരംഗം. അത്യാധുനിക കാർഷികസങ്കേതങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി, രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി അവർ മികച്ച ഉൽപ്പാദനം ഉറപ്പുവരുത്തുന്നു. അധിനിവേശക്കാലത്ത് ജന്മദേശം വിട്ടോടിപ്പോകേണ്ടിവന്ന യഹുദർ, പിന്നീട് പലായനത്തിന്റെ കയ്പേറിയ ഓർമകളുംപേറി മാതൃദേശത്ത് തിരിച്ചെത്തുകയും ഗ്രാമങ്ങളിൽ കുടിയേറുകയും ചെയ്തു. മുള്ളും പറക്കാരയും നിറഞ്ഞ, കൊടുംപാറകളുള്ള, ഉണങ്ങി വരണ്ട മണ്ണാണ് അവർക്ക് ഭാഗധേയമായി കിട്ടിയത്. ആരും തിരിഞ്ഞുനോക്കാതെ വർഷങ്ങളോളം വെറുതേ കിടന്നതിനാൽ മണ്ണിന് സ്വാഭാവികതയും ഊർവ്വരതയും നഷ്ടപ്പെട്ടിരുന്നു. ഊർജ്ജിത വനവത്കരണം, മണ്ണൊരുക്കൽ, മണ്ണൊലിപ്പ് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, നീർച്ചാലുകളുടെ നിർമാണവും സംരക്ഷണവും, തട്ടുതിരിച്ചുള്ള കൃഷിയിടമൊരുക്കൽ തുടങ്ങിയ പ്രക്രിയകളിലൂടെ അവർ മണ്ണിന്റെ ഊർവ്വരതയെ മടക്കിവിളിച്ചു.
ആഭ്യന്തര ആവശ്യങ്ങൾക്കുവേണ്ടി ടർക്കിയിൽ നിന്നും മറ്റും കൂറ്റൻ ബലൂണുകളിൽ ശുദ്ധജലം കൊണ്ടുവരുന്ന ഒരു രാജ്യമാണ് ഇസ്രയേൽ. അതുകൊണ്ട് വെള്ളത്തിന്റെ വില അവർക്ക് നല്ലതുപോലെ അറിയാം. തുള്ളിനനയെ അവർ പ്രോത്സാഹിപ്പിക്കുന്നു. ജലത്തിന്റെ ഒരുതരത്തിലുള്ള ചൂഷണവും ആ രാജ്യം അംഗീകരിക്കില്ല. അന്തരീക്ഷത്തിലെ ഈർപ്പത്തെപോലും അവർ കാർഷികവൃത്തിയുടെ പുരോഗതിക്കായി ഉപയോഗിക്കുന്നു. 1948ലാണ് ഇസ്രയേൽ സ്വതന്ത്രമായത്. അക്കാലത്ത് കേവലം 4,08,000 ഏക്കർ ആയിരുന്നു കൃഷിയോഗ്യമായ ആകെ ഭൂവിസ്തൃതി. എന്നാൽ ഏതാനും ദശകങ്ങൾക്കുള്ളിൽ അത് 10,70,000 ഏക്കറായി വർദ്ധിക്കുകയാണുണ്ടായത്. നാനൂറോളം കാർഷിക കൂട്ടായ്മകളുണ്ടായിരുന്നത് ആയിരക്കണക്കിലേക്ക് വളർന്നു. കാർഷികോത്പാദനം ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ പതിനാറ് മടങ്ങ് കണ്ട് വർദ്ധിച്ചു. ജലദൗർലഭ്യതയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. സെപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് നേരിയ തോതിലെങ്കിലും മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ശരാശരി 70 സെന്റീമീറ്റർ മഴ ലഭിക്കുമ്പോൾ, തെക്കൻ മേഖലയിൽ അത് രണ്ട് സെന്റീമീറ്ററിൽ താഴെയാണ്. എങ്കിലും പരമാവധി വെള്ളം സംഭരിക്കുകയും ലഭ്യമായ വെള്ളത്തിന്റെ 75 ശതമാനവും കൃഷിയ്ക്കായി ഉപയോഗിക്കുകയുമാണ് അവർ ചെയ്യുന്നത്. 1948ൽ 74,000 ഏക്കർ (30,000 ഹെക്ടർ) ആയിരുന്നു ഇസ്രയേലിലെ ജലസേചിത കൃഷിയിടങ്ങളുടെ ആകെ വിസ്തൃതി. എന്നാൽ ഇന്ന് അത് 4,60,000 ഏക്കർ (1,90,000 ഹെക്ടർ) ആയി വർദ്ധിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയായ സഹകരണ പ്രസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള കാർഷികവൃത്തിയാണ് ഇസ്രയേലിൽ കാണുന്നത്. കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ഗോത്രങ്ങളിൽ കേന്ദ്രീകരിച്ചുള്ളതാണ് കിബുട്സുകളുടെ രീതി. ഓരോ കുടുംബത്തിനും അവരവരുടെ അധ്വാനത്തിന് അനുസൃതം പ്രതിഫലവും ലാഭവും ലഭിക്കുന്നു. മൊഷാവുകളാകട്ടെ കാർഷികഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ജീവിക്കുന്നവരാണെങ്കിലും കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ഓരോ കുടുംബത്തിനും ആണ്. സ്വന്തമായി കൃഷിയിടവും തനതായ ഉൽപ്പാദനവും എന്ന രീതിയാണെങ്കിലും കാർഷികോത്പന്നങ്ങളുടെ വിപണനത്തിന് അവർ സഹകരണ പ്രസ്ഥാനത്തെ ആശ്രയിക്കുന്നു. കിബുട്സുകളും മൊഷാവുകളും ചേർന്ന് രാജ്യത്തെ മൊത്തം കാർഷികോത്പാദനത്തിന്റെ 76 ശതമാനത്തിൽ അധികം സംഭാവന ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഇസ്രയേലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മഴലഭ്യതയിലുള്ള വ്യതിയാനവും അനുകൂലമാക്കുന്നതിൽ ആ രാജ്യം വിജയിച്ചിരിക്കുന്നതായി കാണാം. അവിടത്തെ വിള വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ഏകവിള കൃഷിരീതിയോട് അവർക്ക് പ്രതിപത്തിയില്ല. ഗോതമ്പും ചോളവും ബാർലിയും ഉൾപ്പെടെയുള്ള ധാന്യവിളകൾ 2,15,000 ഹെക്ടറിൽ വിളയുമ്പോൾ 1,56,000 ഹെക്ടർ കൃഷിഭൂമി ശീതകാലവിളകൾക്കായി മാറ്റിവച്ചിരിക്കുന്നു. നാരങ്ങ, അവക്കാഡോ, കിവി, പേരക്ക, മാങ്ങ, മുന്തിരി തുടങ്ങിയ പഴവർഗ്ഗങ്ങൾ മെഡിറ്ററേനിയൻ തീരമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ വൻതോതിൽ കൃഷി ചെയ്യുന്നു. തക്കാളി, കക്കിരി, മുളക്, തണ്ണിമത്തൻ തുടങ്ങിയവയുടെ ഉൽപ്പാദനവും നടക്കുന്നുണ്ട്. വാഴപ്പഴം, ഈന്തപ്പഴം, ആപ്പിൾ, പീർ, ചെറിപ്പഴം തുടങ്ങിയവയുടെ വൈവിധ്യമാർന്ന തോട്ടങ്ങളും ഇസ്രയേലിൽ വ്യാപകമാണ്. മുന്തിരിക്കൃഷിയും വൈൻ ഉൽപ്പാദനവും ഉയർന്നതോടെ ആഗോള വൈൻ വിപണിയിലും ഇസ്രയേലിന് മേൽക്കൈ കൈവന്നിരിക്കുകയാണ്. പരുത്തിയും അവിടെ വളരുന്നുണ്ട്. പഴം-പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടമാണ് ഓരോ വർഷവും ആ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷീരവികസന മേഖലയിലും മത്സ്യവിഭവങ്ങളുടെ കാര്യത്തിലും അവർ ഏറെ മുൻപന്തിയിൽ തന്നെ.
കാർഷികരംഗത്തെ വളർച്ചയ്ക്ക് സഹായകരമായ രീതിയിൽ സാങ്കേതികവിദ്യകളുടെ കണ്ടുപിടുത്തവും ഗവേഷണഫലങ്ങളുടെ ഫലപ്രദമായ വിനിയോഗവും വഴി ഇസ്രയേലിന്റെ കാർഷിക മേഖല ഒന്നാംകിട നിലവാരം പുലർത്തുന്നു. പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സേവനം രാജ്യത്തിന്റെ കാർഷിക വളർച്ചയ്ക്ക് അവർ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നത് ആരെയും ആശ്ചര്യപ്പെടുത്തും. അത്യുൽപ്പാദനശേഷിയും ഉയർന്ന രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങളുടെയും നടീൽ വസ്തുക്കളുടെയും കണ്ടുപിടുത്തം വഴി തങ്ങളുടെ കാർഷികമേഖലയെ ലോകത്തു തന്നെ മികച്ചതാക്കി നിലനിർത്തുന്നതിന് ഇസ്രയേൽ മുന്തിയ പരിഗണനയാണ് നൽകുന്നത്. കൃഷിയിട സൗഹൃദ, കർഷക സൗഹൃദ സാങ്കേതികവിദ്യകളാണ് അവരുടേത്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് അവർ നൽകുന്ന പ്രാധാന്യമാണ്. മണ്ണിന്റെ സ്വാഭാവികതയും ഊർവ്വരതയും നിലനിർത്തുന്നതിന് ജൈവമാർഗ്ഗങ്ങളെയാണ് അവർ അവലംബിക്കുന്നത്. ഏഴാംവർഷം കൃഷിയിടം വെറുതേയിടണമെന്ന മോശയുടെ നിയമാണ് അവർ പാലിക്കുന്നത്. ജലസേചനം, കാർഷിക ഗവേഷണഫലങ്ങളുടെ വ്യാപനം, മികച്ച വിത്തിനങ്ങൾ, അധ്വാനശീലരായ കർഷകർ, അവർക്ക് ആവശ്യമായ സഹായങ്ങളുമായി ഭരണകൂടം ഇതെല്ലാം ചേർന്ന് ഇസ്രയേലിനെ തേനും പാലും ഒഴുകുന്ന മനോഹരതീരമാക്കി മാറ്റിയിരിക്കുന്നു.
ഇസ്രയേൽ കാർഷികരംഗത്ത് നടത്തുന്ന ഇടപെടലുകൾ കാർഷിക സംസ്ഥാനമായ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. ഈ മരുപ്പാഠങ്ങൾ നമുക്ക് മനപ്പാഠമാക്കാനുള്ളതാണ്. നമുക്കിവിടെ സക്രിയമായ ഒരു ഭരണകൂടമുണ്ട്. ജനകീയ ഇടപെടലുകളിലൂടെ കാർഷികസംസ്കൃതിയുടെ ഉന്നമനം എന്ന മഹത്തായ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കർഷകബന്ധുവായ ഭരണകർത്താക്കളുണ്ട്. സുശക്തമായ സഹകരണ പ്രസ്ഥാനവും സുസജ്ജമായ സംഘടനാസംവിധാനങ്ങളുമുണ്ട്. വിദഗ്ധരായ കൃഷി ശാസ്ത്രജ്ഞരുടെയും പ്രഗത്ഭരായ കൃഷി ഉദ്യോഗസ്ഥരുടെയും സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തിയും എല്ലാവരും കൃഷിയിടങ്ങളിലേക്കിറങ്ങിയും കേരളത്തെ സമ്പൂർണ ജൈവകാർഷികസംസ്ഥാനമാക്കി പരിവർത്തനപ്പെടുത്തിയെടുക്കുന്നതിന് കഴിയുമെന്ന കാര്യത്തിൽ സംശയമേതുമില്ല. അങ്ങനെ നമുക്കൊത്തൊരുമിച്ച് ഒരു ജൈവഗാഥ തീർക്കാം. ഹരിതകേരളം ജൈവകേരളമായി വളർന്നുവരേണ്ടതുണ്ട്. നമ്മുടെ നെല്ല് തന്നെയാകട്ടെ നമ്മുടെ അന്നം.